Saturday, March 28, 2026
Homeഅമേരിക്കമായാതെ മറയാതെ സന്ധ്യാ സുഗന്ധം (ഓർമ്മക്കുറിപ്പുകൾ) ✍റോമി ബെന്നി

മായാതെ മറയാതെ സന്ധ്യാ സുഗന്ധം (ഓർമ്മക്കുറിപ്പുകൾ) ✍റോമി ബെന്നി

റോമി ബെന്നി

പാൽ നിലാവൊഴുകി വീഴും നദിയിലെ ഓളങ്ങളിലെ വെള്ളിത്തിളക്കം കണ്ണിമയ്ക്കാതെ കണ്ടങ്ങിരിക്കാൻ എന്തൊരാനന്ദമാണ്. എത്രയോ തവണ ആ മാസ്മരികതയിൽ അലിഞ്ഞു സ്വയം മറന്നിരുന്നിട്ടുണ്ട്.

മനസെന്ന പുഴയിൽ നിലാവലപോൽ മിന്നിത്തിളങ്ങുന്ന വ്യക്തികളും , സംഭവങ്ങളും, രജത പ്രകാശമായി ഇടയ്ക്കിടെ,തെളിയുന്നു.

മറവിയുടെ ചന്ദ്രകാന്തക്കല്ലലിഞ്ഞു കിട്ടുന്ന,നിലാത്തുള്ളികൾ കൈക്കുമ്പിളിൽ കോരിയെടുത്തു പകരുമ്പോൾ വിസ്മയനീയമായ ഒരു ആഹ്ലാദാനുഭൂതി
വന്നണയുന്നു.

ഇനി കിട്ടില്ല
എന്നുറപ്പുള്ള, കാലത്തെ പുന:സൃഷ്ടിക്കാൻ മനോരഥമെന്ന തേരുള്ളത് ഒരു സൗഭാഗ്യം തന്നെയല്ലേ?

മനസിൽ പതിഞ്ഞു പോയവ പലതും കഥാപാത്രങ്ങളായി എന്റെ മനോരാജ്യ
ത്തേരിൽ കയറി അവരെക്കുറിച്ചൊന്നും പറയാത്തതു കൊണ്ട് കാത്തിരിപ്പിൻ്റെ മുഷിവ് എന്നോട് കാണിച്ചു തുടങ്ങി.

വീടിന്റെ തെക്കു വശത്തെ പറമ്പിൽ കാക്കിച്ചേട്ടന്റെ വീടാണ്. ആ പറമ്പിൽ തന്നെ മറ്റു രണ്ടു ഓടിട്ട വീടുകൾ പണിത് വാടകയ്ക്കു കൊടുത്തിട്ടുണ്ട്.

എന്റെ ബാല്യകാല നാൾ വഴികളിൽ ഞങ്ങളുടെ, ഗ്രാമത്തിലൊരിടത്തും, വാടകയ്ക്കു താമസിക്കുന്ന സമ്പ്രദായം കേട്ടു കേൾവി പോലുമില്ല.

എത്ര ദരിദ്രരായാലും, സ്വന്തമായി,പറമ്പില്ലയെങ്കിലും ഓലമേഞ്ഞു കുടിലു കെട്ടി പാർത്തിരുന്ന കാലം. ചെറ്റപ്പുരയെന്നു വിളിച്ചാലും സ്വന്തമായ ഭവനത്തിലായിരുന്നു ഏവരും വസിച്ചിരുന്നത്.

മറ്റു നാടുകളിൽ നിന്നു ഇവിടെ, വന്നുതാമസിക്കുന്നവർ, അപൂർവങ്ങളിലപൂർവമായിരുന്നു. ആശുപത്രി, ബാങ്ക് , ഗവൺമെൻ്റു ജീവനക്കാർ എന്നും സ്വന്തം വീട്ടിൽ നിന്ന് യാത്ര ചെയ്തു വന്നു ജോലിയെടുക്കുന്നവരോ, ഞങ്ങളുടെ നാട്ടുകാരോ ആയിരുന്നു.

എന്നാൽ ബി.എഡ് പാസായ , അധ്യാപകരുടെ കുറവ് നാൽപ്പതു അൻപതുവർഷങ്ങൾക്കു മുമ്പുണ്ടായിരുന്നു എന്നു തോന്നുന്നു.

അതിനാൽ കോട്ടയം, ചങ്ങനാശ്ശേരിഭാഗത്തെ അധ്യാപികമാർ അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ ജോലിക്കായി എത്തിയിരുന്നു.

റിട്ടയർമെന്റിനു ശേഷവും, ചിലപ്പോൾഅതിനു മുൻപു തന്നെയും പലരും മടങ്ങിപ്പോകുകയും ചെയ്തിട്ടുണ്ട്.

വീടിന്റെ തെക്കുഭാഗത്തെ വേലിക്കെട്ടിനപ്പുറം വാടകയ്ക്ക്, കൊടുക്കാൻ കാക്കിച്ചേട്ടൻ പണിതിട്ട വീട്ടിൽ അങ്ങനെ രണ്ട് അയൽപക്കം വന്നു ചേർന്നു.

ഇംഗ്ലീഷു പഠിപ്പിക്കുന്ന സ്റ്റെല്ലാ ടീച്ചറും കുടുംബവും, പിന്നെ കണക്കു പഠിപ്പിക്കുന്ന മറിയാമ്മ ടീച്ചറും കുടുംബവും.

