🔹എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പാലക്കാട്ടും തൃശൂരുമെത്തി. ഇന്ന് ഉച്ചയ്ക്ക് 1.30നു പാലക്കാട് കോട്ടമൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പ്രസംഗിക്കും.സുരക്ഷാപരിശോധനയ്ക്കു ശേഷം ഉച്ചയ്ക്ക് 12 മുതൽ പ്രവർത്തകരെയും പൊതുജനങ്ങളെയും സമ്മേളനവേദിയിലേക്കു കടത്തിവിടും. 12 മണ്ഡലങ്ങളിൽനിന്നുള്ള എൻഡിഎ സ്ഥാനാർഥികളും ദേശീയ – സംസ്ഥാനനേതാക്കളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
ഉച്ചയ്ക്കു രണ്ടുമണിയോടെ പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗം സമ്മേളനനഗരിയിലെത്തും. പൊതുസമ്മേളനത്തിനുശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ തൃശൂരിലേക്കു പോകും. തൃശൂരിലെത്തുന്ന പ്രധാനമന്ത്രി റോഡ്ഷോയിൽ പങ്കെടുക്കും. വൈകിട്ട് നാലിന് ജില്ലാ ആശുപത്രിക്കു മുൻവശത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി ബിനി ഹെറിറ്റേജിനു മുൻവശം സമാപിക്കും. കുട്ടനല്ലൂർ ഹെലിപ്പാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് റോഡ് മാർഗമാണ് അദ്ദേഹം ജില്ലാ ആശുപത്രിക്കു മുൻവശം എത്തിച്ചേരുക. ജില്ലയിലെ എൻഡിഎ സ്ഥാനാർഥികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
🔹വികസനം പറഞ്ഞ് ജനങ്ങൾക്കിടയിലെ പ്രിയങ്കരനായി കളം പിടിച്ചിരിക്കുകയാണ് നെടുമങ്ങാട് ഇടത് സ്ഥാനാർത്ഥി ജി ആർ അനിൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ആയിരത്തോളം യുവാക്കളെ പങ്കുചേർത്ത് നൈറ്റ് വാക്ക് വിത്ത് ജി ആർ അനിൽ എന്ന പരിപാടി സംഘടിപ്പിച്ചു. നെടുമങ്ങാട് ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. നെടുമങ്ങാട് പഴകുറ്റി ജംഗ്ഷൻ മുതൽ വാളിക്കോട് ജംഗ്ഷൻ വരെ നടന്ന റോഡ് ഷോയിൽ ആയിരത്തോളം യുവാക്കളാണ് പങ്കെടുത്തത്. നൈറ്റ് വോക്ക് വിത്ത് ജി ആർ അനിൽ എന്ന പേരിൽ സംഘടിപ്പിച്ച റോഡ് ഷോ വൻ ജനാവലി കൊണ്ട് ശ്രദ്ധേയമാകുകയും ചെയ്തു. നടന്നു നീങ്ങുന്ന ഓരോ കവലയിലും വലിയ ജനാവലിയാണ് കാത്തിരുന്നത്. സംസ്ഥാനത്ത് യു ഡി എഫ് – ബി ജെ പി ബന്ധം മറയില്ലാതെ തുടരുന്നതായും, യുഡിഎഫ് നേതാക്കൾ കണ്ണടച്ച് ഇരുട്ടാക്കുന്നതായും വാളിക്കോട് നടന്ന പൊതുയോഗത്തിൽ ജി ആർ അനിൽ പറഞ്ഞു. മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ വരുംദിവസവും കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ടുപോകുമെന്നും ഗൃഹസന്ദർശന പരിപാടികൾ 70% ത്തോളം പൂർത്തിയായതായും ജി ആർ അനിൽ കൂട്ടിച്ചേർത്തു. തുടക്കം മുതലേ പ്രചാരണത്തിൽ മേൽകൈ നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും.
🔹തൊടുപുഴയിൽ യുഡിഎഫിന്റെ പ്രചാരണ വാഹനത്തിന് നേരെ അതിക്രമം. പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് അതിക്രമമുണ്ടായത്. പരിസ്ഥിതി സൗഹൃദമല്ലാത്ത പ്രചാരണ ബോർഡുകൾക്കെതിരെ നേരത്തെ ഇലക്ഷൻ കമ്മീഷൻ നടപടി തുടങ്ങിയിരുന്നു. ഇതിൽനിന്ന് യുഡിഎഫ് ബോർഡുകൾ ഒഴിവാക്കിയെന്നാണ് ബിജെപിയും എൽഡിഎഫും ആരോപിക്കുന്നത്.ചട്ടങ്ങൾ പാലിക്കാത്ത പ്രചരണ ബോർഡുകൾ പിടിച്ചെടുക്കുന്നതിനിടെ എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിനിടെ ഇതുവഴി കടന്നുപോയ യുഡിഎഫ് പ്രചരണ വാഹനങ്ങൾക്ക് നേരെയായിരുന്നു അതിക്രമം. നിയമവിരുദ്ധമായ ഫ്ലക്സ് ബോർഡുകളാണ് അധികൃതർ നശിപ്പിച്ചതെന്ന് പ്രതികരിച്ച യുഡിഎഫ് സ്ഥാനാർഥി അപു ജോൺ ജോസഫ്, പരാജയം മണത്തപ്പോൾ എൽഡിഎഫ് രാഷ്ട്രീയം കളിക്കുന്നുവെന്ന് വിമർശിച്ചു. നടപടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്ന നിലപാടിൽ അദ്ദേഹം സമരമിരുന്നെങ്കിലും രാത്രി വൈകി അധികൃതരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സമരം അവസാനിപ്പിച്ചു.
🔹പ്ലസ് വൺ വിദ്യാർഥിനിക്കു മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് പത്തുവർഷം 15,000 രൂപ പിഴയും. ഒന്നാംപ്രതി ആക്കുളം സ്വദേശി ജിഷ്ണു കെ. മോഹൻ (26), രണ്ടാം പ്രതി ആക്കുളം സ്വദേശി ആർ. വിഷ്ണു (29) എന്നിവരെയാണു അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ് ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം രണ്ടു വർഷം തടവ് കൂടുതലായി അനുഭവിക്കണം.പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ .ആർ.എസ്. വിജയ് മോഹൻ, അഡ്വ. വി.സി. ബിന്ദു എന്നിവർ ഹാജരായി. മെഡിക്കൽ കോളജ് പോലീസ് ഇൻസ്പെക്ടർ പി. ഹരിലാലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. രണ്ടു തൊണ്ടി മുതലുകളും 34 രേഖകളും ഹാജരാക്കി.
🔹പോലീസ് മർദനത്തിൽ യുവതിക്ക് പരിക്കേറ്റ സംഭവ ത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് ഡിവൈഎഫ്ഐ. കഴിഞ്ഞദിവസം രാത്രിയിൽ കുണ്ടറ കാഞ്ഞിരകോട് ആൽത്തറമുകൾ അമ്പലത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച്, നടന്ന കലാപരിപാടിയ്ക്കിടെ ഉണ്ടായ കൈയാങ്കളിയ്ക്കിടെ പേരൂർ സ്വദേശിനിയായ അശ്വനി എന്ന യുവതിയും ഭർത്താവായ അനന്തവും ഉണ്ടായിരുന്നു.ഇതിനിടെയാണ് പോലീസ് യുവതിയെ മർദിച്ചത്, മർദനത്തിൽ പരിക്കേറ്റ യുവതി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി, ഭർത്താവിനെ മർദിക്കുന്നത് കണ്ടു പിടിച്ചുമാറ്റിയതാണെന്നു യുവതി പറഞ്ഞുയ കൃത്യനിർവഹണം തടസപ്പെടുത്തിയതിനാൽ തള്ളി മാറ്റിയതാണെന്നാണ് പോലീസ് പറയുന്നത്.ഇതിൽ പ്രതിഷേധിച്ചാണ് ഇന്നലെ വൈകുന്നേരം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ ഉപരോധം നടത്തിയത്. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ശബരിനാഥ് കൊല്ലം ജില്ലാ കമ്മിറ്റി അംഗം അൻസർ, കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് അമൽ തുടങ്ങിയവർ പങ്കെടുത്തു. സ്ഥാനാർഥിയായ എസ്.എൽ. സജികുമാർ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സംഭവത്തിൽ മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അപലപിച്ചു.
🔹ഇരവിപുരം, വള്ളക്കടവ് സുനാമി ഫ്ളാറ്റിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന സെബാസ്റ്റ്യനെ (58) തലയ്ക്ക് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി നവാസിനെ ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ നൽകാനും ശിക്ഷിച്ചു. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ.വിനോദാണ് ഉത്തരവിട്ടത്. കൊല്ലപ്പെട്ട ആളിന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന കുറ്റത്തിന് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴ ഒടുക്കണമെന്നും വിധിയിലുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.ഇരവിപുരം മാർക്കറ്റിലെ പഴകച്ചവടക്കാരനായിരുന്നു കൊല്ലപ്പെട്ട സെബാ സ്റ്റ്യൻ. സെബാസ്റ്റ്യൻ താമസിക്കുന്ന ഫ്ലാറ്റിലെ വീടിന്റെ എതിർവശമായിരുന്നു പ്രതി താമസിച്ചിരുന്നത്. പ്രതി നിരന്തരം ബീഡിക്കുറ്റികൾ സെബാസ്റ്റ്യന്റെ വീടിന്റെ കതകിന്റെ മുമ്പിൽ ഇടുമായിരുന്നു. 2023 നവംബർ എട്ടിന് രാവിലെ ബീഡിക്കുറ്റികൾ ഇടുന്ന കാര്യം സെബാസ്റ്റ്യന്റെ ഭാര്യയും മരുമകളും ചേർന്ന് പ്രതിയുടെ അമ്മയോട് പറഞ്ഞു. ഇതിന്റെ വിരോധത്തിൽ, കച്ചവടം കഴിഞ്ഞ് ഉച്ചയ്ക്ക് ഉണ്ണാൻ വീട്ടിലെത്തിയ സെബാസ്റ്റ്യൻ ഊണ് കഴിച്ചുകൊണ്ടി രിക്കുപ്പോൾ കത്തിയുമായി വീട്ടിൽ അതിക്രമിച്ച് കയറി പ്രതി, സെബാസ്റ്റ്യന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. തലയോട്ടി പൊട്ടി ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യൻ തിരുവനന്തപുരം മെഡിക്കൽ കോളോജ് ആശുപത്രിയിൽ നവംബർ 13ന് മരിച്ചു. സംഭവസമയത്ത് തടസം പിടിക്കാൻ ശ്രമിച്ച സെബാസ്റ്റ്യന്റെ ഭാര്യയെയും മകളെയും പ്രതി ഉപദ്രവിച്ചിരുന്നു അവർ കൊലപാതകത്തിന്റെ ദൃക്സാക്ഷികളായി കോടതിയിൽ മൊഴി നൽകി. പ്രതി മാനസികരോഗ്യത്തിന് ചികിത്സയ്ക്ക് വിധേയനായിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. ഇരവിപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായ ആർ. രാജീവ്. വി.ഷിബു എന്നിവർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യുഷന് വേണ്ി പബ്ളിക് പ്രോസിക്യൂട്ടർ സിസിൻ. ജി. മുണ്ടയ്ക്കൽ, അഗജ്. എസ്.ലിൽ എന്നിവർ ഹാജരായി. പ്രോസിക്യുഷൻ നടപടികൾ ഏകോപ്പിച്ചത് എഎസ്ഐ മഞ്ചുഷ ആയിരുന്നു.
🔹കരുവേലിപ്പടി സർക്കാർ ആശുപത്രി വളപ്പിൽ പാമ്പിനെ കണ്ട് ഓടിയ വീട്ടമ്മയെ തെരുവുനായ കടിച്ചു. പനയപ്പള്ളി സ്വദേശിനി മെഹറ(56)യ്ക്കാണ് കടിയേറ്റത്. ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെത്തിയതായിരുന്നു മെഹറ.ആശുപത്രിയിൽ ഉണ്ടായിരുന്ന രോഗികളും കൂട്ടിരുപ്പുകാരും ചേർന്ന് നായ്ക്കളെ ഓടിച്ച് മെഹറയെ രക്ഷപ്പെടുത്തുകയായിരുന്നു. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം മെഹറയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെയും ഇവിടെ രോഗികളെയും ജീവനക്കാരെയും തെരുവുനായ്ക്കൾ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
🔹കൊച്ചി നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ ലഹരി വേട്ടയിൽ ഹൈബ്രിഡ് കഞ്ചാവും കൊക്കയ്നും മെത്താഫിറ്റമിനുമായി എട്ടു പേരെ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്മെന്റ് ഉടമയും യുവതികളും അടക്കം എട്ട് പേർ പിടിയിലായത്. തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്റ് മാനേജ്മെന്റ് ഉടമയുമായ ഷാജി ഫെര്‍ണാണ്ടോ, കലൂര്‍ സ്വദേശിയായ ഓസ്റ്റിന്‍ ജോസ്, അഭിഭാഷകനായ രോഹിത് നായര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ, ദന്ത ഡോക്ടറായ ബെന്‍സി റാവൂത്തര്‍, കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, എവിയേഷന്‍ വിദ്യാര്‍ഥി അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്. അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ കണ്ടെടുത്തു. ഇവന്റ് മാനേജ്മെന്റ് ഉടമയായ ഷോൺ യുവാക്കൾക്കും വിദ്യാര്‍ഥികൾക്കും മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്. കടവന്ത്ര എസ്എച്ച്ഒ ആര്. ബിജു, സബ് ഇൻസ്പെക്ടർ പി.ആര്. രാജീവ്, എഎസ്ഐ രാജേഷ്, സിവിൽ പോലീസ് ഓഫിസർമാരായ ജീവൻ, സുരാജ്, രാകേഷ് ഉദയൻ, റെനി എന്നിവരും ഡാൻസാഫ് എസ്ഐ വിനോജും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
🔹സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.
🔹നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകആയിരുന്ന ഏഴ് വയസുകാരൻ മരിച്ചു. അമരവിള സ്വദേശി ശിവകുമാർ,വനിത ദമ്പതികളുടെ ഇളയ മകൻ നിതിൻ സ്വാദിഖ് ആണ് മരിച്ചത്.അമ്മയോടൊപ്പം സ്കൂട്ടറിൽ അമരവളയിൽ നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന സമയത്ത് നെയ്യാറ്റിൻകര ഗ്രാമത്ത് വച്ച് അതേ ദിശയിൽ വരികയായിരുന്ന ബസ് ഇടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു. അമ്മയ്ക്കും ഗുരുതരപരിക്കുണ്ട്. ചെങ്കൽ സായി കൃഷ്ണ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നിതിൻ സ്വാദിഖ്.
🔹കൊച്ചിയില്‍ ഗ്യാസ് ഏജന്‍സി മാനേജര്‍ക്ക് നേരെ ആക്രമണം. മുണ്ടംവേലിയിലെ സൂപ്പര്‍ ഫ്ളെയിംസ് ഭാരത് ഗ്യാസ് ഏജന്‍സിയിലെ മാനേജര്‍ രാജേഷിന് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്.മാനേജര്‍ക്ക് നേരെ കത്തി വീശി എത്തിയ ഡെന്നിസ് അറയ്ക്കല്‍ എന്ന പ്രതിയെ ഏജന്‍സി ജീവനക്കാര്‍ തടഞ്ഞു. ഇന്ന് രാവിലെ 9.50 ഓടെയാണ് സംഭവം. സംഭവത്തിൽ മാനേജര്‍ രാജേഷ് തോപ്പുംപടി പോലീസില്‍ പരാതി നല്കി. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിലിണ്ടര്‍ വിതരണം പൂര്‍ണമായും നിര്‍ത്തി ഏജന്‍സി തൊഴിലാളികള്‍ പ്രതിഷേധിച്ചു.
ഇതാദ്യമായല്ല ഡെന്നിസ് ഗ്യാസ് ഏജന്‍സിയിലുള്ളവരെ ആക്രമിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഏജന്‍സിയിലെ ഡെലിവറി ബോയ്യെ ഇയാള്‍ ആക്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് മാനസികസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് കേസ് നല്‍കിയിരുന്നില്ല.
🔹രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ പകുതിയോളവും പ്രവർത്തിക്കുന്നത് ഗുരുതരമായ സാങ്കേതിക തകരാറുകളോടെയാണെന്ന് പാർലമെന്ററി പാനൽ റിപ്പോർട്ട്.സിവിൽ ഏവിയേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളുള്ളത്.
2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെ പരിശോധിച്ച 754 വിമാനങ്ങളിൽ 377 എണ്ണത്തിലും ആവർത്തിച്ചുള്ള സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയുടെ വിമാനങ്ങളിലാണ് ഏറ്റവും കൂടുതൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്. ഇൻഡിഗോയുടെ, പരിശോധിച്ച 405 വിമാനങ്ങളിൽ 148 എണ്ണത്തിലും തകരാറുകൾ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയുടെ കാര്യത്തിൽ സ്ഥിതി കൂടുതൽ ഗുരുതരമാണ്. പരിശോധിച്ച 166 വിമാനങ്ങളിൽ 137 എണ്ണത്തിലും ആവർത്തിച്ചുള്ള തകരാറുകൾ കണ്ടെത്തി. എയർ ഇന്ത്യ എക് സ്പ്രസിന്റെ 101 വിമാനങ്ങളിൽ 54 എണ്ണത്തിലും സമാനമായ പ്രശ്നങ്ങളുണ്ട്.
270 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് എയർ ഇന്ത്യയിൽ നടത്തിയ പ്രത്യേക ഓഡിറ്റിൽ നൂറോളം സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.പൈലറ്റുമാരുടെ പരിശീലനത്തിലെ കുറവ്, അന്താരാഷ്ട്ര വിമാനങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യം, ജോലി സമയ പരിധി ലംഘിച്ചുള്ള സർവീസുകൾ എന്നിവയും സുരക്ഷാ ഭീഷണി ഉയർത്തുന്നു.കാലാവധി കഴിഞ്ഞ അടിയന്തര സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചും അനധികൃതമായി കോക്ക്പിറ്റിൽ പ്രവേശനം അനുവദിച്ചും വിമാനങ്ങൾ സർവീസ് നടത്തുന്നത് അതീവ ഗുരുതരമാണെന്ന് കമ്മിറ്റി വിലയിരുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എയർ ഇന്ത്യയ്ക്ക് മാത്രം ഒമ്പത് തവണ ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.വ്യോമയാന മേഖലയിൽ അടിയന്തരമായ സുരക്ഷാ പരിഷ്കരണങ്ങൾ വേണമെന്ന് കമ്മിറ്റി സർക്കാരിനോട് ശിപാർശ ചെയ്തു.
