Saturday, October 5, 2024
Homeകായികംതകര്‍ന്നുടഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര; 119-ന് പുറത്ത്.

തകര്‍ന്നുടഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര; 119-ന് പുറത്ത്.

ന്യൂയോര്‍ക്ക്: മഴ വില്ലനായി അവതരിച്ച ന്യൂ യോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. മഴ മാറി മത്സരം ആരംഭിച്ചതോടെ പാക് ബൗളര്‍മാരുടെ ആധിപത്യമാണ് മൈതാനത്ത് കണ്ടത്. കോലിയും രോഹിത്തുമടങ്ങുന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നുടഞ്ഞു. ഒടുക്കം 19-ഓവറില്‍ 119-ന് ഇന്ത്യ ഓള്‍ഔട്ടായി. 42-റണ്‍സെടുത്ത ഋഷഭ് പന്താണ് ടീമിന്റെ ടോപ് സ്‌കോറര്‍. പാകിസ്താനായി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റെടുത്തു.

മഴ മൂലം ഏകദേശം ഒരു മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യ ഓവറിന് ശേഷം വീണ്ടും മഴയെത്തി. എന്നാല്‍ മഴ മാറി മത്സരം ആരംഭിച്ചയുടന്‍ തന്നെ കോലിയെ ഇന്ത്യയ്ക്ക് നഷ്ടമായി. നസീം ഷാ എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ കോലി മടങ്ങി. വെറും നാല് റണ്‍സ് മാത്രമെടുത്ത കോലി ഉസ്മാന്‍ ഖാന്റെ കൈകളിലൊതുങ്ങി. പിന്നാലെ മൂന്നാം ഓവറില്‍ നായകന്‍ രോഹിത്തും കൂടാരം കയറി. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച രോഹിത്തിന് പാളി. താരത്തെ ഹാരിസ് റൗഫ് കൈകകളിലൊതുക്കിയതോടെ ഇന്ത്യ 19-2 എന്ന നിലയിലേക്ക് വീണു. പിന്നീട് ഋഷഭ് പന്തും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. ഇരുവരും ടീം സ്‌കോര്‍ 50-കടത്തി.

ടീം സ്‌കോര്‍ 58-ല്‍ നില്‍ക്കേ ഇന്ത്യയ്ക്ക് അക്ഷര്‍ പട്ടേലിനെ നഷ്ടമായി. നസീം ഷായുടെ പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡായി. 18-പന്തില്‍ നിന്ന് 20 റണ്‍സാണ് അക്ഷറിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലിറങ്ങിയ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. എട്ട് പന്തില്‍ നിന്ന് ഏഴ് റണ്‍സെടുത്ത താരത്തെ ഹാരിസ് റൗഫ് പുറത്താക്കി. വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും മറുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ഋഷഭ് പന്താണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. പിന്നാലെ പന്തുള്‍പ്പെടെ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. ശിവം ദുബൈ(3), രവീന്ദ്ര ജഡേജ(0) എന്നിവര്‍ നിരാശപ്പെടുത്തി. 31-പന്തില്‍ നിന്ന് 42 റണ്‍സെടുത്ത ഋഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പന്തിനേയും ജഡേജയേയും ആമിര്‍ പുറത്താക്കിയപ്പോള്‍ ദുബൈയെ നസീം ഷാ പുറത്താക്കി.

അതോടെ ഇന്ത്യ 96-7 എന്ന നിലയിലേക്ക് വീണു.
ഹാര്‍ദിക് പാണ്ഡ്യ(7), ജസ്പ്രീത് ബുംറ(0), അര്‍ഷ്ദീപ് സിങ്(9) എന്നിവരും വേഗം മടങ്ങിയതോടെ 19-ഓവറില്‍ 119-ന് ഇന്ത്യ ഓള്‍ഔട്ടായി. പാകിസ്താനായി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റെടുത്തു.
ഇന്ത്യന്‍ ടീം; രോഹിത് ശര്‍മ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്
പാകിസ്താന്‍ ടീം: മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം, ഉസ്മാന്‍ ഖാന്‍, ഫഖര്‍ സമാന്‍, ശദബ് ഖാന്‍, ഇമാദ് വസിം, ഇഫ്തിക്കര്‍ അഹമ്മദ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിര.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments