മുഖ്യമന്ത്രി ആരാകുമെന്ന കോൺഗ്രസ് പ്രവർത്തകരുടെ വാദപ്രതിവാദങ്ങളിൽ പ്രതികരണവുമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. പൊരി വെയിലത്ത് പ്രവർത്തിച്ച ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകർ ചെയ്‌ത ത്യാഗത്തെ വിസ്മരിക്കലാണ് ഇത്തരം ചർച്ചകൾ. മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടേണ്ണി കഴിയണം,ഭൂരിപക്ഷം കിട്ടണം. യുഡിഎഫിൽ നടക്കുന്ന ചർച്ച പുറത്തുവിടുന്നത് ഉചിതമായ നടപടിയല്ല. വോട്ടർമാർക്കിടയിലും യുഡിഎഫ് പ്രവർത്തകർക്കിടയിലെ നൈരാശ്യം ഉണ്ടാകുന്ന പ്രവർത്തനങ്ങളിലേക്ക് നേതാക്കൾ പോകരുത് ഇത് ശെരിയല്ലെന്നാണ് ലീഗിന്റെ പൊതു അഭിപ്രായം.
ഭരണം കിട്ടുമെന്ന് ഉറപ്പാണ് പക്ഷെ ഇതൊക്കെ പൊതു സമൂഹത്തിലേക്ക് ഇടുന്നത് എന്തിനാണെന്നാണ് പ്രവർത്തകർ ചോദിക്കുന്നത്. ലീഗ് സമചിത്തതയോടുകൂടി മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ആലോചിക്കുന്നുള്ളൂ. അടുത്ത ദിവസം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് യോഗം ചേരും. താഴെ തട്ടിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ വിശകലനം ചെയ്യും.
തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തയാളെ മുഖ്യമന്ത്രിയാക്കുന്നത് ആദ്യത്തെ സംഭവമല്ല. കേരളത്തിൽ മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. താൻ അതിനെ ന്യായീകരിക്കുകയല്ല. പക്ഷെ ഈ ചർച്ച പ്രവർത്തകരെ നിരാശരാക്കും.നിലവിൽ ആരെ മുഖ്യമന്ത്രിയാക്കണമെന്ന ചർച്ച ലീഗ് നടത്തിയിട്ടില്ല. കോൺഗ്രസ് ഹൈക്കമന്റിന്റെ അഭിപ്രായത്തിനൊപ്പം ലീഗ് നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കൾ ശ്രദ്ധിക്കണം . പാർട്ടി പ്രവർത്തകരെ നിരാശരക്കുന്ന നടപടി ഉണ്ടാകരുത്. ലീഗിന് കൂടുതൽ മന്ത്രി സ്ഥാനങ്ങൾ ലഭിച്ചേക്കും. മുസ്ലിം ലീഗിന് കൂടുതൽ മന്ത്രി സ്ഥാനത്തിനുള്ള അർഹത ഉണ്ട്. ഒന്നും ചോദിച്ച് വാങ്ങില്ല. ഒരുമിച്ചുള്ള ചർച്ചകളിലൂടെ കാര്യങ്ങൾ തീരുമാനിക്കും. എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിൽ എടുത്താകും യുഡിഎഫിലെ ചർച്ചകൾ മുന്നോട്ട് പോകുക പിഎംഎ സലാം പറഞ്ഞു.



