Tuesday, September 17, 2024
Homeഅമേരിക്കബ്രസീൽ എക്സ് നിരോധിച്ചു

ബ്രസീൽ എക്സ് നിരോധിച്ചു

രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിട്ടത്. രാജ്യത്ത് പുതിയ നിയമ പ്രതിനിധിയെ നിയമിക്കാൻ എക്സിന് സുപ്രീംകോടതി അനുവദിച്ച സമയം വ്യാഴാഴ്ച അവസാനിച്ചിരുന്നു. പിന്നാലെയാണ് നിരോധനം.

ശനിയാഴ്ച പുലർച്ചെ മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു.മാസങ്ങളായി എക്സ് സിഇഒ ഇലോൺ മസ്കും ബ്രസീൽ സുപ്രീംകോടതിയും തമ്മിൽ തർക്കം നടക്കുകയാണ്. 2022 ലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യ വോട്ടിങ് സമ്പ്രദായത്തെ അട്ടിമറിക്കാൻ ശ്രമിച്ച മുൻ തീവ്ര വലതുപക്ഷ പ്രസിഡൻ്റ് ജെയ്ർ ബൊൽസനാരോയുടെ അനുയായികളുടെ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ മോറസ് ഉത്തരവിട്ടതോടെയാണ് തർക്കം ആരംഭിച്ചത്.

2023ൽ നിലവിലെ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവക്കെതിരെ ബൊൽസനാരോ അട്ടിമറി ശ്രമം നടത്തിയോ എന്നതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.ജനാധിപത്യത്തിനെതിരായതും വ്യാജമായതുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നു എന്ന് കാട്ടി മുൻ കോൺഗ്രസ് അംഗവും തീവ്ര വലതുപക്ഷ നേതാവുമായ ഡാനിയൽ സിൽവേര ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മരിവിപ്പിക്കാനായിരുന്നു കോടതി നിർദേശം.

2022-ൽ സുപ്രീം കോടതിയെ അട്ടിമറിക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകിയതിൻ്റെ പേരിൽ ഒമ്പത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഡാനിയൽ സിൽവേര. ഇയാളുടേതുൾപ്പെടെ ഏപ്രിലിൽ നിരോധിച്ച ചില അക്കൗണ്ടുകൾ വീണ്ടും സജീവമാക്കിയെന്ന് കാട്ടി മസ്‌കിനെതിരെയും അന്വേഷണത്തിന് ജസ്റ്റിസ് മോറസ് ഉത്തരവിട്ടു.എന്നാൽ കോടതി ഉത്തരവ് പാലിക്കാൻ തയാറായില്ലെങ്കിൽ കമ്പനിയുടെ മുൻ നിയമ പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്ന് മോറസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഈ മാസം ആദ്യം എക്‌സിൻ്റെ ബ്രസീലിലെ ബിസിനസ് പ്രവർത്തനങ്ങൾ മസ്ക് അവസാനിപ്പിച്ചു.

രാജ്യത്ത് ഇനി പ്രവർത്തിക്കണമെങ്കിൽ 24 മണിക്കൂറിനകം പുതിയ നിയമ പ്രതിനിധിയെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ മസ്ക് ഇതിന് തയാറായില്ല. തുടർന്ന് എക്സ് ബ്ലോക്ക് ചെയ്യാൻ കോടതി ബ്രസീൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന് ഉത്തരവ് നൽകുകയായിരുന്നു.

സെൻസർഷിപ്പ് നയങ്ങളുടെ പേരിൽ എക്‌സും സുപ്രീംകോടതിയും ഏറെനാളായി ഭിന്നതയിലായിരുന്നു.കോടതി ഉത്തരവ് അനുസരിക്കുകയും 30 ലക്ഷം ഡോളറിലേറെ പിഴ അടയ്ക്കുകയും ചെയ്താൽ വിലക്ക് നീക്കുമെന്ന് ജസ്റ്റിസ് അലക്‌സാൻഡ്രെ ഡി മോറിയസ് ഉത്തരവിട്ടു. ആപ്പ് സ്റ്റോറുകളിൽ നിന്ന് എക്സിനെ നീക്കാൻ ആപ്പിൾ, ഗൂഗിൾ എന്നിവയ്ക്ക് അഞ്ച് ദിവസത്തെ സമയം നൽകി.

വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് വഴി എക്‌സ് ഉപയോഗിച്ചാൽ പ്രതിദിനം 9,000 ഡോളർ നിരക്കിൽ പിഴ ചുമത്തും.

രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നിയമം പാലിക്കണമെന്ന് പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡസിൽവ പ്രതികരിച്ചു. ഇതിനിടെ, എക്സ് ഉടമ ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന്റെ ബ്രസീലിലെ ബാങ്ക് അക്കൗണ്ടുകളും സുപ്രീംകോടതി മരവിപ്പിച്ചു. മുമ്പ്, ടെലിഗ്രാം, വാട്‌സ്‌ആപ്പ് എന്നിവ ബ്രസീലിൽ താത്കാലിക നിരോധനം നേരിട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments