Friday, April 3, 2026
Homeഅമേരിക്ക“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ്...

“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ് രചന മത്സരം #7) ✍ റോമി ബെന്നി

മലയാളി മനസ് യു.എസ്. എ.യിൽ നിന്ന് ഒരു സന്ദേശമെത്തി.

ഇത്തവണ ഓണത്തിന് എൻ്റെ വീട്ടിൽ
മഹാബലി വരുന്നുണ്ടത്രെ.! ആദ്യം സംശയിച്ചു. പിന്നെ വിശ്വസിച്ചു.

എന്തൊരുക്കമാണ് ചെയ്യണ്ടത് ? ഒരൽപനേരം ചിന്തയിലമർന്നു.

മുൻവശത്തെ മുറ്റമെല്ലാം ഹൈവേ വികസനത്തിന് ഏറ്റെടുത്തതിനാൽ
പണ്ടത്തെ പോലെ മണ്ണിലല്ല, കാർപോർച്ചിലാണ്, ഓണപ്പൂക്കളമിടുന്നത്.

ചെമ്പരത്തിപ്പൂവും , തുമ്പപ്പൂവും, ഒഴിച്ച് വേറെല്ലാ പുഷ്പങ്ങളും പൂക്കടയിൽ നിന്നു
വാങ്ങിയാണ് ഓണക്കളമാക്കുന്നത്.

ഇഷ്ടപുഷ്പമായ തുമ്പപ്പുവു കണ്ടതിൽ മാവേലിത്തമ്പ്രാൻ സംതൃപ്തനാകുമായിരിക്കും .

കാൽ കഴുകി എതിരേൽക്കാൻ കിണ്ടിയിൽ ജലം നിറച്ചു .

പുതിയതായി വാങ്ങിയ, നേര്യതും മുണ്ടുമുടുത്ത് സുസ്മേര വദനയായി ഞാൻ കാത്തു നിന്നു.

മുല്ലപ്പൂ രണ്ടിരട്ടി കാശുകൊടുത്തു വാങ്ങിയത് തലയിൽ ചാർത്തി. പൂമാലയുടെ ഒരറ്റം, മുൻപിലേയ്ക്കിടാൻ മറന്നില്ല.

അദ്ദേഹത്തെ ആനയിച്ചിരുത്താൻ, ഇരിപ്പിടം ചാരുകസേര തന്നെയാണു നല്ലത്. റോഡിലെ സഞ്ചാരത്തിൽ നടുവിനു വിശ്രമം അത്യാവശ്യം.

ആകാശത്തമ്പിളി തിളങ്ങും പോലെ മാവേലിത്തമ്പുരാൻ വന്നെത്തി. ‘മലയാളി മനസ്’ പത്രം പറഞ്ഞതു അങ്ങനെ സത്യമായി.

പാദസ്നാനത്തിനു ശേഷം,പുഞ്ചിരി തൂകി മഹാബലി ആസനസ്ഥനായി.

“എല്ലാവരുമെത്തിയോ തിരുവോണ സദ്യയ്ക്ക്!” തമ്പുരാൻ ചോദിച്ചു.

ഇല്ല .മൂത്തമകനും ഭാര്യയും വന്നിട്ടില്ല. കർണ്ണാടകയിലാ, അവിടെ അവധിയില്ല.

ഞാനും, ഭർത്താവും, ഇളയ മകനും ഭാര്യയും ഇവിടെയുണ്ട്.

മന്ദഹസിച്ചു കൊണ്ട് സദ്യ വിളമ്പാൻ അദ്ദേഹം സമ്മതമേകി.

തിരുവോണ സദ്യ കഴിച്ച് പ്രൗഡിയോടെ ചാരു കസേരയിൽ വന്നിരുന്ന അദ്ദേഹം സംതൃപ്തനായ പോലെ കാണപ്പെട്ടു. എൻ്റെ തോന്നലാകാം.

“എന്താണ് പറയാനുള്ളത്? പരാതി വല്ലതും! അതോ അനുഗ്രഹമേകീട്ട് നോം ഇറങ്ങട്ടെ.”

മാവേലിത്തമ്പുരാൻ പോകാൻ തിടുക്കം കൂട്ടുന്നു.

ലോകമെമ്പാടും മലയാളികൾ അങ്ങയെ കാത്തിരുന്ന് ആഘോഷിക്കുന്ന തിരുവോണത്തിന് എൻ്റെ വീട്ടിൽ വന്നതിൽ അതിരില്ലാത്ത സന്തോഷവും നന്ദിയുമുണ്ട്. ഒരു കാര്യം ഉണർത്താനുണ്ട് പ്രഭോ!

