സാക്ഷരതയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുൻപിലും , മതസൗഹാർദതയിൽ മുസ്ലീമുകളും, ക്രിസ്ത്യാനികളും , ഹിന്ദുക്കളും സ്നേഹത്തോടെ ഒരുമിച്ച് കഴിയുന്നതുമായ ഒരു സംസ്ഥാനമാണ് കേരളം . അങ്ങനെയുള്ള ദൈവത്തിൻ സ്വന്തംനാട്ടിൽ ചോര കുടിക്കുവാനായി വർഗ്ഗീയ വിഷം ചീറ്റുന്ന ചില ചെന്നായ്ക്കൾ ഇറങ്ങിയിട്ടുണ്ട്. മതതീവ്രവാദം തലക്കു പിടിച്ചാൽ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ പ്പോലും തെറിയഭിഷേകം നടത്തുന്ന ചില കവല ചട്ടമ്പിമാർ കേരളത്തിൽ ഇറങ്ങിയിട്ടുള്ളതിൽ ഖേദിക്കുന്നു. ഇവരൊക്കെ ചിലരുടെ പണം തട്ടി പള്ള വീർപ്പിക്കുന്ന ചില പിണിയാളുകളാണെന്നു ഇവരുടെ പെരുവയർ കാണുമ്പോൾ മനസ്സിലാക്കുവാൻ സാധിക്കും.
ഹിന്ദു സന്യാസികളാകട്ടെ ക്രിസ്തീയ ബിഷപ്പുമാരാകട്ടെ ഹാജിമാരാകട്ടെ ഇവരൊക്കെ മതസമുദായിക ആത്മീയ നേതാക്കളാണല്ലോ . ഇവരെയൊക്കെ പരസ്യമായി ചില ചാനലുകളിൽകൂടി ഊളൻമാരാണെന്നും പൊട്ടൻമാരാണെന്നും ചില കാലുവാരി രാഷ്ട്രീയ നേതാക്കൾ പറയുമ്പോൾ , അത് നമ്മുടെ സംശുദ്ധമായ ജനാധിപത്യ സമ്പ്രദായത്തിന് വലിയ ആപത്താകുമെന്നതിൽ സംശയമില്ല . സമുദായ നേതാക്കൻമാരുടെ പിറകേ നടന്ന് പിന്തുണയും അനുഗ്രഹവും വാങ്ങിച്ചതിനു ശേഷം റിസൽട്ട് വരുന്നതിന് മുൻപ് ഇവരുടെ നേർക്ക് തെറിയഭിഷേകം നടത്തിയത് പരാജയഭീതി മൂലം തന്നെയെന്ന് ഏവർക്കുമറിയാം .വിജയ സാദ്ധ്യത മനസ്സിൽ കണ്ട ഇവർ വാങ്ങിക്കൂട്ടിയ പടക്കങ്ങളും അമിട്ടുകളും ജയ സാദ്ധ്യത ഉള്ള പാർട്ടിക്കു മറിച്ചു വിറ്റാൽ കെട്ടിവെച്ച കാശെങ്കിലും കിട്ടുമായിരുന്നു . മുകളിലത്തെ കമ്പിലിരുന്ന് താഴത്തെ കമ്പു മുറിക്കുന്ന ഇവർ കേന്ദ്രഭരണം കണ്ടും FCRA കാട്ടിയും വിരട്ടി വോട്ടു നേടാമെന്നും ഇതുമൂലം ഒരു സമുദായത്തെപ്പോലും അടിമകളാക്കി ഭരിക്കാമെന്നുള്ള വ്യാമോഹം മലർപൊടി ക്കാരൻ്റെ സ്വപ്നം പോലെ അറബിക്കടലിൽ താണു കഴിഞ്ഞിരിക്കുന്നു .
ഒരു സമൂഹത്തിൽ നിന്നുകൊണ്ട് തന്നെ ആ സമൂഹത്തെ ഒറ്റിക്കൊടുക്കുന്ന യുദാസുകൾ കാണാം . പക്ഷെ യൂദാസിനും കുറച്ചൊക്കെ അന്തസ്സുണ്ടായിരുന്നു . ഇവിടുത്തെ യൂദാസ് അഞ്ചു പാർട്ടി മാറിയതു മാത്രമല്ല അഞ്ചു പ്രാവശ്യം പല പാർട്ടികളെയും ഒറ്റിക്കൊടുത്തു. മുൻമുഖ്യമന്ത്രിയെ ഒറ്റിക്കൊടുത്ത് സ്ഥാനമാനങ്ങൾ പറ്റിച്ചെടുത്ത കാലുവാരിയാണ് ഇദ്ദേഹം . ദൈവത്തിന് നിരക്കാത്ത പണി ചെയ്ത ഇദ്ദേഹത്തിന് കേരളം കൊടുക്കുന്ന ശിക്ഷ , ഇദ്ദേഹത്തിൻ്റെ പാർട്ടി ഇനി പച്ച തൊടില്ലയെന്നതാണ് സത്യം . ദൈവം ഉണ്ടെന്നു പുറമേ പറയുകയും ദൈവത്തിന് നിരക്കാത്ത പ്രവർത്തി ചെയ്യുകയും ചെയ്യുന്നവനാണ് യഥാർത്ഥ നിരീശ്വരവാദി. ഒരു മതനേതാവു പറഞ്ഞാലും ഒരു വ്യക്തിയും വോട്ട് ചെയ്യില്ല വോട്ട് അവരവരുടെ മൗലികമായ അവകാശമാണ് .
