കോഴിക്കോട്: നടക്കാവിൽ തെരുവുനായ ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്ക്. വിദ്യാർഥികളും വയോധികരും ഉൾപ്പെടെയുള്ളവർക്കാണ് തെരുവു നായയുടെ കടിയേറ്റത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചത്. കാൽനടയാത്രക്കാരെയും ബൈക്ക് യാത്രികനെയും കടിച്ചിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
ഇതിൽ ചിലരുടെ മുറിവ് ആഴത്തിലുള്ളതാണ്. ഒരു വിദ്യാർത്ഥിനിയെ തെരുവുനായ പുറകെ ചെന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നായ കടിച്ചതോടെ രക്ഷപ്പെടുന്നതിനിടെ നിലത്തു വീണ വിദ്യാർത്ഥിനിയെ പ്രദേശവാസികൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്.



