മറവിയിൽ മറഞ്ഞതും മറഞ്ഞു കൊണ്ടിരിക്കുന്നതുമായ 101 കാര്യങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം — അതാണ് മലയാളി മനസ്സിൽ 101 ഭാഗങ്ങളായി പ്രസിദ്ധീകരിച്ച സൈമ ശങ്കറിന്റെ “ഓർമ്മകൾക്കെന്തു സുഗന്ധം” എന്ന രചനകളുടെ സമാഹാരം.മലയാളി മനസ്സിന്റെ സാരഥി ശ്രീ രാജു ശങ്കരത്തിലും സാഹിത്യകാരി ശ്രീജ ബാലനും മലയാളി മനസ്സിന്റെ കേരള കോഡിനേറ്റർ ശ്രീമതി മിനിസജിയുമാണ് ആശംസകളും അവതാരികയും എഴുതിയിരിക്കുന്നത്.
“സാങ്കേതിക വിദ്യ വികസിച്ച് മാനുഷിക ഇടപെടലുകളെ മറികടന്നാൽ വിഡ്ഢികളുടെ ഒരു തലമുറ രൂപപ്പെടാനുള്ള സാധ്യതയെ ഞാൻ ഭയപ്പെടുന്നു “. എന്ന് ആൽബർട്ട് ഐൻസ്റ്റീൻ നൂറു വർഷം മുമ്പ് പറഞ്ഞ അവസ്ഥയിലേക്ക് മനുഷ്യവർഗ്ഗം എത്തിപ്പെട്ടിട്ടുണ്ടോ എന്ന കാര്യം സംശയിക്കണം.
അവിടെയാണ് ഈ പുസ്തകത്തിൻറെ പ്രസക്തി.

നിത്യജീവിതത്തിൽ നാം അറിഞ്ഞോ അറിയാതെയോ പല ആചാരങ്ങളും പൂർവികർ ചെയ്യുന്നതു പോലെ തന്നെ തുടരുന്നു. എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല. പക്ഷേ ഈ പുസ്തകം എൻറെ ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി ആണെന്ന് മനസ്സിലായി. ഓരോ ആചാരങ്ങൾക്കും അതിൻറെതായ അർത്ഥവും സവിശേഷതകളുമുണ്ട്. ഉദാഹരണത്തിന് നാം ഒരാൾക്ക് സമ്മാനം കൊടുക്കുമ്പോൾ ഒരിക്കലും അതൊരു ഇരട്ടസംഖ്യയിൽ കൊടുക്കുന്നില്ല. 101 രൂപ,1001 രൂപ, 5001 രൂപ.അതിൻറെ അർത്ഥം എൻറെ ദാനം ഞാൻ ഇതുകൊണ്ട് അവസാനിപ്പിക്കുക യില്ല എന്നാണത്രേ!
അതുപോലെയൊന്നാണ് ഞാൻ ഈയിടെ കണ്ട തുളസി തറയും തുളസിയും. അനേക വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നഗരമധ്യത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ കൊട്ടാരസദൃശമായ ഒരു വീട് ഒരുക്കി അതിനു മുന്നിലെ തുളസിത്തറ കണ്ടപ്പോഴും ഞാൻ ഇതേ സംശയം ആവർത്തിച്ചു. ഗൾഫിലെ ഫ്ലാറ്റുകളിൽ താമസിച്ച് ചോരനീരാക്കി കാശ് ഉണ്ടാക്കുമ്പോഴുള്ള അവരുടെ ഒരു ആഗ്രഹമായിരുന്നത്രെ നാട്ടിൽ നാഴിയിടങ്ങഴി മണ്ണ് വാങ്ങി ഒരു വീട് വെച്ച് അതിനു മുന്നിൽ ഒരു തുളസിത്തറയും തുളസിയും വയ്ക്കുക എന്നത്.ഫ്ലാറ്റ് സംസ്കാരത്തിൽ വളർന്ന എനിക്കത് കണ്ടപ്പോൾ തോന്നിയ കൗതുകം അവസാനിച്ചത് ലേഖികയുടെ ‘തുളസിത്തറയും തുളസിയും’ എന്ന രചന വായിച്ചപ്പോഴാണ്. വീടിന് പുറത്തേക്കിറങ്ങുമ്പോൾ തന്നെ കൈയ്യെത്തും ദൂരത്ത് ഒരു ഔഷധ ചെടിയുടെ സാന്നിധ്യം വേണം എന്ന പൂർവികരുടെ ബുദ്ധിപരമായ തീരുമാനം ആണത്രേ അതിന് പുറകിലുള്ളത്.
