🔹മധ്യപൂർവേഷ്യ സംഘർഷാവസ്ഥയിൽ നിലനിൽക്കവെ ഇന്ത്യൻ പൗരന്മാർ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന നിർദേശവുമായി ഇന്ത്യ. സംഘർഷങ്ങളുടെ പ്രഭവകേന്ദ്രങ്ങളായ ഇസ്രയേലിലെയും ഇറാനിലെയും ഇന്ത്യൻ പൗരന്മാർ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും ഇന്ത്യൻ എംബസികൾ അറിയിച്ചിട്ടുണ്ട്.സംഘർഷസാധ്യത നിലനിൽക്കുന്ന മിഡിൽ ഈസ്റ്റിലെ യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും ആവശ്യമായ മുൻകരുതലുകളെടുക്കാൻ ഇന്ത്യൻ പൗരർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിനുള്ളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരർ ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശത്തിൽ പറയുന്നു.cons1.telaviv<\@>mea.gov.in എന്നതാണ് ഇസ്രയേലിലെ ഇന്ത്യൻ എംബസിയുടെ മെയിൽ. +972547520711, +972542428378 എന്ന നന്പറിലും ബന്ധപ്പെടാം. ഇറാനിലുള്ള ഇന്ത്യൻ പൗരർ പരമാവധി വീടുകൾക്കുള്ളിൽതന്നെ കഴിയണമെന്നും വാർത്തകൾ നിരീക്ഷിച്ച് സാഹചര്യ അവബോധം നിലനിർത്തണമെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്.
+989128109115, +989128109109, +989128109102, +989932179359 എന്നിവയാണ് ഇറാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ.അതേസമയം, പ്രവാസികളായ മലയാളികൾക്കുവേണ്ടി നോർക്ക റൂട്ട്സും ഹെൽപ്ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെൽപ് ഡെസ്ക് നന്പറുകളായ +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നന്പർ, ഇന്ത്യയിൽനിന്ന്) എന്നിവയുമായി ബന്ധപ്പെടാം.
🔹 ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 115 ആയി. സ്കൂളിന് നേരെയുണ്ടായ ആക്രമണം ക്രൂരമായ പ്രവൃത്തിയാണെന്നും ആക്രമണകാരികൾ നടത്തിയ എണ്ണമറ്റ കുറ്റകൃത്യങ്ങളുടെ രേഖയിലെ മറ്റൊരു കറുത്ത പേജ് ആണെന്നും പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു.
🔹ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്(86) കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഇറാനിയൻ മാധ്യമങ്ങളാണ് ഖമനയ്യുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അമേരിക്കയുടെയും ഇസ്രയേലിന്റെയും അവകാശവാദങ്ങൾ ശരിവയ്ക്കുകയാണ് ഇറാനിയൻ മാധ്യമങ്ങൾ.ഫാർസ്, തസ്നീം ഉൾപ്പെടെയുള്ള ഇറാനിയൻ മാധ്യമങ്ങളാണ് ഖമനയ്യുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാൻ 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖമനയ്യുടെ പിൻഗാമി ആരെന്ന ചോദ്യമാണ് നിലവിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
🔹ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. ദുബായി വിമാനത്താവളത്തിന് നേരെ നടന്ന ഇറാന്റെ ആക്രമണത്തിൽ വിമാനത്താവളത്തിൽ നേരിയ നാശനഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം.വിമാനത്താവളത്തിലെ നാല് ജീവനക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.
അതേസമയം യുഎഇയിൽ ഇറാൻ അതിശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. 137 മിസൈലുകളും 209 ഡ്രോണുകളും ഇതുവരെ ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതായാണ് പുറത്തുവരുന്ന വിവരം. ഇതിൽ 14 ഡ്രോണുകളാണ് യുഎഇയിൽ പലയിടത്തായി പതിച്ചത്.
