Sunday, December 8, 2024
HomeUS Newsപുണ്യ ദേവാലയങ്ങളിലൂടെ -65 ഇലഞ്ഞി പള്ളി

പുണ്യ ദേവാലയങ്ങളിലൂടെ -65 ഇലഞ്ഞി പള്ളി

ലൗലി ബാബു തെക്കെത്തല

(സെന്റ് പീറ്റർ & സെന്റ് പോൾസ് ഫെറോനാ പള്ളി, ഇലഞ്ഞി)

എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം ഇലഞ്ഞി പഞ്ചായത്ത് ബസ് സ്റ്റാൻഡിന് 500 മീറ്റർ അകലെയായി കൂത്താട്ടുകുളം-തലയോലപറമ്പ് റൂട്ടിൽ
സ്ഥിതി ചെയ്യുന്നു.

നൂറ്റാണ്ടുകളുടെ പഴക്കവും പ്രൗഡിയും പേറുന്ന ഇലഞ്ഞി പള്ളി വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിൽ കേരളത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യദേവാലയങ്ങളിൽ ഒന്നാണ്. ആറാം പിയുസ് മാർപാപ്പ പറേമാക്കൽ ഗോവർണ്ണദോർ വഴി പൂർണ്ണദണ്ഡവിമോചനം എന്നന്നേക്കുമായി നൽകിയ ഭാരതത്തിലെ ചില അപൂർവ്വം ദേവാലയങ്ങളിലൊന്ന്.

🌻ദേശ ചരിത്രം

കടുത്തുരുത്തി ആസ്ഥാനമായിരുന്ന വടക്കംകൂർ രാജാവിന്റെ അധികാരത്തിൽപ്പെട്ട
പ്രദേശമായിരുന്നു ഇലവഞ്ചിയൂർ.ഈ ഇലവഞ്ചിയൂർ എന്ന ദേശമാണ് ഇന്ന് ഇലഞ്ഞി എന്ന പേരിൽ പ്രഖ്യാതമായിട്ടുള്ളത്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിലാണ് 29.48 ച.കി.മീറ്റർ വിസ്തൃതിയുള്ള ഇലഞ്ഞി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953-ലാണ് ഈ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്. ഇലഞ്ഞിയിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ മലയാണ് കൂരുമല.
രാവിലേയും വൈകുന്നേരവും കോടമഞ്ഞിറങ്ങുന്ന മനോഹരമായ പ്രദേശം. കോടമഞ്ഞില്ലെങ്കിൽ എറണാകുളം നഗരം വരെ ഇവിടെ നിന്ന് കാണാം. ഇലഞ്ഞിയുടെ സ്വന്തം ഹിൽ സ്റ്റേഷൻ.

🌻ദേവാലയ സ്ഥാപന ചരിത്രം

ഒമ്പതാം നൂറ്റാണ്ടിൽ ബ്രാഹ്മണർ ഒരു പ്രധാന വിഭാഗമായിരുന്ന ആഴ്വാൻഞ്ചേരി തമ്പറാക്കൾ ഈ പ്രദേശത്ത് വന്ന് താമസമാരംഭിച്ചു.ശുദ്ധികർമ്മാനുഷ്ടാനങ്ങളിൽ വലിയ നിഷ്ഠയുണ്ടായിരുന്ന അവർ അങ്കമാലിയിൽ നിന്ന് കൊണ്ടുവന്ന് താമസിച്ച കുടുംബങ്ങൾ വഴിയാണ് ഇവിടുത്തെ ക്രൈസ്തവസമൂഹം ജന്മമെടുത്തത് എന്ന് വിശ്വസിച്ചുപോരുന്നു.

ഇലവഞ്ചിയൂരിൽ ആദ്യം വന്ന് ചേർന്ന ക്രിസ്ത്യാനികൾക്ക് അവരുടെ ആത്മീയആവശ്യങ്ങൾക്കായി പനച്ചൽ യജമാനൻ എന്ന ഒരു നാട്ടുപ്രഭു ദാനമായി നൽകിയ സ്ഥലത്ത് അദ്ദേഹത്തിന്റെ സഹകരണത്തോടെ ഇവിടുത്തെ ആദ്യാദേവാലയം നിർമ്മിച്ചു എന്നാണ് അറിയപ്പെടുന്ന ചരിത്രം.

എ.ഡി1200നും 1250നും ഇടയിൽ വി.പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ നാമത്തിൽ നിർമ്മിക്കപ്പെട്ടു.ആദ്യകാലത്ത് മുളകൊണ്ട് ക്ഷേത്രമാതൃകയിൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയം പിന്നീട് അനേകം തവണ പുനഃരുദ്ധരിച്ചു.1680ൽ ഈ ദേവാലയം പുനഃരുദ്ധരിച്ചപ്പോൾ ഇത് കൂദാശ ചെയ്തത് അഭി.പറമ്പിൽ ചാണ്ടി മെത്രാനായിരുന്നു.1839 ഓഗസ്റ്റ് 15ന് ശിലാസ്ഥാപനം ചെയ്ത പൗരാണികതയുടെ മഹത്വം വിളിച്ചോതുന്ന ഈ ദേവാലയം അതിന്റെ പഴമയും തനിമയും അല്പംപോലും മാഞ്ഞുപോകാതെ തന്നെ 2019ൽ വിപുലപ്പെടുത്തി നവീകരിച്ചു.

🌻ഇലഞ്ഞി പള്ളിയുടെ സവിശേഷതകൾ

സീറോ മലബാർ സഭയുടെ കീഴിലുള്ള ഈ ദേവാലയത്തിന്റെ പ്രധാന വാതിൽ കടന്ന് അകത്തേക്ക് ചെന്നാൽ കൊത്തുപണികളാലും വർണ്ണങ്ങളാലും അലംകൃതമായ തൂണുകളും കമാനങ്ങളും കാണാം റോമൻ പോർച്ചുഗീസ് ശൈലിയിലുള്ള ചെറുതും വലുതുമായ 30 ആർച്ചുകൾ ദേവാലയത്തിനുണ്ട്. മനോഹരമായ ഈ ആർച്ചുകൾ കടന്നെത്തുന്നത് പോർച്ചുഗീസ് ബെറോക്ക് വാസ്തുകലയുടെ സമന്വയത്താൽ സ്വർഗീയനുഭൂതി പകർന്ന്തരുന്ന മദ്ബഹയിലാണ്. ഗോവയിൽ നിന്നുള്ള വിദഗ്ധർ നിർമ്മിച്ച പ്രധാന അൾത്താര കൊത്തുപണികളാലും വിശുദ്ധരുടെ തിരുസ്വരൂപങ്ങളാലും മനോഹരമാക്കിയിരിക്കുന്നു. മാലാഖാ വൃന്ദത്തിന്റെ നടുവിൽ പിതാവായ ദൈവത്തിന്റെ രൂപം, ഈശോയുടെ തിരുഹൃദയം, പരി.കന്യകമറിയം, വി.യൗസേപ്പ് പിതാവ്, പരി.തോമാശ്ലീഹാ, വി.ഫ്രാൻസിസ് സേവിയർ സഭാ പിതാക്കന്മാരായ വി.അഗസ്റ്റ്യൻ, വി ജെറോം, വി.എഫ്രേം, വി.ഗ്രിഗറി, വി.അംബ്രോസ് എന്നിവരുടെ തിരുസ്വരൂപങ്ങൾ നിറഞ്ഞ ഈ അൾത്താര പുരാതന ദേവാലയങ്ങളിൽ മാത്രം കണ്ടുവരുന്ന ഒന്നാണ്.

സുന്ദരമായ ചുവർചിത്രങ്ങളോട് കൂടിയ തോറ, ഇ തും പൗരണികതയുടെ മനോഹരമായ നിർമ്മിയതാണ്. തങ്കത്തിൽ പൊതിഞ്ഞ അഞ്ച് അൾത്താരയാണ് ദേവാലയത്തിനുള്ളത്. പരി.കന്യകമാറിയത്തിന്റെ അൾത്താരയോട് ചേർന്ന് ഈജിപ്തിൽ നിന്ന് കൊണ്ടുവന്ന പാപ്പിറസിൽ വരച്ച നിത്യസഹായ മാതാവിന്റെ ഒരു എണ്ണഛായ ചിത്രവും സ്ഥാപിച്ചിരിക്കുന്നു.

പ്രധാന അൾത്താരയുടെ മേൽക്കൂര പോലെ തന്നെ വി.ശ്ലീഹന്മാരുടെയും പരി.കന്യകമറിയത്തിന്റെയും അൽത്താരയുടെ മേൽക്കൂരകൾ അലങ്കാരപണികളാൽ സമ്പന്നമാണ്. അനേകം ചെറുചതുരങ്ങളിലുള്ള അലങ്കാരപണികൾ വിവിധ വർണ്ണങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു.

മദ്ബഹായുടെ മുൻഭാഗത്ത് പൗരാണികതയുടെ പ്രതീകമായി അഷ്ടകോണാകൃതിയിൽ ഉയർന്ന് നിൽക്കുന്ന മേൽക്കൂര കാണാം.ചെങ്കല്ലിൽ പണി തീർത്ത പിരമിഡ് ആകൃതിയിലുള്ള ഈ നിർമ്മിതി കേരളീയ വാസ്തുകലയുടെ അദ്ഭുതകരമായ ഒരു സൃഷ്ടിയാണ്.തടികൾകൊണ്ട് കൂടുതൽ മനോഹരമാക്കിയ ഈ നിർമ്മിതി, കേരളത്തിലെതന്നെ ഏറ്റവും വലിപ്പമേറിയ ഏട്ടുവട്ടവും ഈ ദേവാലയത്തിന്റെ പ്രധാന ആകർഷണവുമാണ്.

ഇടവകയിലെ ആയിരം മക്കൾക്ക് മാമോദീസ നൽകിയ ആത്മീയ ഉദരമായിരുന്ന പുരാതന മാമ്മോദീസതൊട്ടി ഒന്നര നൂറ്റാണ്ടോളം പഴക്കമുണ്ട്. ഇത് പൗരാണികതയുടെയും ഇലഞ്ഞിയിലെ ആദിമക്രൈസ്തവ വിശ്വാസത്തിന്റെയും സാക്ഷ്യമാണ്. ഹന്നാൻ വെള്ളം ഒഴിച്ചുവെക്കുന്നതിനുള്ള കൽക്കുഴിയും താഴെ വീഴുന്ന വെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യവും ഈ പുരാതന മാമ്മോദീസതൊട്ടിക്ക് ഉണ്ട്.

വി.ശ്ലീഹന്മാരുടെ ദേവാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന മാമോദീസകൽതൊട്ടിയിൽ ആലേഖനം ചെയ്തിരിക്കുന്ന വട്ടെഴുത്ത് ലിപികൾ ഇതിന്റെ പൗരാണികതയെ സൂചിപ്പിക്കുന്നു. കൊല്ലവർഷം 561ൽ ഇടവകയിലെ ഒരു വ്യക്തി ഇത് പള്ളിക്ക് സംഭാവനയായി നൽകി എന്നതാണ് ഈ വട്ടെഴുത്തിലൂടെ സൂചിപ്പിക്കുന്നതെന്ന് കേരള സർവ്വകലാശാല പുരാവസ്തു വകുപ്പിലെ വിദഗ്ദ്ധർ വെളിപ്പെടുത്തുന്നു.ഈ മാമ്മോദീസത്തോട്ടിയുടെ കാലപ്പഴക്കം ദേവാലയത്തിന്റെ കാലം നിർണയിക്കുന്നതിനുള്ള സുപ്രധാന രേഖയാണ്.

ദേവാലയത്തിന്റെ മുൻഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുരാതനമായ കൽക്കുരിശ് എ.ഡി 1680ൽ സ്ഥാപിതമായതാണ്.30 അടിയോളും ഉയരമുള്ള ഈ കൽകുരിശ് മധുരയിലെ ശില്പികളാൽ നിർമ്മിക്കപ്പെട്ടതാണ്.ഈ കൽകുരിശ് ഇന്ന് നാനാജാതി മതസ്ഥരുടെ അഭയകേന്ദ്രമാണ്.

ഉയർന്ന കൊടിമരവും മണിമാളികയും ഇലഞ്ഞിയിലെ വിശ്വാസ പ്രഘോഷണത്തിന്റെ നിരൂപമെന്നോണം തലയുർത്തി നിൽക്കുന്നു. പരി.കന്യകമറിയത്തിന്റെ സംരക്ഷണവും വി.പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ മാധ്യസ്ഥവും പരിപാലനയും എപ്പോഴും നാടിനായി വർഷിക്കുന്ന ഈ ദേവാലയം ഇന്ന് പൗരാണിക വിശ്വാസസംസ്കൃതിയുടെ സുവർണ്ണപ്രതീകവും നാനാജാതിമതസ്ഥരുടെ അനുഗ്രഹവും അഭയവുമായി നിലകൊള്ളുന്നു.

🌻ഇലഞ്ഞി പള്ളി വികാരിയായിരുന്ന നെടുങ്ങോത്തച്ചൻ

രണ്ടു നൂറ്റാണ്ടു മുൻപ്‌ ഒരു ദിവസം പാലാക്കുന്നേൽ ഈയ്യോബും പതാലിൽ ഇട്ടി നൈനാനും ഒന്നിച്ച് പേക്കാവു ചേരിക്കലിൽ വേലക്കാർക്കൊപ്പം വിതച്ചുകിള നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് ഏകദേശം പത്തു നാഴിക പകലുള്ളപ്പോൾ ജടാധാരിയും വസ്ത്ര രഹിതനുമായ ഒരാൾ കാട്ടിൽനിന്നും പണിക്കാരുടെ മുന്നിലേക്ക് ഇറങ്ങിച്ചെന്നു. പെണ്ണാളുകളെല്ലാം അലറിക്കൊണ്ടോടി. അക്കാലത്ത് ഹീനപ്പറയർ എന്നു വിളിക്കപ്പെട്ടിരുന്ന ചട്ടമ്പിമാരായ പറയരും പുലയരും താഴ്ന്നജാതിയിലോ സൗകര്യം കിട്ടിയാൽ മേൽജാതികളിലോ പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോവുക പതിവായിരുന്നു.

ആണുകൾ ഹീനപ്പറയനെ അടിച്ചുവീഴ്ത്താൻ തൂമ്പയുമായി അടുത്തു. ഈയോബും നൈനാനും സന്ദർഭത്തിന്റെ ഗൗരവം മനസ്സിലാക്കി മുന്നോട്ടുവന്നു. ജടാധാരി ഭയന്നില്ല, ഓടിയതുമില്ല. തന്റെ വലതു കൈ ഉയർത്തി കുരിശിന്റെ രൂപത്തിൽ ആശീർവദിക്കാൻ തുടങ്ങി. തങ്ങളുടെ മുന്നിൽ നിൽക്കുന്ന ആൾ ഹീനപ്പറയനല്ല, മറിച്ച്‌ ഒരു ക്രിസ്ത്യാനിയാണെന്ന് സംശയംതോന്നിയ ഈയോബും നൈനാനും ചേർന്ന്‌ രംഗം ശാന്തമാക്കി. അയാളെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ല. ഈയ്യോബ്‌ തന്റെ രണ്ടാംമുണ്ട് അയാൾക്ക്‌ ഉടുക്കുവാൻ കൊടുത്തു. വൈകുന്നേരേം കൂത്രപ്പള്ളിയിൽ പുതുച്ചിറക്കാവിലുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ജടയും താടിയും കളയിച്ചു. കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞപ്പോൾ ആളിന്റെ മട്ടുമാറി. ഒരാഴ്ച്ചക്കുള്ളിൽ സുബോധം തിരിച്ചുകിട്ടിയപ്പോൾ ഇലഞ്ഞി പള്ളി വികാരിയായിരുന്ന ഒരു വൈദികനാണ്‌ താനെന്ന് അദ്ദേഹം വെളിപ്പപ്പെടുത്തി.

