Saturday, March 28, 2026
Homeഅമേരിക്കനാടകമേ ഉലകം (World Theatre Day 2026) ✍ അഫ്സൽ ബഷീർ തൃക്കോമല

നാടകമേ ഉലകം (World Theatre Day 2026) ✍ അഫ്സൽ ബഷീർ തൃക്കോമല

1961 ൽ അന്താരാഷ്‌ട്ര തിയേറ്റർ ഇൻസ്റ്റിട്യൂട്ട് ആണ് നാടക ദിനത്തിനു തുടക്കമിട്ടത് . ഹെൽസിങ്കിയിലും വിയന്നയിലുമായി ലോക നാടക വേദിയുടെ ഒൻപതാമത് കൺവെൻഷൻ നടന്നതിനെ തുടർന്ന് അന്ന് നാടക വേദിയുടെ പ്രസിഡന്റായ ആർ.വി.കിവിമയുടെ നിർദ്ദേശമാണ് ലോക നാടക ദിനം എന്ന ആശയം രൂപപ്പെട്ടത് . അങ്ങനെയാണ് മാർച്ച് 27 ലോക നാടക ദിനമായി മാറിയത് .

1962 മുതൽ ലോകമെമ്പാടുമുള്ള വിവിധ നാടക സെൻ്ററുകൾ, നാടക കോ-ഓപ്പറേറ്റിംഗ് അംഗങ്ങൾ, നാടക പ്രൊഫഷണലുകൾ, നാടക സംഘടനകൾ, നാടക സർവകലാശാലകൾ, അങ്ങനെ നാടകവുമായി ബന്ധപ്പെട്ടവർ എല്ലാം മാർച്ച് 27 ന് ലോക നാടക ദിനം വിപുലമായി ആഘോഷിക്കുന്നു.
“അരങ്ങും ശാന്തിയുടെ സംസ്കാരവും” (Theatre and a culture of peace) എന്നതാണ് ലോക നാടകദിനത്തിന്റെ 2026 ലെ പ്രമേയം .നാടകം എല്ലാ കാലങ്ങളിലും
സാംസ്കാരികമായ മൂല്യങ്ങളും ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശങ്ങളും ജനങ്ങളിൽ എത്തിക്കാൻ മുന്നിൽ തന്നെയുണ്ടായിരുന്നു എന്നത് ഈ പ്രമേയം അടിവരയിടുന്നു .

അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണമായ അർത്ഥത്തിൽ തത്സമയം പ്രേക്ഷകരിലേക്ക് പകരുന്ന സുകുമാരകലകളിൽ പെട്ട ദൃശ്യശ്ര വ്യകലയാണ് നാടകം. സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ ഒരു കൂടി ചേരലായതു കൊണ്ട് തന്നെ നാടകം ഒരു സങ്കരകലയോ സമ്പൂർണകലയോ ആണെന്ന് പറയാം.Drama എന്ന് ഇംഗ്ലീഷിൽ പൊതുവെ പറയാമെങ്കിലും നാടകത്തെ സമ്പൂർണമായി ഉൾക്കൊള്ളുന്ന ആംഗലേയപദം തിയേറ്റർ (Theatre) ആണ്. മലയാളത്തിൽ നാടകവേദിയെന്ന വാക്കാണ് ഉചിതം . രംഗവേദിയിൽ അവതരിപ്പിക്കുന്ന വൈകാരിക ഭാവങ്ങളോട് പ്രേക്ഷകൻ നിരന്തരം സംവദിക്കുമ്പോഴാണ് തിയേറ്റർ സമ്പൂർണമാകുന്നത്.
“ഒരു പൂർണക്രിയയുടെ അനുകരണം” എന്നാണ് നാടകത്തെ അരിസ്റ്റോട്ടിൽ നിർവചിച്ചിട്ടുള്ളത്.
സാഹിത്യരൂപങ്ങളില്‍ ഏറ്റവും പ്രാചീനമായ കലാരൂപമാണ് നാടകം. നോവല്‍, കഥ,കവിത,ഉപന്യാസം എന്നീ സാഹിത്യ രൂപങ്ങളില്‍ നിന്ന് നാടകത്തെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം അതിന്റെ രംഗപ്രയോഗാര്‍ഹതയാണ്.

ലോകത്തിന്‍റെ വിവിധ കോണുകളിലെ നാടക-അഭിനയ -അവതരണ പ്രവര്‍ത്തനങ്ങള്‍. കൊച്ചു സദസ്സിനു മുന്നിലുള്ള ചെറു പ്രകടനങ്ങള്‍ തൊട്ട് ജനസാഗരത്തിന് മുമ്പിലുള്ള മഹാ അവതരണങ്ങള്‍ വരെ എത്തി നിൽക്കുന്നു
ബി.സി. 1500-മുതൽ ഗ്രീസിൽ അബിദോസ് പാഷൻ പ്ലേ എന്നറിയപ്പെടുന്ന നാടകത്തോട് സാമ്യമുള്ള കലാരൂപം പിറവിയെടുത്തു.
പിന്നീട് നാടകരചനയും രംഗവേദിയിലെ നാടകാവതരണവും നാടകമത്സരവും വിപുലമായ പ്രചാരം നേടി . അക്കാലത്ത് ഗ്രീസിൽ പ്രതിഭാശാലികളായ പല നാടകകൃത്തുക്കളും ജീവിച്ചിരുന്നു എന്നും വൃത്താകാരമായസ്ഥലത്ത് (Amphitheatre) അതിന്റെ മൂന്നുവശത്തും സദസ്യർക്ക് നാടകം ഇരുന്നുകാണാനായി പടവുകൾ പോലുള്ള ഇരിപ്പിടങ്ങളും . മേൽക്കൂരയോ അടച്ചുകെട്ടോ ഇല്ലാത്ത വേദിയായിരുന്നു അന്ന്. അതിനും മുൻപ് പുരാതനമായ തെളിവ് ക്രിസ്തുവിനു മുൻപ് 534 ൽ ഏഥൻസിൽ നാടകം അരങ്ങേറിയതായി ചരിത്രം രേഖപെടുത്തുന്നു ഗ്രീക്ക് നാടകങ്ങൾ ദുരന്തനാടകം(Tragedy), ആക്ഷേപഹാസ്യ നാടകം(Satyr Plays), ശുഭാന്ത്യ നാടകം(Comedies) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇതിൽ ദുരന്തനാടകങ്ങളാണ് വിശിഷ്ടമായ നാടകരൂപമായി കരുതപ്പെട്ടു വന്നത്. യൂറോപ്യൻ നാടകവേദിയിലെ ആധുനികതക്ക് തുടക്കം കുറിച്ചത് പ്രഹസന രൂപത്തിലുള്ള ഗദ്യ നാടകത്തിന്റെ തുടക്കക്കാരനായ “മോളിയേ” എന്ന പ്രശസ്ത ഫ്രഞ്ച് നാടക കൃത്താണ്.

