നിമിഷം (moment) എന്ന വാക്ക് കണ്‍പീലിയുടെ ചലനത്തോട് ബന്ധപ്പെട്ടതാണെന്ന അറിവ് കാലത്തെപ്പറ്റി പലതും ചിന്തിക്കാന്‍ എനിക്ക് പേരണയായി. ‘നിര്‍ന്നിമേഷം നോക്കിയിരുന്നു’എന്ന കണ്‍പീലിയിളക്കത്തിന്റെ വാക്യത്തില്‍ നിമിഷത്തിന്റെ വിത്ത് ഉണ്ടെന്ന ഒരു ഭാഷാപണ്ഡിതന്റെ പ്രഭാഷണം കേള്‍ക്കാനിടയായതാണ് സന്ദര്‍ഭം. നിമിഷത്തിന് ”The duration taken for winking once”എന്ന് അര്‍ത്ഥം പറഞ്ഞുകേട്ടപ്പോള്‍ സൂര്യന്‍ ”അനുനിഷമായ’കണ്ണുകൊണ്ട് നമ്മളെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന സൂര്യസ്തുതി ഓര്‍മ്മവന്നു. ഭാഷ വെറുതെ ആകാശത്തുനിന്ന് പൊട്ടിവിഴുകയല്ല, അത് നമ്മുടെ ജീവിതത്തിലെ അനുഭവങ്ങളുടെ ആത്മപ്രകാശനമാണ് എന്ന ബോധോദയത്തിനും ഈ അറിവ് കാരണമായി.
ഭാഷയുട ഉത്പത്തിപുരാണം അവിടെ നില്‍ക്കട്ടെ.. ‘നിമിഷം’ കാലഗണനയെപ്പറ്റി എന്റെ ഉള്ളില്‍ ഉണര്‍ത്തിയ ചില ചിന്തകളെപ്പറ്റിയാണ് ഞാന്‍ ഇവിടെ കുറിയ്ക്കുന്നത്. കാലം കണക്കാക്കുന്നതിന് ആധാരം കണ്ണിന്റെയും കെെകാലുകളുടെയും ചലനത്തിന്റെ തോത് ആണ് എന്ന സത്യം മൊബെയില്‍ നോക്കി സമയം നിര്‍ണയിക്കുന്ന സാങ്കേതികവിദ്യയുടെ ഇക്കാലത്ത് അപ്രസക്തമാണ്. അളവുകള്‍ മെട്രിക് രീതിയിലേക്ക് മാറുന്നതിന് മുന്‍പ് ദൂരവും സമയവും അടയാളപ്പെടുത്തുന്ന ഒരു പെരുക്കം ആയിരുന്നു നാഴിക. വഴിയോരത്തെ നാഴികക്കല്ലും ജാതകക്കുറിപ്പുകളിലെ ‘ഉദയാല്‍പ്പരം രണ്ടു നാഴിക ‘യും രണ്ടാണെങ്കിലും സ്ഥലകാലങ്ങളുടെ തുടര്‍ച്ച അവയെ ഏകീഭവിപ്പിക്കുന്നുണ്ട്. എത്രയോ നാഴിക ദൂരം എത്രയോ നിഴികസമയമെടുത്ത് കാല്‍നടയായി സഞ്ചരിച്ചവരാണ് നമ്മുടെ പൂര്‍വ്വികര്‍! മനുഷ്യനിര്‍മ്മിതമായ ഈ സ്ഥലകാലബന്ധം അന്നത്തെ കാലത്തെ ഒരു സമവാക്യമായിരുന്നിരിക്കാം.ഒരു നാഴിക നടക്കാന്‍വേണ്ട സമയം ഒരു നാഴിക (ഇരുപത്തിനാല് മിനുട്ട് )എന്നായിരിക്കാം ആ സമവാക്യത്തിന്റെ സാരം. ‘ ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങളെ സൂചിപ്പിക്കുവാന്‍ നമ്മള്‍ ഉപയോഗോക്കുന്ന ‘നാഴികക്കല്ല്’എന്ന രൂപകം (metaphor)ഒരേ സമയം കാലത്തിന്റെയും ദൂരത്തിന്റെയും സൂചനയാണെന്ന് ചുരുക്കം.
