അവസാനത്തെ അത്താഴ വേളയിൽ ശിഷ്യന്മാരുടെ പാദംകഴുകി ചുംബിച്ച ശേഷം അപ്പം മുറിച്ചു കൊടുത്ത് വിശുദ്ധകുർബാന സ്ഥാപിതമായ ദിനം .
യേശുനാഥൻ താൻ തിരഞ്ഞെടുത്ത പന്ത്രണ്ടിലൊരാൾ മുപ്പതു വെള്ളിക്കാശിന് തന്നെ ഒറ്റിക്കൊടുക്കുമെന്ന് മുൻകൂട്ടിപ്പറഞ്ഞ ദിവസം.
ഒരിക്കലും വിട്ടു പോകില്ലയെന്നു ആവർത്തിച്ചു പറയുന്ന അരുമശിഷ്യൻ അന്നു രാത്രി തന്നെ ഗുരുവിനെ അറിയില്ലയെന്ന് സ്വയരക്ഷാർത്ഥം മൂന്നുവട്ടം തള്ളിപ്പറയുമെന്നു യേശു പ്രവചിച്ച രാത്രി .
എല്ലാറ്റിനുമുപരി വി.കുർബാനയെന്ന ബലി ജീവിതാന്ത്യത്തോളം മനുഷ്യർക്കു നൽകിയ , അന്ത്യഅത്താഴം നടന്ന പെസഹാ രാത്രി.
അപ്പവും വീഞ്ഞുമെടുത്തു വാഴ്ത്തി ഇത് സ്വന്തം ശരീരവും രക്തവുമാണെന്നു പറഞ്ഞ് നൽകിയ പെസഹാകുഞ്ഞാടാണ് മിശിഹ. പാപപരിഹാര ബലിയായി അയക്കപ്പെട്ടവൻ.
പഴയകാല അജബലികളെ മാറ്റിയവൻ.
അബ്രഹാം ഏകസന്തതിയെ ദൈവനിർദ്ദേശ പ്രകാരം ബലികഴിക്കാനായി
അനുസരണയോടെ കൊണ്ടുവന്നതു കണ്ട് അവനിൽ അലിഞ്ഞ ദൈവം മനുഷ്യ പാപപരിഹാരാർത്ഥം സ്വപുത്രനെ തന്നെ ബലി പൂർത്തിയാക്കാൻ ഏൽപ്പിച്ചു കൊടുത്ത് ലോകരക്ഷ നൽകിയ പെസഹാത്തിരുനാളിന് മറ്റെല്ലാ ആഘോഷങ്ങളേക്കാൾ പ്രാധാന്യം ഉണ്ട്.
കോടിക്കണക്കിന് അൾത്താരകൾ ഭക്തിയോടെ പെസഹാ രഹസ്യങ്ങൾ പരസ്യമായി പുനരാവിഷ്ക്കരണം ചെയ്യുന്ന നിമിഷങ്ങൾ .
ഭക്തഹൃദയങ്ങളെ ആർദ്രമാക്കുന്ന ഗാനശകലങ്ങൾ ഒഴുകി വരും.
ഇതെല്ലാം കേട്ടലിയുന്ന പള്ളിമുറ്റത്തെ മണൽത്തരികൾക്കൊപ്പം കാറ്റുപോലും വീർപ്പടക്കുന്ന അഭൂതപൂർവമായ നിശബ്ദനിമിഷങ്ങളിൽ പെസഹാക്കുഞ്ഞാടായ യേശുനാഥനെയോർത്തു നന്ദിപറയുന്ന ആയിരമായിരം ഹൃദയത്തുടിപ്പുകളുടെ
അപൂർവസംഗമം.
“അന്തിമ ഭോജന വേളയിലീശൻ പന്തി വിളമ്പുവാൻ എഴുന്നേറ്റു”.