ഇന്നത്തെ തലമുറ ഭൂരിഭാഗം പേരും മറു നാടു തേടി പോകുന്നു. പോയവർ ആരും തന്നെ തിരിച്ചു വരാൻ ആഗ്രഹിക്കുന്നുമില്ല.

വരും വർഷങ്ങളിൽ മലയാളനാട്ടിൽ, ഓണമാഘോഷിക്കാൻ വൃദ്ധന്മാർ മാത്രമേ അവശേഷിക്കുകയുള്ളു.

എഴുന്നേറ്റ് ചാരി വെച്ചിരുന്ന ഓലക്കുട തോളിലേറ്റി അദ്ദേഹമൊരടി നടന്നു.
പിന്നെ നിന്നു.

നിർമമനായി, എന്നാൽ വാത്സല്യ സ്നേഹ വദനനായി എന്നെ നോക്കി.

മറുപടി പറയാൻ അവസരം നൽകാതെ ഞാൻ തന്നെ, സംസാരം തുടർന്നു.

കാലങ്ങൾക്കു, മുന്നേ തന്നെ, പ്രവാസ ജീവിതത്തിലേയ്ക്ക് ആളുകൾ പോകാറുണ്ടായിരുന്നു.
പക്ഷേ അന്ന് ഒരോ കുടുംബങ്ങളും സന്താന സമൃദ്ധമായിരുന്നു. അതിൽ ഒന്നോ രണ്ടോ പേർ മാത്രമേ ദേശാടനം നടത്തിയിരുന്നുള്ളു .

ഇന്നാകട്ടെ മക്കൾ ജീവിക്കാൻ മറുനാട് തേടുന്നു.

അവർക്ക്, അവിടെ, കിട്ടുന്നതൊക്കെ ഇവിടെ കിട്ടിയാൽ തിരിച്ചു വരില്ലേ?

ഇനിയുള്ള യുവജനങ്ങളെങ്കിലും നാടു വിടാതിരിക്കില്ലേ!

നമ്മുടെ കേരള നാട്ടിൽ അങ്ങയുടെ കാലം പോലെ ആമോദത്തോടെ വസിക്കുന്ന കാലമുണ്ടാകുമോ !

മാവേലിതമ്പുരാൻ പ്രതിവചിച്ചു.

“സമ്പദ് സമൃദ്ധി, മാത്രമല്ല, കള്ളത്തരങ്ങളൊന്നുമില്ലാത്ത ഒരു കാലത്താണ് ഞാനിവിടെ ജീവിച്ചതും, ഭരിച്ചതും.

എന്നിട്ടും എനിക്കു പോലും, സന്തോഷത്തോടെ, പടിയിറങ്ങേണ്ടി വന്നു.

വർഷത്തിലൊരിക്കൽ എൻ്റെ നാടും, പ്രജകളെയും, കണ്ടു വരാനുള്ള, അനുഗ്രഹവും കിട്ടി.

നമ്മുടെ പ്രവാസി മക്കൾക്കും, മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അതു തന്നെയാണു ഗതിയും വിധിയും.

അവരും എന്നെപ്പോലെ നാട്ടിൽ വന്നു, എല്ലാവരെയും സൗകര്യം പോലെ കണ്ടു മടങ്ങട്ടെ.

വരാൻ പറ്റാത്തവർ ഒന്നുചേർന്നവിടെയും ഭംഗിയായി ആഘോഷിക്കുന്നുണ്ടല്ലോ ?. തൽക്കാലം അതു പോരെ !

അവരും, നിങ്ങളും ഉള്ളതിൽ സന്തോഷം കണ്ടെത്തുക. എൻ്റെ ഹൃദയം നിറഞ്ഞ അനുഗ്രഹാശിസുകൾ ”

വിങ്ങുന്ന ഹൃദയത്തോടെ, വിതുമ്പുന്ന അധരത്തോടെ ഞാനദ്ദേഹത്തെ യാത്രയാക്കി.

ഓണക്കാറ്റിൻ സാന്ത്വനത്തലോടലിൽ ഞാൻ തരളിതയായി നിൽക്കുമ്പോൾ, പൊന്നോണവെയിലിൽ മുങ്ങിക്കുളിച്ച് നിഴലായി ആ രൂപം മറഞ്ഞു.