അടി അളന്ന് സമയം തിട്ടപ്പെടുത്തിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. ദൂരംകൊണ്ട് സമയം അളക്കാന്‍ മനുഷ്യര്‍ അവരുടെ കാലിന്റെ അടി ഉപയോഗിച്ചതിന്റെ അടയാളം ഇന്നും ശേഷിക്കുന്നുണ്ട്. കിഴക്കോട്ട് നിഴല്‍ നീണ്ടുതുടങ്ങുന്ന ഉച്ചതിരിയുന്ന നേരത്തിന് ‘തിരിഞ്ഞടി’ എന്നൊരു പര്യായം എന്റെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നു . സൂര്യന്‍ പടിഞ്ഞാട്ട് ചായുമ്പോള്‍ അടി അളക്കാന്‍ നാം കിഴക്കോട്ട് തിരിയണമല്ലോ.
മനുഷ്യരുടെ കാലുകള്‍പോലെത്തന്നെ പലതിനും അളവുകോലാണ് നാല്‍ക്കാലികളുടെ നാല് പാദങ്ങള്‍. ‘1’(ഒന്ന്) എന്ന പൂര്‍ണ്ണസംഖ്യയുടെ നാല് തുല്യഭാഗങ്ങളാണ് നാല് പാദങ്ങള്‍.ഒരു സാമ്പത്തികവര്‍ഷത്തെ ആദ്യപാദം, രണ്ടാം പാദം, മൂന്നാം പാദം , നാലാംപാദം എന്ന് നാലായി തിരിച്ച് ആ വര്‍ഷത്തിലെ സാമ്പത്തികപുരോഗതിയുടെ ഡാറ്റ വിശകലനം ചെയ്യുന്ന ഇന്നത്തെ രീതി ഈ നാല്‍കാലികളോട് കടപ്പെട്ടിരിക്കുന്നു. quarterന് സമാനമായ മലയാളപദം ‘കാല്‍’ ആണെന്നതും ഇവിടെ പ്രസക്തമാണ്.ഗണിതം മലയാളത്തില്‍ പഠിക്കുമ്പോള്‍ നാലിന്റെ ‘പാദം’ ഒന്നാണെന്നും എട്ടിന്റേത് രണ്ട് ആണെന്നും നാം പഠിക്കാറുണ്ട്. A quarter Kilometer എന്ന് ദൂരത്തെയും quarter of an hour എന്ന് സമയത്തെയും സൂചിപ്പിക്കുന്നത് നമുക്ക് ഏവര്‍വര്‍ക്കും സുപരിചിതമാണ്. നാല് കാലുകള്‍ ചേര്‍ന്നാല്‍ ‘ഒന്ന്’ എന്ന നാല്‍ക്കാലി പിറക്കുന്നു. First leg ,second leg….last leg എന്നിങ്ങനെയുള്ള ഇംഗ്ലീഷ് വാക്യങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കാം.
പക്ഷികളുടെ ചിറകുകളും കാലം ഗണിക്കുവാനുള്ള ഉപകരണമാണ്. ചന്ദ്രമാസത്തിലെ രണ്ട് പക്ഷങ്ങള്‍ പക്ഷികളുടെ രണ്ട് പക്ഷങ്ങളോട് കടപ്പെട്ടിരിക്കുന്നു. കറുത്തപക്ഷം വെളുത്ത പക്ഷം എന്ന രണ്ട് ചിറകുകള്‍ വിരിച്ച് പറക്കുന്ന പക്ഷിയോട് കാലത്തെ ഉപമിച്ച് കേട്ടിട്ടുണ്ട്. പക്ഷികളുടെ aerodynamicsല്‍നിന്നാണ് മനുഷ്യര്‍ വിമാനത്തിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചത്.വഞ്ചിയും ബോട്ടും കപ്പലും മത്സ്യങ്ങളുടെ ആകൃതിയുടെയും hydrodynamicsന്റെയും അനുകരണങ്ങളാണ്.
വിരലുകള്‍കൊണ്ട് എണ്ണിയും കാലുകൊണ്ട് ദൂരവും കാലവും അളന്ന് തിട്ടപ്പെടുത്തിയും കണ്‍ചിമ്മലിന്റെ പെരുക്കത്തില്‍ സമയം നിര്‍ണ്ണയിച്ചും പ്രപഞ്ചം എന്ന അത്ഭുതത്തെ കമ്പ്യൂട്ട് ചെയ്തുപോന്ന മനുഷ്യരുടെ പിന്‍തലമുറക്കാരാണ് നമ്മള്‍.കാലം മാറിയിട്ടും അവര്‍ വിട്ടുപോയ ‘കാലടി’കള്‍തന്നെയാണ് ഇന്നും നമ്മുടെ ഭാഷയുടെ ഉള്‍ത്തുടിപ്പ്.
