Saturday, March 28, 2026
Homeസ്പെഷ്യൽഓർമ്മക്കുറിപ്പ് ✍സതി സുധാകരൻ പൊന്നുരുന്നി.

ഓർമ്മക്കുറിപ്പ് ✍സതി സുധാകരൻ പൊന്നുരുന്നി.

ഞാൻ എട്ടാംക്ലാസ്സ് പാസ്സായി എന്നു കേട്ടപ്പോൾ തുള്ളിച്ചാടാനാണ് തോന്നിയത് റിസൽറ്റു വന്നപ്പോൾ അമ്മയുടെ വീട്ടിലായിരുന്നു. തോല്ക്കുമെന്നു പേടിച്ച് റിസൽറ്റ് നോക്കാൻ സ്ക്കൂളിൽ പോയില്ല. ജയിച്ചവരുടെ പേര് പേയ്പ്പറിൽ എഴുതി ഒട്ടിച്ചു ഭിത്തിയിൽ വയ്ക്കും അതിൽ പേരില്ലെങ്കിൽ നിരാശയോടെ മടങ്ങേണ്ടി വരില്ലെ എന്നോർത്തു പോകാതിരുന്നതാണ്. തോല്ക്കുമെന്നു പേടിച്ചിരുന്ന ഞാൻ ജയിച്ചു എന്നു കേട്ടപ്പോൾ ഞാൻ തുള്ളിച്ചാടി നടന്നു എന്റെ സന്തോഷം എല്ലാവരുമായി പങ്കു വച്ചു ഏറ്റവും സന്തോഷം അമ്മാവനായിരുന്നു.

അമ്മാവൻ മാഷാണെങ്കിലും കുട്ടികളുടെ കൂടെ നടക്കുന്നതാണ് ഇഷ്ടം എവിടേ പോകുമ്പോഴും ഞങ്ങളെ വിളിച്ചു കൊണ്ടേ പോകാറുള്ളു.
വെക്കേഷനാകുമ്പോൾ ഞങ്ങളെല്ലാം ഒത്തുകൂടുന്നത് അമ്മ വീട്ടിലാണ്. പ്രകൃതി സുന്ദരമായ സ്ഥലം. ആമ്പൽക്കുളങ്ങളും പാടവും, കനാലും തോടും സമുദ്ധിയായൊഴുകുന്ന ജല സ്രോതസ്സുകളും ഫലവൃക്ഷങ്ങളും തെങ്ങിൻ തോട്ടവും വൻമരക്കൂട്ടവും, മഞ്ചാടിത്തോട്ടവും ആറുമാസപ്പൂക്കളും പലതരം ഡിസൈനോടുകൂടിയ ചേമ്പിലകളുoകൊണ്ട് ആ പറമ്പിനെ വർണ്ണാഭമാക്കിയിരുന്നു

കുട്ടികളായ ഞങ്ങൾ കഞ്ഞികുടിക്കാനുളള പ്ളാവിലയും പെറുക്കി മുറ്റമടിയും കഴിഞ്ഞു വരുമ്പോഴേക്കും, ഒരു വലിയ കലംനിറയെ പശുവിനെകറന്ന പാലുമായി അമ്മാവൻവരും !പശുവിനെ കറക്കുന്നതും തീറ്റകൊടുക്കുന്നതും , പുല്ലു തീറ്റാൻ കൊണ്ടുപോകുന്നതും അമ്മാവൻ തന്നെയാണ് മെഴുത്തുരുണ്ട് പ്രസവിക്കാറായി നിന്ന പശുവിനെ ആരു കണ്ടാലും നോക്കും ! തീറ്റിക്കാൻ കൊണ്ടുപോകുമ്പോൾ കൂട്ടത്തിൽ വാലായി ഞങ്ങളും കൂടെ ഉണ്ടാകും.

മഞ്ഞനിറത്തിലുള്ള പാൽപ്പാട എന്നും എന്നേ മാടി വിളിക്കാറുണ്ട്. കലത്തിന്റെ അരുകിൽ പറ്റിപ്പിടിച്ചിരിക്കുന്ന പാൽപ്പാട വിരലുകൊണ്ട് തോണ്ടി തിന്നുന്ന സ്വാദ് ഇന്നും എന്റെ ഓർമ്മകളിൽ നിന്നും മാഞ്ഞു പോയിട്ടില്ല.

ഞങ്ങൾ കുട്ടികളെല്ലാരും കൂടിയിരുന്നപ്പോഴാണ് അമ്മാവൻ എന്നെ വിളിച്ചത്

“സതീ ഇവിടെ വരൂ”
ഞാനും പേടിച്ചുപോയി എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ട് വഴക്കു പറയാനായിരിക്കും എന്നു വിചാരിച്ചു ഞാനാണെങ്കിൽ കണ്ട മരത്തിലൊക്കെ പിടച്ചു കയറും വെള്ളം കണ്ടാൽ ഇറങ്ങും നീന്തിത്തുടിക്കും. ഇതെന്റെ ഒരു സ്വഭാവമാണ് വെളളത്തിൽ ഇറങ്ങു ന്നതുകണ്ടിട്ട് ആരെങ്കിലും പറഞ്ഞു കൊടുത്തതായിരിക്കുമോ എന്നു ഞാൻ പേടിച്ചു.

