കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ മകനെത്തി കൂട്ടിക്കൊണ്ടുപോയി. തോട്ടപ്പളളി സ്വദേശിനിയായ കമലാക്ഷി എന്ന വയോധികയെയാണ് മകനെത്തി തിരികെ കൊണ്ടുപോയത്. അച്ഛനൊപ്പമാണ് അമ്മ ബസ് സ്റ്റാന്‍ഡിലേക്ക് എത്തിയതെന്നും വാര്‍ത്തയിലൂടെ വിവരമറിഞ്ഞ് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും മകന്‍ വ്യക്തമാക്കി. അച്ഛന് ഓര്‍മ്മക്കുറവുണ്ടെന്നും മകന്‍ പൊലീസിനോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ വൈകിയും ആരും വരാതായതോടെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വയോധികയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയില്‍ പോകാനായി തന്നെ ബസ് സ്റ്റാന്‍ഡില്‍ ഇരുത്തിയതാണ് എന്നാണ് കമലാക്ഷി പൊലീസിനോട് പറഞ്ഞത്.