🔹അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരേ തുടങ്ങിയ ആക്രമണവും ഗൾഫ് മേഖലയിലാകെയുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളും പ്രവാസികളെയും ഇന്ത്യയുടെ ഊർജസുരക്ഷയെയും സന്പദ്വ്യവസ്ഥയെയും അപകടത്തിലാക്കി.ഇറാനിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിൽനിന്നും തിരിച്ചുമുള്ള വിമാനസർവീസുകൾ റദ്ദാക്കിയതു ലക്ഷക്കണക്കിനു മലയാളികൾ അടക്കമുള്ള പ്രവാസി ഇന്ത്യക്കാരെ ആശങ്കയിലാക്കി. ഇസ്രയേലിലും ഇറാനിലും ആക്രമണസാധ്യതയുള്ള മേഖലയിലെ മറ്റു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെ സുരക്ഷയും പ്രതിസന്ധിയിലാണ്.ക്രൂഡ് ഓയിൽ, സ്വർണം, വെള്ളി വിലകളെയും ഓഹരിവിപണികളെയും സംഘർഷം ബാധിക്കുന്നതോടെ, രാജ്യത്ത് വിലക്കയറ്റത്തിനു വഴിതെളിക്കും.ഇന്ത്യയിലെ സാധാരണക്കാരെപ്പോലും പലതരത്തിൽ ദോഷകരമായി ബാധിക്കുന്ന യുദ്ധം കൂടുതൽ കാലത്തേക്കു നീണ്ടാൽ സ്ഥിതി രൂക്ഷമാകും. രണ്ടു ദിവസത്തെ അവധി കഴിഞ്ഞു തിങ്കളാഴ്ച ഓഹരിവിപണി തുറക്കുന്പോഴേക്കും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തിരിച്ചടികൾ പ്രതിഫലിക്കും.
🔹സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുമെന്ന് സർക്കാർ ഉത്തരവ്. വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശന്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേർഡ് പെൻഷൻ സ്കീമിലെ പരമാവധി പെൻഷൻ തുക.ഇതു സംസ്ഥാന സർക്കാർ അനുവദിച്ച ശന്പള സ്കെയിൽ അടിസ്ഥാനമാക്കിയാകും കണക്കാക്കുക. ക്ഷാമാശ്വാസവും (ഡിആർ) ഇതിനൊപ്പമുണ്ടാകും. പരമാവധി പെൻഷൻ ലഭിക്കുന്നതിന് 30 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം.
നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് (നാഷണൽ പെൻഷൻ സ്കീം) പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മിനിമം പെൻഷൻ ഉറപ്പാക്കുന്ന അഷ്വേർഡ് പെൻഷൻ സ്കീം 2026 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാക്കുമെന്നു പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.2026 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് അഷ്വേർഡ് പെൻഷൻ പദ്ധതിയോ നാഷണൽ പെൻഷൻ പദ്ധതിയോ തെരഞ്ഞെടുക്കാം. നിലവിൽ നാഷണൽ പെൻഷൻ സ്കീമിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ സ്കീം തെരഞ്ഞെടുക്കാനും അവസരമുണ്ട്.പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഉത്തരവുകൾ പ്രത്യേകമായി ഇറക്കുമെന്നും ധനവകുപ്പ് അറിയിച്ചു. അതേസമയം, ഇപ്പോൾ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതി തട്ടിപ്പാണെന്നും പങ്കാളിത്ത പെൻഷൻ പദ്ധതിക്കു സമാനമായ വ്യവസ്ഥകൾ മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിച്ചു.
🔹കുട്ടമ്പുഴ താലിപ്പാറയ്ക്കു സമീപം കച്ചോലപ്പാറയിൽ കാട്ടാനക്കൂട്ടം വീട് ആക്രമിച്ചു. വീട്ടിൽനിന്ന് ആരും പുറത്തിറങ്ങാത്തതിനാൽ ആളപായമുണ്ടായില്ല. ഇന്നലെ പുലർച്ചെ മൂന്നോടെ വലിയവെളിയിൽ പങ്കജാക്ഷിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. മേൽക്കൂരയും വാട്ടർ ടാങ്കും തകർത്തു.
കാർഷികവിളകളും നശിപ്പിച്ചു.ഉരുളൻതണ്ണി-പിണവൂർക്കുടി റോഡിൽ വാഹനങ്ങൾക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുന്നത് കാൽനട, വാഹന യാത്രികർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യബസുകൾക്കു നേരെ കാട്ടാന പാഞ്ഞടുത്തെങ്കിലും ഹോണടിച്ചും ബഹളംവച്ചും ആനകളെ പിന്തിരിപ്പിക്കുകയായിരുന്നു.
അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ റോഡിൽ ആനകൾ നിൽക്കുന്നതു ദൂരെ നിന്നു തന്നെ കാണുന്നതിനായി റോഡരികിലെ അടിക്കാട് നാട്ടുകാർ തന്നെയാണ് വെട്ടിത്തെളിച്ചത്.
🔹ആനിക്കാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. വൈപ്പിൻ സ്വദേശി സുമൻ ബാബുവിനാണ് പരിക്കേറ്റത്. ആനിക്കാട് ചിറപ്പടി തിരുവംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം.മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബസും വാഴക്കുളം ഭാഗത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സുമൻ ബാബുവിനെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആമസോൺ ഡെലിവറി ജീവനക്കാരനാണ് സുമൻ.
🔹തിരുവനന്തപുരത്ത് തോറ്റം പാട്ടു കേട്ടു മനമലിഞ്ഞ കൊടുങ്ങല്ലൂർ ഭഗവതി ആറ്റുകാലമ്മയായി കുടിയിരിക്കുമ്പോൾ ചൊവാഴ്ചത്തെ പ്രഭാതത്തിനായി ലക്ഷക്കണക്കിനു സ്ത്രീജനങ്ങൾ കാത്തിരിപ്പാണ്, പഞ്ചഭൂതങ്ങൾ ചേരുന്ന നിവേദ്യം പൊങ്കാലയായി അർപ്പിച്ചു നിർവൃതി അടയാൻ.വഴിപാടിൽ പ്രീതിപ്പെട്ടു നേർച്ചവിളക്കും കുത്തിയോട്ടവുംകണ്ടു താലപ്പൊലിയോടെ ദേവി പുറത്തെഴുന്നള്ളും. മണക്കാട് ശ്രീധർമ ശാസ്താക്ഷേത്രത്തിലെ സഹോദരനെക്കണ്ട് രാപാർത്ത് പൂജയിൽ പ്രീതയായി ഉച്ചയോടെ ദേവി ആറ്റുകാൽ ക്ഷേത്രത്തിൽ തിരിച്ചെത്തും. രാത്രി 9.45ന് കാപ്പഴിച്ചു കുടിയിളക്കിയാൽ പിന്നെ കുരുതിയാണ്. അർധരാത്രി 12.45 ന് കുരുതിത്തറയിൽ തൃപ്തയായി ശാന്തമായി ദേവി ചൈതന്യ ശക്തിയാകും. അപ്പോൾ ലക്ഷങ്ങളുടെ മനസിൽ സായൂജ്യദീപങ്ങൾ പ്രഭ ചൊരിയും.ചൊവ്വാഴ്ചയാണു വിശ്വപ്രസിദ്ധമായ പൊങ്കാല. രാവിലെ 9.45 നു പണ്ടാര അടുപ്പിൽനിന്നു പകരുന്ന പഞ്ചഭൂതാംശമായ അഗ്നി ഓരോ സവിതാവിലേക്കും കൈമാറും. മണ്കലങ്ങളിൽ, വേവാർന്നെത്തുന്ന നിവേദ്യം ഉച്ചയ്ക് 2.15ന് ദേവിക്കായി നിവേദിക്കും. ആ നിവേദ്യങ്ങളിൽ പൂജാരിമാർ തളിക്കുന്ന തീർഥജലത്തോടൊപ്പം ഉയരുന്നത് ഓരോ ഭക്തയുടെയും അമ്മേ വിളിയാണ്. ആ ആത്മസംതൃപ്തിയിൽ ഉടൻ മടങ്ങേണ്ടതുണ്ട്.
