ഇത്തവണത്തെ ഓണക്കാലത്ത് സാക്ഷാൽ മാവേലി എൻ്റെ വീട്ടിൽ വന്നാൽ ആശ്ചര്യത്തേക്കാളും, അത്ഭുതത്തേക്കാളും ഉപരി, നിശ്ചയമായിട്ടും സങ്കടത്തോടെയായിരിക്കും, ഞാൻഅദ്ദേഹത്തെ എൻ്റെ ഭവനത്തിലേയ്ക്ക് സ്വാഗതം ചെയ്യുക. കാരണം അത്രയേറെ, മാറി പോയിരിയ്ക്കുന്നു, നമ്മുടെയൊക്കെ മധുര മനോജ്ഞ കേരളം. “നാളികേരത്തിന്റെ നാട്ടിലേക്കൊരു നാഴിയിടങ്ങഴി മണ്ണ്, അതിൽ നാരായണക്കിളി കൂടുകൂട്ടുന്നൊരു നാലുകാൽ ഓലപ്പുരവേണം” ഇപ്പോൾ നമ്മുടെ മലയാൺമയ്ക്ക് ഉൺമകൾക്ക്, വെൺമകൾക്ക് എന്തുപറ്റി. ഒരു മില്യൺ ഡോളർ ചോദ്യം, ഉത്തരം, പാവം പാവം മഹാബലി അവശേഷിപ്പിച്ച, എത്ര നന്മകളാണ് ബാക്കി നില്ക്കുക. അത്രയേറെ കൈരളി മാറിപ്പോയിരിക്കുന്നു.
എനിക്ക് സാക്ഷാൽ ശ്രീമാൻ മഹാബലിയോട് ബോധിപ്പിക്കുവാൻ സങ്കടക്കൂടാരങ്ങളുടെ പെരുമഴകൾ മാത്രം. സ്വാർത്ഥതകൾ തീർക്കുന്ന മതിൽകെട്ടുകളുകളിൽ, വൽക്കരണങ്ങൾ (ആഗോളവൽക്കരണം, സ്വകാര്യവൽക്കരണം, കമ്പോളവൽക്കരണം, ഉദാരവൽക്കരണം) അവനവനിന്ന് മാത്രം ലക്ഷ്യമാക്കി മലയാളികൾ മുന്നേറുന്നു.
മരണവീടുകളിൽ നിന്നു പോലും നിലവിളികൾ ഇല്ലാതാവുന്നു, നടതള്ളലുകളും തലൈക്കുത്തുകളും ഇവിടെ തുടർക്കഥയാവുന്നു, കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങൾക്ക് വഴിമാറുന്നു, കേരളം ഒട്ടൊന്നാകെ നിശബ്ദ തേങ്ങലുകൾ ( Silent Screams). യുവതലമുറ ഒട്ടൊന്നാകെ, മാതാപിതാക്കളെ ഉപേക്ഷിച്ച് വിദേശത്തേയ്ക്ക് ചേക്കേറുന്നു. അവർ അവിടെ പോയി എല്ലും, പുല്ലും മുറിയെ പണിയെടുക്കുമ്പോൾ, അവരുടെ മാതാ പിതാക്കൾക്ക്, കൈനിറയെ പണം കിട്ടുന്നു, പക്ഷേ മനഃസമാധാനം
ഇതൊരു തരം (Vicious circle) ആണ്. മക്കൾ അവരവരുടെ വഴികളിൽക്കൂടി മുന്നേറുന്നു. അതുകൊണ്ട് തന്നെ പൂട്ടി ക്കിടക്കുന്ന വീടുകളുടെയും, അനാഥ മന്ദിരങ്ങളുടേയും എണ്ണങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിയ്ക്കുന്നു.
ഏറ്റവും സ്നേഹ ബഹുമാനപ്പെട്ട മഹാബലി ചക്രവർത്തിയേ, ഇന്ന് ഒരിക്കൽ അങ്ങ് ഭരിച്ചിരുന്ന കള്ളവും ചതിയും ഇല്ലാത്ത കേരളത്തിൽ ഇന്ന് എന്തും ഏതും കച്ചവടം, സ്നേഹമെന്നുള്ള മൃദുല വികാരം എന്നേ പോയ് മറഞ്ഞൂ, പകരം എവിടെയും സ്വാർത്ഥതയെന്നുള്ള അധമ വികാരം ഇന്ന് ഏറ്റവും വലിയ കച്ചവടങ്ങൾ ചൂഷണങ്ങൾ നടക്കുന്നത് വിദ്യാഭ്യാസ മേഖലയിലും, ആഗോള മേഖലയിലും. അങ്ങ് ഒരു കാര്യം കൂടെ കേട്ടുകൊള്ളുക, സാമൂഹ്യ സുരക്ഷാ പെൻഷൻ ഇല്ലായിരുന്നുവെങ്കിൽ അങ്ങയുടെ സ്വപ്ന നാട്ടിൽ ഇന്ന് എത്രയെത്രയോ ആത്മഹത്യകൾ അരങ്ങേറിയേനെ, കടബാദ്ധ്യതകൾ മൂലമുള്ള കർഷക, കുടുംബ, പിഞ്ചുകുഞ്ഞുകളുടെയടക്കം ആത്മഹത്യകൾ ഇന്ന് കൈരളിയിൽ ഇന്ന് വാർത്തയേ ആവുന്നില്ല.
ബഹുമാനപ്പെട്ട ഞങ്ങളുടെ സ്വപ്ന ചക്രവർത്തി. ഞങ്ങൾ എവിടെയൊക്കെയോ എന്തൊക്കെയോ, മൂഡസ്വർഗങ്ങളിലോ, ദന്തഗോപുരങ്ങളിലോ, സ്വപ്നങ്ങളിലോ മാത്രമാണ് ജീവിക്കുന്നത്. വിളവെടുപ്പിൻ്റെ ഉൽസവമായിരുന്നല്ലോ ഒരിക്കൽ അല്ല എല്ലാ വർഷവും അങ്ങ് എഴുന്നള്ളിയിരുന്ന തിരുവോണം, എന്റെ പാവം പാവം ചക്രവർത്തിയേ, ഇന്ന് മനുഷ്യൻ കൃഷിയേ ഒരു അഭിമാനത്തേക്കാൾ കാലം ഒരു അപമാനമായി കാണുന്നു കരുതുന്നു. മനുഷ്യനിവിടെ ഹർത്താലുകൾ ഒരുത്സവമാക്കി മാറ്റുന്നു. നമ്മുടെ നാട്ടുകാരേക്കൊണ്ട്, പാവം, പാവം അന്യസംസ്ഥാന(അതിഥി)തൊഴിലാളികൾ ജീവിയ്ക്കുന്നു. പക്ഷേ അങ്ങയുടെ സ്വന്തം നാട്ടിലെ പ്രജകളും, അന്യനാടുകളിൽ പോയി പണിയെടുക്കുന്ന പ്രജകളും തമ്മിൽ അജഗജാന്തരം. അങ്ങയുടെ സ്വന്തം പ്രജകൾ വിയർപ്പ് രക്തമാക്കുമ്പോൾ മറുനാടൻ മലയാളികൾ രക്തം വിയർപ്പാക്കുന്നു.
പ്രജാപതിയേ, ഞാൻ എന്തൊക്കെയോ എഴുതിപ്പോയി, ഒരു ശരാശരി മലയാളിയുടെ ആകുലതകൾ മാത്രമാണ് ഞാൻ അങ്ങയോട് പങ്കുവെച്ചത്. ഒരു പക്ഷേ നാളെ അങ്ങും ചിന്തിച്ചേക്കാം, ഞാൻ എന്തിനാണ് ഒരിക്കൽ, എന്റെയും, ദൈവത്തിന്റേയും സ്വന്തം നാടായ മലയാള മണ്ണിലേക്ക് വരുന്നതെന്ന്. പക്ഷേ അങ്ങ് നിശ്ചയമായിട്ടും വരണം, കാരണം അങ്ങയെപ്പോലുള്ള ഒരാൾ കേരളം ഭരിച്ചിരുന്നുവെന്നത് ഓരോരോ മലയാളിയുടേയും സ്വകാര്യ അഹങ്കാരമാണ്.
ഡോ. റെജി തോമസ്✍
M.A, M.Phil, B.Ed & D.Litt (Hon.)
H.S.S.T (Rtd.
കുന്നൂപ്പറമ്പിൽ, മാഞ്ഞൂർ




ആശംസകൾ
ഞാൻ ഓടിച്ചെന്ന് ഒരു സെൽഫി എടുത്തോട്ടെ എന്ന് ചോദിക്കും. ഇപ്പോഴത്തെ കാലത്ത് അതാണല്ലോ അതിന്റെ ഒരു ഇതു 🤪
മലയാള നാടിനെയും അതിന്റെ തനിമയെയും ഇത്രമാത്രം സ്നേഹിക്കുകയും അതിന്റെ മാധുര്യത്തെ തലമുറകളിലേക്കുവരെ പ്രചരിപ്പിക്കാനും വെമ്പുന്ന താങ്കളുടെ കറ പുരളാത്ത പിറന്ന മണ്ണിനോടുള്ള സ്നേഹത്തെ എത്ര പ്രകീർത്തിച്ചാലും അധികമാവില്ല…. എഴുത്തിന്റെ ലോകത്തെ സുവർണ്ണകിരീടം ചാർത്തുന്ന ശ്രീ റെജിതോമസ്സിന് അനുമോദനങ്ങൾ 🌹🌹
മലയാളികളും പ്രവാസികളും തീർച്ചയായും അങ്ങയുടെ ഈ വാക്കുകൾ ഒരുതവണയെങ്കിലും വായിച്ചിരിക്കണം എന്നത് ഒരു പരമമായ സത്യമാണ്
നാളികേരത്തിന്റെ നാട്ടിൽ എനിക്ക് എന്ന വഴികളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ച അങ്ങേയ്ക്ക് ഒരായിരം നന്ദി