Friday, November 8, 2024
Homeഅമേരിക്കമനോഹർ തോമസിന്റെ 'കിളിമഞ്ജാരോയിൽ മഴ പെയ്യുമ്പോൾ' ഒരു ആസ്വാദനക്കുറിപ്പ്: രാജു മൈലപ്രാ

മനോഹർ തോമസിന്റെ ‘കിളിമഞ്ജാരോയിൽ മഴ പെയ്യുമ്പോൾ’ ഒരു ആസ്വാദനക്കുറിപ്പ്: രാജു മൈലപ്രാ

രാജു മൈലപ്രാ

ഒറ്റയിരിപ്പിനു വായിച്ചുതീർക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രിയ സുഹൃത്ത് മനോഹർ തോമസ് എഴുതിയ ‘കിളിമഞ്ജാരോയിൽ മഴ പെയ്യുമ്പോൾ’ എന്ന ചെറുകഥാ സമാഹാരം കൈയിലെടുത്തത്.

എന്നാൽ ആദ്യത്തെ കഥ ‘രാഗം ഭൈരവി’ വായിച്ചുകഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി, ലളിതമായ മലയാള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ തന്നെയും, കുറച്ചുകൂടി ആഴത്തിലുള്ള വായന അർഹിക്കുന്ന ഒരു കൃതിയാണിതെന്ന്.

‘പമ്പാനദിയിലെ കുഞ്ഞലകൾ, കാറ്റിലാടുന്ന തെങ്ങോലകൾ, പ്രഭാതത്തെ വിളിച്ചുണർത്തുന്ന കിളികളുടെ കളകള നാദം’ – അത്തരം ഗൃഹാതുരത്വം തുളുമ്പുന്ന വാചക കസർത്തുകളൊന്നും. പിറന്ന നാടിനേയും, പറഞ്ഞു തുടങ്ങിയ മലയാള ഭാഷയേയും എന്നും നെഞ്ചിലേറ്റുന്ന ഈ സ്നേഹിതന്റെ കഥകളിൽ ഇടംകാണുന്നില്ല.

‘പ്രവാസ സാഹിത്യം’ എന്ന ചങ്ങലയിൽ തളയ്ക്കപ്പെടാതെ, അതിരുകൾ കടന്ന് സ്വച്ഛന്ദം വ്യാപരിക്കുന്നു മനോഹറിന്റെ ജീവിതഗന്ധിയായ കഥാനുഭവങ്ങൾ.

കിഴക്കും, പടിഞ്ഞാറും, തെക്കും, വടക്കുമെല്ലാം ചേരുംപടി ചേർത്ത്, ഒരു വാക്കുപോലും അധികപ്പറ്റാകാതെ സ്ഫുടംചെയ്തെടുത്തതാണ് “കിളിമഞ്ജാരോയിൽ മഴ പെയ്യുമ്പോൾ’ എന്ന കഥാസമാഹാരത്തിലെ ഓരോ കഥകളും. പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്. പറയേണ്ടാത്തതൊന്നും പറഞ്ഞിട്ടില്ല.

ഈ കഥാസമാഹാരത്തിലെ പ്രഥമ കഥയായ ‘രാഗം ഭൈരവി’ എന്ന കഥയുടെ തുടക്കംതന്നെ ഗംഭീരമാണ്. ‘നിരവധി വേഷങ്ങളാണ് ജീവിതത്തിൽ കെട്ടേണ്ടി വരുന്നത്. ഏറ്റവും യോജിച്ച വേഷം കിട്ടുന്നവനെ നമ്മൾ ജീവിതവിജയി എന്നൊക്കെ പറയും- ചോദിക്കാത്ത വേഷങ്ങളുമായി ആടിത്തീർത്ത് രംഗം വിടുന്ന എത്രയോ കഥാപാത്രങ്ങളുണ്ട്’.

ഈ കഥകളിലുടനീളം വൈവിധ്യമാർന്ന ദേശക്കാരുണ്ട്, ഭാഷക്കാരുണ്ട്, പച്ചയായ മനുഷ്യരുണ്ട്, അവരുടെ തേങ്ങലുകളും വിങ്ങലുകളുമുണ്ട്.

ആദ്യത്തെ കഥയുടെ ആദ്യവാചകവുമായി ചേർന്നു നിൽക്കുന്നതാണ് രണ്ടാമത്തെ കഥയായ ‘എപ്പിസ്കോപ്പ’യുടെ തുടക്കം.

‘നമ്മൾ ചിലരെ പരിചയപ്പെടുമ്പോൾ മനസു പറയും, ഇയാൾ ഒരിക്കലും ഇങ്ങനെ ആകേണ്ട ആളല്ല എന്ന്- പോലീസുകാരനും, പട്ടാളക്കാരനും, സ്‌കൂൾ മാഷും ഒക്കെ അതിൽപെടും.

എത്ര ശരിയായ ഒരു നിരീക്ഷണമാണിത്. വേറിട്ടൊരു ജീവിതശൈലിയുള്ള ഒരു പുരോഹിതന്റെ കഥയാണിത്. കുപ്പായത്തിൻ്റെ പുറംചട്ട അഴിഞ്ഞുവീഴുമ്പോൾ, അയാളും മറ്റുള്ളവരെപ്പോലെ തന്നെ കുറ്റങ്ങളും, കുറവുകളും, മോഹങ്ങളും, മോഹഭംഗവുമൊക്കെയുള്ള ഒരു സാധാരണ മനുഷ്യനാണ് എന്ന സത്യം, നർമ്മത്തിലൂടെ വരച്ചുകാട്ടുന്നു. നമ്മൾ സങ്കൽപിക്കുന്ന ഒരു പുരോഹിതന് ചേരാത്ത പപ പ്രവർത്തികളും ഇദ്ദേഹം കാട്ടിക്കൂട്ടുന്നു. എന്നാൽ അദ്ദേഹം വലിയൊരു മനുഷ്യസ്നേഹി ആയിരുന്നു എന്ന സത്യം കഥയുടെ അവസാന വാചകത്തിലുണ്ട്.

‘സമ്പത്തിന്റെ നട കയറുമ്പോൾ എപ്പോഴോ കേട്ടു മറന്ന ദൈന്യതയുടെ നിലവിളികൾ ഓർക്കാതെ പോകരുത്- ഉടയതമ്പുരാൻ നിനക്ക് കുട്ടിനുണ്ടാകും’

റിയാലിറ്റിയും ഫാൻ്റസിയും ഇഴചേർത്ത് നെയ്തെടുത്ത ഒരു കഥയാണ് ‘കൊക്കരണി’ – മനുഷ്യ വികാരങ്ങളുടെ വിവിധ തലങ്ങളിലേക്ക് അത് നമ്മെ കൈപിടിച്ച് നടത്തുന്നു.

‘ന്യൂയോർക്കിലെ വിശപ്പ്’ എന്ന കഥ ഒരു വലിയ സത്യത്തിന്റെ ചെറിയ പതിപ്പാണ്. ഒരു സാൻഡ് വിച്ചിനു കൈയിലുള്ള കാശ് തികയാതെ വരുമ്പോൾ, ഒരു ‘കാവൽ മാലാഖ’യെപ്പോലെ പ്രത്യക്ഷപ്പെടുന്ന ആറടി ഉയരമുള്ള ഒരു കറമ്പൻ- ഒരു മുൻവിധിയോടെ നമ്മൾ കാണുന്ന കറുത്ത വർഗ്ഗക്കാരുടെ നന്മയെ, അയാളുടെ ഒരു വാചകത്തിലൂടെ മനോഹർ നമ്മളെ തിരുത്തികാണിക്കുന്നു.

‘തികയില്ല- അല്ലേ? സാരമാക്കണ്ട, ഞാൻ കവർ ചെയ്തോളാം- ഞാനീ വഴിയിലൂടെ ഒരുപാട് ദൂരം അമർത്തി ചവിട്ടി നടന്നുപോയതാണ്’.

