മേരി പള്ളിയിൽ വരുന്ന എല്ലാവരുടേയും പ്രിയപ്പെട്ട ചേച്ചിയായിരുന്നു. മാത്രവുമല്ല അവർ പള്ളിയിലെ പ്രധാന പാട്ടുകാരിയും പഠനത്തിലും കളികളിലുമെല്ലാം മുൻപന്തിയിലുമായിരുന്നു. ഒപ്പമുള്ളവരിലേക്ക് ഉത്സാഹവും സന്തോഷവും പ്രസരിപ്പിക്കാനുള്ള അസാധാരണ കഴിവ് അവർക്കുണ്ടായിരുന്നു.
ഹോം സയൻസിൽ ബിരുദമെടുത്തശേഷമായിരുന്നു മേരിയുടെ വിവാഹം. പിന്നീട് അവർ ഭർത്താവിനൊപ്പം വിദേശത്തേയ്ക്ക് പോയി.
പിന്നീട് 20 വർഷത്തിനു ശേഷമാണ് അവർ നാട്ടിൽ വന്നത്. എന്നാൽ അവരിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടായിരുന്നു.അവർ അധികം സംസാരിക്കാത്ത, ഒതുങ്ങിക്കൂട്ടിയ ഒരു വീട്ടമ്മയായി മാറിയിരിക്കുന്നു. അവരുടെ അസ്വസ്ഥത പകരുന്ന ഔപചാരികത അവരുടെ ഓരോ ചലനത്തിലും പ്രകടമായി.
സംസാരം പഴയ കാലത്തേക്കെത്തിയപ്പോൾ അവരുടെ കണ്ണിൽ ഒരു തിളക്കം കാണപ്പെട്ടു. പണ്ട് പഠിക്കുന്ന കാലത്ത് മേരിയായിരുന്നു സ്കൂൾ ലീഡർ.അവർ പേരയുടെ മുകളിൽ കയറി കൂട്ടുകാരികൾക്ക് പേരക്ക പറിച്ചു കൊടുക്കമായിരുന്നു.
ഓർമ്മയുടെ ഊർജപ്രവാഹം അവരുടെ മുഖത്ത് കണ്ടു. എന്നാൻ ആ കാലമെല്ലാം പോയിരിക്കുന്നു. കല്യാണം കഴിഞ്ഞതോടെ അവർ വീട്ടിലൊതുങ്ങിക്കൂടി.പാട്ടും പടംവരയുമൊന്നും ഭർത്താവിന് ഇഷ്ടമല്ലാത്തതിനാൽ അതും ഉപേക്ഷിച്ചു. അങ്ങനെ ഭർത്താവിനെയും മക്കളെയും ശുശ്രൂഷിച്ച് ജീവിതം തള്ളിനീക്കി.
അവരുടെ വാക്കുകളിൽ നഷ്ടബോധത്തിൻ്റെ വിഷാദം പകരാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നതായി തോന്നി.പിന്നെ അവരുടെ ഒരു ബന്ധുവിനെ കണ്ടപ്പോൾ അവർ പറഞ്ഞു: അവളുടെ ഭർത്താവ് ഭയങ്കര പട്ടാളചിട്ടക്കാരനാണ്.അയാളുടെ ഇഷ്ടത്തിനു മാത്രമേ അവൾക്ക് പെരുമാറാൻ പറ്റുകയുള്ളൂ.
ഈ കഥയിൽ കൂടി ഒരു കാര്യം നമുക്ക് മനസ്സിലാക്കാം. വിവാഹത്തോടെ സർഗാത്മകത നഷ്ടപ്പെടുക മാത്രമല്ല സ്വന്തം സ്വഭാവം തന്നെ മാറ്റിമറിക്കപ്പെട്ട ഒട്ടേറെപ്പേരെ നമുക്ക് സമൂഹത്തിൽ കാണാൻ കഴിയും. അതിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരുമുണ്ട്. ജീവിത പങ്കളി തൻ്റെ സുഖത്തിനും സൗകര്യത്തിനുമുള്ള ഒരു ഉപകരണമാണെന്ന് കരുതുന്നവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. വിവാഹം കഴിഞ്ഞാൽ വീടും മക്കളും മാത്രമാകണം സ്ത്രീയുടെ ലോകമെന്ന് ശാഠ്യം പിടിക്കുന്ന പുരുഷന്മാർ സമൂഹത്തിൽ ധാരാളമുണ്ട്.
മക്കളിലെ കലാവാസനകൾ പോഷിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുന്നവർപോലും ഭാര്യയുടെ സർഗാത്മകത തിരിച്ചറിയാനോ പ്രോത്സാഹിപ്പിക്കുവാനോ മുതിരാറില്ല.
ഒന്ന് മനസ്സിലാക്കുക! പരസ്പരം വളർത്തുമ്പോഴാണ് വിവാഹബന്ധം പൂർണ്ണതയിലെത്തുന്നത്. ഒരു വ്യക്തിയുടെ കഴിവുകളെയും നന്മകളെയുമാണ് വളർത്തേണ്ടത്. കുറവുകളെയും പരിമിതികളെയും ഇല്ലായ്മ ചെയ്യുക എന്നതും ഇതിൽ അന്തർലീനമാണ്. കുറവുകളെച്ചൊല്ലി കുറ്റപ്പെടുത്തുകയും കലഹിക്കുകയുമല്ല നാം ചെയ്യേണ്ടത്. പകരം അവർക്ക് പിന്തുണയും പ്രചോദനവും നൽകുക.
കുഞ്ഞുങ്ങളെ നോക്കൂ! അവർ നടക്കാൻ ശ്രമിക്കുമ്പോൾ പലവട്ടം വീഴുകയും വാവിട്ട് നിലവിളിക്കുകയും ചെയ്യുന്നു. അപ്പോൾ നാം എന്താണ് ചെയ്യുക സാരമില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും -പിടിച്ചു നടക്കാൻ നമ്മുടെ കൈകൾ നീട്ടിക്കൊടുക്കും. അങ്ങനെ അമ്മയുടെ കൈകളുണ്ടെന്ന ആത്മവിശ്വാസത്തിൻ കുട്ടി താനേ നട ന്നു തുടങ്ങും.
എന്നാൽ ചില പുരുഷന്മാർ വിവാഹത്തിനു മുൻപ് മുഴുക്കുടിയന്മാരും ആഭാസന്മാരുമായിരിക്കും. പക്ഷെ വിവാഹം കഴിയുന്നതോടെ ഇവർ മദ്യപാനം പൂർണ്ണമായും ഒഴിവാക്കുകയും നല്ല കുടുംബസ്ഥന്മാരായി മാറുകയും ചെയ്യുന്നത് കാണാൻ കഴിയും. അതുപോലെ തന്നെ ഒട്ടേറെപ്പേർ വിവാഹശേഷം വഴി തെറ്റിപ്പോകാറുമുണ്ട്. ഇവിടെയും ജീവിത പങ്കാളിയുടെ ഇടപെടൽ പ്രാധാന്യം അർഹിക്കുന്നുണ്ട്.
എഴുത്തും വായനയും ചിത്രപ്പണിയും തയ്യലും മുതൽ പാചകവും കൃഷിയും വരെ ഇഷ്ടപ്പെടുന്നവരുണ്ടാകാം.അത്തരം കാര്യങ്ങളിൽ വ്യാപരിക്കാൻ അവർക്ക് സമയം നൽകിയാൽ മാത്രം പോരാ, അത് അസ്വദിക്കാനും അവരെ പ്രോത്സാഹിപ്പിക്കുവാനും നാം സമയം കണ്ടെത്തുകയും വേണം.
സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാൻ കഴിയാതെ വികാരവിചാരങ്ങൾ വിലമതിക്കപ്പെടാതെ പോകുമ്പോഴാണ് ശിലാ സമാനമായ മാനസിക-ശാരീരിക അവസ്ഥകളിലേക്ക് പങ്കാളി പരിണമിക്കുന്നത്.
വ്യക്തിയുടെ നന്മകളെ ഇല്ലാതാക്കാൻ ജിവിത പങ്കാളിക്ക് കഴിയുമെന്നത് നിസ്തർക്കമാണ്. സ്വാർത്ഥതയുടെ പാരമ്യത്തിൽ തൻ്റെ ഭർത്താവ് കുടുംബത്തിൻ്റെ ഭാഗമെന്നപോലെ സമൂഹത്തിൻ്റെയും ഭാഗമാണെന്ന തിരിച്ചറിവ് ഭാര്യയ്ക്കും നഷ്ടപ്പെടുന്നതാണ് സമൂഹത്തിൻ പ്രശ്നമാകുന്നത്.
എല്ലാ ബന്ധങ്ങളിലും ഇത്തരം സാധ്യതകളുണ്ട്. പരസ്പരം വളർത്താനും നവീകരിക്കാനും ശക്തിപ്പെടുത്താനും അവസരങ്ങൾ ലോകത്ത് ധാരാളമുണ്ട്. എന്നാൽ അത് ഏറ്റവും ആവശ്യമായത് കുടുംബത്തിൽത്തന്നെയാണെന്ന് ഇവിടെ ഓർമ്മപ്പെടുത്തുന്നു.




അതെ ഗുരുജി.പരമ യാഥാർത്ഥ്യമാണ് ഗുരുജി പറഞ്ഞത്. ‘സ്വന്തം കാര്യം പോലെ തന്നെയാണ് മറ്റുള്ളവരുടേതും എന്ന യാതൊരു തത്ത്വദീക്ഷയുമില്ലാത്തവരാണ് അധികവും.സ്വന്തം കുട്ടികൾ നിലപാടെടുക്കേണ്ട പ്രായമാകുമ്പോൾ മാത്രമേ അവൾ തലപൊക്കി നോക്കുന്നുള്ളൂ അതുവരെ അവളുടെ വീട്ടുകാർ പ്രാപ്തരാണെങ്കിൽ മാത്രം അവൾക്ക് ഇടയ്ക്കെങ്കിലും അഭയവും വിശ്രമവും ലഭിക്കൂ. നന്ദി ഗുരുജി. നമസ്ക്കാരം ‘