സംഗമം.
പുൽമേടുകളും വയലുകളും നിറഞ്ഞ റോഡിലൂടെ സ്കൂട്ടർ മുന്നോട്ട് നീങ്ങി. ഞാറ്റടിയിൽ നിന്നും സ്ത്രീകൾ ഞാറ് പറിച്ച് ചെളി നിറഞ്ഞ കണ്ടത്തിലേക്ക് എറിയുന്നുണ്ട്. പ്രത്യേക ഈണത്തിൽ പാട്ടും പാടി നിശ്ചിത അകലത്തിൽ ഞാറു നടുന്ന കാഴ്ച ആരും നോക്കി നിന്നുപോകും.
റോഡിൽ നിന്നും ചെറിയ വഴിയിലേക്ക് സ്കൂട്ടർ നിരങ്ങി നീങ്ങി. കുത്തുകല്ല് കയറി വീട് മുറ്റത്തേക്ക് എത്തിയപ്പോൾ അമ്മ അവിടെ നിൽപ്പുണ്ടായിരുന്നു.
” എന്തായി പെണ്ണുകാണാൻ പോയിട്ട്.? ”
“പെണ്ണ് കുഴപ്പമില്ല.”
“പിന്നെന്താ..?”
“വിവാഹം എന്ന് പറയുന്നത് സ്ത്രീ പുരുഷന്മാരുടെ ചേർച്ച മാത്രം നോക്കിയാൽ പോരല്ലോ..?
വിവാഹത്തിലൂടെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കുക കൂടിയാണല്ലോ.? ”
“എന്തൊക്കെയാണ് ഇവൻ പറയുന്നത്..?
അമ്മ കൊച്ചച്ഛനോട് ചോദിച്ചു.
“അവന് പെണ്ണിന്റെ കുടുംബത്തെ ഇഷ്ടപ്പെട്ടില്ല എന്ന്…”
” അവരുടെ ഫാമിലി അത്ര നല്ലതാണെന്ന് തോന്നുന്നില്ല , അതുമാത്രമല്ല ദൂരവും കൂടുതൽ…
എനിക്ക് വിശക്കുന്നു ചോറ് എടുക്കു.. ”
‘ചോറൊക്കെ എടുക്കാം നീ ഡ്രസ്സ് മാറിവരു… ”
“എനിക്ക് മറ്റൊരു വഴിക്ക് പോകാനുണ്ട്.”
” അതെവിടെ ? ”
“ടൗണിൽ ഒരു ഫ്രണ്ടിനെ കാണാൻ.”
ഭക്ഷണം കഴിച്ചെന്നു വരുത്തി വേഗം വീട്ടിൽ നിന്ന് ഇറങ്ങി.
ഭാഗ്യം..!
റോഡിൽ എത്തിയതും ഒരു ബസ് കിട്ടി.
ചങ്ങനാശ്ശേരി കെ. എസ്. ആർ. ടി. സി സ്റ്റാൻഡിൽ ഇറങ്ങിയ ഉടൻ കോട്ടയത്തിനുള്ള ബസ്സും കിട്ടി.
ഞായറാഴ്ച ആയതുകൊണ്ടാവും ബസ്സിൽ തിരക്ക് കുറവാണ്. സൈഡ് സീറ്റിലിരുന്ന് പുറം കാഴ്ചകൾ കാണുമ്പോഴും മനസ്സ് നിറയെ ശുഭയായിരുന്നു. കഴിഞ്ഞ പത്തു വർഷത്തിലേറെയായി അവളുമായി യാതൊരു കോൺടാക്ടും ഇല്ലായിരുന്നല്ലോ…
അവളുടെ കാര്യം ചിന്തയിൽ നിന്ന് പോയി എന്ന് പറയുന്നതാവും സത്യം.
സമയം നാല് കഴിഞ്ഞു.
