Saturday, March 28, 2026
Homeഅമേരിക്കപുനർജ്ജനി (കഥ) ✍️സിസി ബിനോയ് വാഴത്തോപ്പ്.

പുനർജ്ജനി (കഥ) ✍️സിസി ബിനോയ് വാഴത്തോപ്പ്.

ഇരുട്ടിലേയ്ക്ക് തുറന്ന കണ്ണുകളും ശൈശവത്തിലേയ്ക്ക് അടുത്ത മനസ്സുമായിരുന്നു ഇപ്പോൾ അവൾക്ക്.
ആ വലിയ വീടിന്റെ ഒരു മൂലയിൽ ആരെയോ ഭയപ്പെടുന്നതുപോലെ ചടഞ്ഞു കൂടി അവളിരുന്നു.
അവൾ ഇരുന്ന ഭിത്തിയുടെ ഒരു മൂലയിൽ നിന്ന് തുറിച്ച കണ്ണുമായി ഒരു കടുവച്ചിലന്തി അതിന്റെ വലനൂലിന്റെ ഒരഗ്രം അവളുടെ ഒരു മുടിനാരിൻ തുമ്പിൽ ഉടക്കി വച്ച് മുകളിലേയ്ക്ക് കയറിപ്പോയി.
പൂപ്പൽ പിടിച്ച ചുവരുകളിൽ അവിടവിടെയായി ഉപ്പു തരി പോലെ എന്തോ പൊടിഞ്ഞു വീർത്ത് അവ്യക്തമായ ചില ചിത്രങ്ങൾ പോലെ കാണപ്പെട്ടു.
നീണ്ട വിരലുകൾ കൊണ്ട് അവൾ അവിടെയെല്ലാം ചിത്രശലഭങ്ങളെ വരച്ചിരുന്നു. ആകെയുള്ള അവളുടെ ഓർമ്മക്കൂട്ടിൽ നിറഞ്ഞുനിന്നതും അവ മാത്രമായിരുന്നല്ലോ. ചുവരിൽ നിറഞ്ഞുനിന്ന അവയെ പിടിക്കാനായി ശ്രമിച്ചപ്പോഴൊക്കെ എവിടെങ്കിലുമൊക്കെ തട്ടിമറിഞ്ഞു വീഴുകയും പതിവുതന്നെ.
തുറിച്ച കണ്ണുള്ള കടുവച്ചിലന്തിയും പലപ്പോഴും അവൾക്കു കൂട്ടായി. അവളതിനെ കുഞ്ഞുണ്ണി എന്നു വിളിച്ചു. ആ പേരു മാത്രം അവൾക്ക് അന്യമാകാതെ വിളിപ്പുറത്തുണ്ടായിരുന്നു. കുഞ്ഞുണ്ണി കെട്ടിയ വലയ്ക്കുള്ളിൽ അവൾ അനങ്ങാതിരുന്നു.
പൊടി പിടിച്ച ജനാല കർട്ടനുകൾക്കിടയിലൂടെ ഇരുട്ടിലേയ്ക്ക് തുറന്ന കണ്ണുകളുമായി പല കാഴ്ചകളും അവൾ കണ്ടിരുന്നു.പരിചിതമായത് എപ്പോഴും അവളുടെ ചിത്രശലഭങ്ങൾ മാത്രമായിരുന്നു. അവരോട് അവൾ ചിരിച്ചു… കിന്നരിച്ചു……. പരാതിയും പരിഭവവും അവളുടെ ഭാഷയിൽ പറഞ്ഞു. കാരണം മറ്റൊരു ഭാഷയും അവൾക്കപ്പോൾ വശമില്ലായിരുന്നു…
എത്തിപ്പെടാനാവാത്ത പല ദൂരങ്ങളിലും അവൾ ഒറ്റയ്ക്ക് ചിലപ്പോഴൊക്കെ സഞ്ചരിച്ചിരുന്നു. മഞ്ഞു മൂടപ്പെട്ട വെളുത്ത പഞ്ഞിക്കെട്ടുമേഘ പാളികൾക്കുമുകളിലൂടെ കനമില്ലാതെ പറന്ന്.
പരിചയമില്ലാത്ത പലരും പലഭാഷയിലും എന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു പോകുന്നത് അവൾ കേട്ടിരുന്നെങ്കിലും ഒന്നും മനസിലാകുമായിരുന്നില്ല.കാരണം അവൾക്ക് എല്ലാം അന്യമായിരുന്നു…
