അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ ജൂലൈ പകുതി വരെ വൈഡ് ബോഡി വിമാനങ്ങളുടെ പ്രവർത്തനം 15 ശതമാനം കുറയ്ക്കും. കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് എയർലൈൻ അറിയിച്ചു.
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്തിന് പിന്നാലെയാണ് സർവീസുകൾ താൽക്കാലികമായി വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിക്കുന്നത്. അന്താരാഷ്ട്ര വിമാന സർവീസിൽ ജൂലൈ പകുതി വരെ വലിയ വിമാനങ്ങളുടെ എണ്ണം 15% ആയി വെട്ടിക്കുറയ്ക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ, വ്യോമാതിർത്തികളിലെ രാത്രികാല കർഫ്യൂ, സുരക്ഷാ പരിശോധനകൾ എന്നിവയുടെ ഭാഗമായി കഴിഞ്ഞ ആറു ദിവസത്തിനുള്ളിൽ എയർ ഇന്ത്യയുടെ സർവീസുകളിൽ തടസ്സം നേരിട്ടിരുന്നു. 83 ഓളം സർവീസുകളാണ് റദ്ദാക്കിയത്. റിസർവ് വിമാനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിലൂടെ സാധിക്കുമെന്നാണ് എയർ ഇന്ത്യയുടെ കണ്ടെത്തൽ. സർവീസുകൾ റദ്ദാക്കുന്ന വിവരം യാത്രക്കാരെ മുൻകൂട്ടി അറിയിക്കുകയും ഇതര വിമാനങ്ങളിൽ യാത്ര ഉറപ്പാക്കുകയും ചെയ്യും.
യാത്ര പുനക്രമീകരിക്കാനോ ചെലവായ പണം മുഴുവൻ റീഫണ്ട് ലഭിക്കാനോ സൗകര്യങ്ങൾ ഉണ്ടാക്കുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടു പിടിക്കുന്നവുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുകയാണ്, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഗുജറാത്ത് സർക്കാരും കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ചേർന്ന് നടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ കാരണം ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും എയർ ഇന്ത്യ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.