മിശ്രവിവാഹങ്ങൾ ഇപ്പോൾ സർവ്വ സാധാരണമായിരിക്കുന്നതുകൊണ്ടുതന്നെ ഈയിടെ ഒരു വിവാഹത്തിൽ പങ്കെടുത്തപ്പോൾ കണ്ട കാഴ്ചയ്ക്കുള്ള ഉത്തരം കിട്ടിയത് ‘അമ്മിക്കല്ല്’ എന്ന ലേഖികയുടെ രചന വായിച്ചപ്പോഴാണ്. ക്രിസ്ത്യാനി പെൺകുട്ടിയും ബ്രാഹ്മണനായ ആൺകുട്ടിയും ആയിരുന്നു വധൂവരന്മാർ. ആദ്യം പള്ളിയിലും പിന്നെ അമ്പലത്തിലും ആയിരുന്നു വിവാഹ ചടങ്ങുകൾ. താലികെട്ടിന് ശേഷം വധു മണ്ഡപത്തെ വലംവച്ച് അമ്മിക്കല്ലിൽ കാൽ വച്ച് മുകളിലേക്ക് നോക്കി പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ ഇതെന്തൊരു മറിമായം ആണെന്ന് തോന്നിയിരുന്നു.
ഇസ്തിരിപ്പെട്ടി പിന്നെ ഇപ്പോഴും അന്യം നിന്നു പോയിട്ടില്ല എന്ന് നിസ്സംശയം പറയാം. തേപ്പ് വണ്ടിയിൽ തേപ്പു പെട്ടിയുമായി എത്തി ഫ്ളാറ്റുകളിൽ കയറി തുണി കൂമ്പാരങ്ങൾ എടുത്തുകൊണ്ടുപോയി തേച്ചു മടക്കി രാത്രിയോടെ തിരികെ കൊടുത്തു തുണി ഒന്നിനു 12 രൂപ വെച്ച് കണക്കുകൂട്ടി ഗൂഗിൾപേ ചെയ്തോളൂ എന്ന് പറഞ്ഞു സ്ഥലം വിടുന്ന തമിഴന്മാർ ഇന്ന് എവിടെയും സുലഭമാണ്.പിന്നെ പഴയ പോലെ ചിരട്ടക്കരിക്ക് പകരം ചെറിയ ഗ്യാസ് കുറ്റി ആണ് ഉപയോഗിക്കുന്നതെന്ന് മാത്രം.
‘ഓലമേഞ്ഞ സിനിമ കൊട്ടക’ എന്നെ ഒരുപാട് പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. എൺപതുകളിലാണ്. അന്ന് സിറ്റിയിലെ സിനിമ തീയറ്ററുകൾ ഒക്കെ എയർകണ്ടീഷൻ ആക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏസിയുടെ തണുപ്പിൽ ഇരിക്കാൻ കൊതിച്ച് ഏപ്രിൽ-മെയ് മാസങ്ങളിൽ കുറച്ചധികം സിനിമകൾ തീയേറ്ററിൽ പോയി ഇരുന്നു കാണുന്ന പതിവുണ്ടായിരുന്നു. ആ സമയത്താണ് അച്ഛൻറെ ജോലിസ്ഥലമായ ഇടുക്കിയിൽ കുറച്ചു ദിവസം താമസിക്കാൻ കെഎസ്ഇബിയുടെ ഐബി യിലേക്ക് പോകുന്നത്. കാഴ്ചകളൊക്കെ രണ്ടുമൂന്നുദിവസത്തിനകം കണ്ടു തീർന്നപ്പോൾ എല്ലാവർക്കും ബോറടിച്ചു തുടങ്ങി. എന്നാൽ പിന്നെ തീയേറ്ററിൽ പോയി ഒരു സിനിമ കാണാമെന്ന്പറഞ്ഞു എല്ലാവരും കൂടി പുറപ്പെട്ടു. തിയേറ്റർ ഒരു ഓല ഷെഡ് ആണ്.ഉച്ചത്തിലുള്ള പാട്ടും ആളെ കൂട്ടലും ഒക്കെ കഴിഞ്ഞ് സിനിമ തുടങ്ങിയപ്പോൾ തന്നെ 7 മണിയായി. ഇന്റർവെൽ ആയപ്പോൾ എട്ടര. അപ്പോൾ തന്നെ എല്ലാവരും തണുത്ത് വിറച്ചു തുടങ്ങി. സിനിമ കഴിഞ്ഞപ്പോൾ മണി പത്ത്.എങ്ങനെയെങ്കിലും ഐ ബി യിൽ തിരിച്ചെത്തി റൂം ഹീറ്റർ ഓൺ ആക്കി കിടന്നാൽ മതി എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ആ ഭാഗത്ത് ആന ഇറങ്ങിയിട്ടുണ്ട് ഇപ്പോൾ അങ്ങോട്ട് ആരും പോകരുതെന്ന നിർദ്ദേശം കിട്ടിയത്. ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ആനയെ കാടുകയറ്റി എല്ലാവർക്കും പോകാൻ അനുവാദം കിട്ടിയപ്പോൾ മണി ഒന്ന്. 🥰