കാരണം അന്നു ചന്ദ്രഗ്രഹണമാണ്. ഉച്ചകഴിഞ്ഞു 3.10 മുതൽ ഏഴു വരെ ക്ഷേത്രനട അടയ്ക്കും. ഏഴു കഴിഞ്ഞാൽ അഞ്ഞൂറിലേറെ കുത്തിയോട്ട സംഘങ്ങൾ കൂട്ടത്തോടെ വരുന്നതിനാൽ ബാലികമാരുടെ താലപ്പൊലി നേർച്ചകൾ ഉച്ചയോടെയെങ്കിലും എത്തേണ്ടതുണ്ട്.
പൊങ്കാലയ്ക്ക് ഇനിയും രണ്ടു ദിവസം കൂടി ഉണ്ടെങ്കിലും ഇപ്പോൾ തന്നെ ക്ഷേത്ര പരിസരങ്ങൾ മാത്രമല്ല ചുറ്റുമുള്ള റോഡുകളും ഇടവഴികളുമെല്ലാം നിറഞ്ഞു കഴിഞ്ഞു. വിവിധ സർക്കാർ വകുപ്പുകളിലായി ആയിരത്തിലേറെ ഉദ്യോഗസ്ഥരും അയ്യായിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തു ക്യാ ന്പു ചെയ്തിട്ടുണ്ട്. മണ്ക്കലങ്ങളും പൂജാസാധനങ്ങളും വിൽക്കുന്ന സ്റ്റാളുകളും മറ്റു കച്ചവടക്കാരും കൈയടക്കിയ പാതയോരങ്ങളിൽ കയറു കെട്ടി പൊങ്കാല ബുക്കിംഗ് ബോർഡുകളും നിരന്നിട്ടുണ്ട്. ഇത്തരം റോഡ് ബുക്കിംഗുകൾ നഗരത്തിലെന്പാടും മാത്രമല്ല 10 കിലോമീറ്റർ അകലെപ്പോലും ദ്യശ്യമാണ്.
🔹ചാല മാര്‍ക്കറ്റിലേക്ക് പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. ശനിയാഴ്ച്ച അതിരാവിലെ മൂന്നരമണിക്കായിരുന്നു അപകടം. തമിഴ്നാട്ടിലെ കാവല്‍കിണറില്‍ നിന്നും ചാല മാര്‍ക്കറ്റിലേക്ക് പച്ചക്കറിയുമായിവന്ന ലോറിയാണു പാറശാലയ്ക്കു സമീപം ഇഞ്ചിവിളയില്‍ റോഡ് വക്കിലേക്കു മറിഞ്ഞത്.
ലോറിയിലുണ്ടായിരുന്ന പച്ചക്കറികള്‍ റോഡില്‍ ചിന്നിച്ചിതറി. ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ മൈലാടി സ്വദേശി ശിവയെ (39) നിസാരപരിക്കുകളോടെ പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ ഉറക്കത്തിലായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
വേഗത്തിലെത്തിയ ലോറിയുടെ ബ്രേക്ക് കുത്തിറക്കത്തില്‍ പെട്ടെന്ന് ചവിട്ടിയതാണ് അപകടകാരണം. ലോറിയും പച്ചക്കറികളും അപകടസ്ഥലത്തുനിന്നും മാറ്റിയശേഷം അപകടാവസ്ഥയില്‍ ലോറിയില്‍നിന്നും റോഡിലേക്ക് പതിച്ച ഓയില്‍ പാറശാലനിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി കഴുകി വൃത്തിയാക്കി. അപടസമയത്ത് റോഡില്‍ കാല്‍നട യാത്രക്കാരോ മറ്റു വാഹനങ്ങളോ ഇല്ലാത്തത് കാരണം വന്‍ അപകടം ഒഴിവായി.
🔹തൃശൂരിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എ സാബുവിനെതിരെ പരാതികൾ വ്യാപകം. ജോലി വാഗ്ദാനം ചെയ്ത് കോലഴി സ്വദേശിയായ സ്ത്രീയിൽ നിന്ന് 10 ലക്ഷം തട്ടിയതായും പരാതി. എൻ.എ സാബു ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്നാണ് പുറത്തു വരുന്ന വിവരം.
അഞ്ചേരി സ്വദേശിയായ ഔസേപ്പിൻ്റെ 27.5 ലക്ഷം തട്ടിയ കേസിനു പിന്നാലെ, കോലഴി സ്വദേശിയായ സ്ത്രീയും പരാതി നൽകി. ഇവരിൽ നിന്ന് അർബൻ ബാങ്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപയാണ് വാങ്ങിയത്. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ കോലഴി സ്വദേശിയായ പ്രിൻസി വിയൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
🔹ഉറക്കത്തിനിടെ വീട്ടമ്മയുടെ ഒന്നേമുക്കാലോളം പവന്റെ സ്വർണമാലയുമായി കടന്ന് മോഷ്ടാവ്. കോഴിക്കോട് ബേപ്പൂര്‍ അരക്കിണറിൽ പുലർച്ച ഒന്നോടെയാണ് സംഭവം.പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നെല്ലിശേരി കുത്തുപ്പാറ പറമ്പില്‍ ഷെര്‍ലി(49)യുടെ കഴുത്തില്‍ നിന്നാണ് മാല മോഷ്ടിച്ചത്.വീടിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. ബേപ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
🔹ലോകം കണ്ട ഏറ്റവും വലിയ അതിജീവന മാതൃകയാണ് മുണ്ടക്കൈ ചൂരൽമലയെന്നത്. ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ടവരെ ചേർത്ത് നിർത്തിയ ഇടതുപക്ഷ സർക്കാരിന്റെ ചിറകേറി പുതിയ സ്വപ്നങ്ങളാണ് വയനാട്ടിലുണ്ടായാത്. ആദ്യ ഘട്ടമെന്ന നിലയിൽ വയനാട് ടൗൺഷിപ്പിൽ നിർമിച്ച 178 വീടുകളുടെ താക്കോൽദാനം ഇന്ന് മുഖ്യമന്ത്ര പിണറായി വിജയൻ അതിജാവിതർക്ക് നൽകും. സർക്കാരിൻ്റെ നിശ്ചയദാർഢ്ത്തിൻ്റെ നേർസാക്ഷ്യം കൂടിയാണ് വയനാട് മുണ്ടക്കൈ ചൂരൽമല. അത്യാധുനിതക സൗകര്യങ്ങളോട് കൂടി ഒരുക്കിയ ടൗൺഷിപ്പ് കാണാൻ കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് എൽസ്റ്റൺ എസറ്റേറ്റിലേക്ക് എത്തുന്നത്.
ഇന്നലെ രാത്രി മുതൽ തന്നെ നിരവധി പേരാണ് ചുരം കയറി വയവനാട്ടിലെത്തിയത്. ചടങ്ങിൽ പങ്കാളികളാകാൻ മുഴുവൻ ജനങ്ങളേയും മുഖ്യമന്ത്രി വയനാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇന്ന് പകൽ 11 മണിക്കാണ് മുഖ്യമന്ത്രി താക്കോലുകൾ കൈമാറുക.പുതിയ ടൗൺഷിപ്പിലെ ഓരോ വീടും അതിശക്തമായ ആർ.സി.സി. ഫ്രെയിംഡ് ഘടനയിലാണ് നിർമ്മിക്കുന്നത്. ഭൂകമ്പത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ഷിയർ ഭിത്തികൾ (Shear walls), പ്ലിംത്ത് ബീം, റൂഫ് ബീം എന്നിവ വീടുകൾക്ക് അചഞ്ചലമായ കരുത്ത് നൽകുന്നു. സോളിഡ് ബ്ലോക്ക് ഉപയോഗിച്ചുള്ള ഭിത്തികളും സിമന്റ് പ്ലാസ്റ്ററിംഗും ഈ നിർമ്മിതികളുടെ ദൃഢത ഉറപ്പാക്കുന്നു.
🔹30000 രൂപ കൈക്കൂലി വാങ്ങിയ ആളെ പിടികൂടാനുള്ള ശ്രമത്തിനിടെ പുറത്ത് വന്നത് രാജ്യത്തെ ഏറ്റവും വലിയ കൈക്കൂലി പണം പിടികൂടലിലേക്ക്. ഒഡിഷയിലെ കട്ടക്കിലാണ് സംഭവം. ബുധനാഴ്ചയാണ് ഒഡിഷയിലെ വിജിലൻസ് സംഘം കട്ടക്കിലെ മൈനുകളുടെ ഡെപ്യൂട്ടി ഡയറക്ടറായ ദേബബ്രത മൊഹന്തിയെ പിടികൂടിയത്. 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. എന്നാൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയത് നാല് കോടി രൂപയാണ്. അഞ്ഞൂറിന്റേയും ഇറുനൂറിന്റേയും നൂറിന്റെയുമായി സൂക്ഷിച്ച 4 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ട് കെട്ടിയത്.
🔹ഇറാനിലേക്ക് അമേരിക്കയും ഇസ്രയേലിലും നടത്തിയ സംയുക്ത ആക്രമണത്തെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ആയിരങ്ങൾ അണിനിരന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. തെഹ്റാനിൽ നടന്ന ആക്രമണത്തിൽ നിരവധി പൗരന്മാർ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടേയും പരമോന്നത നേതാവ് ഖമനേയി കൊല്ലപ്പെട്ടുവെന്ന് ട്രംപ് ആദ്യഘട്ടത്തിൽ പോസ്റ്റ് പങ്കുവച്ചതിനും പിന്നാലെയുമാണ് വൈറ്റ് ഹൗസിന് മുന്നിലും ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും ഉൾപ്പെടെ പ്രതിഷേധക്കാർ തെരുവുകളിലേക്കിറങ്ങിയത്.പ്രകടനത്തിൽ പങ്കെടുത്തവർ യു.എസ്. സൈനിക ഇടപെടലിനെ വിമർശിക്കുകയും, രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തേക്കു നയിക്കുന്നതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രവർത്തിക്കുന്നതായി ആരോപിക്കുകയും ചെയ്തു. “കോണഗ്രസിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ ഒരു പ്രസിഡന്റിനും അധികാരം ഇല്ല. എന്നാൽ ട്രംപ് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നടപ്പാക്കുകയാണ്” എന്നായിരുന്നു പ്രതിഷേധക്കാർ ഉയർത്തുന്ന മുദ്രാവാക്യങ്ങളിലൊന്ന്.
🔹പിതാവിന്റെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ താരം റിങ്കു സിംഗ് കൊൽക്കത്തയിൽ ടീമിനൊപ്പം ചേർന്നു. വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ-8 പോരാട്ടത്തിന് മുന്നോടിയായാണ് താരം കോൽക്കത്തയിൽ എത്തിയത്.കരളിലെ ക്യാൻസറിനോട് പോരാടിയ റിങ്കുവിന്റെ പിതാവ് ഖാൻചന്ദ് സിംഗ് ഗ്രേറ്റർ നോയിഡയിലെ യഥാർഥ് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. മരണവാർത്ത അറിഞ്ഞയുടൻ ചെന്നൈയിൽനിന്നും ജന്മനാടായ അലിഗഡിലേക്ക് തിരിച്ച റിങ്കു സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും ടീമിനൊപ്പം ചേരുന്നത്.
പിതാവിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ വിങ്ങിപ്പൊട്ടുന്ന റിങ്കുവിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ കണ്ണ് നിറച്ചിരുന്നു.
ഇതിന് മുന്‍പ് പിതാവിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് താരം ടീമിൽനിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോയിരുന്നു.
നില മെച്ചപ്പെട്ടതിനെ തുടർന്ന് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും അധികം വൈകാതെ ആദ്ദേഹം മരണത്തിന് കീഴടങ്ങി.