എന്ന വരികൾ ഗായകസംഘം ആലാപനം ചെയ്യുന്ന നിമിഷങ്ങൾ വർഷത്തിലൊരിക്കൽ മാത്രം ശ്രവിച്ചനുഭവിക്കുന്നതാണ്. ഹൃദയത്തെ ത്രസിപ്പിക്കുന്നതാണ്.
ചെറുപ്പം മുതലേ പള്ളിയിലെ കാലുകഴുകൽ ശുശ്രൂഷ കാണാൻ ഞങ്ങൾ മുന്നിൽ ഇടംപിടിക്കും.
വികാരിയച്ചൻ നിലത്ത് മുട്ടുമടക്കിയിരുന്ന് ഇടവകയിൽ നിന്നു തിരഞ്ഞെടുത്ത പന്ത്രണ്ടു പേരുടെ കാലുകഴുകിത്തുടച്ച് ചുംബിക്കുന്ന അപൂർവ ദൃശ്യത്തിന്റെ
ദർശനമാത്രയിൽ എന്റെ കണ്ണു നിറയും.
തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടു പേരാണ് യേശു ശിഷ്യമാന്മാരായി അൾത്താരയിൽ ഇരിക്കുന്നത്. പുരോഹിതൻ ഈശോയുടെ പ്രതിനിധി .
” നിങ്ങളുമിതു പോലന്യോന്യം പാദം കഴുകവേണം”.
എന്നുപാടി പാട്ടുസംഘം ഗാനമവസാനിപ്പിക്കുമ്പോൾ എന്തൊരു കല്പനയാണ് തമ്പുരാൻ തന്നത് എന്നൽപ്പമതിശയത്തോടെ ചിന്തിക്കും.
പാദം കഴുകാം അതിലെങ്ങനെ ഉമ്മ വെയ്ക്കാൻ തോന്നുന്നു അച്ചാ
എന്നൊരിക്കൽ സൗഹൃദ സംഭാഷണത്തിൽ ഞാൻ ഒരു പുരോഹിതനോടു ചോദിച്ചിട്ടുണ്ട്.
“ദൈവപുത്രന് ഇത്ര എളിമയുണ്ടായിരുന്നെങ്കിൽപ്പിന്നെ നമ്മളാരാണ് അതിലും വലിയ ആളാകാൻ കുഞ്ഞെ ”
എന്നായിരുന്നു മറുപടി.
പാദക്ഷാളനകർമ്മം കഴിഞ്ഞാൽ ഗായസംഘം പാടുന്ന വചനവരികളിൽ എല്ലാവർക്കും വേണ്ടി ദൈവം സംസാരിക്കുന്നുണ്ട്.
“നിങ്ങളെ ഞാൻ സ്നേഹിച്ചപോലവേ
നിങ്ങളന്യോന്യം സ്നേഹിപ്പിൻ”
വിശുദ്ധബലിയിൽ പങ്കെടുത്തിറങ്ങുമ്പോൾ വല്ലാത്തൊരു ശാന്തതയാൽ മനസു നിറയും.
അപ്പം മുറിക്കൽ ശുശ്രൂഷ ഇനി അവരവരുടെ ഭവനത്തിലാണ്.
അതും വർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന വിശിഷ്ടവിഭവം.
അരിയും ഉഴുന്നും തേങ്ങയും വെളുത്തുള്ളിയും ജീരകവും ചുവന്നുള്ളിയുമൊക്കെ ചേർത്തരച്ചുവെച്ച് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കുമ്പോൾ അമ്മമാർ ഒരു പരിപാനത അതിനു നൽകിയിരുന്നു.
പുതിയകലത്തിലാണ് മാവു കുഴച്ചു വെക്കുന്നത്. മാവിരിക്കുന്ന പാത്രത്തിനു ചുറ്റും പൊടിക്കൂട്ടു കൊണ്ടു തന്നെ കുരിശടയാളം ചാർത്തും.