സ്റ്റെല്ലാ ടീച്ചറുടെ മക്കൾ ഏകദേശം ഞങ്ങളുടെ പ്രായമായിരുന്നു. മിനി മൂത്തമകൾ. മനോജ് എന്റെ ക്ലാസിൽ. ഇളയ രണ്ടു പേർ കൂടിയുണ്ട്. മിനിയുമായാണ് എന്റെ കൂട്ട്. അവരുടെ പപ്പ എല്ലാശനിയാഴ്ച രാത്രി വന്ന് തിങ്കൾ രാവിലെ ചങ്ങനാശ്ശേരിക്ക് പോകും.

മറിയാമ്മ ടീച്ചറുടെ രണ്ടു മക്കളും ചെറിയ കുട്ടികളാണ്. ഭർത്താവ് ദൂരെ എവിടെയോ ഗവൺമെന്റ്, ജോലി തന്നെയായിരുന്നു എന്നു തോന്നുന്നു. ഒരു മാസംകൂടുമ്പോഴാണ് വരുന്നത്.

രണ്ടു ടീച്ചർമാരും അമ്മ പഠിപ്പിക്കുന്ന, സ്കൂളിൽ തന്നെയാണ്, ജോലിക്കു വന്നത്. അതുകൊണ്ട് ഈ കുടുംബങ്ങളുമായി അടുത്തബന്ധം, സ്ഥാപിച്ചിരുന്നു.

രണ്ടു വീടുകളിലെയും അമ്മമാർ ജോലിക്കു പോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കാൻ ചേച്ചിമാരെ കൊണ്ടു വന്നിട്ടുണ്ട്. അവർ, വീട്ടുജോലിയിലും, സഹായിക്കുമായിരുന്നു.

കല്യാണം കഴിക്കാത്ത പെൺകുട്ടികളായിരുന്നു വീട്ടുപണിക്കായി ദൂരെ നിന്നുവന്നിരുന്നത്

ഞങ്ങളുടെ വീട്ടിൽ അടുക്കളപ്പണിക്ക് ആളുണ്ടെങ്കിലും എന്റെ ഇളയതുങ്ങളെ രണ്ടു പേരെയും , നോക്കാൻ ഒരു ചേച്ചി ഞങ്ങൾക്കും, ഉണ്ടായിരുന്നു.

മാസത്തിൽ ഒരു ദിനം അവർ മൂന്നു പേരുടെയും അച്ഛന്മാർ വന്നു മക്കളുടെ ശമ്പളം വാങ്ങിപ്പോകും. അവരുടെ കൂടെ വീട്ടിലേയ്ക്ക് പോകാനോ അവരെ കൊണ്ടു പോകാനോ ഇരുകൂട്ടർക്കും ,താൽപര്യവുമുണ്ടായിരുന്നില്ല.

അവരുടെ നാട്ടിൽ ഏതെങ്കിലും. അടുത്തബന്ധുക്കളുടെ കല്യാണമോ, മരണമോ ഉണ്ടായാൽ മാത്രമേ അവരെ വന്നുകൊണ്ടുപോകാറുള്ളു.

ഇങ്ങനെ ഞാനും ചേട്ടനുമൊക്കെ കുഞ്ഞായിരുന്നപ്പോൾ മുതൽ ഒരു ചേച്ചി വീട്ടിൽ സ്ഥിരമായി ഉണ്ടായിരുന്നു.

മക്കൾ നാലു പേരെയും വളർത്താൻ അമ്മയ്ക്കു സഹായത്തിനായി ഇങ്ങനെ ചേച്ചിമാർ മാറി മാറി വന്നും പോയി കൊണ്ടിരുന്നു.

രാത്രി എന്തെങ്കിലും അസുഖം വന്നു ഞങ്ങൾ കരഞ്ഞ് ഉറങ്ങാതിരുന്നാൽ അവരെ,വിളിച്ചുണർത്താതെ ജോലി കഴിഞ്ഞ് തളർന്നു വന്നെങ്കിലും അപ്പനും അമ്മയും മാറി മാറി, എടുത്ത് ഉറക്കമൊഴിഞ്ഞു, ഞങ്ങളെ,നോക്കുമായിരുന്നു എന്ന് ഇടയ്ക്കിടെ അപ്പൻ പറയുമ്പോൾ, പകൽ മുഴുവൻ അവർ കഷ്ടപ്പെട്ടു, നോക്കിയതല്ലേ, അതുകൊണ്ടാണെന്നു അമ്മ മറുപടി പറയും.

അവരും പെൺകിടാങ്ങളാണ് കുട്ടികളോട് അവർക്ക് മടുപ്പു തോന്നരുതെന്ന മുൻ കരുതൽ.

എൻ്റെ ഓർമ്മയിൽ വീട്ടിൽ നിന്നിട്ടുള്ള ചേച്ചിമാർക്കെല്ലാം, അമ്മയുമായി നല്ല സൗഹൃദമുണ്ടായിരുന്നു

നന്നായി പാടുന്ന ഒരു ചേച്ചിയെക്കൊണ്ട് അമ്മ, ഇടയ്ക്ക്പാട്ടുപാടിപ്പിക്കുന്നതു, കേട്ടിട്ടുണ്ട്. കുടുംബാംഗത്തെപ്പോലവർ കഴിഞ്ഞു പോന്നു. കുട്ടികളെ ശാസിക്കാനും, ഉപദേശിക്കാനും അവർക്കു സ്വാതന്ത്ര്യ മുണ്ടായിരുന്നു. വീട്ടു വേലക്കാരായി അവരെ ആരും,കരുതിയിരുന്നില്ല,താനും.ഇളയതുങ്ങളെ പരിചരിക്കുന്ന വല്യേച്ചിയുടെ സ്ഥാനം

വീട്ടിലെ പറമ്പിൽ ധാരാളം കുളങ്ങൾ ഉണ്ടായിരുന്നതു കൊണ്ടും, കുളത്തിൽ വീണ് പിഞ്ചുകുട്ടികൾ അപകടപ്പെടുന്ന സംഭവങ്ങൾ നാട്ടിൽ അപൂർമല്ലാതിരുന്നതിനാലും, അമ്മയ്ക്ക് വല്ലാത്ത,ഭീതിയായിരുന്നു.