ഇനിയും വരുന്നതു കാണാൻ, കാത്തിരിക്കാനായി കാതിൽ വന്നു പറഞ്ഞത് പൂത്തുമ്പിയോ പൂങ്കാറ്റോ !

റോമി ബെന്നി✍

RELATED ARTICLES

32 COMMENTS

  1. Romi 🙏,
    ഒരു കാലം വരും 2030,,,അന്ന് ശാസ്ത്രം ഈശ്വരനെ അംഗീകരിക്കും,, മതങ്ങൾ പിൻ തള്ളപ്പെടും,, മഹാഭാരതം, രാമായണം, ഭഗവത് ഗീത എന്നിവ ലോകം അംഗീകരിക്കും,, ജനങ്ങൾ പരസ്പര ശത്രുത മറന്നു പരസ്പരം സ്നേഹിക്കും,, കള്ളവും ചതിയും ഇല്ലാത്ത ഒരു ഭൂമി,, അത് ഭാരതം ആയിരിക്കും,,, വിശ്വസിക്കുക,, മറുനാടിന്റെ മനോഹാരിതയിൽ മയങ്ങിപ്പോയവർ തിരിച്ചു വരും,, കാത്തിരിക്കുക

  2. നൻമയുടെ ചെമ്പകം പൂക്കുന്ന ഒരു കാലം സ്വപ്നം കാണാൻ കഴിയുന്നത് തന്നെ ഭാഗ്യം . ഓണ നിലാവിൽ കുളിച്ച ഓർമ്മകളുമായി ഇക്കുറിയും ഓണത്തെ വരവേൽക്കാം.

  3. നർമ്മത്തിൽ കോർത്തിണക്കിയ പുതിയ ശൈലിയിൽ ഒരു സങ്കൽപം അവതരിപ്പിച്ചപ്പോൾ വായനയ്ക്കിടയിൽ വെറുതെ കൊതിച്ചു മാവേലിയൊന്നു വന്നിരുന്നെങ്കിൽ, കാത്തിരിക്കാം ഒരിയ്ക്കൽ വരും എന്ന പ്രതീക്ഷയിൽ…. 🙏❤️15

  4. കാലാനുസൃതമായ മാറ്റങ്ങൾ എല്ലാം അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ.

  5. നാട്ടിലെ പ്രധാന പ്രശ്നത്തെ മഹാബലിയുടെ മുൻപിൽഅവതരിപ്പിക്കുകയും ., ഇന്നത്തെ സാഹചര്യത്തിൻ സാധ്യമായ പരിഹാരം മാവേലി തമ്പുരാൻ നിർദേശിക്കുകയും ചെയ്യ്തത് കുറഞ്ഞ വരികളിൽ അവതരപ്പിച്ചതിന് അഭിനന്ദനം❤️

  6. സമ്പദ് സമൃതിയും, കള്ളത്തരങ്ങളും ഇല്ലാത്ത കാലത്ത് ജീവിക്കുകയും ഭരിക്കുകയും ചെയ്ത മാവേലി തമ്പുരാൻ ഓണത്തിന് വീട്ടിൽ വന്നപ്പോൾ, മാറിയ കാലഘട്ടത്തിന്റെ സംശയങ്ങൾ ചുരുങ്ങിയ വാക്കുകളിൽ ചോദിച്ചപ്പോൾ….. അവരും നിങ്ങളും ഉള്ളതിൽ സന്തോഷം കണ്ടെത്തുക….. നല്ല അവതരണം….. അഭിനന്ദനങ്ങൾ റോമി ബെന്നി… ❤️

  7. സമകാലികലോകത്തിൻ്റെ ഉത്കണ്ഠകൾ
    അതിനൊരു പരിഹാരം കണ്ടെത്തൽ
    നന്നായി റോമീ
    മാവേലിക്കും റോമിക്കും നന്ദി

  8. വളരെ കുറച്ചു വാക്കുകൾ എന്നാൽ ഹൃദ്യമായതും. വളരെ നന്നായിട്ടുണ്ട് റോമി.സമകാലിക പ്രാധാന്യം ഉണ്ട്. വൃദ്ധന്മാർ മാത്രമുള്ള കേരളം എന്നത് അധികം താമസം വിനാ കേരളത്തിൽ നടപ്പിലാകുന്ന കാര്യം തന്നെ യാണ്. നന്നായിട്ടുണ്ട് റോമി.

