പത്തനംതിട്ട: മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ വിമർശനം തള്ളി വി ഡി സതീശൻ. മറ്റത്തൂരിൽ കോൺഗ്രസ് പ്രവർത്തകർ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും പാർട്ടി തീരുമാനം ലംഘിച്ച് വിമതനെ പിന്തുണച്ചതാണ് നടപടിക്ക് കാരണമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഒരു വിമതൻ സിപിഐഎം പിന്തുണയിൽ പ്രസിഡന്റാകാൻ തീരുമാനിച്ചപ്പോൾ മറ്റൊരു വിമതനെ കോൺഗ്രസ് പ്രവർത്തകർ പിന്തുണക്കുകയായിരുന്നു എന്നും സതീശൻ കൂട്ടിച്ചേർത്തു.
പിണറായി വിജയന് അവർ ബിജെപിയിൽ പോകണമെന്നാണ് ആഗ്രഹം. അമിത് ഷായും മോദിയും എവിടെ ഒപ്പിടാൻ പറഞ്ഞാലും അത് ചെയ്യുന്നയാളാണ് മുഖ്യമന്ത്രി. എന്നിട്ട് ഒരു പഞ്ചായത്തിലുണ്ടായ കാര്യത്തിൽ മുഖ്യമന്ത്രി കോൺഗ്രസിനെ പരിഹസിക്കാൻ വരികയാണെന്നും സതീശൻ വിമർശിച്ചു.
തോറ്റ് തൊപ്പിയിട്ട് ഇട്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രി പരിഹാസം പറയുന്നതെന്നും ഒന്നും കിട്ടാത്തതുകൊണ്ടാണ് മറ്റത്തൂരിലെ കാര്യം പറയുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും മരുന്നിനുപോലും ഒരാളെ ബാക്കിവെയ്ക്കാതെ ബിജെപി അവരെ അങ്ങെടുത്തുവെന്നുമായിരുന്നു മറ്റത്തൂർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിമർശനം. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.



