സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ വ്രതാരംഭത്തിന് വ്യാഴാഴ്ച തുടക്കമാകും. വടക്കൻ കേരളത്തിലോ തെക്കൻ കേരളത്തിലോ മാസപ്പിറവി കണ്ടതായി വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. റംസാൻ വ്രതാനുഷ്ഠാനങ്ങളുടെ ഏകീകരണത്തിനായി പാളയം ജുമാമസ്ജിദിൽ ചേർന്ന് വിവിധ മഹല്ല് കമ്മിറ്റികളുടെ യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമസാൻ ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ.വി പി. സുഹൈബ് മൗലവി സ്ഥിരീകരിച്ചു.
അതേസമയം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് റമദാൻ ഒന്ന്. ഒമാനിൽ വ്യാഴാഴ്ചയാണ് റമദാൻ. ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ വലിയ ഒരുക്കങ്ങളാണ് റമദാൻ മാസത്തിൻ്റെ ഭാഗമായി നടക്കുന്നത്. കുവൈറ്റിൽ റമദാൻ മാസത്തോടനുബന്ധിച്ച് സമഗ്ര സുരക്ഷ സേവന പദ്ധതി നടപ്പാക്കാനാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്. ആഭ്യന്തര മന്ത്രാലയം പ്രത്യേക ഗതാഗത–സുരക്ഷാ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.
പ്രധാന റോഡുകൾ, കവലകൾ, തിരക്കേറിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ പട്രോളിംഗ് നടത്തും. പൗരന്മാരുടെയും താമസക്കാരുടെയും സുഖവും സുരക്ഷയും ഉറപ്പാക്കുക, പൊതുചലനങ്ങളും ഷോപ്പിംഗ് പ്രവർത്തനങ്ങളും മതപരമായ ചടങ്ങുകളും തടസ്സമില്ലാതെ നടക്കുക, ഗതാഗത–സുരക്ഷ ചട്ടങ്ങൾ കർശനമായി നടപ്പാക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.