ഹലോ പൂഞ്ഞാറിലെ പല്ലു കൊഴിഞ്ഞ പഴയസിംഹമേ! മുസ്ലീമുകളേയും , ഈഴവരേയും, കത്തോലിക്കസഭയേയും ഗാന്ധിജിയേയും തെറി അഭിഷേകം നടത്തുന്ന നിങ്ങളിൽ നിന്നും വരും തലമുറ എന്ത് പാഠമാണ് പഠിക്കേണ്ടത്?
തെറി പറഞ്ഞു കേരള ഭരണം പിടിക്കാമെന്നാണോ? ഒരു പാർട്ടി തന്നെ കേരളം സ്ഥിരമായി ഭരിക്കുന്ന ഒരു അവസ്ഥ ഇവിടെ പണ്ടില്ലായിരുന്നുവെങ്കിലും , വൈറസ് രോഗങ്ങളായ കൊറോണയും അതിഭയങ്കരമായ വെള്ളപ്പൊക്കവും തരണം ചെയ്ത ഒരു ഗവൺമെൻ്റിനെ കേരള ജനത വീണ്ടും വിശ്വസിച്ച് ഭരണമേൽപ്പിച്ചു. പക്ഷെ കുറെയൊക്കെ വികസനം കൊണ്ടുവന്നെങ്കിലും പൊതുവെ പരാജയമായിരുന്നു. അതിൽ ആരോഗ്യമേഖല മൊത്തത്തിൽ മന്ത്രി വീണ കാറ്റിൽ പറത്തിയെന്നു മാത്രമല്ല നശിപ്പിച്ചു വെന്നു പറയാം . അമ്മക്കു പ്രസവ വേദന മോൾക്കു വീണ വായന എന്നതുപോൽ ഡാൻസും പാട്ടുമായി വീണമോൾ തിമിർത്താടിയതു കണ്ടു കേരളം ഞെട്ടി. അഞ്ചു വർഷം കത്രികയുമായി ആ “അമ്മ” വയറ്റിൽ അനുഭവിച്ച കഠിന വേദന മറക്കുവാൻ കഴിയുമോ ?
വിദ്യാഭ്യാസ മന്ത്രി , വനം വകുപ്പ് മന്ത്രി ഏതെങ്കിലും ഒരു നല്ല മന്ത്രിയെ സഭയിൽ കണ്ടതുമില്ല . ഗണേശൻ കാര്യമിതൊക്കെ ആയാലും നിലമെച്ചപ്പെടുത്തിയെങ്കിലും എന്തൊക്കെയോ നാറ്റിച്ചു കേമനാക്കി . അത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കാര്യം അതു പോകട്ടെ . പിന്നീട് വന്ന സംഭവങ്ങൾ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ദുരിതനിവാരണഫണ്ട് തട്ടിപ്പ് അഴിമതി, പീഡനം , സ്വർണക്കടത്ത് മാത്രമല്ല ഭഗവാൻ്റെ സ്വർണം പോലും അടിച്ചു മാറ്റി വിശ്വാസികളെപ്പോലും ഞെട്ടിച്ചു കളഞ്ഞില്ലേ. മയക്കു മരുന്നു കള്ളക്കടത്തിൽ ഒരു മന്ത്രി ജെട്ടി ഊരിയെന്നോ ഇട്ടെന്നോ പിന്നീട് ജയിലുമായി . പീഡനങ്ങളുടെ കലവറയായിരുന്നു പിന്നീട് അങ്ങോട്ട് . അവർക്കെല്ലാം പിന്നീട് സീറ്റും സ്ഥാനമാനങ്ങളും പൂക്കളും കൊടുത്ത് കേരളത്തിലെ വീരൻമാരാക്കി എന്നു വേണ്ട കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി കടക്കെണിയിലുമാക്കി .
