ബെംഗളൂരു: ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഐപിഎൽ പത്തൊമ്പതാം സീസണിന് ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിരിതെളിയുന്നു. രാത്രി 7:30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, സൺറൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.
തങ്ങളുടെ കന്നിക്കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ വിരാട് കോലിയും സംഘവും ഹോം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാണ് ഹൈദരാബാദിന്റെ വരവ്.ബാറ്റർമാരുടെ സ്വർഗമായ ചിന്നസ്വാമിയിൽ വൻ സ്കോറുകൾ പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വിരാട് കോലി, ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ കരുത്തുറ്റ ബാറ്റിങ് നിരയിലാണ് ആർസിബിയുടെ പ്രതീക്ഷകൾ. ക്രുനാൽ പാണ്ഡ്യ, വെങ്കടേഷ് അയ്യർ എന്നിവരുടെ ഓൾറൗണ്ട് മികവും ടീമിന് കരുത്താകും.
മറുവശത്ത്, അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവരടങ്ങുന്ന ഹൈദരാബാദിന്റെ വെടിക്കെട്ട് നിര ഏത് ബൗളിങ് നിരയെയും തകർക്കാൻ ശേഷിയുള്ളവരാണ്. പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഇഷാൻ കിഷനാണ് ഇത്തവണ ഹൈദരാബാദിനെ നയിക്കുന്നത്. ജോഷ് ഹെയ്‌സൽവുഡ് ഇല്ലാതെ ഇറങ്ങുന്ന ആർസിബിക്കും ബൗളിങ് നിരയിലെ ആശങ്കകൾ ബാക്കിയുണ്ട്.
നേർക്കുനേർ കണക്കുകളിൽ 14 വിജയങ്ങളുമായി ഹൈദരാബാദിനാണ് മേൽക്കൈ എങ്കിലും, നിലവിലെ ഫോമിൽ ആർസിബിയെ കുറച്ചുകാണാനാവില്ല. അതേസമയം, ഇത്തവണ പതിവ് ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ആർസിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ ദൗർഭാഗ്യകരമായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ ആഘോഷങ്ങൾ ഫൈനൽ ദിനത്തിലേക്ക് മാറ്റിവെച്ചത്. ആവേശകരമായ ഒരു പോരാട്ടത്തോടെ ഐപിഎൽ മാമാങ്കത്തിന് തുടക്കമാകുമെന്ന് ഉറപ്പാണ്.



