ആ ‘ സൂര്യകിരീടം വീണുടഞ്ഞ് പതിനാറു സംവത്സരങ്ങളാണ് കടന്നുപോകുന്നത്..
എത്രയെത്ര മനോഹരങ്ങളായ ആശയസമ്പുഷ്ടമായ ഗാനങ്ങളാണ് ഗിരീഷ് പുത്തഞ്ചേരി മലയാള സംഗീതപ്രേമികൾക്ക് സമ്മാനിച്ചത്.
ആകാശദീപങ്ങളെ സാക്ഷിയാക്കി പതിനാറു വർഷം മുമ്പ് അകാലത്തിൽ ഉണ്ടായ അദ്ദേഹത്തിൻ്റെ വിടവാങ്ങൽ സംഗീത പ്രേമികൾക്ക് തീരാനഷ്ടം തന്നെയാണ്.
ഗിരീഷ് പുത്തഞ്ചേരി :പേരിനോടൊപ്പമുളള പുത്തഞ്ചേരി എന്നത് കോഴിക്കോട് ജില്ലയിലെ അദ്ദേഹത്തിൻ്റെ ജന്മ ദേശമാണ് ‘ ‘വൈദ്യനും ജ്യോതിഷ പണ്ഡിതനുമായിരുന്നു കൃഷ്ണൻ പണിക്കരുട്ടെ മകൻ. അമ്മ കർണ്ണാടക സംഗീതജ്ഞ മീനാക്ഷിയമ്മ.
ജന്മനാട്ടിലെ ഗവണ്മെന്റ് എൽ പി സ്കൂളിൽ പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം , മടക്കല്ലൂർ UP സ്കൂളിലും തുടർന്നു പാലോറ ഹൈസ്കൂളി’ലുമായി പ്രാഥമിക വിദ്യഭ്യാസം’
കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിച്ചു കൊണ്ടിരിക്കെ ആകാശവാണിയിലേക്ക് ലളിതഗാനങ്ങൾ രചിച്ചു കൊണ്ട് സംഗീത മേഖലയിലേക്ക് തുടക്കം കുറിച്ചു..
‘ “വലംപിരി ചുരുൾമുടി മാറിലൊതുക്കി വാൽക്കണ്ണിൽ മഷിയെഴുതി “‘ എന്ന അതി മനോഹരമായ ഗാനം ദൂരദർശനിലൂടെ എത്രയോ തവണ നമ്മൾ കേട്ട് ആസ്വദിച്ചതാണ്. ആ ഗാനത്തിൻ്റ സ്രഷ്ടാവ് ഗിരീഷ് ആണെന്ന് അക്കാലത്ത് അധികം പേരും അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. അദ്ദേഹം ചലച്ചിത്ര ഗാനരചനാ രംഗത്ത് കാൽവയ്പ് നടത്താത്തതിനാൽ പേര് അത്ര സുപരിചിതമായിരുന്നില്ല. പിന്നീട് എം ജയചന്ദ്രൻ്റെ സംഗീതത്തിൽ ശ്രോതാക്കൾ ഏറെ ആസ്വദിച്ച മനോഹരഗാനമാണ് ഓരോ വിഷുക്കാലത്തും സ്ഥിരമായി കേട്ടുകൊണ്ടിരുന്ന കര്‍ണികാര തീരങ്ങള്‍’ ഗാനത്തിൻ്റെ രചന ഗിരീഷ് തന്നെ. ജി വേണുഗോപാലിൻ്റെ അതിമധുരമായ ആലാപനം.
‘പകൽമായുമാദിത്യൻ പടിഞ്ഞാറസ്തമിക്കും’ എന്ന ഗാനവും അദ്ദേഹത്തിൻ്റെ കാവ്യ തൂലികയിൽ പിറവി യെടുത്തതാണ്. ആലാപനം ബിജു നാരായണൻ, സംഗീതം എം ജയചന്ദ്രൻ പൂത്തിരുവാതിര തിങ്കൾ’ എന്ന ചിത്ര ആലപിച്ച ഗാനവും നമ്മൾ ഏറെ ആസ്വദിച്ചതാണ്. യു. വി.രവീന്ദ്രനാഥ് സംവിധാനം ചെയ്ത എൻക്വയറി എന്ന ചിത്രത്തിൽ രാജാമണിയുടെ സംഗീതത്തിൽ ‘ജന്മാന്തരങ്ങളിൽ ‘ എന്ന ഗാനം രചിച്ചു കൊണ്ട് ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. ചിത്രയാണ് ആ ഗാനം ആലപിച്ചത്. ജയരാജ് സംവിധാനം ചെയ്ത ജോണിവാക്കർ എന്ന സിനിമയിലെ ”ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടു വാ ” എന്ന ഗാനത്തോടെയാണ് ഗിരീഷ് പുത്തഞ്ചേരി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയി. തുടരും എന്ന സിനിമയിലൂടെ മുപ്പത് വർഷങ്ങൾക്ക് ശേഷം ആ ഗാനം ഇന്നത്തെ തലമുറയും ആസ്വദിക്കുന്നു. പഴയ തലമുറ ഓർമ്മകൾ പുതുക്കുന്നു. തലസ്ഥാനം എന്ന സിനിമയിലെ ഗാനവും അക്കാലത്ത് ശ്രദ്ധേയമായിരുന്നു.
പിന്നീട് ദേവാസുരത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചതോടെ ഗിരീഷ് പുത്തഞ്ചേരി എന്ന നാമം സിനിമാ മേഖലയിലുള്ളവർക്കും സംഗീത പ്രേമികൾക്കിടയിലും വളരെ സുപരിചിതമായി. അഗ്നിദേവനിലെ ‘നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ ‘എന്ന ഗാനവും കൃഷ്ണഗുഡിയിലെ “പിന്നെയും പിന്നെയും ആരോ കിനാവിൻ്റെ'” എന്ന അതി മനോഹര ഗാനവും സംഗീതപ്രേമികൾ ഏറ്റെടുത്തു. പുനരധിവാസത്തിലെ “കനകമുന്തിരികള്‍ “എന്ന ഗാനത്തിനു ശേഷം രാവണപ്രഭുവിലെ “ആകാശ ദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി” എന്ന ഗാനം സിനിമ കണ്ടവരുടെ കണ്ണുകളെ ഈറനണിയിച്ചു.
ബാലാമണിയുടെ കണ്ണനോടുള്ള ആരാധനയും മായാലോകത്തിലെ സങ്കൽപ്പ സമാഗമവും എല്ലാം ചേർന്ന നന്ദനത്തിൻ്റെ വിജയത്തിൽ ഗിരീഷിൻ്റെ ഗാനങ്ങളും രവീന്ദ്രൻ മാസ്റ്ററുടെ അതി മനോഹര സംഗീതവും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ചിത്ര ആലപിച്ച “കാർമുകിൽ വര്‍ണ്ണന്റെ ചുണ്ടിൽ” എന്ന ഗാനവും ,ജയചന്ദ്രനും സുജാതയും ചേർന്ന് ആലപിച്ച “ആരും ആരും” എന്ന ഗാനവും എത്ര കർണ്ണാനന്ദകരമാണ്;വാക്കുകൾക്ക് അതീതമാണ്. അത്രയേറെ ജനപ്രീതി നേടിയ ഗാനങ്ങളാണ്.”ഗോപികേ എൻഹൃദയമൊരു വെൺശംഖുപോലെ” എന്ന ഗാനം ദാസേട്ടൻ്റെ ശബ്ദത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. ഗൗരീശങ്കരത്തിലെ “ഉറങ്ങാതെ രാവുറങ്ങീല ” കഥാവശേഷനിൽ സംഗീത സംവിധായകനായ വിദ്യാധരൻ മാഷ് തന്നെ പാടിയ “കണ്ണും നട്ട് കാത്തിരുന്നിട്ടും” എന്നീ ഗാനങ്ങൾക്ക് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാര്‍ഡ് ലഭിച്ചു.
സംഗീത സവിധായകന്‍ രവീന്ദ്രനോടൊപ്പം ചേർന്നപ്പോഴാണ് മലയാളികൾക്ക് ഏറ്റവും നല്ല ഗാനങ്ങൾ ലഭിച്ചത്. “മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ,” “മൂവന്തിത്താഴ് വരയിൽ” എന്നീ ഗാനങ്ങൾ രവീന്ദ്രൻ്റെ സംഗീതവും യേശുദാസിൻ്റെ സ്വരമാധുര്യവും ഒത്തുചേർന്നപ്പോൾ തേൻ മഴയായി.”മനസ്സിൻ മണിച്ചിമിഴില്‍” പനിനീര്‍ത്തുള്ളിയായി പെയ്ത അരയന്നങ്ങളുടെ വീട്ടിലെ ഗാനവും കന്മദത്തിലെ ‘”മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ” അരയന്നങ്ങളുടെ വീട്ടിലെ തന്നെ ‘ദീനദയാലോ രാമാ” ആറാം തമ്പുരാനിലെ ‘ഹരിമുരളീരവം” “പാടീ തൊടിയിലേതോ” നന്ദനത്തിലെ ‘”മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി”
“മനസ്സില്‍ മിഥുനമഴ” നന്ദനത്തിലെ ഫാസ്റ്റ് സോങ് . പഞ്ചലോഹത്തിലെ'”എന്തേ മുല്ലേ പൂക്കാത്തൂ” തുടങ്ങിയ അനേകം അതി മനോഹര ഗാനങ്ങൾ രവീന്ദ്രനോടൊപ്പം ചേർന്നപ്പോൾ സംഗീതപ്രേമികൾക്കുള്ള വിരുന്നായി.മൂന്നൂറിൽപരം ഗാനങ്ങള്‍ ഗിരീഷിലൂടെ സംഗീതാസ്വാദകർക്ക് ലഭിച്ചു.
. ഏഴുതവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരളാ ഗവർമെന്റിന്റെ പുരസ്കാരം നേടി. ഒട്ടനവധി അവാർഡുകൾ വേറെയും. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖർക്കു പുറമേ ലതാ മങ്കേഷ്കർ, എ ആർ റഹ്മാൻ, ഇളയ രാജ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചു. മേലേപ്പറമ്പിൽ ആൺ വീട് എന്ന ചിത്രത്തിനു കഥയും, കിന്നരിപ്പുഴയോരം പല്ലാവൂർ ദേവനാരായണൻ , വടക്കുംനാഥൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ഷഡ്ജം , തനിച്ചല്ല എന്നീ രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.
ഭാര്യ :ബീന , മക്കൾ : ജിതിൻ കൃഷ്ണൻ , ദിനനാഥ്,
2010 ഫെബ്രുവരി മാസത്തിൽ വിട വാങ്ങിയ അതുല്യ പ്രതിഭയ്ക്ക് ഓർമ്മപ്പൂക്കൾ.




ഗിരീഷ് പുത്തഞ്ചേരിയുടെ സംഗീതം നിലച്ചു പോയത് ഒരു തീരാനഷ്ടം തന്നെയാണ്.
ആദരാജ്ഞലി 🌹