Saturday, March 28, 2026
Homeകഥ/കവിതതീവണ്ടിക്കാഴ്ചകൾ (കവിത) ✍ രത്ന രാജു

തീവണ്ടിക്കാഴ്ചകൾ (കവിത) ✍ രത്ന രാജു

പച്ചനെൽപ്പാടങ്ങൾ
പാടവരമ്പുകൾ
ഹരിതാഭതന്റെ നിറച്ചാർത്തുകൾ..
ഓടിയകലുന്ന മാമരക്കൂട്ടങ്ങൾ
വഴിനീളെ പച്ചപ്പിൻ കുടപിടിച്ചു..

വാകമരങ്ങൾ തൻചില്ലകൾ
തോറുമാ
ചോപ്പിന്റെ ചന്തമാം പൂക്കൾ
കാണാം..
നോക്കെത്താദൂരത്തു
പാടത്തിന്നരികിലായ്
പച്ചത്തുരുത്തുകൾ ചന്തമോടെ..

മേഞ്ഞു നടക്കുന്ന
കാമധേനുക്കളും
തലയാട്ടിക്കുടമണി കിലുക്കി
നിന്നു..
ഇടവഴിതന്നിലോ ചാവാലിപ്പട്ടികൾ
കലപില കലപില കുരച്ചു നിന്നു..

കല്ലെടുത്തെറിയാനായ്
കരുമാടിക്കുട്ടന്മാർ
ആവേശത്തോടെയങ്ങോടിയെത്തി..
പാടത്ത് പട്ടംപറത്തുന്ന കുട്ടികൾ
ആഹ്ലാദത്താൽ
സ്നേഹംപങ്കുവെച്ചു..

പുഴയുടെ ഓരത്ത് പെണ്ണുങ്ങൾ
ചേലോടെ
തുണിയൊക്കെ
കഴുകിയുണക്കിടുന്നു..
ആർപ്പും വിളിയുമായ്
കൊച്ചുമക്കൾ
ആമോദം നീന്തിത്തിമിർത്തു ചാടി..

റെയിലിന്റ ഓരത്ത്
പാഴ്ചെളിക്കുണ്ടിലായ്
വിശപ്പിന്റെ വിളിയുമായ് തമിഴ്
കിടാങ്ങൾ..
കരിയും ചെളിയുമാ
കുരുന്നുമുഖങ്ങളിൽ
കാണുമ്പോൾ
ഹൃദയംനുറുങ്ങിപ്പോകും..

ചേറുള്ളചേലയാൽ
ചുറ്റിപ്പൊതിഞ്ഞൊരു
മെല്ലിച്ച സ്ത്രീരൂപമെത്തി നോക്കി
നീട്ടിയ കയ്യിലാ നാണയത്തുട്ടുകൾ
കിലുകിലെ ഒച്ചവച്ചു..

വഴിയോരത്തുള്ള ടാർപ്പായ
വീട്ടിലോ
തീയും പുകയുമുയർന്നുവന്നു..
അരിയും പരിപ്പുമാ മൺകലത്തിൽ
വേവുന്ന കാഴ്ച കാണായി വന്നു..

കറപ്പു ചരടങ്ങരഞ്ഞാണമാക്കിയ
നഗ്നമാം പേക്കോല
കഞ്ഞുമക്കൾ..
പാറ പൊട്ടിക്കുന്ന അപ്പന്റെ
ഓരത്ത്
കഞ്ഞരിപ്പല്ലുകൾകാട്ടി നിന്നു..

പിന്നെയുംപിന്നെയും
തീവണ്ടിവേഗത
പൂർവ്വാധികമായികൂടി വന്നു..
പച്ചില കാടുകൾ വൻമരക്കൂട്ടങ്ങൾ
അതിവേഗമങ്ങ് പറന്നകന്നു..

തിരുനാവായയും,ഭാരതപ്പുഴയുമാ
അതിവേഗ ഓട്ടത്തിൽ
ഒഴുകിപ്പോയി..
ആരും വിളിക്കാതെ
അന്നേരമെത്തിയ
ചാറ്റമഴയിങ്ങു പാറി വീണു..

എന്തൊരുഭംഗിയീ
പ്രകൃതിയെക്കാണുവാൻ
ഈറനുടുത്ത തരുണിപോലെ..
നാണത്താൽ കൂമ്പിയ
നീൾമിഴിയോടവൾ
ഈറൻ കാറ്റേറ്റു, കുണുങ്ങിനിന്നു..!

രത്ന രാജു✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com