  9. ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ മാത്രമല്ല ജീവിതത്തിലും ഓണത്തിന് ഏറെ പ്രാമുഖ്യമുണ്ട്. ഓണത്തിന് മലയാളി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്ന ചിന്തയ്ക്ക് എത്ര മനോഹരമായിട്ടാണ് റോമി എഴുതിയിരിക്കുന്നത്.പ്രസക്തിയുള്ള ആശയമാണ് ലോകമെമ്പാടുമുള്ള മലയാളികൾക്ക് വേണ്ടി ശ്രീമതി റോമി ബെന്നി പങ്കുവെച്ചിരിക്കുന്നത്. മാവേലിയും ഏറെ സമാനമായ അവസ്ഥയിലൂടെ തന്നെയാണ് കടന്നു പോകുന്നതെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. എങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന് മാവേലി നമ്മെ ഓർമ്മപ്പെടുത്തുന്നു. പ്രവാസികളും വർഷത്തിലൊരിക്കലെങ്കിലും നാട്ടിൽ വന്ന് നമ്മുടെ മലയാള നാടിന്റെ സ്നേഹവും സന്തോഷവും ഐശ്വര്യവും അനുഭവിച്ചു പോകണമെന്ന് മാവേലി നമ്മെ വാത്സല്യത്തോടെ ഉപദേശിക്കുന്നു. അഭിനന്ദനങ്ങൾ റോമി ബെന്നി👍🏼👍🏼👍🏼.. ❤️❤️❤️

  10. പണ്ടുകാലങ്ങളിൽ ഓണക്കാലത്ത് നാ ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും മലയാളികൾ ഓണമുണ്ണാൻ സ്വന്തം നാട്ടിലും വീട്ടിലും എത്തുമായിരുന്നു.. എന്നാൽ ഇന്ന് തിരക്കുകൾക്കിടയിൽ പലർക്കും നാട്ടിലും വീട്ടിലും എത്തുവാൻ സാധിക്കുന്നില്ല. എങ്കിലും അവർ ആയിരിക്കുന്നിടത്ത് ഓണം നന്നായി ആഘോഷിക്കുന്നു. ആ ഒരു വിഷയത്തെ വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ച റോമി ബെന്നിക്ക് അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം വേറിട്ട എഴുത്തുകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

  11. ഇതുവരെ അങ്ങനെ കെട്ടിട്ടില്ലാത്ത ഒരു വിഷയം. മാവേലി നമ്മുടെ വീട്ടിലേക്കു, വ്യത്യേസ്തമായ ഒരു വീക്ഷണം. റോമി നന്നായി ഒരുങ്ങി സ്വീകരിച്ചു, അതുകൊണ്ട് അദ്ദേഹം സന്തോഷവാനായി മടങ്ങി. Good attempt. Thank you, wish you happy onam in advance.

  12. ഓണത്തിൻറെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ സമകാലീന സംഭവങ്ങളും ആഗ്രഹങ്ങളും അഭിപ്രായങ്ങളും കോർത്തിണക്കിയ രചന സുന്ദരം ആയിരിക്കുന്നു