നിശ്ചിത സമയം കഴിഞ്ഞാൽ പെസഹാ അപ്പം പുഴുങ്ങാൻ ആരംഭിക്കും. പണ്ടൊക്കെ ഓട്ടു കിണ്ണത്തിലാണ് അപ്പമുണ്ടാക്കുന്നത്.
കുടുംബനാഥൻ മുറിച്ചു വിളമ്പുന്ന അപ്പത്തിൽ കുരുത്തോല കുരിശുണ്ടാകും.
അപ്പം മുക്കി കഴിക്കാൻ പാനിയുണ്ടാക്കും.
തേങ്ങാപ്പാലും ശർക്കര നീരും അരിപ്പൊടിയുമൊക്കെ അളവനുസരിച്ച് ചേർത്തു അധികം കട്ടിയാകാതെ കുറുക്കിയെടുക്കും. ചുക്കുപൊടിയും, ഏലക്കാ,ജീരകപ്പൊടിയും നിർബന്ധമായും ചേർത്തിരിക്കും.
തീൻ മേശയിൽ കുടുംബാംഗങ്ങൾ ഒരുമിച്ചു കൂടിക്കഴിഞ്ഞാൽ കുരിശപ്പം മുറിക്കുന്നത് കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ്. അത് അപ്പനോ, അപ്പൂപ്പനോ ആകാം.
ഓരോരുത്തർക്കും പാനിയിൽ മുക്കിയ ഓരോ കഷ്ണം അപ്പം പ്രായമനുസരിച്ച് കൊടുക്കും.
അതിനു ശേഷം നമുക്കിഷ്ടമുള്ളത്രയും സ്വന്തമായി കഴിക്കാം.
വർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന വിഭവമായതിനാൽ എല്ലാവരുമത് ഭക്തിയോടെയും ഇഷ്ടത്തോടെയും ഭക്ഷിക്കും.
അന്ത്യഅത്താഴത്തിനു ശേഷം മിശിഹാ ഗത് സേമനി എന്ന സ്ഥലത്ത് പ്രാർത്ഥിക്കാൻ പോകുന്നുണ്ട്.
പിതാവുമായുള്ള പുത്രന്റെ സംഭാഷണമാണ് പ്രാർഥനയെന്നവിടുന്നു കാണിച്ചു തരുന്നുമുണ്ട്.
അന്ന് തന്നോടൊപ്പം ഉണർന്നിരിക്കാൻ ശിഷ്യരോടാവശ്യപ്പെട്ടെങ്കിലും അവർ ഉറങ്ങിപ്പോയി.
ഇതിൽ കുപിതനാകാതെ
“പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ നിങ്ങൾ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ. ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണെന്ന്” അവരെ ആശ്വസിപ്പിക്കുന്നുണ്ട്. എങ്കിലുമവർ ഉറങ്ങി വിശ്രമിച്ചു.
മുപ്പത്തിമൂന്നു വെള്ളിക്കാശിനായി ശിഷ്യരിലൊരുത്തൻ ഒറ്റിക്കൊടുക്കുകയും മറ്റു ശിഷ്യരെല്ലാം ഓടിയൊളിക്കുകയും ചെയ്ത രാത്രിയിൽ മിശിഹാ
രക്തംവിയർത്തതിൽ അത്ഭുതപ്പെടേണ്ടതുണ്ടോ?.
ന്യായാധിപസംഘത്തിനു മുൻപിൽ ഹാജരാക്കുമ്പോൾ മുഖത്തു തുപ്പുകയും അടിക്കുകയും ചെയ്തിട്ടും നിശബ്ദനായി നിൽക്കുന്ന അദ്ദേഹം കോഴികൂകുന്നതിനു മുമ്പ് മൂന്നു തവണ തള്ളിപ്പറഞ്ഞ അരുമശിഷ്യനെയോർത്തു ദു:ഖിച്ചു കാണും.
ശാരീരിക പീഢകളേക്കാൾ നോവിക്കുന്നത് ഒറ്റപ്പെടുത്തലുകളാണല്ലോ.