🔹കർണാടകയിലെ ഹാസനിൽ പ്രീ-വെഡിംഗ് ഷൂട്ടിംഗിനിടെ ഒരു സംഘം ആളുകൾ ചേർന്ന് ഫോട്ടോഗ്രാഫർമാരെ ക്രൂരമായി മർദിച്ചു. നവി, നന്ദൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ആഷി, പ്രശാന്ത്, രക്ഷ, അരവിന്ദ്, ഉച്ചിത്, പ്രജ്വാൾ, നിഷാന്ത് എന്നിവർ അറസ്റ്റിലായി. ബെട്ടാഡ ഭൈരവേശ്വര ക്ഷേത്രത്തിലാണ് സംഭവം.ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രാഫർമാർ ചെരുപ്പിട്ട് പ്രവേശിച്ചുവെന്ന് ആരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് പറഞ്ഞ അക്രമികൾ ഇരുവരെയും മർദിക്കുകയായിരുന്നു. പിന്നീട് കാമറ തകർക്കുകയും ചെയ്തു.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പ്രതികൾക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🔹ഐപിഎൽ 2026 ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കി. എതിരാളികൾ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പതിനാറാം ഓവറിൽ മറികടന്നാണ് ആർസിബി വരവറിയിച്ചത്. ബൗളർമാരെ രണ്ടാം വിക്കറ്റിൽ വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ഉയർത്തിയ 101 റൺസിന്റെ കൂട്ടുകെട്ടാണ് കാര്യങ്ങൾ ബെംഗളുരുവിന് എളുപ്പമാക്കിയത്. കോഹ്ലി 38 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്നപ്പോൾ, മലയാളിയായ ദേവ്ദത്ത് പടിക്കൽ 26 പന്തിൽ 61 റൺസുമായി തിളങ്ങി. നായകൻ രാജത് പട്ടീദാർ 12 പന്തിൽ 31 റൺസുമായി തിളങ്ങി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 201/9 എന്ന സ്കോർ നേടി.നായകൻ ഇഷാൻ കിഷൻ 38 പന്തിൽ 80 റൺസുമായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ, അനികേത് വർമ്മ (43)യും ഹെൻറിക് ക്ലാസനും (31) നിർണായക സംഭാവന നൽകി. ആർസിബി ബൗളർമാരിൽ ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേഡും മൂന്ന് വിക്കറ്റ് വീതം നേടി. ഈ ജയത്തോടെ സീസണിന് ശക്തമായ തുടക്കമാണ് ബെംഗളൂരു ടീം കുറിച്ചത്.
🔹ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ തന്നെ ചെന്നൈ സൂപ്പർ കിങ്സിന് വലിയ തിരിച്ചടി. കാലിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് ഇതിഹാസതാരം എം എസ് ധോണി രണ്ടാഴ്ച്ച കളത്തിന് വെളിയിലിരിക്കും. ഇതോടെ 45 കാരനായ വിക്കറ്റ് കീപ്പറിന് ചെന്നൈയുടെ ആദ്യഘട്ടത്തിലെ മത്സരങ്ങളിൽ കളിക്കാൻ പറ്റില്ലെന്ന് ഉറപ്പായി.കാലിനേറ്റ പരിക്കിൽ നിന്ന് സുഖം പ്രാപിക്കുന്നതിനാൽ എം.എസ്. ധോണി ഐ.പി.എൽ 2026 ലെ ആദ്യ രണ്ടാഴ്ച കളിക്കാൻ സാധ്യതയില്ല. ധോണിയുടെ അഭാവത്തിൽ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ്കീപ്പർ ആകുവാനാണ് സാധ്യത.മാർച്ച് 30 ന് ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരം. ഇത് കൂടാതെ ആദ്യ രണ്ടാഴ്ചകളിൽ, പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കെതിരെയും ചെന്നൈക്ക് മത്സരങ്ങൾ ഉണ്ട്. നായകനെന്ന നിലയിൽ ചെന്നൈ ടീമിനെ അഞ്ചു തവണ ഐപിഎൽ ജേതാക്കളാക്കിയ ധോണി, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനാണ്.
🔹ആഗോളതലത്തിൽ വലിയ തരംഗമായിക്കൊണ്ടിരിക്കുന്ന ‘ധുരന്ധർ 2′ എന്ന സിനിമയെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.ആദിത്യ ധർ സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ കാണാൻ ആരാധകർ തീയേറ്ററുകളിലേക്ക് ഒഴുകുമ്പോൾ, അതിനിടയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളും വൈറലാകുന്നുണ്ട്.രാത്രി വൈകിയുള്ള ഷോകള്‍ ബുക്ക് ചെയ്ത് പുലർച്ചെ വീട്ടിലേക്ക് മടങ്ങാൻ പെടാപ്പാട് പെടുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്.സിനിമയോടുള്ള ആവേശം മൂത്ത് രാത്രി 11:55-ന്റെ ഷോ കണ്ടിറങ്ങിയ യുവാവ്, പുലർച്ചെ വീട്ടിലേക്ക് മടങ്ങാൻ വാഹനമൊന്നും കിട്ടാതെ വലയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒടുവിൽ ജോലിക്കായി നേരത്തെ ഇറങ്ങിയ ഒരു പാൽക്കാരൻ അങ്കിളിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് ഇയാൾക്ക് യാത്ര ചെയ്യേണ്ടി വന്നു.മഞ്ഞ തലപ്പാവു ധരിച്ച് ബൈക്കിന് പിന്നിലിരുന്ന് ഉറക്കം തൂങ്ങുന്ന ഇയാളുടെ അവസ്ഥ സിനിമ കണ്ടിറങ്ങിയ പലർക്കും റിലേറ്റബിൾ ആയി തോന്നി. വിജനമായ റോഡുകളിലൂടെ പാൽക്കാരന്റെ ബൈക്കിൽ പോകുന്ന ഇയാൾ, തനിക്ക് ലിഫ്റ്റ് നൽകിയ ആൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് വീഡിയോ പങ്കുവെച്ചത്.ഈ രസകരമായ കാഴ്ച കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ തമാശരൂപേണയുള്ള കമന്റുകളുമായി രംഗത്തെത്തി. തീയേറ്ററുകളിൽ പുലർച്ചെ രണ്ട് മണിക്കും മറ്റും സ്പെഷ്യൽ ഷോകൾ നടക്കുന്നത് സിനിമയുടെ വൻ വിജയത്തെയാണ് സൂചിപ്പിക്കുന്നത്.ഏകദേശം നാല് മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രം കണ്ടിറങ്ങുമ്പോൾ പുലർച്ചെയാകുന്നത് സ്വാഭാവികമാണെന്നും, വൻ തുക നൽകി ക്യാബ് വിളിക്കുന്നതിനേക്കാൾ ലാഭകരമായ യാത്രയാണിതെന്നുമാണ് ചിലരുടെ അഭിപ്രായം. ഇതിനോടകം തന്നെ കോടികൾ ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയ ഈ ചിത്രം, രൺവീർ സിംഗിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിക്കഴിഞ്ഞു.
🔹പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ഭീഷ്മർ തിയറ്ററുകളിൽ മുന്നേറുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഭീഷ്മർ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറുകയാണ്.ഡ്രീംബിഗ് ഫിലിംസാണ് ചിത്രത്തിന്റെ നിർവഹിക്കുന്നത്. മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മർ. സൂപ്പർ ഹിറ്റായ കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് രഞ്ജിൻ രാജും, “പാൽനിലാ പുഞ്ചിരി’ എന്ന ഗാനത്തിന് കെ.എ. ലത്തീഫും സംഗീതം നൽകിയിരിക്കുന്നു.
💦 ഗുരുജിയുടെ വാക്കുകൾ
പ്രണയബന്ധങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം പലപ്പോഴും നമ്മുടെ മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നു. വൈകാരികമായ വിക്ഷോഭങ്ങൾ ഒഴിവാക്കുക തന്നെ വേണം. നമുക്കു വേണ്ട ദിശയിലേക്കു ജീവിതത്തെ തിരിച്ചു വിടണമെങ്കിൽ ഏകാഗ്രത അത്യാവശ്യമാണ്. മനസ്സിൽ നിന്ന് ആവശ്യമില്ലാത്ത ഭാരങ്ങൾ ഇറക്കിവക്കണം. ഓരോ ബന്ധവും ആരംഭിക്കുമ്പോഴും, പുതിയ ശീലങ്ങൾ തുടങ്ങുമ്പോഴും, നാം സ്വയം ചോദിക്കണം; ‘ഇതൊരു ചക്രവ്യൂഹമാകുമോ? ഇതിൽ നിന്നു പുറത്തിറങ്ങാൻ കഴിയുമോ?’ സ്വയം അഭിമന്യൂവാകാൻ ആർക്കും ആഗ്രഹമില്ല. ചക്രവ്യൂഹമായി മാറാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്നു ബോധപൂർവം ഒഴിഞ്ഞുമാറാനായാലേ ജീവിതവിജയം ഉറപ്പിക്കാൻ കഴിയൂ.




👍