  13. ഓണത്തിന് മാവേലി വന്നപ്പോൾ എതിരേറ്റ് സൽക്കരിച്ചരീതി വളരെ ഹൃദമായിതോന്നി. മവേലിയെ കാണാൻ പറ്റിയത് ഒരു ഭാഗ്യം തന്നെ .എല്ലാത്തിലും കൂടുതലായി പ്രജകളെ സ്നേഹിച്ച പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമ്പോഴും വർഷത്തിലൊരിക്കൽ തൻ്റെ പ്രജകളെ കാണാൻ അനുവാദം ചോദിച്ച് തിരുവോണനാൾ തൻ്റെ പ്രജകളെ എല്ലാം കാണാൻ വരുന്ന ആ പൊന്നുതമ്പുരാനെ, മാവേലിയെ ആരാധിക്കാത്ത ഒരു മലയാളി കുഞ്ഞുപോലും കാണില്ല. സദ്യയേക്കാൾ അധികം മാവേലിയെ സ്നേഹിക്കുകുന്ന, അതിനായി കാടും മേടും താണ്ടി പൂക്കളായ പൂക്കളെല്ലാം പറിച്ച് തിരുവോണത്തിന് പൂക്കളമിടുന്നതുതന്നെ .വീട്ടുമുറ്റത്ത് പൂക്കളം കണ്ടില്ലേൽ മാവേലി വീട്ടിൽ കേറാതെ തിരിച്ചു പോകും എന്ന് മുതിർന്നവർ പറഞ്ഞതോർത്ത് പേടിച്ചാണ്.
    സദ്യ കഴിച്ച് സംതൃപ്തിയോടെ വല്ലതും പറയാനുണ്ടോ? ഇല്ലേൽ അനുഗ്രഹിച്ചിട്ട് നോം ഇറങ്ങട്ടെ എന്നു പറയുന്ന മാവേലിയെ കാത്തിരിക്കുകയായിരുന്നു ലോകമെമ്പാടുമുള്ള മലയാളികളെല്ലാം .ഇന്ന് യുവജനങ്ങളിൽ നല്ലൊരു ശതമാനവും വിദേശങ്ങളിൽ കഴിയുന്ന അവസ്ഥയിൽ തികച്ചും യുക്തമായ ഒരു ചോദ്യവും വിദേശത്തെ അവസ്ഥ നാട്ടിലായാൽ എല്ലാവരും ഇവിടെത്തന്നെ കഴിയില്ലേ എന്ന ചോദ്യത്തിന് എവിടെയാണെങ്കിലും അവർ ഓണം ഒക്കെ ആഘാഷിക്കുന്നുണ്ടല്ലോ അവർ സന്തോഷമായി കഴിയട്ടെ എന്ന ഉത്തരവും ഏറ്റവും ഉചിതം തന്നെ
    അതാ പ്രജാ സ്നേഹിക്ക് ,മാവേലിക്ക്
    മാത്രമേ പറയാൻ കഴിയൂ’ മവേലിയെ കണ്ട റോമി ബെന്നിയ്ക്ക് അഭിനന്ദനങ്ങൾ
    എഴുത്ത് അതീവ ഹൃദ്യം – ആശംസകൾ

  14. ഇത് വായിച്ചാൽ മാവേലി തീർച്ചയായും ഈ ഓണത്തിന് റോമിയുടെ വീട്ടിലെത്തും . കാണുമ്പോൾ എൻ്റെ അന്വേഷണവും പറയുക .।

  15. ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട്

    പതിവുപോലെ റോമി ടീച്ചറിൻ്റെ ഈ രചനയും അതീവ ഹൃദ്യം തന്നെ ‘അതുല്യമായ വർണ്ണനകളിലൂടെ വായനക്കാരെ തൻ്റെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാറുള്ള എഴുത്തുകാരിയുടെ ഈ രചന പതിവിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. മലയാളി നേരിടുന്ന ആനുകാലിക പ്രശ്‌നങ്ങൾ തികച്ചും ലാഘവത്തോടെ അവതരിപ്പിക്കുവാൻ ടീച്ചറിനു കഴിഞ്ഞിട്ടുണ്ട്. പൂക്കളം തീർക്കാൻ വരവു പൂക്കളെ ആശ്രയിക്കേണ്ട അവസ്ഥ, നടുവൊടിക്കുന്ന റോഡുയാത്ര,മറുനാട്ടിലേക്ക് ചേക്കേറുന്ന യുവ തലമുറ, അനാഥത്വം പേറുന്ന വാർദ്ധക്യം – ഇവയെല്ലാം വായനക്കാരൻ്റെ മനോമുകുരത്തിൽ തെളിയിക്കുകയും അതോടൊപ്പം തന്നെ സാധ്യമായ പരിഹാരം നിർദ്ദേശിക്കുകയും ചെയ്ത ഈ രചനയുടെ മട്ടും ഭാവവും ശ്ലാഘനീയം തന്നെ.

  16. റോമിയുടെ മാവേലിയെ സ്വീകരിക്കാനുള്ള ഓണാഘോഷം വായിച്ചപ്പോൾ നമ്മുടെ നാട്ടിലെ പഴയ ഓണാഘോഷങ്ങളിലേക്ക് വീണ്ടും ഒരു യാത്ര നടത്തി. ചുറ്റുമുള്ള പറമ്പിൽ നിന്നും പൂക്കൾ പറിച്ച് പൂക്കളം ഇടുന്നതും അയൽ വീടുകളിൽ കൈ കൊട്ടിക്കളി കാണനായി പോകുന്നതും എല്ലാം ഓർമ്മയിലേക്ക് ഓടിയെത്തി. ഇതുപോലുള്ള ഓർമ്മപ്പെടുത്തലുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

Leave a Reply to Bipin Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com