ജീവിതത്തിന്റെ അരങ്ങിൽ നിന്ന് പതിയെ തിരിച്ചിറങ്ങിയവൾ…
മരണമില്ലാതെ മരണത്തിലേയ്ക്ക് അവസാനിച്ചവൾ…
കൂട്ടംതെറ്റി അലയുന്നവൾ…
ചിലർ പറഞ്ഞു അവൾക്ക് ഭ്രാന്തെന്ന്…
ഭ്രാന്ത് അവൾക്കായിരുന്നോ !!
അവളെ നിയന്ത്രിക്കുന്ന ശബ്ദത്തെ കേൾക്കാൻ കഴിയാത്തത് അവളുടെ കുറ്റമോ?
പുറത്തിറങ്ങാൻ അറിയാത്ത അവളെ ആ മുറിയിൽ ബന്ധിക്കാനായിരുന്നു ആജ്ഞ.
സൂര്യപ്രകാശവും ജലവും കിട്ടാതെ വാടിത്തളർന്ന മഷിത്തണ്ടു കണക്ക് അവളെപൊതിഞ്ഞിരുന്ന ഓർമ്മകളും ദുർബലമായിരുന്നു. ഇരുട്ടിലായതുപോലെയായിരുന്നുഅവൾ… പൊടി പിടിച്ച ജനാലകർട്ടനുകൾക്കിടയിലൂടെ എത്തിനോക്കുന്ന പ്രകാശത്തേപ്പോലും അവൾ ഭയപ്പെട്ടു.
ഒരിക്കൽ ആ വെളിച്ചം പോലെ അവളുടെ ഓർമ്മയും പ്രകാശിച്ചിരുന്നു.
വെളുപ്പിനുണർന്ന് അടിച്ചു കഴുകി സൂര്യനെ നോക്കി പ്രഭാതത്തെ വരവേറ്റിരുന്നവൾ…
“ഞാൻ ഉണർന്നത് നീ കണ്ടില്ലേടീ”……. ഇതായിരിക്കും മിക്കപ്പോഴും അവൾ കേൾക്കുന്ന സുപ്രഭാതവും. ഒരായിരം കൊള്ളിയാനുകൾ ഒരുമിച്ചു മിന്നിയാവും വിറയ്ക്കുന്ന കൈകളാൽ കാപ്പിയുമായി ഭർത്താവിന്റെ മുമ്പിലേയ്ക്ക്…
“അവളുടെ ഒരു കാപ്പി” മിക്കവാറും മുഖത്തു വീഴാതെ സൂക്ഷിച്ചു നില്ക്കുയാണ് പതിവ്. എങ്കിലും ചിലപ്പോൾ തെറിച്ചു വീഴുന്ന തുള്ളികൾ പൊള്ളലേല്പ്പിക്കാറുമുണ്ട്. മനസ്സിനേൽക്കുന്ന പൊള്ളലുകളേക്കാൾ വലുതല്ലല്ലോ അതൊന്നും .
15 വയസ് പ്രായക്കൂടുതൽ ഒരു വ്യത്യാസമായി കണക്കാക്കാതെയുള്ള വിവാഹം. പൊരുത്തക്കേട് എപ്പോഴുമുണ്ടായിരുന്നു. അമ്മായിയമ്മ പറഞ്ഞു. അവന് എപ്പോഴും ദേഷ്യമുള്ളതാണ്. നോക്കീം കണ്ടുമൊക്കെ നിന്നാ മതി. അന്നു മുതൽ നോക്കീം കണ്ടുമൊക്കെത്തന്നെ. പക്ഷേ…എത്രകണ്ടാണ് സഹിക്കുക. തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കിടുക. തിരിച്ച് ഒരക്ഷരം മിണ്ടാനാവാതെ… പറയാനുള്ളതൊക്കെ മനസിലടക്കി കാലങ്ങൾ എത്രയാണ് കഴിഞ്ഞത്. ഉണങ്ങാത്ത നോവായി “കുഞ്ഞുണ്ണി” എന്ന അവളുടെ സ്വപ്നവും. ആരോടും പരാതി പറഞ്ഞില്ല… മെല്ലെ അവൾ അവളിലേയ്ക്ക് ഉൾവലിഞ്ഞു. പുറത്തുനിന്ന് ആരെങ്കിലും വന്നാൽത്തന്നെ എന്തെങ്കിലുമൊന്ന് സംസാരിച്ചുവെന്ന് വരുത്തിയിട്ട് മുറിയിലേയ്ക്ക് പോകുക ശീലമായി.