തുടർന്ന് പലദിവസങ്ങളിലും ഈയ്യോബിനൊപ്പമോ തനിച്ചോ അദ്ദേഹം ചങ്ങനാശേരി പള്ളിയിലെത്തി ദിവ്യബലിയിൽ സംബന്ധിച്ചിരുന്നു. പുരാവൃത്തം ഇങ്ങനെയാണ്‌. ആയിടയ്ക്ക്‌ പ്രാകൃത വേഷനായ ഒരു സന്യാസി ചങ്ങനാശേരി പള്ളി പരിസരത്ത്‌ കാണപ്പെട്ടു. ദിവസവും പള്ളിയിൽ കുർബാന കണ്ടിരുന്ന ഇയാൾ ഒരു ദിവസം കുർബാനയുടെ കാഴ്ച്ചവയ്പ്പ്‌ ഭാഗത്ത്‌ കാർമികനായ വൈദികൻ ഗ്രന്ഥത്തിന്റെ രണ്ടു താളുകൾ ഒന്നിച്ചുമറിച്ച്‌ ചൊല്ലിത്തുടങ്ങി. ഉടനെ സന്യാസി ആ തെറ്റ്‌ ചൂണ്ടിക്കാണിച്ചു തിരുത്തി. സുറിയാനിയിൽ പരിജ്ഞാനമുള്ള അദ്ദേഹം ആരെന്ന് വെളിപ്പെടുത്തുവാൻ സ്ഥലത്തെ വികാരി ദൈവനാമത്തിൽ ആവശ്യപ്പെട്ടു. ദൈവനാമത്തിലുള്ള ചോദ്യത്തിന്‌ മറുപടി പറയാതിരിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചില്ല. താൻ ഇലഞ്ഞിക്കാരൻ കളത്തുകുളങ്ങര അബ്രഹാം കത്തനാരാണെന്നും കുറേക്കാലമായി നാടുവിട്ട് സഞ്ചരിക്കുകയാണെന്നും വ്യക്തമാക്കി.ചങ്ങനാശേരി പള്ളി വികാരി ഈ വിവരങ്ങൾ വരാപ്പുഴ രൂപതയുടെ അന്നത്തെ അപ്പസ്തോലിക്കയായിരുന്ന റെയ്മോണ്ട് മെത്രാനെ (1802-1816)ധരിപ്പിച്ചു.

ഇലഞ്ഞി പള്ളി വികാരിയായിരുന്ന വൈദികനാണ്‌ പ്രസ്തുത സന്യാസിയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഈയ്യോബും നൈനാനും കൂടി അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വരാപ്പുഴക്ക് പോയി. രണ്ടു വർഷം മുന്പ് ഇലഞ്ഞിയിൽനിന്നും അപ്രത്യക്ഷനായ വൈദികനെ കണ്ടെത്തിയന്നറിഞ്ഞ മെത്രാപ്പോലീത്ത അത്യധികം സന്തോഷിച്ചു. കുറേ ദിവസങ്ങൾ അരമനയിൽ താമസിപ്പിച്ച് അച്ചനെ നീരീക്ഷിച്ച ശേഷം പ്രശ്നമൊന്നുമില്ലെന്ന് ബോധ്യമായപ്പോൾ ഈയ്യോബ് ആവശ്യപ്പെട്ടതനുസരിച്ച് അന്ന് അനാഥമായി കിടന്നിരുന്ന നെടുംകുന്നം പള്ളിയിലേക്ക് പസ്തേന്തി എഴുതിക്കൊടുക്കുകയുംചെയ്തു. ഇലഞ്ഞി ഇടവകാംഗമായിരുന്ന കളത്തുകുളങ്ങര ഏബ്രഹാംകത്തനാരെന്ന ഈ വൈദികനാണ്‌ പിന്നീട് നെടുങ്ങോത്തച്ചൻ എന്ന പേരിൽ പ്രസിദ്ധനായത്‌.

