കൊല്ലം: നഗരത്തില്‍ മാരക രാസലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) യുവാവിനെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. ചവറ പരിമണം പുലിമുഖത്ത് വീട്ടില്‍ ഗിരീഷ് (44) ആണ് അറസ്റ്റിലായത്.
ഇയാളില്‍ നിന്ന് 3.258 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
;തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. രാത്രികാല പെട്രോളിംഗിലായിരുന്ന പോലീസ് സംഘം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഗിരീഷിനെ തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തുകയായിരുന്നു. ജി.എസ്.ഐ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പെട്രോളിംഗ് സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.
;ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി രാജേഷ് ടി.ആറിന്റെ മേല്‍നോട്ടത്തിലായിരുന്നു തുടർന്നുള്ള നടപടികള്‍. കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ സജീവ്, എസ്.ഐമാരായ സന്ദീപ്, ജഗത്മോഹൻ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പെട്രോളിംഗ് സംഘത്തില്‍ എസ്.സി.പി.ഒമാരായ ജയകൃഷ്ണൻ, ജോണ്‍, മുരുകേശ് എന്നിവരും ഉണ്ടായിരുന്നു.