വൈകിയത് കൊണ്ട് ശുഭ മടങ്ങി പോയിട്ടുണ്ടാകുമോ..?
നാലര മണിക്ക് ബസ് കോട്ടയം സ്റ്റാൻഡിൽ എത്തി.
ആദ്യം കണ്ട ഒരു ലാംബ്രട്ടയ്ക്ക് കൈ നീട്ടി.
” ചേട്ടാ,കോളേജ്…..”
ഡ്രൈവർ സൂക്ഷിച്ച് ഒരു നോട്ടം…. ഞായറാഴ്ച കോളേജിൽ എന്ത് കാര്യം എന്നാവും..!
പതിനഞ്ചു മിനിറ്റ് യാത്രയുടെ ഒടുവിൽ കോളേജിനു മുന്നിൽ ലാംമ്പ്രാട്രാ നിർത്തി. റോഡരികിലൂടെ മൈതാനം ലക്ഷ്യമാക്കി നടന്നു. കോളേജിന്റെ ലാബു കെട്ടിടം ദൂരെനിന്നു തന്നെ കാണാം. പിന്നിലായി വിശാലമായ മൈതാനവും.
തൊട്ടടുത്തായി പൂവില്ലാതെ ഇലക്കൊഴുപ്പോടെ ഗുൽമോഹർ വൃക്ഷം പടർന്നു പന്തലിച്ച് നിൽക്കുന്നു . വേനൽക്കാലത്ത് ഓറഞ്ച്, ചുവപ്പ് നിറത്തിലുള്ള ഗുൽമോഹർ പൂക്കൾ നിറഞ്ഞുനിൽക്കുന്ന വൃക്ഷം ആരെയും ആകർഷിക്കും. പൂക്കൾ സിമന്റ് ബഞ്ചിലും നിലത്ത് വീണു വർണ്ണക്കാഴ്ചകൾ തീർത്തിരുന്നു.
മരച്ചുവട്ടിലുണ്ടായിരുന്ന സിമന്റ് ബഞ്ചുകൾ ഇപ്പോഴുമുണ്ട്.
ഗുൽമോഹർ പൂക്കളുടെ വർണ്ണങ്ങളുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ ബെഞ്ചിൽ ചാരിയിരുന്ന് ഏതാ പുസ്തകം വായിക്കുന്നു . മുഖം വ്യക്തമല്ലെങ്കിലും അതു ശുഭ തന്നെ എന്നുറപ്പിച്ചു. അടുത്തടുത്തു ചെല്ലുംതോറും നെഞ്ചിടിപ്പ് വർദ്ധിക്കുന്ന പോലെ…
തന്നെ കണ്ടതും ശുഭ ചാടി എഴുന്നേറ്റു. കയ്യിലുള്ള പുസ്തകം ബെഞ്ചിൽ കമഴ്ത്തിവെച്ചു.
പഴയ തടിയൊക്കെ എവിടെയോ പോയി. ശരീരം നന്നായി മെലിഞ്ഞിരിക്കുന്നു. അഴിച്ചിട്ട മുടിയുടെ തുമ്പ് കൂട്ടിക്കെട്ടിയിട്ടുണ്ട് പക്ഷേ, കറുത്തതും ഇടതൂർന്നതൂർന്നതുമായ മുടിയുടെ സ്ഥാനത്ത് പറപ്പ പോലുള്ള മുടി.
ചെറിയ ചതുര കമ്മൽ. വീതിയുള്ള നെറ്റിയിൽ ചെറിയ ചാന്തുപൊട്ട്.
കണ്ണുകൾ പരസ്പരം കെട്ടുപിണഞ്ഞു.
പിന്നെ ഒരു പുഞ്ചിരി. പഴയ കോളേജ് കുമാരിയുടെ അതേ പുഞ്ചിരി.
“കാത്തിരുന്നു മടുത്തോ..?”
സദാനന്ദൻ മാഷ് സിമന്റ് ബെഞ്ചിൽ ഇരുന്നുകൊണ്ട് സംഭാഷണത്തിന് തുടക്കമിട്ടു.”
“ഏയ്, ഇല്ല. ”
“ഞാൻ വരില്ല എന്ന് കരുതിയോ..?”
” വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു… ”
വർത്തമാനത്തിലെ പണ്ടത്തെ കുട്ടിത്തം ഇപ്പോൾ ഇല്ല. പക്വത വന്നപോലെ….. അളന്നു തൂക്കിയുള്ള മറുപടി..
“ഗോവർദ്ധനന്റെ യാത്രകൾ..’
ആനന്ദിന്റെ ഈ നോവൽ വായിച്ചു കഴിഞ്ഞോ? ”
പുസ്തകം കയ്യിലെടുത്തു കൊണ്ട് സദാനന്ദൻ മാഷ് ചോദിച്ചു.
“ഇല്ല, കുറച്ചു കൂടി ഉണ്ട്.”
” ഞാൻ വായിച്ചിട്ടുണ്ട് നല്ല നോവൽ.
ഭൂത കാലത്തേയും ഭാവിയെയും ബന്ധിപ്പിച്ചുകൊണ്ട് ചരിത്ര പരവും മിഥോളജിക്കലുമായ നിരവധി കഥാപാത്രങ്ങളെയും സംഭവങ്ങളെയും നോവൽ ഉൾക്കൊള്ളുന്നു.”
“ഉം… പക്ഷേ ഗോവർധനന്റെ യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല, അല്ലേ?”
“അതേ കാലം മുന്നോട്ടു പോകുംതോറും പുതിയ സ്ഥലങ്ങളും ആളുകളും കണ്ടുമുട്ടുന്നു, എന്നെപ്പോലെ….”
ഇത് കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു.
“താൻ ഇരിക്കടോ ….”
അവൾ സിമന്റ് ബെഞ്ചിന്റെ അരികിലിരുന്നു. പണ്ടത്തെ ചുവന്ന തുടുത്തിരുന്ന മുഖം ഇപ്പോൾ മങ്ങിയ പോലെ….
“കത്തയച്ചപ്പോൾ ഞാൻ തിരിച്ചു വിളിക്കും എന്ന് പ്രതീക്ഷിച്ചിരുന്നോ?”
“തീർച്ചയായും. കാരണം, സദുവിനെ എനിക്ക് നന്നായി അറിയാം..
സോറി അങ്ങനെ വിളിക്കാമോ എന്ന് അറിയില്ല .”
” താൻ എന്നെ എന്തുവേണമെങ്കിലും വിളിച്ചോടോ…..
അതിരിക്കട്ടെ, നന്നായി അറിയാമായിരുന്നതു കൊണ്ടാണോ
എന്റെ പ്രണയം അന്ന് നിരസിച്ചത്..?”
“അന്നത്തെ പ്രായം അതല്ലേ..?
തിരിച്ചറിവ് ഇല്ലാത്ത പ്രായം..?”
“അപ്പോൾ മറ്റുള്ളവരോടൊക്കെ കൂടുതൽ വർത്തമാനം പറഞ്ഞിരുന്നതോ..?”
“ശ്ശോ….ഇതൊക്കെ ഓർത്തു വച്ചിരിക്കുകയാണോ..?
ഒരു കാര്യം സത്യമാണ്. എന്റെ മനസ്സിൽ ആരോടും പ്രണയം എന്നൊരു വികാരം അന്ന് ഇല്ലായിരുന്നു. ആൺകുട്ടികൾ തമാശ പറയും. കാന്റീനിലേക്കും, സിനിമ കാണാനും ഒക്കെ ക്ഷണിക്കും. ചിലരുടെ കൂടെ പോവും. അതൊക്കെ ഒരു തമാശയായി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.”
“പക്ഷേ,ഞാൻ കരുതി എന്നെ ഒഴിവാക്കുകയാണെന്ന്.