റിങ്കു ടീമിനൊപ്പം ചേർന്നെങ്കിലും വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
🔹 ട്വന്റി20 ലോകകപ്പിലെ സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. കോൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കുന്ന മത്സരം ജയിക്കുന്ന ടീമിന് സെമിയിൽ സ്ഥാനം ഉറപ്പിക്കാം. തോൽക്കുന്നവർ ടൂർണമെന്റിൽനിന്ന് പുറത്താകും എന്നതിനാൽ ഫൈനലിന് മുന്‍പുള്ള ഫൈനലായി മത്സരം മാറും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക സിംബാബ്വെയെ നേരിടും.സൂപ്പർ എട്ട് ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രക്കയോട് 76 റണ്‍സിന്റെ വൻ തോൽവി ഏറ്റുവാങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. എന്നാൽ സിംബാബ്വെയ്ക്കെതിരായ രണ്ടാം മത്സരത്തിൽ വന്പൻ ജയത്തിലൂടെ ഇന്ത്യ കരുത്ത് തെളിയിച്ചു.
ബാറ്റിംഗ് ഓർഡറിൽ ടോപ്പിലേക്ക് മലയാളി താരം സഞ്ജു സാംസണ് വന്നതോടെ ഇടം വലം ഓപ്പണിംഗ് കോന്പിനേഷനൊപ്പം ടോപ്പ് ഓർഡർ ബാലൻസിംഗുമായി.
സ്കോർ കുതിച്ചു. ഇത് തുടരുകയാണ് ഇന്നത്തെ മത്സരത്തിലും ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ടൂർണമെന്റിൽ കരുത്തരായി മുന്നേറിയ വിൻഡീസിനെ നേരിടുന്പോൾ ഇന്ത്യക്ക് ജീവൻ മരണ പോരാട്ടമെന്ന സമ്മർദം അതിജീവിക്കേണ്ടതുണ്ട്. വിൻഡീസും സൂപ്പർ എട്ടിൽ തോൽവി വഴങ്ങിയത് ദക്ഷിണാഫ്രിക്കയോട് ആയിരുന്നു.
🔹കേരളത്തെ ഞെട്ടിച്ച ഒരു പ്രമുഖ രാഷ്ട്രീയ കൊലപാതകത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സംഹാര താണ്ഡവം എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. എസ്ജി പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ നായർ, ഗിരീഷ് കെ.ആർ. എന്നിവർ നിർമിക്കുന്ന ഈ ചിത്രം നവാഗതനായ ജിനേഷ് മുകുന്ദൻ സംവിധാനം ചെയ്യുന്നു.എസ് ജി പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ നായർ, ഗിരീഷ് കെ.ആർ. എന്നിവർ നിർമിക്കുന്ന സംഹാര താണ്ഡവം ജിനേഷ് മുകുന്ദൻ സംവിധാനം ചെയ്യുന്നു. കാമറ – എഡിറ്റിംഗ് – വിഷ്ണു റോയൽ, തിരക്കഥ – ഇന്ദ്ര പ്രതാപ്, സനീഷ് ഇല്ലിക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രദീപ് കുമാർ, സിന്ധു വി. നായർ.
ഫിറോഷ് മോഹൻ, റിഷി സുരേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിയാൻ, ശരണ്യ വിശാഖ്, ആതിര വി.എ, സജി വാക്കനാട്, പ്രശോഭ, രാഹുൽ വെള്ളായണി, ശ്രീജിത്ത്, മഹാദേവൻ, ആൽബിൻ വർഗീസ്, അഖിൽ ഗുലുഗുൽ, വിഷ്ണു മണ്ണയം, നിഖിൽ എന്നിവർ അഭിനയിക്കുന്നു. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.കോ. പ്രൊഡ്യൂസർ – ഉണ്ണികൃഷ്ണൻ എം.പി., മനോജ് കുമാർ ചേർത്തല, അശ്വതി. എസ്., ബ്ലെസി ജോണിക്കുട്ടി, ഗാന രചന -ലിജോ കരംവേലിൽ, ലിജോ കുമ്പനാട്, ഉൻമേഷ് പൂങ്കാവ്, സംഗീതം -ജെറിൻ തോമസ് ജെറ്റ്, ആലാപനം -എം. ജി. ശ്രീകുമാർ, നജീം അർഷാദ്, മഞ്ജരി, ബാക്ക്ഗ്രൗണ്ട് സ്കോർ – അശ്വിൻ വർമ്മ, നൃത്ത സംവിധാനം – ബാബു ഫൂട്ട് ലൂസ്ർ, ഡോ.കല്പന കെ കൃഷ്ണൻ,ക്രീയേറ്റീവ് ഡയറക്ടർ, അഡിഷണൽ സ്ക്രിപ്റ്റ് – അതുൽ ഭുവനേന്ദ്, ആർട്ട് ഡയറക്ടർ- പ്രിൻസ് തിരുവാർപ്പ്,മേക്കപ്പ്- അനിൽ പൂജപ്പുര, വിജീഷ് പള്ളിച്ചൽ, ആക്ഷൻ – മാഫിയ ശശി, അതുൽ ഭുവനേന്ദ് , ഭരത് എം.എച്ച്,ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിറാജ് കിത്ത് നന്തി,അസോസിയേറ്റ് ഡയറക്ടർ- ഭരത് എം.എച്ച്, റിജിൻ സർക്കാർ, സുകന്യ, അസിസ്റ്റന്റേ ഡയറക്ടർസ് – മുനീർ, ആൽബിൻ, പ്രവീൺ പ്രകാശ്, ഷൈലജ, അപ്പു സണ്ണി.അസോസിയേറ്റ് സിനിമട്ടോഗ്രാഫർസ് – ഷാൻ, കൃഷ്ണ പ്രസാദ്,അസിസ്റ്റന്റ് സിനിമട്ടോഗ്രാഫർസ് – വിക്കി, സൂര്യ,പ്രൊഡക്ഷൻ കൺട്രോളർ- നിഖിൽ കുണ്ടറ, പബ്ലിസിറ്റി ഡിസൈൻ- സന്തോഷ് ആഡ് ആർട്സ്, ആഡ് ഫ്ലൈ, യൂണിറ്റ്- ചിത്രാഞ്ജലി. പിആർഒ – അയ്മനം സാജൻ.
💦 ഗുരുജിയുടെ വാക്കുകൾ
കുടുസ്സായ പ്രതലത്തില്‍ നിന്ന് കുറച്ചു കൂടി വിശാലമായ പ്രതലത്തിലേക്ക് ജീവിതത്തെ ചേര്‍ത്തുവെക്കുന്ന മനോഹാരിതയാണ് സാഹോദര്യം. ചുറ്റുമുള്ളവര്‍ തന്റെ സഹോദരനോ സഹോദരിയോ ആണെന്ന ബോധമാണ് സാഹോദര്യം. സാഹോദര്യമാണ് മനുഷ്യര്‍ക്കിടയില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിത്തുകള്‍ വിതക്കുന്നത്. ജീവിതത്തിന്റെ വ്യത്യസ്തമായ അടരുകളില്‍ സാഹോദര്യമുണ്ട്. പവിത്രമാണ് ജ്യേഷ്ഠനും അനിയനും സഹോദരിയും കഥാപാത്രങ്ങളായി വരുന്ന കുടുംബത്തിലെ സാഹോദര്യം. രക്തബന്ധത്താല്‍ സുദൃഢമായ സാഹോദര്യമാണിത്. _പഠനം, തൊഴില്‍, സമ്പര്‍ക്കം എന്നിവ വഴിയാണ് സാമൂഹ്യസാഹോദര്യം പിറവികൊള്ളുന്നത്. കുടുംബത്തിലെ സാഹോദര്യം പോലെ സ്ഥിരത സാമൂഹ്യസാഹോദര്യത്തിന് ഉണ്ടാവണമെന്നില്ല. അതിന്റെ തുടര്‍ച്ചയും സ്ഥിരതയും നിര്‍ണയിക്കുന്നത് വ്യക്തികളുടെ മനോഭാവവും സൗഹൃദവുമാണ്.




🙏