പുട്ട് ചുടാൻ വച്ചിരിക്കുന്ന പൊടിയെടുത്ത് മുറ്റത്ത് ചിത്രം വരച്ച് കളിക്കാൻ നിന്നോട് ആരുപറഞ്ഞെടി എന്ന് ചോദിച്ചു മീന ശോഭനയെ ശകാരിക്കുന്ന ‘മേലേപറമ്പിൽ ആൺവീട്’ എന്ന ചിത്രത്തിലെ രംഗമാണ് ‘കോലം’ വായിച്ചപ്പോൾ ഓർമ വന്നത്. ഉറുമ്പുകൾക്കും ചെറുപ്രാണികൾക്കും ഉള്ള ആഹാരം കൊടുത്ത് ഭൂമിയിലെ ജീവജാലങ്ങൾക്ക് അന്നദാനം നൽകൽ എന്ന സത്കർമ്മം ആണതെന്നു ലേഖികയുടെ ‘കോലം’ വായിച്ചപ്പോഴാണ് കേട്ടോ മനസ്സിലായത്. 😀
മാടമ്പള്ളിയിലെ താക്കോൽ തിരിച്ചെ ടുക്കാൻ എന്തിനാടാ ദാസപ്പൻകുട്ടി പാതാളക്കരണ്ടി എന്ന് ചോദിക്കുന്ന ഇന്നസെന്റിനെ ഓർമ്മവന്നു ‘പാതാളക്കരണ്ടി’ വായിച്ചപ്പോൾ. 😀😀
ക്ഷമയുടെ നെല്ലിപ്പലക ഞാൻ കണ്ടു എന്നിട്ടാണ് ഞാൻ പൊട്ടിത്തെറിച്ചത് എന്നൊക്കെയുള്ള ഡയലോഗുകൾ ഞാൻ ഇടയ്ക്കിടെ കാച്ചാറുണ്ടെങ്കിലും ഈ നെല്ലിപ്പലക എന്താണെന്നും അതിൻറെ ഉപയോഗം എന്താണെന്നും മനസ്സിലാക്കിയത് ലേഖികയുടെ ‘നെല്ലിപ്പലക’ എന്ന രചന വായിച്ചപ്പോൾ മാത്രമാണ്.
ഇതിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ‘ഉത്സവം’ എന്ന രചനയാണ്.
ഉത്സവകാലത്ത് കൂട്ടുകാരികളോടൊപ്പം ‘അഹിന്ദുക്കൾക്ക് പ്രവേശനമില്ല’ എന്ന ബോർഡ് വെച്ചിട്ടുള്ള ക്ഷേത്രങ്ങളിലേക്ക് യഥേഷ്ടം ഗാനമേള, മിമിക്രി, നൃത്തം…..ഒക്കെ കാണാൻ പോയിരുന്നത്…..
അതുപോലെ നടി ശ്രീവിദ്യയുടെ സംഗീതകച്ചേരി ആറ്റുകാൽ ക്ഷേത്രത്തിൽ അരങ്ങേറിയപ്പോൾ കാണാൻ പോയത്….
കുട്ടിക്കാലത്ത് എൻറെ മൂത്ത അമ്മാവൻ സി.ഐ. പോൾ അഭിനയിച്ചിരുന്ന കലാനിലയത്തിലെ നാടകങ്ങൾ കാണാൻ പോയിരുന്നത് ഇതൊക്കെ ഒരുപാട് ഗൃഹാതുരത്വമുണർത്തുന്ന ഓർമകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി.

101 രചനകളും ഒന്നിനൊന്ന് മെച്ചം ആണെങ്കിലും ഞാൻ എനിക്ക് ഏറെ ഇഷ്ടപ്പെട്ടതിനെ കുറിച്ച് എഴുതിയെന്ന് മാത്രം. ഈ അനുഗ്രഹീത തൂലികയിൽ നിന്ന് ‘ദക്ഷിണ’ എന്ന രചനയിലേത് പോലെതന്നെ അനേകം നല്ല രചനകൾ ലേഖിക നമുക്ക് സമ്മാനിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്. 🙏🙏




🙏🙏
നല്ല പുസ്തകത്തിന്റെ നല്ല വിലയിരുത്തൽ