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, 1882 ല്‍ കേരള വര്‍മ്മ വലിയ കോയി തമ്പുരാന്‍ ‘മണിപ്രവാള ശാകുന്തളം’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതോടെയാണ് മലയാളത്തില്‍ നാടക പ്രസ്ഥാനം ആരംഭിക്കുന്നത് .കാര്‍ഷിക സംസ്‌കൃതിയുടെ ഉല്‍പ്പന്നമായിരുന്ന വെള്ളരി നാടകം.കൊയ്ത്തു കഴിഞ്ഞ് പാടത്ത് വെള്ളരികള്‍ മൂക്കുമ്പോള്‍ തിന്നാനെത്തുന്ന കുറുക്കന്‍മാരെ ഓടിക്കാന്‍ മാടം കെട്ടി ഉറക്കമൊഴിഞ്ഞ് കാവല്‍ നിന്ന് കൃഷിക്കാരുടെ വിനോദമായിരുന്നു ഈ കലാരൂപം കേരളത്തിന്റെ നാടക ചരിത്രത്തിലെ നാഴികക്കല്ലാണ് .കേരള ചരിത്രത്തിൽ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഒരുപാട് മാറ്റങ്ങൾക്ക് വഴിമരുന്നിട്ട നാടക പ്രസ്ഥാനങ്ങൾ കേരളത്തിൽ വിപ്ലവ പ്രസ്ഥാനങ്ങളുടെ മുഖമായതും കെപിഎസി പോലെയുള്ള നാടക സംഘങ്ങളുടെ വരവോടെ വലിയ സാമൂഹിക മാറ്റമാണ് ഉണ്ടായത് .സ്ഥല കാലബദ്ധമായ രംഗകലയായ നാടകം. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ സിനിമയുമായി
യാതൊരു സാമ്യവുമില്ലെന്നു പറയാം .

നാടകത്തിൽ കഥാപാത്രങ്ങളുടെ ഭാവ ഭേദങ്ങളത്രയും സംഭാഷണങ്ങളിലൂടെയാണ് പ്രേക്ഷകനിലേക്ക് പകരുകയും പ്രേക്ഷകനും കഥാപാത്രങ്ങളും തമ്മിലുള്ള നേരിട്ടുള്ള സംവേദനത്തിൽ, നാടകാവതരണം ഓരോ പ്രാവശ്യവും വ്യത്യസ്തമായിത്തീരുന്നു. മുൻകൂറായി ചിത്രീകരിക്കുന്ന ചലച്ചിത്ര ദൃശ്യങ്ങൾ സാങ്കേതികോപകരണങ്ങളിലൂടെ ചിത്രീകരിക്കുന്നതിനാൽ സംവിധായകന്റെ കാഴ്ചപ്പാടിൽ സിനിമ ആസ്വദിക്കാൻ പ്രേക്ഷകർ നിർബന്ധിതരായി മാറുന്നു എന്നതാണ് സത്യം .”ഒഥല്ലോ” മുതൽ”നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” വരെ ലോകത്തുണ്ടാക്കിയ നാടകീയ ചലനങ്ങൾ മാത്രം മതി നാടകം എത്രമാത്രം സാധാരണ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് മനസിലാക്കാൻ. വിദേശ രാജ്യങ്ങളിൽ അടക്കം ഇന്നും മലയാള നാടകങ്ങൾ അവതരിപ്പിക്കാനായി വേദികൾ ഉണ്ടെന്നുള്ളത് എടുത്തു പറയേണ്ടതായുണ്ട് .

ശുഭവും അശുഭവുമായ അന്ത്യ രംഗങ്ങള്‍ സാധാരണ മനുഷ്യ ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതുകൊണ്ടും ,എല്ലാ കാലത്തും രാജാവും പ്രജയും അല്ലെങ്കിൽ ഭരണകൂടവും ജനതയും തമ്മിലുള്ള ആശയ സംഘര്ഷങ്ങളാണ് ഭൂരിപക്ഷം നാടകങ്ങളുടെയും പ്രമേയങ്ങൾ എന്നത് കൊണ്ടും തന്നെ നാടകങ്ങൾ പുതിയ ഭാവത്തിലും രൂപത്തിലും ലോകത്തുണ്ടായി കൊണ്ടേ ഇരിക്കും .

ലോകം ഒരു വലിയ വേദിയും, എല്ലാമനുഷ്യരും അതിലെ
നടീനടന്മാരുമാണ്.
(വില്യം ഷേക്സ്പിയർ, ആസ് യൂ ലൈക്ക് ഇറ്റ്)

✍️അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com