ഷാർജ : യുഎഇ യുടെ 53-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായുള്ള പതാക ദിനം നവംബർ 3 ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ (IAS) സമുചിതമായി ആചരിച്ചു.
വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ അസോസിയേഷൻ ആസ്ഥാനത്ത് യുഎഇ ദേശീയ പതാക ഉയർത്തി. അന്തരിച്ച രാഷ്ട്രപിതാവ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സ്ഥാനാരോഹണത്തെ അനുസ്മരിച്ചുകൊണ്ട് ഈ പതാക ഉയരുമ്പോൾ, രാജ്യത്തോടുള്ള പ്രതിബദ്ധതയും ആദരവും എല്ലാവരും പുതുക്കി. ഇന്ത്യയും യുഎഇ യും തമ്മിൽ നിലനിൽക്കുന്ന പങ്കാളിത്തത്തിനും ആഴത്തിലുള്ള സൗഹൃദത്തിനും ഈ പതാക സാക്ഷ്യം വഹിക്കുന്നതായി ഭാരവാഹികൾ ഓർമ്മിപ്പിച്ചു.
പതാക ദിന സന്ദേശവും പ്രതിജ്ഞയും വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജനറൽ സെക്രട്ടറി പ്രകാശ് എന്നിവർ
വായിച്ചു. “പെറ്റമ്മ നാടിനോളം തന്നെ പോറ്റമ്മ നാടായ യുഎഇ യെ സ്നേഹിക്കുന്നവരാണ് ഇന്ത്യക്കാരെന്നും , ഈ രാജ്യത്തിന്റെ നിയമങ്ങളെ അനുസരിക്കാനും സംസ്കാരത്തെ ബഹുമാനിക്കാനും കൂടുതൽ ശോഭനമായ ഭാവിക്കായുള്ള യുഎഇ യുടെ യാത്രയെ പൂർണ്ണമനസ്സോടെ പിന്തുണക്കുമെന്നും ആയിരുന്നു പ്രതിജ്ഞാ സന്ദേശം”.
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ്, പ്രഭാകരന്‍ പയ്യന്നൂര്‍, അനീസ് റഹ്‌മാന്‍ നീർവേലി, യൂസഫ് സഗീര്‍,
നസീര്‍ കുനിയില്‍ എന്നിവരും, മുന്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, ഭാരവാഹികളും, മുതിർന്ന അസോസിയേഷൻ അംഗങ്ങളും, കൂടാതെ ഇന്ത്യൻ അസോസിയേഷൻ സ്‌റ്റാഫ് അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. തുടർന്ന് ജോയിന്റ് ട്രഷറർ പികെ റെജി നന്ദിയും പറഞ്ഞു.
റിപ്പോർട്ടർ,
രവി കൊമ്മേരി, യുഎഇ.