ആദ്യം കണ്ടപ്പോഴേ ഒരു പ്രത്യേക ഇഷ്ടം ഇയാളോട് തോന്നിയിരുന്നു. പക്ഷേ,അത് തുറന്നു പറയാനുള്ള ധൈര്യം ഇല്ലായിരുന്നു.
ഒരിക്കൽ ഒരു തുണ്ട് കടലാസിൽ ഇഷ്ടമാണെന്ന് കാണിച്ച് ഒരു കുറിപ്പ് എഴുതി ആരും കാണാതെ തന്റെ നോട്ടുബുക്കിനുള്ളിൽ വെച്ചിരുന്നു. അത് ഇയാള് കണ്ടതായി ഓർമ്മിക്കുന്നുണ്ടോ.? ”
“ഇല്ല. പക്ഷേ, കോളേജ് അടയ്ക്കുന്ന ദിവസം നോട്ട്ബുക്കിനുള്ളിൽ വെച്ചിരുന്ന കത്ത് ഞാൻ കണ്ടിരുന്നു. സദുവിന് എന്നോടുള്ള പ്രണയം സീരിയസ് ആണെന്ന് തോന്നിയത് അന്നായിരുന്നു.”
“ഉം, അതൊക്കെ പോട്ടെ..
എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്?
ഇപ്പോൾ താൻ എന്ത് ചെയ്യുന്നു ? ഭർത്താവ് എവിടെ ?
അദ്ദേഹം എന്ത് ചെയ്യുന്നു..?
എത്ര കുട്ടികളുണ്ട്…?”
സദാനന്ദൻ മഷിന്റെ തുരുതുരായുള്ള ചോദ്യങ്ങൾ കേട്ട് അവൾ പൊട്ടി ചിരിച്ചു.
“ഇയാള് ചിരിക്കാതെ ഉത്തരം പറയൂ…”
“പറയാം ആദ്യം സദുവിന്റെ വിശേഷങ്ങൾ പറയൂ.”
“എനിക്ക് എന്ത് വിശേഷം..?
അച്ഛനും അമ്മയും സുഖമായി ഇരിക്കുന്നു. ഒരു പെങ്ങളുടെ കല്യാണം കഴിഞ്ഞു.ഇനി മൂന്നുപേരുടെ കൂടി വിവാഹം നടക്കുവാൻ ഉണ്ട്..
പഠനം കഴിഞ്ഞതും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലികമായി ആറുവർഷം ജോലി കിട്ടി. പി.എസ്. സി നിയമനം ഇതുവരെ കിട്ടിയില്ല.
“അപ്പോൾ സദു കല്യാണം കഴിച്ചില്ലേ..?”
“ഇല്ല…”
“അതെന്താ…?”
“ജോലി സ്ഥിരമായിട്ട് മതി വിവാഹം എന്ന് വിചാരിച്ചു, പിന്നെ അധികം പ്രായമൊന്നും ആയില്ലല്ലോ..?
കഴിഞ്ഞദിവസംവരെ വിവാഹത്തെക്കുറിച്ച് ആലോചന പോലും ഇല്ലായിരുന്നു. ഇന്ന് രാവിലെ കൂത്താട്ടുകുളത്ത് ഒരു പെണ്ണുകാണാൻ പോയി. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പോയതാണ് എന്ന് പറയുന്നതാവും ശരി…”
“ആണോ,…?
എന്നിട്ട് പെണ്ണിനെ ഇഷ്ടമായോ..?”
“പെണ്ണൊക്കെ കൊള്ളാം, പക്ഷേ അത് ശരിയാവില്ല…,”
പെട്ടെന്ന് ശുഭയുടെ മുഖം പ്രസന്നമാകുന്നത് സദാനന്ദൻ മാഷ് കണ്ടു.
“ഇപ്പോൾ എവിടെയാണ് ജോലി..?”
” എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള ജോലി ദാ കഴിഞ്ഞ ആഴ്ച വരെ ഉണ്ടായിരുന്നു. ”
“അതെന്താ കഴിഞ്ഞ ആഴ്ച വരെ എന്നു പറഞ്ഞത്…?”
“ഞാൻ ജോലി നോക്കിക്കൊണ്ടിരുന്ന സ്കൂളിൽ പി. എസ്. സി. വഴിയുള്ളവർ വന്നു.”
“ഓഹോ. അപ്പോൾ മാഷ് പി. എസ്. സി ലിസ്റ്റിൽ ഇല്ലേ..?
“ഉവ്വ്, അഡ്വൈസ് വന്നിട്ടുണ്ട്.
രണ്ടുമൂന്നു മാസത്തിനുള്ളിൽ ജോലി കിട്ടും.”
“ആണോ..?
കൺഗ്രാജുലേഷൻസ്…”
“ഇയാളുടെ വിശേഷം പറഞ്ഞില്ലാലോ..? ”
“കോളേജ് ജീവിതം കഴിഞ്ഞിട്ട് സിവിൽ എൻജിനീയറിങ് പഠിക്കാൻ പോയി. കോഴ്സ് തീരുന്ന വർഷമായിരുന്നു. അച്ഛന്റെ മരണം. പിന്നെ ജോലിക്കൊന്നും പോകാൻ പറ്റിയില്ല.”
“അയ്യോ.. അപ്പോൾ പിന്നെ കുടുംബ ചെലവോക്കെ എങ്ങനെ കഴിഞ്ഞു പോകുന്നു?”
“അതിനൊന്നും പ്രയാസം ഇല്ല, ചെലവിന് കഴിഞ്ഞ് വിൽക്കാൻ നെല്ലുണ്ട്..
ദിവസം നൂറോളം റബ്ബർ ഷീറ്റ് കിട്ടും..”
“ഓ.അപ്പോൾ തന്റെ കല്യാണം..?”
” പല ആലോചനകളും വന്നു..
എല്ലാവർക്കും സ്ത്രീധനമാണ് വേണ്ടത്. ഒരുതവണ കല്യാണ നിശ്ചയം വരെ കഴിഞ്ഞതാണ്.
അപ്പോഴാണ് ചെക്കന്റെ അമ്മ സ്ത്രീധനം കൂടുതൽ ചോദിച്ചത്. അപ്പോൾ തന്നെ അത് ഡ്രോപ്പ് ചെയ്തു. ”
“ഓ… അതുശരി..”
“അതോടെ സ്ത്രീധനം ആവശ്യപ്പെട്ടു വരുന്നവർക്ക് മുമ്പിൽ കഴുത്ത് നീട്ടുന്നില്ല. എന്ന് ഞാനും തീരുമാനിച്ചു..”
” ഇയാൾക്കൊരു അനുജത്തിയും അനുജനും ഇല്ലേ?
അവർ എന്ത് ചെയ്യുന്നു..?”
“അനുജൻ ഡിഗ്രി കഴിഞ്ഞു.അനുജത്തി പ്രീ ഡിഗ്രി അവസാന വർഷം പഠിക്കുന്നു………..
പിന്നെ……?
എന്താ ഒരു പിന്നെ?
“ഏയ് ഒന്നുമില്ല…”
“താൻ എന്താണ് പറയാൻ വന്നത്? പറയൂ…….
“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ തെറ്റിദ്ധരിക്കുനമോ ..?”
” ഏയ് ഒരിക്കലും ഇല്ല..
താൻപറയൂ..”
“ഒരിക്കൽ കോളേജ് മാഗസിനിൽ നീയൊരു ലേഖനം എഴുതി. അതിൽ വിധിയെപ്പറ്റി എഴുതിയത് ഞാൻ ഇടയ്ക്കിടെ ഓർമിക്കാറുണ്ട്.”