വ്യാഴം രാത്രിയിലെതെല്ലാം കഴിഞ്ഞ് കൊടുംപീഢകളുടെ ദു:ഖവെളളി പുലരാറായി.
ഓശാന പകലിന്റെ വാഴ്ത്തിപ്പാടലിനപ്പുറം പെസഹാരാത്രിയുടെ മാനസിക സംഘർഷമുണ്ട്.
ദു:ഖവെള്ളിയുടെ കഠിന വേദനകാത്തിരിപ്പുണ്ട്.
മനുഷ്യജീവിത യാത്രയിലൂടെ ദൈവപുത്രൻ കടന്നു പോയതു കൊണ്ട് നമുക്കു പ്രതിക്ഷയുണ്ട്.
എന്നെ അറിയുന്ന ദൈവം എന്നോടു കൂടെയുണ്ട്.
അവനെന്നും അപ്പമായി അൾത്താരയിൽ മുറിക്കപ്പെടുന്നു.
ഓസ്തിയായി എന്നിൽ ജീവിക്കുന്നു. ഞാനാരെ ഭയപ്പെടണം.?
പെസഹാ വ്യാഴം
(Maunday thursday ). പുതിയ കല്പന എന്ന അർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മോണ്ടിതേസ്ഡേ എന്നപദം ഉണ്ടായതത്രെ.
എന്താണാ പുതിയ കല്പന
” ഞാൻ നിങ്ങളെ സ്നേഹിച്ച പോലെ നിങ്ങളന്യോന്യം സ്നേഹിപ്പിൽ “എന്നാണ് ഗുരുനാഥനായ യേശു നൽകിയ കൽപ്പന.
നമുക്കായൊരു ദൈവം, നമ്മുടെ കൂടെപ്പാർത്തവൻ, കഷ്ടതകൾ അനുഭവിച്ചവൻ നമ്മോടൊപ്പമുണ്ട്.
നഷ്ടസ്വർഗം മനുഷ്യനായി തിരിച്ചു നൽകാൻ ദൈവം തീരുമാനിച്ചതു കൊണ്ടു സ്വർഗത്തിൽ നിന്നിറങ്ങിയ അപ്പമായി മാറിയ മിശിഹാ സ്വർഗവാതിൽ തുറന്ന വ്യാഴം.
നൂറ്റാണ്ടുകളായി പ്രവാചകർ പറഞ്ഞു വെച്ചതിന്റെ പൂർത്തീകരണം.
പഴയ നിയമത്തിലെ പ്രവചനങ്ങളുടെ പൂർത്തീകരണമായി , സ്നേഹത്തിന്റെ പുതുനിയമം നൽകാനായി ,ദൈവം ദിവ്യകാരുണ്യമായി ജീവിക്കുന്ന അത്ഭുതരഹസ്യം പ്രഖ്യാപിതമായ ദിനം .




ഒന്നും ഒന്നിനേക്കാൾ വലുതല്ല എന്നൊരോർമ്മപ്പെടുത്തലാണ് ….
പഴയ നിയമത്തിലെ പ്രവചനങ്ങളുടെ പൂർത്തികരണമായി, പാപപരിഹാരമായി സ്വപുത്രനെ തന്നെ ബലി നൽകി ലോക രക്ഷ നൽകിയ, ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങൾ അന്യോന്യം സ്നേഹിപ്പിൻ എന്ന പുതിയ കല്പന യേശുവിലൂടെ നൽകി ദൈവം ദിവ്യകാരുണ്യമായി ജീവിക്കുന്ന വിശുദ്ധ കുർബാന മനുഷ്യർക്ക് നൽകിയ പെസഹാ വ്യാഴത്തെകുറിച്ച് ലളിതവും മനോഹരവുമായി എഴുതി .. അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്…
ഇതിൽ പെസഹാ അപ്പം ഇഷ്ടവും ഒപ്പം പ്രതീക്ഷയുമാണ്.
കാത്തിരിക്കുന്നു.❤️❤️❤️