അവസാന ഭാഗമായി ചേർത്തിട്ടുള്ള ‘മുത്തലാക്ക്’ എന്ന കഥ വായനക്കാരനെ ഒരു twilight zone -ലേക്ക് നയിക്കുന്നു. യഥാർത്ഥ ലോകത്തിൽ നിന്നും, ഏതോ ഒരു പുതിയ പ്രതലത്തിലെത്തിയ പ്രതീതി.

കഥാകൃത്ത് തന്നെ ഒറ്റ വാചകത്തിലൂടെ അത് വെളിവാക്കുന്നു- വായനക്കാരൻ്റെ നേരേ തൊടുത്തുവിടുന്ന ഒരു ചോദ്യത്തിലൂടെ ‘അതൊരു സ്വപ്‌നമായിരുന്നോ?’

‘കിളിമഞ്ജാരോയിൽ മഴ പെയ്യുമ്പോൾ’ എന്ന പുസ്തകത്തിലെ ഒരു കഥയിൽപോലും, അവസാന വാക്ക് കഥാകൃത്തിൻ്റേതല്ല- ആ തീരുമാനം പൂർണ്ണമായും വായനക്കാരന് വിട്ടുകൊടുത്തിരിക്കുകയാണ്. അതുതന്നെയാണ് ഈ കഥകൾ വീണ്ടും വായിക്കുവാൻ പ്രേരിപ്പിക്കുന്ന ‘രസതന്ത്രം’.

‘ഗന്ധർവ്വപാല സാക്ഷി’ എന്ന കഥയിൽ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ ‘ നിഗൂഢ വൈഖരികൾ നിറഞ്ഞ ഒരു താളിയോല കെട്ടാണ് ജീവിതം’- അത് ഓരോ വായനക്കാരനും, അവരവർക്ക് വേണ്ടിയതുപോലെ വ്യാഖ്യാനിക്കാം.

ഈ പുസ്തകത്തിൻ്റെ ടൈറ്റിൽ കഥയായ ‘കിളിമഞ്ജാരോയിൽ മഴ പെയ്യുമ്പോൾ’ എന്ന കഥ വലിയൊരു ക്യാൻവാസിൽ തീർക്കേണ്ട സംഭവബഹുലമാണ്. എന്നാൽ കൈയടക്കമുള്ള ഒരു സംവിധായകനെപ്പോലെ, മനോഹർ അത് മനോഹരമായ ഒരു ‘ഷോർട്ട് ഫിലി’മിൽ ഒതുക്കിയിരിക്കുന്നു.

ഓരോ സാഹ്യകാരനും അവരുടേതായ ചില രചനാരീതികളും ശൈലികളും, ആവിഷ്കാര തന്ത്രങ്ങളുമൊക്കെയുണ്ട്. ആ പ്രത്യേക സ്വഭാവങ്ങളാണ് അയാളെ മറ്റൊരാളിൽ നിന്നും വേർതിരിച്ച് നിർത്തുന്നത്.

ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ ഒതുക്കി നിർത്താനാവില്ല മനോഹർ തോമസ് എന്ന കഥാകൃത്തിനെ- ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ, ഉയർച്ച താഴ്‌ചകളിൽ, സുഖ ദുഖങ്ങളിൽ നിറഞ്ഞാടിയ മനോഹറിൻ്റെ അനുഭവ സമ്പത്തിൻ്റെ കലവറയിലെ ഒരുപിടി മുത്തുമണികൾ മാത്രമാണ് ‘കിളിമഞ്ജാരോയിൽ മഴ പെയ്യുമ്പോൾ’ എന്നയി കഥാസമാഹാരം.

മലയാള സാഹിത്യ സദസ്സിലെ മുൻനിരയിലേക്ക് ഒരു കസേര വലിച്ചുനീക്കിയിട്ട്, അതിൽ അധികാരത്തോടെ ഉപവിഷ്ടനായിരിക്കുന്ന പ്രിയ സുഹൃത്ത് മനോഹർ തോമസിന് അർഹിക്കുന്ന ആദരവും, അംഗീകാരവും ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. ആശംസകൾ നേരുന്നു.

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments