ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത യാത്ര നഷ്ടപ്പെടുത്തരുത്: കത്ര മുതൽ ശ്രീനഗർ വരെ വന്ദേഭാരത് ട്രെയിനിൽ ഉടൻ യാത്ര ചെയ്യൂ’. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ പദ്ധതിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ അയച്ച ഈ വാട്സാപ്പ് സന്ദേശമാണ് ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസിലെ എന്റെ കന്നിയാത്രക്ക് കാരണം. കഴിഞ്ഞ ഒന്നര മാസത്തിൽ പകുതിയും ജമ്മു കശ്മീരിലായിരുന്നതിനാൽ വീണ്ടുമൊരു ശ്രീനഗർ യാത്രയ്ക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ, ഒരിക്കലും മറക്കാനാവാത്ത യാത്ര നഷ്ടപ്പെടുത്തരുതെന്ന ആ ഉദ്യോഗസ്ഥന്റെ നിർദേശമാണ് എന്നെ കത്രയിൽ എത്തിച്ചത്.
പെട്ടെന്നുള്ള തീരുമാനമായതിനാൽ അധികം ആസൂത്രണമൊന്നും ഉണ്ടായിരുന്നില്ല. ശ്രീനഗറിലേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ യാത്ര ആരംഭിക്കുന്നത് കത്രയിലെ ശ്രീ മാതാ വൈഷ്ണോ ദേവി റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. ഡൽഹിയിൽ നിന്ന് ശ്രീ ശക്തി എക്സ്പ്രസിലെ ഒരു രാത്രി മുഴുവൻ നീളുന്ന യാത്രയ്ക്ക് ശേഷമാണ് കത്രയിൽ എത്തിയത്. ത്രികൂട പർവതനിരകളെ ആസ്വദിച്ചാണ് രാവിലെ ആറുമണിയോടെ കത്ര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. പർവത നിരകൾക്ക് മുകളിൽ പ്രഭാതസൂര്യന്റെ സ്വർണത്തിളക്കം യാത്രയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നായിരുന്നു.
ത്രികൂട പർവതനിരകളെ പോലെതന്നെ വെട്ടിത്തിളങ്ങുകയായിരുന്നു കത്ര റെയിൽവേ സ്റ്റേഷനും. വൃത്തിഹീനതയ്ക്കും ശുചിത്വമില്ലായ്മക്കും കുപ്രസിദ്ധമാണ് ഉത്തരേന്ത്യയിലെ പല റെയിൽവേ സ്റ്റേഷനുകളും. എന്നാൽ, കത്രയിലെ ശ്രീ മാതാ വൈഷ്ണോ ദേവി റെയിൽവേ സ്റ്റേഷൻ അത്ഭുതപ്പെടുത്തി. സ്റ്റേഷൻ പൂർണമായും പെയിന്റടിച്ച് മോടി പിടിപ്പിച്ചിരിക്കുകയാണ്. നിരവധി തീർഥാടകർ എത്തുന്ന ഈ റെയിൽവേ സ്റ്റേഷൻ ഇത്ര വൃത്തിയായി സൂക്ഷിക്കുന്നത് എങ്ങനെയെന്ന് അത്ഭുതപ്പെടും. ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്ദർശിച്ചതിനിലാകാം സ്റ്റേഷനും, പരിസരവും ഇത്ര വൃത്തിയായി കിടക്കുന്നത്.
കത്ര റെയിൽവേ സ്റ്റേഷനിലെ ആകർഷകമായ കാര്യങ്ങളിലൊന്ന് ഐആർസിടിസി ഗസ്റ്റ് ഹൗസാണ്. ഡീലക്സ് മുറി മുതൽ ഡോർമറ്ററി വരെ താരതമ്യേന കുറഞ്ഞ തുകയ്ക്ക് ലഭിക്കും. ഗസ്റ്റ് ഹൗസിലെ മുറിയിലെത്തി ഫ്രഷായ ശേഷം ശ്രീനഗറിലേക്കുള്ള വന്ദേഭാരത് ട്രെയിൻ പിടിക്കാനായി കത്ര സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റഫോമിലെത്തി. വലിയ സുരക്ഷയാണ് വന്ദേഭാരത് എക്സ്പ്രസിനുണ്ടായിരുന്നത്. യാത്രക്കാരേക്കാൾ കൂടുതൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഉദ്യോഗസ്ഥരും കോൺസ്റ്റബിൾമാരുമായിരുന്നു പ്ലാറ്റ്ഫോമിലുണ്ടായിരുന്നത്.
ശ്രീനഗർ വന്ദേഭാരതിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ഉള്ളവരെ മാത്രമാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കടത്തിവിട്ടിരുന്നത്. എട്ട് ബോഗികളാണുള്ളത്. ഇതിൽ രണ്ടെണ്ണം എക്സിക്യുട്ടീവ് ചെയർകാറും ബാക്കിയുള്ളവ ചെയർകാറുമാണ്. ശ്രീനഗർ വന്ദേഭാരതിലെ കന്നി യാത്രയിൽ ഭൂരിഭാഗവും ഉത്തരേന്ത്യക്കാരായിരുന്നു. ശ്രീനഗറിലേക്കുള്ള ആദ്യ ട്രെയിൻ യാത്രയുടെ ആകാംക്ഷ പ്ലാറ്റഫോമിലെ ഭൂരിഭാഗം പേരിലും പ്രകടമായിരുന്നു. 7.45-ഓടെ യാത്രക്കാരെ ട്രെയിനിനുള്ളിലേക്ക് പ്രവേശിച്ചിപ്പിച്ച് തുടങ്ങി.
തുരങ്കങ്ങളിൽ നിന്ന് തുരങ്കങ്ങളിലേക്ക്.
കൃത്യം 8.10-ന് വന്ദേഭാരത് കത്രയിൽ നിന്ന് യാത്ര ആരംഭിച്ചു. കത്ര മുതൽ ബനിഹാൽ വരെയുള്ള 111 കിലോമീറ്ററിൽ 97.42 കിലോമീറ്ററും ടണലുകളിലൂടെയും പാലങ്ങളിലൂടെയുമാണ് പോകുന്നത്. യാത്ര തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ആദ്യ തുരങ്കമായ ടി33-ലേക്ക് വന്ദേഭാരത് എക്സ്പ്രസ് പ്രവേശിച്ചു. കത്രയ്ക്കും റിയാസിക്കും ഇടയിലുള്ള ആദ്യ തുരങ്കത്തിന്റെ നീളം ഏതാണ്ട് മൂന്ന് കിലോമീറ്ററോളമാണ്. പുതിയ ടണലിങ് രീതിയിലാണ് ഈ റൂട്ടിലെ തുരങ്കങ്ങൾ നിർമിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ നീളം കൂടിയ തുരങ്കങ്ങളിൽ ക്രോസ്-പാസേജുകൾ വഴി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള സമാന്തര എസ്കേപ്പ് പാതകളുമുണ്ട്.
സാധാരണയായി റെയിൽവേ തുരങ്കങ്ങൾ ഇരുട്ട് നിറഞ്ഞതാണ്. തുരങ്കങ്ങളിലൂടെയുള്ള ട്രെയിൻ യാത്രകളെ വിരസമാക്കുന്നത് ഈ ഇരുട്ടാണ്. എന്നാൽ കത്ര-ശ്രീനഗർ റെയിൽ റൂട്ടിലെ തുരങ്കങ്ങൾ ഇക്കാര്യത്തിൽ വ്യത്യസ്തമാണ്. ഇവിടെ തുരങ്കങ്ങൾ നല്ല വെളിച്ചമുള്ള വിളക്കുകൾ കൊണ്ട് പ്രകാശിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ തുരങ്കത്തിന്റെ കാഴ്ചകളും ആസ്വദിച്ചാണ് യാത്ര.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ആദ്യ നാല് റെയിൽവേ തുരങ്കങ്ങളിലൂടെ.
കത്ര-ശ്രീനഗർ റെയിൽ പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ആദ്യ നാല് റെയിൽവേ തുരങ്കങ്ങളിലൂടെ മിനിറ്റുകളുടെ ഇടവേളകളിൽ സഞ്ചരിക്കാം. സുംബറിനും ഖാരിക്കും ഇടയിലുള്ള ടി-50 തുരങ്കമാണ് രാജ്യത്തെ നിലവിലുള്ള ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം. 12.77 കിലോമീറ്റർ ആണ് ഇതിന്റെ നീളം. ഏറ്റവും വലിയ രണ്ടാമത്തേതും മൂന്നാമത്തേതും നാലാമത്തേതുമായ റെയിൽ തുരങ്കപാതകളും ഈ റൂട്ടിലാണ്. പീർ പഞ്ചാൽ റെയിൽവേ തുരങ്കമെന്നറിയപ്പെടുന്ന ടി-80 തുരങ്കത്തിന്റെ നീളം 11.22 കിലോമീറ്ററാണ്. സവാൽകോട്ടിനെയും സംഗൽദാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ടി-44 തുരങ്കത്തിന്റെ നീളം 11.13 കിലോമീറ്ററുമാണ്. സംഗൽദാനെയും സുംബറിനെയും ബന്ധിപ്പിക്കുന്ന ടി-49 തുരങ്കത്തിന്റെ നീളം 10.178 കിലോമീറ്റർ വരും.
ഇന്ത്യയിലെ ആദ്യ കേബിൾ റെയിൽ പാലത്തിലൂടെ.
യാത്ര ആരംഭിച്ച് ഏതാണ്ട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു അനൗൺസ്മെന്റ് ലഭിച്ചു. ‘ജീവിതത്തിൽ നിങ്ങൾ ആദ്യമായി ഇന്ത്യയിൽ ഒരു കേബിൾ റെയിൽ പാളത്തിലൂടെ സഞ്ചരിക്കാൻ പോകുന്നു. അൽപ്പസമയത്തിനുള്ളിൽ തന്നെ നമ്മൾ അൻജി ഖാഡ് പാലത്തിലൂടെ സഞ്ചരിക്കും. പാലത്തിന്റെ ഭംഗി ആസ്വദിക്കാൻ പുറത്തേക്ക് നോക്കിയിരിക്കുക’. അനൗൺസ്മെന്റ് കഴിഞ്ഞതും ട്രെയിൻ ഒരു തുരങ്കത്തിലേക്ക് പ്രവേശിച്ചു. പിന്നെയും അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് ട്രെയിൻ അൻജി ഖാഡ് പാലത്തിലെത്തിയത്. മണിക്കൂറിൽ 80 കിലോമീറ്ററർ വേഗതയിൽ ഓടികൊണ്ടിരുന്ന ട്രെയിനിന്റെ വേഗം അൽപ്പം കുറഞ്ഞു.
കൂറ്റൻ മലകൾക്കിടയിലൂടെ ഒഴുകുന്ന അൻജി നദിയിൽ നിന്ന് 331 മീറ്റർ ഉയരത്തിലുള്ള കേബിൾ റെയിൽ പാലത്തിലൂടെ വന്ദേഭാരത് എക്സ്പ്രസ് നീങ്ങി. പുറത്തെ കാഴ്ചകൾ കാണാൻ ആളുകൾ വിൻഡോയ്ക്ക് സമീപം നിലയുറപ്പിച്ചു. 193 മീറ്ററാണ് ഈ പാലത്തിന്റെ ഉയരം. 473 കിലോമീറ്റർ കേബിളുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ 213 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെ പോലും പ്രതിരോധിക്കാനുള്ള ശേഷി ഈ പാലത്തിനുണ്ട്. അപ്രോച്ച് പാലം ഉൾപ്പടെ 725 മീറ്റർ ദൈർഘ്യമാണ് പാലത്തിന് ഉള്ളത്. ആസ്വദിക്കുന്നതിന് മുമ്പ് തന്നെ അൻജി പാലവും കടന്ന് ട്രെയിൻ അടുത്ത തുരങ്കത്തിലേക്ക് പ്രവേശിച്ചു.
കുത്തബ് മിനാറിനേക്കാൾ അഞ്ച് മടങ്ങ് ഉയരത്തിലൂടെയുള്ള യാത്ര.
അൻജി ഖാഡ് പാലത്തിന് ശേഷം ഏതാനും ടണലുകൾ കൂടി കടന്നതോടെ അടുത്ത സീറ്റിൽ ഇരുന്ന ആന്ധ്രയിൽ നിന്നുള്ള റെയിൽവേ ബോർഡിലെ മുൻ എൻജിനീയർ ആയിരുന്ന ശ്രീനിവാസ റാവു എന്നോട് പറഞ്ഞു: ‘നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാകാൻ പോകുകയാണ്. ഈഫൽ ടവറിനെക്കാൾ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലത്തിലൂടെ നിങ്ങൾ അൽപ്പ സമയത്തിനുള്ളിൽ യാത്ര ചെയ്യും. ഡൽഹിയിലെ കുത്തബ് മിനാറിനെക്കാൾ അഞ്ച് മടങ്ങ് ഉയരത്തിലുള്ള പാലത്തിലൂടെയാണ് ഇനിയുള്ള യാത്ര’ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പിന്നാലെ ‘ചെനാബ് പാലത്തിലേക്ക് കടക്കുകയാണെന്ന് അറിയിപ്പുമെത്തി.
ചെനാബ് പാലത്തിന്റെ ഭംഗി ആസ്വദിക്കാനാകണം എൻജിൻ ഡ്രൈവർ ട്രെയിനിന്റെ വേഗത കുറച്ചു. പാലത്തിന്റെ ഇരുഭാഗങ്ങളിലും നടപ്പാതകളുണ്ട്. റിയാസി ജില്ലയിലെ കൗരി, ബക്കൽ ഗ്രാമങ്ങൾക്ക് ഇടയിൽ ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയിൽവേ ആർച്ച് പാലത്തിലൂടെ ഞങ്ങളുടെ ട്രെയിൻ മുന്നോട്ട് നീങ്ങി. ചെനാബ് നദീതടത്തിൽനിന്നും 359 മീറ്റർ ഉയരത്തിലുള്ള ഈ പാലം ഈഫൽ ടവറിനെക്കാൾ 35 മീറ്റർ ഉയരത്തിലാണ്. താഴെ ചെനാബ് നദി ശാന്തമായി ഒഴുക്കുന്നത് കാണാം. ട്രെയിനിനുള്ളിൽ ഇരുന്നുകൊണ്ട് ഈ പാലത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് പരിമിതികളുണ്ട്. എന്നാൽ, പിർ പഞ്ചാൽ മലനിരകൾക്ക് അപ്പുറത്തുനിന്ന് എത്തുന്ന സൂര്യപ്രകാശത്തിൽ ചെനാബ് പാലത്തിന്റെ കൈവരികൾ വെട്ടിത്തിളങ്ങുന്നത് കാണാമായിരുന്നു. മറ്റൊരു തുരങ്കത്തിലേക്ക് പ്രവേശിക്കാനായി ട്രെയിൻ ചെറുതായി വളയുന്നതിനിടെ പ്രൗഢഗംഭീരമായ ചെനാബ് പാലത്തിന്റെ കമാനവും താഴ് ഭാഗവും ഒരു നോക്ക് കണ്ടു.
സ്പെഷ്യൽ ഓപ്പറേഷനുകളിൽ പരിശീലനം ലഭിച്ച കമാൻഡോകളുടെ സുരക്ഷയിൽ യാത്ര.
പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയുമൊക്കെ പശ്ചാത്തലത്തിൽ കശ്മീരിലേക്ക് ഉടൻ ഒരു യാത്ര പോകുന്നത് സുരക്ഷതിമാണോയെന്ന ആശങ്ക പലരും പങ്കുവെച്ചിരുന്നു. അതിയായ ആഗ്രഹം ഉണ്ടായിട്ടും അത്തരമൊരു ആശങ്കയും പേടിയും മൂലം ശ്രീനഗറിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിലെ യാത്ര പിന്നീടാകാമെന്ന് തീരുമാനമെടുത്ത പല സുഹൃത്തുക്കളെയും എനിക്ക് അറിയാം. അവരുടെ ആശങ്കകൾ തെറ്റാണെന്ന് മാത്രമേ പറയാൻ കഴിയൂ.
ഇന്ത്യയിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ഏറ്റവും കൂടുതൽ സുരക്ഷാവിന്യാസം ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസിലാണ്. സ്പെഷ്യൽ ഓപ്പറേഷനുകളിൽ പരിശീലനം ലഭിച്ച റെയിൽവേ സംരക്ഷണ സേനയുടെ (RPF) CORAS കമാൻഡോകളാണ് വന്ദേഭാരതിന്റെ സുരക്ഷയൊരുക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ധരിച്ച് സ്പെഷ്യൽ ഓപ്പറേഷൻസ് അസോൾട്ട് റൈഫിളുകളുമേന്തിയ കമാൻഡോകൾ എല്ലാ ബോഗികളും വിന്യസിച്ചിട്ടുണ്ട്. 2019-ൽ സ്ഥാപിതമായ റെയിൽവേ സംരക്ഷണ സേനയുടെ കോറസ് കമാൻഡോ യൂണിറ്റ് നക്സൽ ബാധിത പ്രദേശങ്ങളിലും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന പല ഓപ്പറേഷനുകളും നടത്തിയിട്ടുള്ള സേനാ വിഭാഗമാണ്.
തണുപ്പ് കാലത്ത് ചൂടും, ചൂട് കാലത്ത് തണുപ്പും ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങൾ.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത വന്ദേഭാരത് ട്രെയിനുകളാണ് കശ്മീരിൽ സർവീസ് നടത്തുന്നത്. കശ്മീരിലെ അതിശൈത്യകാല സാഹചര്യങ്ങളെ നേരിടാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ട്രെയിനുകൾ. മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ ഈ വന്ദേഭാരത് ട്രെയിനുകൾക്ക് സർവീസ് നടത്തനാകും. തണുപ്പ് കാലത്ത് ട്രെയിനിലെ ടോയ്ലറ്റുകളിൽ വെള്ളം കട്ടപിടിക്കാതിരിക്കാനും, ചൂട് വെള്ളം ലഭിക്കുന്നുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്. ഇതിനായി വാട്ടർ ടാങ്കുകൾക്കും ബയോ-ടോയ്ലറ്റുകൾക്കും താഴെ ഓവർഹീറ്റ് സംരക്ഷണ സെൻസറുകളുള്ള സിലിക്കൺ ഹീറ്റിംഗ് പാഡുകൾ ആണ് സ്ഥാപിച്ചിരിക്കുന്നത്. ഫ്രീസിങ് തടയുന്ന സ്വയം-നിയന്ത്രിത ഹീറ്റഡ് പൈപ്പ്ലൈനുകൾ, ഓട്ടോ-ഡ്രെയിൻ സംവിധാനം എന്നിവയും ഈ ട്രെയിനുകളുടെ പ്രത്യേകതയാണ്. ത്രീ-ലെയർ വിൻഡ്ഷീൽഡിൽ ഹീറ്റിംഗ് ഫിലമെന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇതിലൂടെ മഞ്ഞും മൂടൽമഞ്ഞും തടയാനാകും.
പതിനഞ്ചിൽ അധികം സ്റ്റേഷനുകൾ, നിർത്തുന്നത് ബനിഹാലിൽ മാത്രം.
കത്രക്കും ശ്രീനഗറിനുമിടയിൽ പതിനഞ്ചിലധികം റെയിൽവേ സ്റ്റേഷനുകളാണുള്ളത്. എന്നാൽ, കത്ര ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ് ഇടയ്ക്ക് നിർത്തുന്നത് ബനിഹാൽ സ്റ്റേഷനിൽ മാത്രമാണ്. അതും രണ്ട് മിനിറ്റ്. വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്ന സമയത്ത് എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കനത്ത സുരക്ഷ വ്യന്യാസം കാണാമായിരുന്നു. ബനിഹാലിന് മുമ്പുള്ള ജമ്മു മേഖലയിലെ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടായിരുന്നത്. ഈ മേഖലയിൽ വന്ദേഭാരത് ഒഴികെയുള്ള മറ്റ് സർവീസുകൾ ആരംഭിച്ചിട്ടില്ല. എന്നാൽ, ബനിഹാലിനും ശ്രീനഗറിനും ഇടയിലുള്ള സ്റ്റേഷനുകളിൽ മറ്റ് ട്രെയിനുകൾ കാത്തുനിൽക്കുന്ന ആളുകളെ കാണാം. പലരും ചീറിപ്പായുന്ന വന്ദേഭാരതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നുമുണ്ട്. രാവിലെ കത്രയിൽ നിന്ന് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ് 11.08 ന് ശ്രീനഗറിൽ എത്തി. അന്ന് ഉച്ചക്ക് ശേഷം ഞങ്ങൾ അതേ വന്ദേഭാരതിൽ കത്രയക്ക് മടങ്ങി.
ആഴ്ചയിൽ അഞ്ച് ദിവസം രണ്ട് വന്ദേ ഭാരത് വീതം.
ആഴ്ചയിൽ അഞ്ച് ദിവസം രണ്ട് വന്ദേഭാരത് സർവീസുകളാണ് കത്രക്കും ശ്രീനനഗറിനും ഇടയിലുള്ളത്. കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് രാവിലെ 8.10-ന് ആരംഭിക്കും. 11.08-ന് ശ്രീനഗറിലെത്തും. അതേ വന്ദേഭാരത് ഉച്ചക്ക് രണ്ടുമണിക്ക് കത്രയിലേക്കും മടങ്ങും. 4.58-നാണ് കത്രയിൽ എത്തുന്നത്.
ശ്രീനഗറിൽ നിന്ന് കത്രയിലേക്കുള്ള വന്ദേഭാരത് സർവീസ് യാത്ര തിരിക്കുന്നത് രാവിലെ 8.00 മണിക്കാണ്. അത് 10.58-ന് കത്രയിലെത്തും. ഉച്ചയ്ക്ക് 2.55-നാണ് കത്രയിൽ നിന്ന് യാത്ര ആരംഭിക്കുന്നത്. ഇത് 5.53-ന് ശ്രീനഗറിലെത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒറ്റ വന്ദേഭാരത് മാത്രമേ സർവീസ് നടത്തുന്നുള്ളൂ. കത്ര-ശ്രീനഗർ യാത്രക്ക് എക്സിക്യുട്ടീവ് ചെയർകാറിന് 1320 രൂപയും, സാധാരണ ചെയർ കാറിന് 715 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അതേസമയം ശ്രീനഗർ കത്ര ടിക്കറ്റ് നിരക്കിൽ നേരിയ വർദ്ധനവുണ്ട്.
നോ നോൺ വെജ്.
നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് പ്രശസ്തമാണ് കശ്മീർ. എന്നാൽ, കശ്മീരിലേക്കുള്ള വന്ദേഭാരതിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം ലഭിക്കില്ല. മൂന്ന് തരത്തിലുള്ള ഭക്ഷണമാണ് നിലവിൽ കശ്മീർ വന്ദേഭാരതിൽ ലഭിക്കുക. വെജിറ്റേറിയൻ, പ്രമേഹരോഗികൾക്കുള്ള വെജിറ്റേറിയൻ, ജൈന ഭക്ഷണം. എന്തുകൊണ്ടാണ് നോൺ വെജിറ്റേറിയൻ ഭക്ഷണം ലഭിക്കാത്തത് എന്നതിനെ സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം കണ്ടില്ല.