വെള്ളത്തിൽ വീണ കുട്ടികളെയും കൊണ്ട് ഗവൺമെൻ്റാ ശുപത്രിയിലേയ്ക്ക് ആളുകൾ ഓടുന്ന കാഴ്ച ഞങ്ങളും പല തവണ കണ്ടിട്ടുണ്ട്. ആ ദൃശ്യം കാണുമ്പോൾ “കാലു കുഴഞ്ഞു പോകുന്നു നടക്കാൻ പറ്റുന്നില്ല “എന്നു സങ്കടത്തോടെ സ്കൂളി ലേയ്ക്കു പോകും വഴി അമ്മ പറയാറുണ്ട്.

അമ്മ ജോലിക്കു പോകുന്ന സമയത്ത് കുഞ്ഞിനെ മാത്രം നോക്കിയാൽ മതി മറ്റൊരു ജോലിയും ചെയ്യരുതെന്ന് ചേച്ചിയോട് അമ്മ പ്രത്യേകം, നിർദ്ദേശിച്ചിട്ടാണ്, സ്കൂളിൽപോയിരുന്നത്.

കുളത്തിലെ പൂക്കൾ കാട്ടി വിളിച്ചാകർഷിച്ച് മുക്കി കളയുന്ന ജല പിശാചുക്കളെ ഭയന്ന് ഞങ്ങൾ, മുതിർന്നവരാരും കൂടെയില്ലാതെ അങ്ങോട്ട്, പോകാറുമില്ല.

മൂന്നു വീട്ടിലെയും ചേച്ചിമാർ കുട്ടികൾ ഉറങ്ങുന്ന സമയത്ത് വേലിക്കെട്ടിൻ്റെ അപ്പുറവും ഇപ്പുറവും നിന്നു സംസാരിക്കും.

ഓലമെടഞ്ഞു കെട്ടിവെച്ച വേലി വളച്ചൊടിച്ചു മാറ്റി സഞ്ചാരമാർഗത്തിനായി കുട്ടികൾ നിർമിച്ച പ്രവേശന ,ദ്വാരത്തിനുസമീപത്തു നിന്നാണവർ, സംഭാഷണത്തിലേർപ്പെട്ടിരുന്നത്.

വേലിപ്പടർപ്പിലെ ശംഖു പുഷ്പവും, ചുറ്റും ചെറിയ മുള്ളുള്ള മഞ്ഞപ്പൂക്കളും വിടർന്നു നില്ക്കുന്നതു കാണാൻ അതി മനോഹരമാണ്.

മഞ്ഞപ്പൂവിനകത്തെ കാപ്പിപ്പൊടി നിറം ആ കാട്ടുപ്പൂക്കളെ കൂടുതൽ, സുന്ദരമാക്കുന്നുമുണ്ട്. വേലിക്കു കുറ്റി നാട്ടിയ പരുത്തിയും ഇടവിട്ട് വളർന്നു വലുതായി മഞ്ഞപ്പൂചൂടി നിൽക്കും. ഇടിയപ്പം എന്നു ഞങ്ങൾ വിളിക്കുന്ന നൂലപ്പം അപ്പച്ചെമ്പിൽ വേകുന്നത് കഴുകി വൃത്തിയാക്കി വിരിച്ച പരുത്തിയിലകളുടെ മേലെയാണ്.

ഞങ്ങളുടെ വീട്ടിലും അയൽപക്കത്തെ മറ്റു രണ്ടു വീടുകളിലും വീട്ടുവേലയ്ക്ക് വന്ന ശേഷമായിരിക്കാം ചേച്ചിമാർ തമ്മിൽ പരിചയപ്പെട്ടത്. പക്ഷേ ചിരപരിചിതരെപ്പോലെ ചിരിച്ചു കളിച്ചു അവർ വിശ്രമസമയങ്ങളിൽ സംസാരിക്കുന്നതു കാണാം.

സ്കൂളിൽ പോകാത്ത ദിനങ്ങളിൽ കളിക്കുന്ന ബഹളത്തിനിടയിലും ഇടവേളയുണ്ടാക്കി ഞാനും മിനിയും അവർക്കിടയിൽ വിശേഷം കേൾക്കാൻ പോയി നിൽക്കും. ഒന്നുംമനസിലായില്ലെങ്കിലും, അവരുടെ സംഭാഷണശകലങ്ങളും തമാശച്ചിരികളും കണ്ടു നിൽക്കാൻ രസമാണ്.

എന്റെ സംസാരത്തിൽ തെക്കൻ ഭാഷാശൈലി ആയിടയ്ക്കു,കടന്നു കൂടിയതു, മിനിയുടെയും, ഇവരുടെയുമൊക്കെ സംഭാഷണ രീതി കേട്ടുകേട്ടാണ്.

മിനി കുട്ടനാട്ടിലെ അമ്മ വീട്ടിൽ ചെല്ലുമ്പോൾ കൊച്ചി ഭാഷയും കൊണ്ടുവന്നിരിക്കുന്നെന്ന്, അവരുടെ അമ്മൂമ്മയും പറയുമത്രെ.

ചേച്ചിമാരിൽ, ആർക്കെങ്കിലും കല്യാണമൊത്തു വരുമ്പോൾ അവരുടെ അച്ഛനും അമ്മയും ഒരുമിച്ച് വന്ന് കൂട്ടിക്കൊണ്ടുപോകും.

സ്വർണ്ണക്കമ്മലും പണവുമൊക്കെ നൽകി അവരെ യാത്രയാക്കുമ്പോൾ കുട്ടികളായ ഞങ്ങളും, ഞങ്ങളുടെ, അമ്മമാരും അവരുമൊക്കെ കരഞ്ഞുകൊണ്ടാണ് വേർപിരിയുന്നത്.

അങ്ങനെ ഞങ്ങൾ തീരെ ചെറിയ കുഞ്ഞുങ്ങളായിരുന്ന കാലം മുതൽ പല ചേച്ചിമാരും വന്നു പോയിട്ടുണ്ട്.

പലരുടെയും പേരുകൾ മറന്നു പോയി. കാഞ്ചന ചേച്ചിയുടെ പേരു മാത്രം നല്ല ഓർമയുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ കുട്ടികളെനോക്കി കഴിയുന്നവർക്ക് പുറത്തു പോകാൻ ഒരവസരമൊരുക്കി കൊടുത്തു,അധ്യാപകരായ ഞങ്ങളുടെ അമ്മമാർ.

വൈകുന്നേരങ്ങളിൽ സാധനങ്ങൾ വാങ്ങാൻ ചന്തയിൽപോകാനനുവദിച്ചു. അതിനായി അവരെ ഒരുമിച്ചു വിടും.

സ്റ്റെല്ല ടീച്ചർ അമ്മയോടു പറയും

“മൂന്നാളും കൂടി പോയി വരട്ടെ. കുറച്ചു കാറ്റൊക്കെ കൊണ്ട് പത്തിരുപതു മിനിറ്റു നടന്നിട്ടു വരുമ്പോൾ അവർക്കും ഒരു ഉണർവു വരും”.

അത്യാവശ്യം സാധനങ്ങളും, അവർക്കിഷ്ടമുള്ള കടൽ മത്സ്യവും, കക്ക ഇറച്ചിയുമൊക്കെ വാങ്ങിക്കൊണ്ടു വരും.

കുളിച്ച് മുടിയഴിച്ചിട്ട് കുളിപ്പിന്നു കെട്ടി, കണ്ണെഴുതി കുങ്കുമപ്പൊട്ടുകുത്തി കുട്ടിക്കൂറാ പൗഡർ ഇട്ട് അണിഞ്ഞൊരുങ്ങി പോകാൻ അവർക്കും
ഇഷ്ടമായിരുന്നു.

ഒരിക്കൽ,അടുക്കളയിൽ,കമഴ്ത്തിവെച്ചിരിക്കുന്ന ഓട്ടുരുളിയിലെ കരിയെടുത്ത് വീട്ടിൽ നിൽക്കുന്ന ചേച്ചി കണ്ണെഴുതുന്നതു കണ്ട് ഞാനും തേച്ചു നോക്കി.

കരടു പോലെ എന്തോ കണ്ണിൽ തടഞ്ഞ് കുടുകുടാ എന്ന് കണ്ണുനീരൊഴുകിയപ്പോഴാണ് അമ്മയറിഞ്ഞത്.

രാത്രി ചേച്ചി എന്നോടു പറഞ്ഞു ,അവരുടെ വീട്ടിൽ ഉണക്കകപ്പ പൊടിച്ചത് അരിച്ച് പൗഡറിനു പകരം മുഖത്തു ,പുരട്ടാറുണ്ടത്രെ.

കൺമഷി തീർന്നെങ്കിൽ മേടിക്കാതിരുന്നതെന്തെന്ന്,അമ്മ ചോദിക്കുന്നതു കേട്ടു.

പിറ്റേന്ന് സ്കൂളിൽ നിന്നു മടങ്ങും വഴി അച്ചമ്പിച്ചേട്ടന്റെ
കടയിൽനിന്ന്
കമലവിലാസ് കൺമഷി കൈ
എത്തിച്ചു വാങ്ങിയത് ഞാനാണ്. അമ്മ കടയ്ക്കു പുറത്തു കാത്തു നിന്നു.

ഒരിക്കൽ ഞാനും മിനിയും കൂടി തീരുമാനിച്ചു. ഇവരുടെ കൂടെ ചന്ത കാണാൻ പോകണം. ആരോട് അനുവാദം ,ചോദിച്ചാലും തരില്ല. എങ്കിലും ഞങ്ങൾ,ശ്രമിച്ചുകൊണ്ടേയിരുന്നു. വേണ്ട എന്നു മാത്രം എന്നു ചോദിച്ചാലും മറുപടി കിട്ടിക്കൊണ്ടുമിരുന്നു.

ചന്തയിൽ ഭയങ്കര തിരക്കായിരിക്കും ”നിങ്ങൾ,വരേണ്ട ” എന്നവരും പറയും.

ഒടുവിൽ മിനിയുടെ പപ്പ കുട്ടപ്പനങ്കിളാണു പറഞ്ഞത്, “കൊച്ചുങ്ങൾ പോയി കണ്ടുവരട്ടെ. അവർ നോക്കികൊള്ളുമല്ലോ!”

ഞങ്ങൾ,പോകേണ്ടന്നു അമ്മമാർ കണ്ണുമിഴിച്ചു കാണിച്ചെങ്കിലും അതു ശ്രദ്ധിക്കാതെ ഒരു ദിനം അവരോടൊപ്പം ഞങ്ങളും ഇറങ്ങി.

സായന്തനമാകാറാകുമ്പോഴെത്തുന്ന, തണുത്ത
പടിഞ്ഞാറൻ കാറ്റേറ്റ് നടക്കാൻ നല്ല രസമായിരുന്നു.

ചില ചെറുക്കന്മാര് അങ്ങോട്ടുമിങ്ങോട്ടും സൈക്കിൾ,ചവിട്ടുന്നതു ചേച്ചിമാരെ
നോക്കാനാണെന്നു മിനി കാതിൽ പറഞ്ഞു.

“ഇന്ന്,മൊതലാളത്തിമാര് കൂടെയുണ്ടല്ലോ ”
എന്നു ഞങ്ങളെ
ആരോ കളിയാക്കി
പറഞ്ഞപ്പോൾ അവർ മൂന്നാളും പൊട്ടിച്ചിരിച്ചു.
പരിഹസിച്ചതെന്നു മനസിലായ ഞങ്ങൾ രണ്ടു പേരും മിണ്ടാതെ വിളറിയ ചെറുചിരിയേകി.

ചന്തയിലെ കാഴ്ചകൾ കണ്ട്,അത്ഭുതപരതന്ത്രരായി നിന്ന ഞങ്ങളെ,അകത്തേയ്ക്കു കയറ്റാതെ പുറത്തു തന്നെ നിർത്തി, കാഞ്ചന ചേച്ചി കൂട്ടു നിന്നു.

മറ്റു രണ്ടാളും വിൽപ്പനക്കാരുടെ അടുത്തേയ്ക്കു പോയി. “ഇങ്ങോട്ടു വാ ” വില പേശി വിൽക്കുന്ന മത്സ്യ കച്ചവടക്കാരുടെ ഒച്ചപ്പാടുകൾ. ചാള, അയല എന്നു വിളിച്ച് അതിൻ്റെ വില പറയുന്ന രീതിയും കേട്ട്,ബഹളത്തിലേയ്ക്കു കയറാതെ ഞങ്ങൾ കൺ മിഴിച്ചു നിന്നു.

നാടൻ പച്ചക്കറികൾ കൂട്ടിയിട്ടിരിക്കുന്നതിന പ്പുറം, ഉന്തുവണ്ടിയിൽ വെച്ചിരിക്കുന്നകറുത്തതും , വെളുത്തതുമായ മുന്തിരിക്കൂട്ടവും, സവർജെലിയും , ചുവന്നുതുടുത്ത ആപ്പിളിലുമായിരുന്നു ഞങ്ങളുടെ കണ്ണ് .

“അതൊക്കെ ഭയങ്കരവിലയാ , സാറു ജോലി കഴിഞ്ഞു വരുമ്പോ മേടിച്ചു കൊണ്ടുവരും ”

കാഞ്ചനചേച്ചി ഞങ്ങളുടെ കൊതിനോട്ടം കണ്ടിട്ടാകും പറഞ്ഞത്.
“എൻ്റെ പപ്പ വരുമ്പോൾ അങ്കൂർ മുന്തിരി കൊണ്ടു വരാറുണ്ട്. ” മിനി പറഞ്ഞു.

തൊട്ടടുത്ത ,പീടികയിലെ ,കുപ്പിയിലിട്ടിരിക്കുന്ന പഞ്ചസാര നീരൂറുന്ന ചുവന്ന മൃദുലമായ മിഠായി,പത്തുപൈസ
യ്ക്ക് ഞങ്ങൾക്കു വാങ്ങി തന്നത് എണ്ണി പകുത്ത് അവിടെ വെച്ചു തന്നെ കഴിച്ചു തീർത്തു.

മടങ്ങുന്ന വഴിയിലെ കാഴ്ചകൾക്കു പുതുമ തോന്നി.എന്നുംതിരക്കിട്ടു,അമ്മയുടെപിറകെസ്കൂളിലേയ്ക്കു പോകുന്ന വീഥിയിൽ ഇക്കാഴ്ചകൾ കണ്ണിൽ പെട്ടിരുന്നില്ല. അന്നത്തെ,സാവകാശമുള്ള നടപ്പ് നല്ല രസമായിരുന്നു.

പാരിജാതവും, ചെമ്പകവും, മുല്ലയും പിന്നെ വെളുത്തതും ചുവന്നതും, റോസ് നിറമാർന്നതുമായ നാട്ടു പനിനീർപ്പൂക്കളും വഴിയരികിലെ വീടുകളിലെ മതിലിനെ ഭേദിച്ച് കാഴ്ചക്കാരെ നോക്കി ഇളകിയാടി പുഞ്ചിരി തൂകി നിന്നിരുന്നു.

മടങ്ങുന്ന നേരം അവർ കാണിച്ചു തന്നു
കവലയ്ക്ക് പടിഞ്ഞാറോട്ടുള്ള വഴി പോയാൽ അഴിക്കകം എന്ന സ്ഥലമാണത്രെ. അവരിതെല്ലാം എങ്ങനെ മനസിലാക്കിയാവോ?