“അത് ഇപ്പോൾ പറയാൻ കാരണം..?”
“ആ വിധിയാണ് നിന്നെ എന്റെ അരികിൽ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കട്ടെ..?”
“മനസ്സിലായില്ല..”
“നമുക്ക് പരസ്പരം ഒരുമിച്ച് ജീവിച്ചു കൂടെ..?”
അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ട് എന്ത് പറയണം എന്നറിയാതെ സദാനന്ദൻ മാഷ് ഒരു നിമിഷം മൗനം പാലിച്ചു.
“എന്താ മാഷ് ഒന്നും മിണ്ടാത്തത്..?”
“എനിക്ക് തന്നെ എത്ര ഇഷ്ടമാണെന്നോ..?
അന്നും ഇന്നും എന്നും..”
പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സാരി തലപ്പുകൊണ്ട് അവൾ അത് തുടയ്ക്കാൻ ശ്രമിച്ചു.
“എന്തുപറ്റി…?”
“സന്തോഷം കൊണ്ടാ കണ്ണുകൾ നിറഞ്ഞത്..”
“ഇനി ഈ മിഴിയിൽ നനയരുത്. ഇനിമുതൽ നമ്മൾ രണ്ടല്ല ഒന്നാണ്..”
അവളുടെ കൈത്തലം കവർന്നുകൊണ്ട് സദാനന്ദൻ മാഷ് പറഞ്ഞു.
“ഞാൻ അടുത്ത ആഴ്ച തന്റെ വീട്ടിലേക്ക് വരാം, ബന്ധുക്കളെയും കൂട്ടി.”
“മഷിന്റെ അച്ഛനും, അമ്മയും, ബന്ധുക്കളും നമ്മുടെ ബന്ധം സമ്മതിക്കുമോ..?”
“സത്യം പറഞ്ഞാൽ അവരുടെ നിർബന്ധം മൂലമാണ് ഞാൻ വിവാഹം കഴിക്കുവാൻ പോലും തീരുമാനിച്ചത്.”
“എനിക്ക് ജോലി ഇല്ലല്ലോ..? അതുകൊണ്ട് മഷിന്റെ വീട്ടുകാർക്ക് എന്നെ ഇഷ്ടപ്പെടുമോ?
മാഷിനാണെങ്കിൽ നല്ലൊരു ടീച്ചറെ കിട്ടുകയും ചെയ്യും.”
“ഞാൻ വീട്ടുകാരോട് പണ്ടേ പറഞ്ഞിട്ടുണ്ട് ജോലിയുള്ള പെണ്ണിനെ എനിക്ക് വേണ്ടെന്ന്. വരുന്ന പെണ്ണ് നല്ലതാണെങ്കിൽ സമ്പത്ത് തനിയെ വരും . നീ ലക്ഷ്മി അല്ലേ..?
ചിരിച്ചുകൊണ്ട് സദാനന്ദൻ മാഷ് പറഞ്ഞു.
ഇളം കാറ്റിൽ ഗുൽമോഹറിന്റെ ചില്ലകൾ നൃത്തമാടി….
(തുടരും….)




വായിച്ചിരുന്നപ്പോൾ പെട്ടെന്ന് പോയല്ലോ എന്നു തോന്നുന്ന വിധം മനോഹരമായ എഴുത്ത്. വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച ആകാംക്ഷഭരിതം വായനക്കാർക്കും. എല്ലാം ശുഭമായി പര്യവസാനിക്കട്ടെ. വായനാസുഖം നൽകുന്ന എഴുത്തു രീതിക്ക് അഭിനന്ദനം
ഒരുപാട് സന്തോഷം
നല്ലെഴുത്ത് സർ 🙏🌹
അഭിനന്ദനങ്ങൾ 🌹
ഒരുപാട് സന്തോഷം
അസ്സലാകുന്നുണ്ട് 👍