“കരിങ്കല്ലിന് കാറ്റുപിടിച്ച പോലെ അവളുടെയിരിപ്പുകണ്ടില്ലേ” ഇതു കേൾക്കുമ്പോഴാവും ഒരു സ്വപ്നാടകയെ പോലെ ഞെട്ടി എഴുന്നേല്ക്കുക. അപ്പോഴും തുറിച്ച കണ്ണുമായി വൈരാഗ്യത്തോടെ നോക്കി നില്ക്കുന്ന ഭർത്താവാവിന്റെ നോട്ടത്തിൽ നിന്നു രക്ഷപ്പെടാൻ അവൾക്ക് പ്രയാസമായിരുന്നു.
ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങിയതും അവൾ അറിയാതെ ആയിരുന്നു. കണ്ണടച്ചാൽ ഭീകരരൂപികൾ വന്ന് ചുറ്റും നിൽക്കുന്നതു പോലെയായിരുന്നു അവൾക്ക്. ഇരുട്ടിലേയ്ക്ക് തുറന്നിരുന്ന അവളുടെ കണ്ണുകൾക്ക് മെല്ലെ ഇരുട്ടിന്റെ നിറമായിത്തുടങ്ങി. മറവിയുടെ കാണാക്കയങ്ങളിലേയ്ക്ക് പതിയെ മുങ്ങിത്താഴുകയായിരുന്നു അവൾ. സ്വയമറിയാതെ , എങ്ങോട്ടോ ഒഴുകി നീങ്ങുകയായിരുന്നു. ഓളത്തിൽ മുങ്ങിയും പൊങ്ങിയും അങ്ങനെ… … അങ്ങനെ… ഇടയ്ക്കെവിടെയോ നിറമില്ലാത്ത നിഴലനക്കങ്ങൾ മാത്രമായിരുന്നു അവൾക്ക് അറിയുവാനായിരുന്നത്. പിന്നെ അതും ഇല്ലാതായി.
നിശ്ശബ്ദലോകത്ത് അവൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു. ഭാരമില്ലാത്ത,രൂപമില്ലാത്ത, കെട്ടു ബന്ധങ്ങളില്ലാത്ത അവളുടെ സഞ്ചാരപാതകളിൽ ഒരായിരം സ്വർണ്ണവർണ്ണ മിനാമിനുങ്ങുകൾ വിളക്കുതെളിച്ചിരുന്നു. മറ്റൊരു പിറവിയുടെ ആഘോഷാരവങ്ങളിലേയ്ക്ക് അവളെ അവർ സ്വാഗതം ചെയ്തു. ഇരുട്ടിലേയ്ക്ക് തുറന്നിരുന്ന അവളുടെ കണ്ണുകൾ അപ്പോൾ പ്രകാശിച്ചിരുന്നു……….

സിസി ബിനോയ് വാഴത്തോപ്പ്✍

RELATED ARTICLES

9 COMMENTS

  1. വളരെ നന്നായിട്ടുണ്ട് ! വായനക്കാർ അവളുടെ അടുത്ത് നിന്ന് പോരാൻ ബുദ്ധിമുട്ടും!!👍😔

  2. മനോഹരമായ കഥ..
    ഈ കഥ പല വീടുകളിലെ ഇരുട്ടില്‍ തുടര്‍ന്നു കൊണ്ടേയിരിക്കും…

  3. കഥ നന്നായിട്ടുണ്ട് 👌💖
    കഥാനായിക, എന്നും എവിടേയും എപ്പോഴും…..🥲🥲🥲

Leave a Reply to Benny sebastian Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com