സാങ്കേതികവിദ്യകളെല്ലാം ഭൗതികമാണെങ്കിലും അവയുടെ ഉറവിടം മനുഷ്യന്‍ എന്ന ചരജീവിയാണ്. എല്ലാ ജീവജാലങ്ങളും അബോധപൂര്‍വ്വമായി പിന്‍തുടരുന്ന പ്രകൃതിയുടെ സമയവിവരപ്പട്ടിക (time table) വസ്തുവിന്റെ നാലാമത്തെ മാനം (4th dimension)ആണെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞതാണ് ആധുനികശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ആധാരം. സ്ഥലവും കാലവും പരസ്പരപൂരകങ്ങളാണെന്ന അറിവില്‍നിന്നാണ് ബഹിരാകാശശാസ്ത്രം വികസിക്കപ്പെട്ടത്.
മനുഷ്യോത്പത്തിക്ക് മുന്‍പും കാലമുണ്ടായിരുന്നു.കാലത്തിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവരാണ് എല്ലാ ജീവികളും.പക്ഷേ മനുഷ്യേതരജീവികള്‍ അത് അറിയുന്നില്ല.വേഗത്തിലോടുന്ന മാനിന് അതിന്റെ ഓട്ടത്തിന്റെ വേഗത(speed) എത്രയെന്നറിയില്ല. വേഗം ചരരാശികളുടെ സ്വഭാവമാണ്.എന്നാല്‍ വേഗത മനുഷ്യന്റെ കണ്ടുപിടുത്തമാണ്.ദൂരത്തിനെ സമയംകൊണ്ടളക്കുന്ന വിദ്യ (മറിച്ചും) മനുഷ്യരാശിയുടെ ബൗദ്ധിക സ്വത്താണ്. നിമിഷത്തെ’ ‘കണ്ണടച്ചുതുറക്കാൻ വേണ്ട സമയം’ എന്ന് നിര്‍വചിച്ചത് കാലഗണനയുടെ ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷം ആയിരുന്നിരിക്കണം. നിമിഷത്തില്‍നിന്ന് തുടങ്ങി നാഴിക , യാമം, ദിവസം…എന്നിങ്ങനെ നീളുന്ന കാലഗണന നമ്മുടെ പുരാണങ്ങളില്‍ ലഭ്യമാണ്.കണ്ണിന്റെ ധര്‍മ്മം ‘കാണുക’ മാത്രമല്ല ഓരോ നിമിഷവും അടയാളപ്പെടുത്തുകകൂടിയാണ്.
വിരലുകളുടെ കാരൃവും അങ്ങനെത്തന്നെ. പിടിമുറുക്കാനും പിച്ചിച്ചീന്താനും മാത്രമല്ല അനന്തതയിലേക്ക് നീളുന്ന അക്കങ്ങള്‍ എണ്ണാനും നമുക്ക് പത്തുവിരലുകള്‍ മതി്.വിരലുകള്‍ മടക്കിയും നിവര്‍ത്തിയും ആണ് നമ്മളെല്ലാവരും എണ്ണാന്‍ പഠിച്ചത്. പത്തിന്റെ പെരുക്കമായി എണ്ണം സാര്‍വത്രികമായി അംഗീകരിക്കപ്പെടാന്‍ കാരണം വിരലുകള്‍ പത്തേ ഉള്ളു എന്നതുതന്നെ.അണുവിലണു തിട്ടപ്പെടുത്താനും പെരുത്തതില്‍ പെരുത്തത് ഉള്ളംകയ്യിലൊതുക്കാനും പ്രാപ്തമാണ് അവന്റെ പത്തേപത്ത് വിരലുകള്‍. ‘വിശ്വരൂപാന്തര്‍ഗത കാലവാമനമൂര്‍ത്തേ ‘ എന്ന മഹാകവി അക്കിത്തത്തിന്റെ സംബോധന മനുഷ്യനും യോജിക്കും.




നന്നായി👍👍👍