മുംബൈ: ഐപിഎല്ലിലെ ‘സൂപ്പർ സൺഡേ’ പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ പോയിന്റ് പട്ടികയിലും വ്യക്തിഗത നേട്ടങ്ങളിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ലക്നൗ സൂപ്പർ ജയന്റ്സിനെ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പരാജയപ്പെടുത്തിയതോടെയാണ് പട്ടിക പുതുക്കപ്പെട്ടത്.
വിക്കറ്റ് വേട്ടക്കാർക്കുള്ള പർപ്പിൾ ക്യാപ് ഇനി ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണയ്ക്ക് സ്വന്തം. ലക്നൗവിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയതോടെ 10 വിക്കറ്റുകളുമായി പ്രസിദ്ധ് ഒന്നാമതെത്തി.9 വിക്കറ്റുള്ള രാജസ്ഥാൻ റോയൽസിന്റെ രവി ബിഷ്ണോയിയെ മറികടന്നാണ് പ്രസിദ്ധിന്റെ ഈ നേട്ടം. ചെന്നൈ താരം അൻഷുൽ കംബോജ് (8 വിക്കറ്റ്), പ്രിൻസ് യാദവ് (6 വിക്കറ്റ്), ജേക്കബ് ഡഫി (6 വിക്കറ്റ്) എന്നിവരാണ് പർപ്പിൾ ക്യാപ് പട്ടികയിൽ തൊട്ടുപിന്നിലുള്ളത്.
റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടം ആവേശകരമായ ഘട്ടത്തിലാണ്. 200 റൺസുമായി രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും മുംബൈക്കെതിരെ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ആർസിബി നായകൻ രജത് പാട്ടിദാർ 195 റൺസുമായി തൊട്ടുപിന്നിലെത്തി.വെറും അഞ്ച് റൺസിന്റെ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിലുള്ളത്. ഹെൻറിച്ച് ക്ലാസൻ (184), യശസ്വി ജയ്‌സ്വാൾ (183), വിരാട് കോലി (179) എന്നിവരും ഓറഞ്ച് ക്യാപ് ലക്ഷ്യമിട്ട് തൊട്ടുപിന്നാലെയുണ്ട്. മലയാളി താരം സഞ്ജു സാംസൺ 137 റൺസുമായി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ്.
മത്സരഫലങ്ങൾ പോയിന്റ് പട്ടികയെയും കാര്യമായി സ്വാധീനിച്ചു. മുംബൈയെ 18 റൺസിന് തോൽപ്പിച്ച ആർസിബി 6 പോയിന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ തുടർച്ചയായ രണ്ടാം ജയം നേടിയ ഗുജറാത്ത് ടൈറ്റൻസ് അഞ്ചാം സ്ഥാനത്തെത്തി.
അതേസമയം, തുടർച്ചയായ മൂന്നാം തോൽവിയോടെ മുംബൈ എട്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. രാജസ്ഥാൻ റോയൽസ് ഒന്നാം സ്ഥാനത്തും പഞ്ചാബ് രണ്ടാം സ്ഥാനത്തും തുടരുന്ന പട്ടികയിൽ ചെന്നൈ, കൊൽക്കത്ത ടീമുകൾ അവസാന സ്ഥാനങ്ങളിലാണ്. ഹൈദരാബാദിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഒന്നാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസിനെ നേരിടും.