നെടുങ്ങോത്തച്ചന്റെ സംഭവ ബഹുലമായ ജീവിതത്തിന്‌ 1847- മെയ്‌ 31-നാണ്‌ തിരശീല വീണത്‌. മേച്ചേരിക്കുന്നേൽ മാണിക്കത്തനാർ വികാരിയായിരിക്കെ 1923-ൽ ഈ പള്ളിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യിച്ച സമയത്ത്‌ കളത്തുക്കുന്നേൽ അബ്രഹാം കത്തനാർ എന്ന് എഴുതിയ ശിലാഫലകം കണ്ടുകിട്ടിയതായി അന്ന് നെടുംകുന്നം പള്ളിയുടെ കണക്കനായിരുന്ന കെ.ജെ സ്റ്റീഫൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ അവിടെനിന്ന് എടുക്കുകയും അതേ വർഷം കൊച്ചുപള്ളിയുടെ തറ കോൺക്രീറ്റ്‌ ചെയ്തപ്പോൾ അവിടെ അടക്കംചെയ്യുകയുംചെയ്തു.

1973 ഏപ്രിൽ ഓം തീയതി 125-ആം ചരമ വാർഷികാചരണത്തോടനുബന്ധിച്ച്‌ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ വൈദികരും മറ്റും നെടുംകുന്നത്തേക്ക്‌ ഒരു തീർത്ഥയാത്ര നടത്തി. ചങ്ങനാശേരി, പാല രൂപതാദ്ധ്യക്ഷൻമാരുടെ അനുമതിയോടെ അച്ചന്റെ ഭൌതികാവശിഷ്ടങ്ങൾ ഇലഞ്ഞിയിൽ കൊണ്ടുചെന്ന് വിശുദ്ധ പത്രോസ്‌, പൌലോസ്‌ ശ്ളീഹൻമാരുടെ പള്ളിയിൽ അടക്കം ചെയ്തു. ബഹു. അബ്രാഹം അച്ചന്റെ കബറിടം ശ്രീ. ജോൺ നാറാണത്തിന്റെ ശ്രമഫലമായി വീണ്ടും ഘനനംചെയ്യുകയും അപ്പോൾ കിട്ടിയ ഭൗതിക അവശിഷ്ടങ്ങളുടെ ഒരു ഭാഗം 1975 മെയ്‌ 31-ന്‌ ഇലഞ്ഞിപ്പള്ളിയിൽ കൊണ്ടുവന്ന്‌ സ്മാരകശിലയ്ക്കുള്ളിൽ ആദരപൂർവ്വം നിക്ഷേപിക്കുകയുംചെയ്തു.

🌻പ്രധാനപെരുന്നാളുകൾ

ഇലഞ്ഞി പള്ളിയിലെ പ്രധാന തിരുന്നാളുകൾ പരി.കന്യകമാറിയത്തിന്റെ
ശുദ്ധീകരണ തിരുനാൾ ഫെബ്രുവരി 1,2 വി.പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ ഓർമ്മ ജൂൺ 28,29 എന്നിവയാണ്.

പുണ്യ ദേവാലയങ്ങളുടെ വായനക്കാർക്ക് ഇലഞ്ഞി പള്ളി സന്ദർശിക്കാനും അനുഗ്രഹം നേടാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ലൗലി ബാബു തെക്കെത്തല ✍️

കടപ്പാട്:-ഗൂഗിൾ, ഫാദർ. സെബാസ്റ്റ്യൻ ചാമകാലയിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments