ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ഗുരുതര പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. കടുത്ത വേനലിനെ തുടര്‍ന്ന് കൊയ്ത്ത് പൂര്‍ത്തിയാക്കിയ നെല്ല് കർഷകർക്ക് സമയബന്ധിതമായി സംഭരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഇത് കർഷക സമൂഹത്തെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച് സ്വകാര്യ മില്ലുകാർ നെല്ല് സ്വീകരിക്കുന്നതിൽ അനാവശ്യമായ വൈകിപ്പിക്കൽ തുടരുകയും, വലിയ തോതിൽ കിഴിവ് ആവശ്യപ്പെടുകയും ചെയ്യുന്നതായി വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് എം.പി. ചൂണ്ടിക്കാട്ടി. വിപണി സാഹചര്യങ്ങളുടെ മറവിൽ കർഷകരെ ചൂഷണം ചെയ്യാനുള്ള ശ്രമമാണിതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിൽ പാടി ഉദ്യോഗസ്ഥർ, സപ്ലൈക്കോ, സ്വകാര്യ മില്ലുടമകൾ എന്നിവർക്കിടയിലെ ഒത്തുകളിയുണ്ടെന്ന ഗുരുതര ആരോപണവും ഉയർന്നുവരുന്നുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. ഇത്തരം പ്രവണതകൾ തുടർന്നാൽ കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാകുകയും, ഭാവിയിലെ കൃഷി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കളക്ടറുമായി ആശയവിനിമയം നടത്തിയതായി എം.പി. അറിയിച്ചു. കുട്ടനാട്ടിലെ എല്ലാ പാടശേഖരങ്ങളിലും തടസ്സമില്ലാതെ നെല്ല് സംഭരണമുറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടം ശക്തമായ ഇടപെടൽ നടത്തണം. കൂടാതെ, സ്വകാര്യ മില്ലുകളുടെ അനാവശ്യ നിബന്ധനകൾ നിയന്ത്രിക്കുകയും, സർക്കാർ ഏജൻസികളിലൂടെ പരമാവധി നെല്ല് ഏറ്റെടുക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുകയും, സംഭരണപ്രക്രിയയിൽ സുതാര്യത കൊണ്ടുവരികയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സംസ്ഥാന സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.



