Monday, March 9, 2026
Homeഅമേരിക്കവനിതാ ദിനം - മാർച്ച് 8, 2026 ✍ മേരി ജോസി മലയിൽ, തിരുവനന്തപുരം.

വനിതാ ദിനം – മാർച്ച് 8, 2026 ✍ മേരി ജോസി മലയിൽ, തിരുവനന്തപുരം.

1857 മാർച്ച് എട്ടിന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവും ആണ് വനിതാദിനത്തിന് തുടക്കമായത്. ഈ ദിവസത്തിൽ ഞാനിന്ന് എഴുതാൻ പോകുന്നത് ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ചിരിച്ചുകൊണ്ട് നേരിട്ട് ചുറ്റും നിൽക്കുന്നവർക്കു കൂടി പ്രചോദനം ആകും വിധം ജീവിച്ചു കാണിക്കുന്ന ശ്രീമതി സുജാ പാറുകണ്ണിലിനെക്കുറിച്ചാണ്.

സാധാരണക്കാർ പൂർണ്ണമായും ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ഉണ്ടാകുന്ന പിഴവുകളെ കുറിച്ച് ഉള്ള വാർത്തകൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിലും പത്രവാർത്തകളിലും ചാനൽ ചർച്ചകളിലും നിറയുമ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടു പോലും ജീവിതത്തിൻറെ മധ്യഘട്ടത്തിൽ ഡോക്ടർമാരുടെ അനാസ്ഥ കൊണ്ട് മാത്രം അന്ധയായി തീർന്ന സുജ ആരോടും പരിഭവിക്കാനോ കലഹിക്കാനോ നിൽക്കാതെ, ആ തകർച്ചയിൽനിന്ന് കരകയറി ജീവിതം തിരിച്ചു പിടിച്ച സുജ – ആ ധീരവനിത എൻറെ സുഹൃത്ത് ആണെന്ന് പറയുന്നതിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു.

അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്ന് പ്രസീദ്ധീകരിക്കുന്ന “മലയാളി മനസ്സിന്റെ “പ്രിയ എഴുത്തുകാരിയെ ഞാൻ പരിചയപ്പെടുന്നത് കോട്ടയത്ത് വച്ച് നടന്ന മലയാളി മനസ്സിൻറെ സ്നേഹ സംഗമത്തിൽ വച്ചായിരുന്നു.

 

പ്രശസ്ത നർത്തകിയായ സുധാചന്ദ്രൻ തൻറെ കാലുകൾ നഷ്ടപ്പെട്ടതിനു ശേഷം പൊയ്ക്കാൽ വച്ച് നൃത്തം ചെയ്തതായി നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ കണ്ണിൻറെ കാഴ്ച നഷ്ടപ്പെട്ടതിനുശേഷം സുജ പ്രസിദ്ധീകരിച്ചത് മൂന്നു പുസ്തകങ്ങളാണ്.

“ഓലഞ്ഞാലികിളി” എന്ന ചെറുകഥാ സമാഹാരം പ്രശസ്ത എഴുത്തുകാരി എച്ച്മുക്കുട്ടി പ്രകാശനം ചെയ്യുകയുണ്ടായി.

വേദനകളുടെയും നഷ്ടപ്പെടലുകളുടെയും ലോകം ഞാനിതാ നിങ്ങൾക്കു മുന്നിൽ തുറന്നിടുന്നു എന്ന് പറഞ്ഞ് എഴുതിയ രണ്ടാമത്തെ പുസ്തകമാണ് “മിഴി നനയാതെ” എന്നത്. കഴിഞ്ഞ വർഷത്തെ അഷിത പുരസ്കാരം ഈ പുസ്തകത്തിന് ആയിരുന്നു. അത് പ്രകാശനം ചെയ്തത് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ.
മയ്യഴിപ്പുഴയുടെ തീരങ്ങളും ദൈവത്തിൻറെ വികൃതികളും ദൽഹിയും ഒക്കെ വായിക്കുമ്പോൾ എന്നെങ്കിലും ദൂരെനിന്ന് എങ്കിലും എം.മുകുന്ദനെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്ന സുജയുടെ കയ്യിലേക്ക് അഷിത പുരസ്കാരം വച്ച് കൊടുത്തത് ശ്രീ എം. മുകുന്ദൻ ആയിരുന്നു.അദ്ദേഹത്തിന്‍റെ കൈകൾ തന്റെ കൈകളെ ചേർത്ത് പിടിച്ചപ്പോൾ അവിസ്മരണീയമായ നിമിഷം എന്നാണ് എഴുത്തുകാരി ആ നിമിഷത്തെ കുറിച്ച് എന്നോട് പറഞ്ഞത്.

മൂന്നാമത്തെ പുസ്തകമായ “നിലാച്ചൂട്ട്” എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.

24 വർഷത്തെ ദീർഘമായ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സുജ “മിഴി നനയാതെ” എന്ന തൻറെ പുസ്തകവുമായി ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവം ആയ ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ പോവുകയുണ്ടായി. ഇന്ത്യൻ പവലിയൻ ഉദ്ഘാടക സുജ ആയിരുന്നു. അവിടെ മാതൃഭൂമിയുടെ സ്റ്റാളിൽ “മിഴി നനയാതെ “ അന്വേഷിച്ചു വരുന്നവരുടെ ശബ്ദം മാത്രം കേട്ടു അത് ആസ്വദിച്ച് അതിൽ അഭിമാനവും സന്തോഷവും കണ്ടെത്തി സുജ…..

ഇടപ്പള്ളി- ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന് അടുത്ത് താമസിക്കുന്ന സുജ അവിടത്തെ കോഡിനേറ്റർ ആയ ഉഷ വേണുഗോപാലിനോടൊപ്പം അവിടെ നടക്കുന്ന പുസ്തകപ്രകാശന ചടങ്ങുകളിൽ ചിലപ്പോൾ അധ്യക്ഷയായി.. അല്ലെങ്കിൽ സദസ്യരിൽ ഒരാളായി…. സുജയുടെ സാന്നിധ്യം എപ്പോഴും അവിടെയുണ്ട്.

കേരള ദർശന വേദിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരി സുജ പാറുകണ്ണിലിനു സ്വീകരണം.– ഉദ്ഘാടനം ബഹുമാനപ്പെട്ട ഉമാ തോമസ് എംഎൽഎ.,

സുജ പാറുകണ്ണിലിനു ആർട്സ് കേരളയുടെ സ്വീകരണം. ഉദ്ഘാടനം സിനിമാതാരം അമൃതവർഷിണി,

ഓൾ ഇന്ത്യ റേഡിയോയിൽ –സഹയാത്രികയിൽ സുജയുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്യുന്നു….,

“വനിത”, “മലയാള മനോരമ” പോലുള്ള മുൻനിര മാസികകളിലും പത്രങ്ങളിലും സുജയെകുറിച്ചുള്ള ഫീച്ചറുകൾ…..
ഈ വാർത്തകളൊക്കെ കുറച്ചൊന്നുമല്ല എന്നെ സന്തോഷിപ്പിക്കുന്നത്.

കാഴ്ച നഷ്ടപ്പെട്ടിട്ടും അക്ഷരങ്ങളുടെ വഴിയിലൂടെ പ്രകാശം കണ്ടെത്തിയ സുജയ്ക്കാണ് ഇത്തവണത്തെ കൊച്ചിൻ കോർപ്പറേഷൻറെ മികവ് തെളിയിച്ച വനിതകൾക്കുള്ള “വിസ്മയ 2026” അവാർഡ്. വനിതാദിനത്തോടാനുബന്ധിച്ച് ഈ അവാർഡ് സമ്മാനിച്ചത് ഉമ തോമസ്‌ എം എൽ എ യും മേയർ അഡ്വക്കേറ്റ് വി. കെ. മിനി മോളും ചേർന്നായിരുന്നു.എല്ലാ വെല്ലുവിളികളെയും അതിജീവിച്ച സുജ ഈ ലോകത്തിനു തന്നെ പ്രതീക്ഷയാണ്, അതിലേറെ ഒരു വിസ്മയമാണ് എന്ന് ഉമ തോമസ് പ്രസംഗമധ്യേ പറയുകയുണ്ടായി.

താമസിയാതെ ഒരു ഗിന്നസ് വേൾഡ് റെക്കോർഡും നേടാനുള്ള പരിശ്രമത്തിലാണ് സുജ.

ഇനിയുമിനിയും ഒട്ടനവധി അവാർഡുകളും പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ എഴുത്തുകാരിയെ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു….

ഇതുപോലെ ധീരതയോടെ, സഹിഷ്ണുതയോടെ ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുന്ന ശക്തയായ സ്ത്രീകൾക്കെല്ലാം വനിതാദിനാശംസകൾ കൂടി നേർന്നുകൊണ്ട്.

മേരി ജോസി മലയിൽ ✍ തിരുവനന്തപുരം

RELATED ARTICLES

3 COMMENTS

  1. ലോകത്തിലെ എല്ലാ വനിതകൾക്കും എൻ്റെ ഹൃദയം നിറഞ്ഞ വനിതദിന ആശംസകൾ💐🙏❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com