അതിനപ്പുറം കല്ലഞ്ചേരിയെന്നു വിളിക്കുന്ന ഇടമുണ്ട്. (ഇന്നത്തെ ടൂറിസ മേഖല) അങ്ങോട്ടു ,പോകണമെങ്കിൽ ഒരു ചെറു പുഴ കടക്കണമത്രെ .എല്ലായിടവും ,ഒന്നുചുറ്റിക്കാണണമെന്നുണ്ട് . ചേച്ചിമാർക്കും കാണുമായിരിക്കും ആഗ്രഹം. പക്ഷേ ആരു കൊണ്ടുപോകാനാണ്.
ആശ ഉള്ളിലൊതുക്കി നടന്നു.

നെല്ലുണക്കാൻ ഇരിക്കുന്ന ചേച്ചി കാക്കയെഓടിക്കു
വാൻ പാടുന്ന പാട്ടോർത്തു പോയി അപ്പോൾ . “കല്ലഞ്ചേരി കാക്ക പറക്കണു, കൊക്കു പറക്കണു
കാ കാ കാ”.

മടങ്ങും വഴി ഇടവഴി കയറിയപ്പോൾ മണ്ണെണ്ണ വിളക്കുകൾ കത്തിക്കാൻ ഒരുങ്ങുന്ന വീടുകളിൽ അമ്മമാർ കളിക്കാൻ പോയിരിക്കുന്ന മക്കളെ പേരു പറഞ്ഞ് നീട്ടിവിളിക്കുന്നതു കേൾക്കാം.

കയറിഴ വലിക്കുന്ന ചാട്ടു വഴികളിൽ അതിവേഗത്തിൽ പണി തീർക്കുന്ന തിരക്ക്. കപ്പലണ്ടി വറുത്ത് വിൽക്കുന്നവർ വണ്ടി ഉന്തി പോകുന്നതു കണ്ടു. ചീനച്ചട്ടിയിൽ മണ്ണു നിറച്ചാണു വറുക്കുന്നത്. സിനിമാ തീയറ്ററിനു,മുന്നിലേയ്ക്കാണു പോക്ക്.

ഗ്രാമത്തിലെ ഏക തീയേറ്ററായ,സേവ്യേഴ്സിൽ നിന്ന് റെക്കോർഡു ഗാനം വന്നു തുടങ്ങി.

ആദ്യത്തേത് ഭക്തിഗാനമാണ് . “വാഴ്ത്തുന്നു ദൈവമേ നിൻ്റെ നാമം….. നീയെൻ്റെ പ്രാർത്ഥന കേട്ടു ” എന്ന ഗാനം.
തുടർന്ന് മലയാള ചലച്ചിത്ര ഗാനങ്ങൾ .

നടക്കുന്തോറും ഗാനവീചികൾ സ്വരംകുറഞ്ഞു,വരുമെങ്കിലും,ഇടവഴിയെത്തും,വരെ ഗാനമാസ്വദിച്ചു നടക്കാം.

കാക്കകൾചേക്കേറുന്ന ശബ്ദകോലാഹങ്ങൾക്കിടയിൽ ആകാശ നീലിമയ്ക്കു താഴെ ഒത്തൊരുമയോടെ പറന്നു,നീങ്ങുന്നപക്ഷിക്കൂട്ടം.

എണ്ണിയാലൊടുങ്ങില്ല,എവിടെയാണാവോ,
ഇവ,താമസിക്കുന്നത്.
ഗഗനസഞ്ചാരികളെ കണ്ടൽപ്പനേരം മുകളിലേയ്ക്ക് നോക്കി നിന്നു പോയി. ഒന്നിനു പിറകെ ഒന്നായി എത്ര യെത്ര കൂട്ടങ്ങൾ, ഒരേ താളത്തിൽ,വേഗതയിൽ ഒഴുകുന്ന ദൃശ്യം.

പല വീടുകളുടെയും ഇറയത്ത്,ചെവിത്തട്ടുതുളച്ചു,തോൾവരെ,കാതുനീട്ടിവളർത്തിയ,
മുത്തശ്ശിമാരിരിപ്പുണ്ട്. ചിലർ,വെറ്റിലമുറുക്കുന്നുമുണ്ട്.

മൂവന്തിയാകുമുമ്പ് വീട്ടിലെത്തണം അവർ നടപ്പിനു വേഗത കൂട്ടി. കാഴ്ചകൾ,കാണാനുള്ള താൽപര്യത്താൽ മിനിയും ഞാനും മെല്ലെ പ്പോക്കു നടത്തിയ
പ്പോൾ അവർ പറയും
“അതാ പറഞ്ഞതു വരേണ്ടെന്ന്. ”

ഞങ്ങൾക്ക്
ഇന്നത്തെ സഞ്ചാരം,
ഒത്തിരിയങ്ങ് ഇഷ്ടപ്പെട്ടെന്ന്
മനസിൽ പറയും.

“എടീ ഈ ഓടു കാച്ചലെന്നാ ? ”

കാഞ്ചന ചേച്ചി മറ്റേ ചേച്ചി മാരോടു ചോദിച്ചു. രാത്രി പാടത്തു നിന്ന് മീൻ കൊണ്ടു വന്നാൽ ഇവിടുത്തെ വല്യമ്മ (അമ്മൂമ്മ) പറയും

“ഓടു കാച്ചി വറ്റിച്ചിട്ടേക്ക് “എന്ന്.