വിളിയിൽത്തന്നെ സ്നേഹം തുളുമ്പുന്ന ഒരു തലോടലുണ്ടായിരുന്നു. ഞാൻ അമ്മാവനരികിൽ ചെന്നുനിന്നു.

ഞാൻ ചോദിച്ചു

“അമ്മാവൻ എന്നെ വിളിച്ചോ?”
“നീ എട്ടാം ക്ലാസ്സ് പാസ്സയില്ലേ നിനക്ക് ഞാനൊരു സമ്മാനം തരുന്നുണ്ട് ”

എന്റെ പേടി അപ്പോഴും മാറിയിരുന്നില്ല എന്തിനാണെന്നുള്ള ആകാംക്ഷ എന്നെ വേട്ടയാടി. അമ്മാവൻ ചിരിച്ചു കൊണ്ട് പോക്കറ്റിൽ നിന്നും ഒരു ഹീറോ പേനയെടുത്ത് എനിയ്ക്കുതന്നു .

“അടിഭാഗം മെറൂൺ കളറും മുഗൾ ഭാഗം സ്വർണ്ണ നിറത്തോടും കൂടിയ ഒരു ഹീറോ പേന ”

പേനയും വാങ്ങിയ ഞാൻ പരിസരം മറന്നു നിന്നു പോയി. ചിരിക്കാനും കരയാനും പറ്റാത്തൊരവസ്ഥ കിട്ടിയത് ഹീറോ പേനയാണേ…

അന്നൊക്കെ ടീച്ചേഴ്സിനെ ഹീറോ പേന കണ്ടിട്ടുള്ളു എനിക്ക് കിട്ടിയപ്പോൾ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

ഹീറോ പേന എനിക്ക് സ്വപ്നം പോലും കാണാൻ പറ്റുമായിരുന്നില്ല.

എനിക്കു പേന തന്നതിൽ മറ്റുള്ള കുട്ടികൾക്കൊന്നും ഒരു പരിഭവവും തോന്നിയില്ല ഞാനത് നിധിപോലെ സൂക്ഷിച്ചു. എഴുതാനല്ല കാണാൻ വേണ്ടി മാത്രമായിരുന്നുആ പേന.
വലിയൊരു അഹങ്കാരത്തോടെ എല്ലാവരേയും കാണിച്ചു കൊടുക്കും സ്വർണ്ണ നിറത്തിലുള്ള നിമ്പ്,അതിലെ റബ്ബർ ട്യൂബും, അതിലൂടെ വലിച്ചെടുക്കുന്ന മഷിയും എനിയ്ക്കു കൗതുകമായിരുന്നു

സ്കൂൾ തുറന്നപ്പോൾ അമ്മാവൻ തന്ന സമ്മാനം കുട്ടിളെ കാണിച്ചു കൊടുത്തു അമ്മാവന്റെ നല്ലമനസ്സിനെ എല്ലാവരും പുകഴ്ത്തിപ്പറഞ്ഞു.
ഞങ്ങൾക്കും ഇതുപോലൊരമ്മാവൻ ഉണ്ടായിരുന്നെങ്കിൽ എന്ന് കൂട്ടുകാരികൾ പറഞ്ഞതുകേട്ടപ്പോൾ ഞാനും ഒരു ഹീറോ ആയി.

വർഷങ്ങൾ കടന്നുപോയി ഞാനൊരു കുടുംബിനിയായി എങ്കിലും
ആ പേന ഞാൻ നിധിപോലെ കാത്തുസൂക്ഷിച്ചു.
അമ്മാവൻ തന്ന വലിയൊരു നിധിയായിരുന്നു അത്

വർഷങ്ങൾ കടന്നുപോയി എന്റെ മകളുടെ കൂട്ടുകാരി വീട്ടിൽ വന്നപ്പോൾ ഈ പേന കാണാനിടയായി ആ കുട്ടി എന്നെ കാണാതെ പേനയും എടുത്തു കൊണ്ടുപോയി. ചോദിച്ചപ്പോൾ എടുത്തിട്ടില്ല എന്നു പറഞ്ഞു ഞാൻവീട്ടിൽ വന്ന് അച്ഛനോടു പറയും എന്നു പറഞ്ഞപ്പോൾ, ആ പേനയുടെ വിലയെന്തെന്നറിയാത്ത കുട്ടി, ശീലക്കുടയുടെ കമ്പിയും കാലും വേർതിരിക്കുന്നതുപോലെ എല്ലാം വേർതിരിച്ച് എടുത്തുകൊണ്ടു തന്നു. ചില ഭാഗങ്ങൾ ഒന്നും തന്നെയില്ലായിരുന്നു.

അങ്ങനെ എന്റെ ഹീറോപേനയുടെ കോലം കാണ്ട് ഞാനിരുന്നു തേങ്ങി. പിന്നീട് എത്ര പേന കിട്ടിയിട്ടും ആ പേനയുടേതുപോലെ സന്തോഷം തോന്നിയിട്ടില്ല.അങ്ങനെ എന്റെ ഹീറോ പേനയും പോയി അമ്മാവനും മൺമറഞ്ഞുപോയി എന്നാലും ഓർമ്മകൾ ഇന്നും ബാക്കിയാണ്.🙏

സതിസുധാകരൻ പൊന്നുരുന്നി✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com