അതിനാൽ ഒരു ഭരണ വിരുദ്ധ തരംഗം അലയടിച്ചു വരുന്നുണ്ട് . ഈ തരംഗം മുതലെടുത്ത് ചില തല്പരകക്ഷികൾ കേരളത്തിൽ വർഗ്ഗീയ വിത്തുകൾ പാകുവാൻ ശ്രമിക്കുന്നത് ഭീഷണിയുടേയും തെറിവിളിയുടേയും പിൻബലത്തിലാണെങ്കിൽ അതു നടപ്പിലാകുകയില്ലെന്നു കേരള പ്രബുദ്ധ ജനത അടുത്ത തിരഞ്ഞെടുപ്പ് ഫലത്തിൽ തെളിയുക്കക തന്നെ ചെയ്യും . സമാധാനവും ശാന്തിയും സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഒരു കേരള ഭരണം സ്വപ്നം കണ്ടുകഴിയുന്നവരാണ് കേരളജനത . ചിഹ്നം ചക്കയോ , താമരയോ , അരിവാളോ , കൈപ്പത്തിയോ ഇതൊന്നും നമുക്ക് പ്രശ്‌നമേയല്ല. മതവും രാഷ്ട്രീയവുംക്കൂടി കൂട്ടിക്കുഴക്കുന്ന തന്ത്രം എതെങ്കിലും സമുദായ മതനേതാക്കൾ ശ്രമിക്കുന്നുവെങ്കിൽ അത് രാജ്യത്തെ വലിയ പ്രതിസന്ധിയിൽ കൊണ്ടെത്തിക്കുമെന്നതിൽ തർക്കമില്ല . ഇറാൻ , ലെബനോൻ പാകിസ്ഥാൻ , ലിബിയ ഇറാക്ക് മുതലായ രാജ്യങ്ങൾ മതനേതാക്കളുടെ കർക്കശ വൃക്തിതാല്പര്യങ്ങളിൽ നശിച്ചത് നമുക്കറിയാമല്ലോ . എന്നാൽ UAE, സൗദി , കുവൈറ്റ് , ഖത്തർ മുതലായ രാജ്യങ്ങളിലെ സ്വാതന്ത്ര്യം അവരുടെ അഭിവ്ൃദ്ധിയെ കാണിക്കുന്നുമുണ്ട് . ഇഷ്ടമുള്ള ഭക്ഷണം , ഇഷ്ടമുള്ള വസ്‌ത്രം , ഇഷ്ടമുള്ള മതം ഇഷ്ടമുളളവർക്ക് വോട്ടു ചെയ്യുക ഇതൊക്കെ അവരവരുടെ മൗലിക സ്വതന്ത്ര അവകാശമായി കണക്കാക്കുന്നില്ലെങ്കിൽ അവിടെ വിഭാഗീയത ഉറപ്പായിരിക്കും .
അതുപോലെ മുൻപ് പറഞ്ഞ FCRA ഫണ്ട് ദാരിദ്യരേഖക്ക് താഴെയുള്ളവർക്കാണെങ്കിലും അതിൽ ചില പാകപ്പിഴവുകൾ വന്നിട്ടുണ്ടാകാം . ചക്കര കുടത്തിൽ കൈയിട്ടാൽ നക്കാത്തവരായി ആരും കാണില്ലായിരിക്കാം . എങ്കിലും ഇതിനൊക്കെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ദുർവിനിയോഗവും ഭീകരവാദവും കുറഞ്ഞുകിട്ടും.
ഇപ്പോൾ തന്നെ കേരളത്തിൽ കോടാനു കോടി നോട്ടു കെട്ടുകൾ കണ്ടെയിനറിൽ വന്നുവെന്നും ജയസാദ്ധ്യതക്കായി ചില സ്ഥാനാർത്ഥികൾ ചില മണ്ഡലങ്ങളിൽ വാരിവിതരണം ചെയ്തുവെന്നും കേട്ടിരുന്നു . ചിലതൊക്കെ വീഡിയോ തെളിവുകളുമായി കാണുവാനും സാധിച്ചു . എങ്കിലും അതു പാവപ്പെട്ടവർക്കാണല്ലോ വിതരണം ചെയ്തതെന്നു കണ്ടപ്പോൾ സന്തോഷം തോന്നി . ഇത് തിരഞ്ഞെടു പ്പിനോട് അനുബന്ധിച്ചു മാത്രമാകരുത് ,എന്നും നിരന്തരം പാവങ്ങൾക്കു ലഭിക്കട്ടേയെന്നും ആമുത്തശ്ശിയുടെ ദീനമുഖം കണ്ടപ്പോൾ മനസ്സു മന്ത്രിച്ചു . വിദേശത്തു നിന്നും വരുന്ന ഫണ്ടുകൾ ഒരു മതക്കാർക്കു മാത്രമാണെന്നും ഞാൻ വിശ്വസിക്കുന്നില്ല . അത് ജാതി മത വ്യത്യാസമില്ലാതെ പാവപ്പെട്ടവർക്കു ഉപകരിക്കുന്നുവെങ്കിൽ ഇതിന് വലിയ നിബന്ധനകളുടെ ആവശ്യമില്ലെന്നാണ് എൻ്റെ അഭിപ്രായം . എന്തായാലും ജാതിമത വിദ്വേഷം വെടിഞ്ഞ് ഒരു മതേതര ഗവൺമെൻ്റ് എന്ന സ്വപ്നം കേരളത്തിൽ പൂവണിയട്ടെയെന്നും ഏവർക്കും നല്ലതു വരുത്തട്ടെയെന്നും ആശംസിക്കുന്നു .
ജയ്‌ഹിന്ദ്
മോൻസി കൊടുമൺ✍