“എടീ അതു കറിയുടെ അരപ്പിനുള്ള പൊടികൾ ആദ്യം ചട്ടിയിൽ ചൂടാക്കുന്ന തിനാ ”
അടുത്തയാൾ വിശദീകരിക്കും.

കറി വിളമ്പുമ്പോൾ
“ഉമ്മിണിക്കും കൂടി ഇടെന്നു പറയും ”

അടുത്തയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു.
“കുറച്ചു കൂടി ” എന്നാണതിന്നർത്ഥം.

മലയാള ഭാഷയുടെ ദേശഭേദങ്ങളെ കുറിച്ചു ചർച്ച ചെയ്തവർ ചിരിച്ചു കൊണ്ട് ധൃതിയിൽ നടക്കും.

ഓരോ വീടുകളുടെ അതിരുകളിൽ വേലിപ്പത്തലുകളായി പിടിപ്പിച്ച ചെമ്പരത്തി പൂത്ത് ചുവന്ന പൂക്കൾ വിടർത്തി പകലത്തെ വെയിലിനെയും, അതിജീവിച്ച് കാന്തിയോടെ നിൽക്കുന്ന കാഴ്ചയും കണ്ടു നടക്കുമ്പോൾ

“ചന്തേപ്പോയാ ” എന്ന വഴിയിൽ കാണുന്ന സകലപരിചയക്കാരുടെയും ചോദ്യം!

കേൾക്കാത്ത മട്ടിൽ ഞങ്ങൾ, ഓടി നടക്കും. ഇതിലാരെങ്കിലുമൊരാൾ, കുട്ടികളെ, ചന്തയിലൊന്നും വിടല്ലേ എന്നു പിറ്റേന്നു, ഞങ്ങളുടെ, അമ്മമാരോടുപറയുമെന്നും, അതിനെത്തുടർന്ന്, ശകാരം, കേൾക്കേണ്ടിവരുമെന്നും, ഞങ്ങൾക്കുറപ്പുണ്ടായിരുന്നു.

മുല്ലപ്പൂക്കളുടെ ഗന്ധമേകി തഴുകികടന്നു പോയ കാറ്റിൽ,അന്തിക്കടർന്നു വീണ മുല്ലപ്പൂക്കൾ ഞങ്ങളുടെ മുറ്റത്തെ പേരമരച്ചോട്ടിൽ പരവരതാനി വിരിച്ചത് പെറുക്കിയെടുക്കാനിരുന്നപ്പോൾ ഞാനും മിനിയും പരസ്പരം പറയാതെ പറഞ്ഞു ഇനി ഇങ്ങനെ ഒരു കമ്പോളക്കാഴ്ച പ്രതീക്ഷിക്കുകയേ വേണ്ട.

രാത്രിയിൽ കഥ പറഞ്ഞു തന്നും, പാട്ടു പാടിയും,കുട്ടികളോടൊപ്പം ഒരു മുറിയിൽ തന്നെ ഉറങ്ങിയും, ഒരു കാലത്ത്,ജീവിതത്തിലെ, അവിഭാജ്യഘടകമായിരുന്ന, ചേച്ചിമാരൊക്കെ, എവിടെയോ പോയി മറഞ്ഞു. പക്ഷേ അവർ തന്ന നല്ലോർമകൾ, മനസിലെന്നും, മറയാതിരിപ്പുണ്ട്.

എൻ്റെ ക്ലാസിൽ പഠിക്കുന്ന മിനിയുടെ അനുജൻ മനോജ്, ആൺകുട്ടികളുടെ കൂട്ടത്തിലെ കളി കഴിഞ്ഞ് ഞങ്ങൾ പശുത്തൊഴുത്തിനടുത്ത് ഒഴിഞ്ഞ സ്ഥലത്ത് കഞ്ഞിയും കറിയും വെച്ചു കളിക്കുന്നത് വന്നു നോക്കി നിൽക്കും.

“ചെറുക്കന്മാരെന്തിനാ ഇവിടെ വന്നു നിൽക്കുന്നെ” എന്നു പറഞ്ഞവനെ ഓടിക്കും. ഇവനെയും കൂടി കണ്ട പരിചയത്തിൻ്റെ ബലത്തിലാ ഞാൻ ഒന്നാം ക്ലാസിൽ പെൺഭാഗം വിട്ട് ആൺഭാഗത്തു പോയി അറിയാതിരുന്നു പോയതും, തെറ്റുകാരിയായതും. പിന്നെ അവനെ കളിക്കാൻ കൂട്ടേണ്ട കാര്യമുണ്ടോ? ആൺ പെൺ വ്യത്യാസം അത്ര ശക്തം.

ഞാനും, മിനിയും അവനെ വഴക്കു പറഞ്ഞോടിക്കുമ്പോൾ ദേഷ്യം പുറത്തു കാണിക്കാതെ അവൻ ഞങ്ങളുടെ കളി അടുപ്പിൻ്റെ ഇഷ്ടികക്കല്ല് അറിയാത്ത മട്ടിൽ കാലു കൊണ്ടു തട്ടി ഓടിപ്പോകും. പിറകെ അടിക്കാൻ മിനിയും.

മിനിയുടെ അമ്മ ജോലി മതിയാക്കി കുടുംബ വീട്ടിലേയ്ക്കു അവരെല്ലാവരും , തിരിച്ചുപോകാനൊരുങ്ങുന്ന നാളിൽ ഞങ്ങൾ കളിക്കൂട്ടുകാരനുഭവിച്ച മനോവേദന,മുതിർന്നവർ, അറിഞ്ഞുകാണുമോ?
ജീവിതത്തിൻ്റെ അവസ്ഥാന്തരങ്ങളായി അതൊക്കെ അവർ കണ്ടു കാണും.

എന്നാണവർ പോയത് അപ്പർ പ്രൈമറി ക്ലാസുകളിൽ മിനിയും, മനോജുമൊന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല.

സ്മരണകളിങ്ങനെ നിലാമഴ പോൽ ഇറ്റിറ്റു വീഴുമ്പോൾ ചോർന്നു പോകാതെ, കൈക്കുടന്നയിലാക്കി, പകരാനെന്തു സുഖം.

എങ്കിലുമെന്തോ നഷ്ട വസന്തത്തിലെ സന്ധ്യാ സുഗന്ധം,ഇനിയൊരിക്കലും തിരിച്ചു വരില്ല എന്ന ചിന്ത ചിലപ്പോഴൊക്കെ വല്ലാതെ, വീർപ്പുമുട്ടിക്കുന്നു.

ആകാശവീഥിയിൽ പറന്നകന്നു പോയ പക്ഷിക്കൂട്ടം പോൽ, സ്മൃതികളെങ്കിലും, പറന്നകലാതിരുന്നെങ്കിൽ !

റോമി ബെന്നി✍

RELATED ARTICLES

11 COMMENTS

  1. എഴുതി അവസാനിപ്പിച്ചതുപോലെ തന്നെ,പറന്നകന്നുപോകുന്ന പക്ഷിക്കൂട്ടങ്ങളെപ്പോലെ, ഓർമ്മകൾ അകന്നു പോകാതിരിയ്ക്കട്ടെ,

  2. വായിക്കാൻ നല്ല രസം.
    മുടങ്ങി പോയപ്പോൾ ഒരു വിഷമം തോന്നിയിരുന്നു.
    ബാല്യം കൗമാരത്തിലേക്ക് എത്തിക്കാണും എന്ന് കരുതി.

    സ്മൃതികൾ പറന്നകലാതിരിക്കട്ടെ.
    സ്നേഹം മാത്രം

  3. ഓർമ്മകളിങ്ങനെ പൂത്തു നില്ക്കുകയാണല്ലേ?
    കാലമിത്ര കഴിഞ്ഞിട്ടും ഒട്ടും ചോരാതെ നിൽക്കുന്ന അനുഭവങ്ങളെ എത്ര മനോഹരമായിട്ടാണ് പകർത്തുന്നത്. ഭാവുകങ്ങൾ❤️❤️

  4. കുഞ്ഞുമനസ്സിലെ ഓർമ്മകൾ അതിമനോഹരമായി എഴുതിയിരിക്കുന്നു….. ഇനിയും നല്ല ഓർമ്മകൾ എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ…. വായിക്കുവാനായി കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ റോമി ബെന്നിക്ക് ❤️❤️❤️❤️

  5. കുഞ്ഞോർമ്മകൾ നല്ലൊർമ്മകൾ, കാലത്തിന്റെ കുത്തൊഴുക്കിൽ മറഞ്ഞുപോയവരെ പിന്നീട് എപ്പോഴെങ്കിലും കാണുവാൻ എഴുത്തുകാരി ശ്രെമിച്ചിരുന്നോ, ഒന്ന് ശ്രെമിക്കാമായിരുന്നു, ആ കൂടിച്ചേരൽ അതീവ ഹൃദ്യമാവും. അഭിനന്ദനങ്ങൾ.

  6. കുഞ്ഞുമനസ്സിലെ അനുഭവങ്ങൾ ഇങ്ങനെ ഓർത്തെടുക്കാനും വേണം ഒരു കഴിവ്..
    അത് മനോഹരമായി പകർത്തുവാൻ അതിലും കഴിവ് വേണം…
    തുടരു….

  7. എന്തു രസമാണീ എഴുത്ത്……. ഓർമ്മക്കുറിപ്പിനായി കാത്തിരിക്കയായിരുന്നു.
    മായാതെ മറയാതെ സന്ധ്യാ സുഗന്ധം ഒരുപാടിഷ്ടപ്പെട്ടു. റോമീബെന്നിക്ക് അഭിനന്ദനങ്ങൾ. ഓരോ വാക്കും ചിത്രങ്ങളായി മുന്നിൽതെളിയുന്നു. പഴയ കാലത്തെ വാക്കും പറച്ചിലുമെല്ലാം അതേപോലെ ആവിഷ്ക്കരിച്ചിരിക്കുന്നു. പറയാൻ വാക്കുകളില്ല വീണ്ടും എഴുതൂ’.. കാത്തിരിക്കട്ടെ…..

  8. വീണ്ടും ഓർമ്മകളുടെ പൂക്കലാവുമായി റോമി ടീച്ചർ 👍🙏❤️

  9. ടീച്ചർ എഴുതുന്ന ബാല്യകാല ഓര്‍മകള്‍ വായിക്കുമ്പോള്‍ നമ്മുടെ ബാല്യകാല ആഗ്രഹങ്ങളും ഓര്‍ക്കുന്നു 😍👌

  10. ഇത്രയും വർഷങ്ങൾക്കു ശേഷവും തലക്കെട്ടുപോലെ മായാതെ മറയാതെ ഓർമ്മക്കുറിപ്പാക്കി മാറ്റാനുള്ള റോമിയുടെ കഴിവ് അഭിനന്ദനാർഹം തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com