വിവിധ കാരണങ്ങളാൽ സ്വന്തം രക്ഷിതാക്കളുടെ കൂടെ താമസിക്കാൻ സാധിക്കാത്ത കുട്ടികളെ മറ്റൊരു കുടുംബത്തിൽ പോറ്റി വളർത്തുന്ന വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബാല സംരക്ഷണ സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികളെ രണ്ടു മാസത്തെ അവധിക്കാലത്ത് (ഏപ്രിൽ ,മേയ് മാസങ്ങളിൽ ) വീടുകളിലെ സാഹചര്യം പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ ഒരു അനുഭവം നൽകുന്നതിനുമായിട്ടാണ് പോറ്റി വളർത്തൽ പദ്ധതി നടപ്പിൽ വരുത്തുന്നത്.
കേരള സർക്കാർ – വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യുണിറ്റ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നീ ഏജൻസികൾ മുഖേനയാണ് അവധിക്കാല പോറ്റി വളർത്തൽ പദ്ധതി നടപ്പിലാക്കുന്നത്.
കുട്ടികളെ രണ്ടു മാസക്കാലം സ്വന്തം വീട്ടിൽ പോറ്റി വളർത്താൻ താൽപര്യമുള്ളവർക്ക് ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ മാർച്ച് 31 വരെ അപേക്ഷ സമർപ്പിക്കാം. 6 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഈ വേനലവധിക്ക് പോറ്റി വളർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രണ്ടുമാസക്കാലം കുട്ടികൾക്ക് വീടിന്റെ അന്തരീക്ഷം പരിചയപെടുത്തി അവരുടെ ഉന്നമനത്തിന്ന് ഉതകുന്ന തരത്തിൽ സംരക്ഷണം നൽകാൻ സാധിക്കുന്ന 35 വയസ്സ് പൂർത്തിയായ ഏതൊരു ദമ്പതികൾക്കും മേൽ പദ്ധതി പ്രകാരം കുട്ടികളെ പോറ്റി വളർത്തുന്നതിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ സ്വന്തം കുട്ടികൾ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖ, കുടുംബഫോട്ടോ, വരുമാനസർട്ടിഫിക്കറ്റ് ,വിവാഹസർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളടക്കം ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട വിലാസം– ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ലത്തീൻ പള്ളി ബിൽഡിംഗ്, കോൺവെന്റ് സ്ക്വയർ, ആലപ്പുഴ – 688001. ഫോൺ : 0477-2241644.



