Saturday, March 28, 2026
Homeഅമേരിക്കകുട്ടീസ് കോർണർ (എൺപത്തിയേഴാം വാരം) ✍അവതരണം: സൈമ ശങ്കർ, മൈസൂർ

കുട്ടീസ് കോർണർ (എൺപത്തിയേഴാം വാരം) ✍അവതരണം: സൈമ ശങ്കർ, മൈസൂർ

ഹായ് കുട്ടീസ്!!
ഈ ആഴ്ച നമുക്ക് A)ചിത്രശലഭത്തെ കുറിച്ചൊരു പഠനം. B)വാക്കിലെ പകരക്കാരൻ C)ഹോജ തമാശ, പിന്നെ കുറച്ചു D)പഴഞ്ചൊല്ല്കളും,
കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങളിൽ അവ വരച്ചു നോക്കിയോ?മനസ്സിന്റെ ഉല്ലാസത്തിനും, ഏകാഗ്രതയ്ക്കും ചിത്ര രചന ഏറെ പ്രയോജനം ചെയ്യും 😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) ചിത്ര ശലഭം (17)

ഇലമുങ്ങി ശലഭം

അതിവേഗം ഇലകൾക്കിടയിലൂടെ മറയുന്ന സ്വഭാവമുള്ള പൂമ്പാറ്റയാണ് ഇലമുങ്ങി (ശാസ്ത്രീയനാമം: Tagiades litigiosa)

കാണാൻ ഭംഗിയുള്ള പൂമ്പാറ്റയാണ്. മുൻചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. പിൻചിറകിന്റെ കീഴ്ഭാഗം വെണ്ണ പോലെ വെളുത്തിട്ടാണ്. ഇതിന്റെ അറ്റത്ത് കറുത്ത പാടുകൾ ഉണ്ടാവും. മുൻചിറകിന്റെ മുന്നിലും കറുത്ത പൊട്ടുകളുണ്ടാവും.

ശരവേഗത്തിലാണ് ഇവയുടെ സഞ്ചാരം. വെയിൽ കായുന്ന സ്വഭാവമുണ്ട്. മഴക്കാലത്തും മഴ കഴിഞ്ഞുള്ള സമയത്തുമാണ് ഇവയെ കുടുതലായി കണ്ടു വരുന്നത്. തേൻകുടിയന്മാരായ ഇലമുങ്ങി മറ്റു ശലഭങ്ങളെ അടുപ്പിക്കാറില്ല. കാട്ടുകാച്ചിൽ, കാച്ചിൽ എന്നിവയിലാണ് ഇലമുങ്ങി മുട്ടയിടുന്നത്. ഒരിലയിൽ ഒരു മുട്ട മാത്രമേ ​ഇടാറുള്ളൂ. പുഴുക്കളുടെ താമസം ഇലക്കൂടുകളിലാണ്. ഇവ സന്ധ്യാസമയത്താണ് ഭക്ഷണം തേടുന്നത്. ഇലകളാണ് പ്രധാന ആഹാരം. ലാർവ്വകൾക്ക് ഇളം പച്ചനിറവും ഉള്ളിലായി കറുപ്പു നിറവും കാണാം. പുഴുക്കളുടെ തലഭാഗത്തിന് കറുപ്പോ തവിട്ടോ ആണ് നിറം.

📗📗

👫B) വാക്യത്തിലെ പകരക്കാരൻ

കുട്ടീസ്……!😍 വാക്യത്തിലെ പകരക്കാരൻ ഈ ആഴ്ചയും അറിഞ്ഞോളൂ

മലയാളത്തിൽ ഒരു വാക്യം അല്ലെങ്കിൽ നീണ്ട ചില പദങ്ങളുടെ അർത്ഥം ഒരു പദം ഉപയോഗിച്ച് എളുപ്പത്തിൽ പകരക്കാരൻ ആകാൻ പറ്റും. പരീക്ഷകൾ, അധ്യാപകർ, കുട്ടികൾ, ജോലി തേടുന്നവർ..അങ്ങനെ ഒട്ടേറെ സാഹചര്യങ്ങളിൽ വളരെ പ്രയോജനം നൽകുന്ന നല്ലൊരു ശേഖരമാകുന്നു ഇത് എന്ന് മുൻപേ പറഞ്ഞിരുന്നല്ലോ. 😍

1) ഭൂമിയെ സംബന്ധിച്ചത് –

ഭൗമികം

2) ക്രിസ്തുവിനെ സംബന്ധിച്ചത് –

ക്രൈസ്തവം

3) മുന്നോട്ടുള്ള കാര്യങ്ങൾ നേരത്തേ അറിയുന്നവൻ-

ദീർഘദർശി

4) പുരോഗമനങ്ങളിൽ താൽപര്യമുള്ളവൻ –

ഉല്പതിഷ്ണു

5) ഭൂതകാലത്തെ പറ്റിയുള്ളത് –

ഭൗതികം

6) അകമഴിഞ്ഞുള്ളത് –

ആത്മാർഥം

7) അങ്ങുമില്ല, ഇങ്ങുമില്ല എന്ന രീതി –

ത്രിശങ്കു

8) പരമാവധി വൈദഗ്ധ്യം നേടിയവൻ –

പാരംഗതൻ

9) അണയാത്ത ദീപം –

കെടാവിളക്ക്

10) അടുക്കും ചിട്ടയും ഇല്ലാത്തത് –

അലങ്കോലം

📗📗

👫C) ഹോജ(മുല്ല)നസ്രുദീന്റെ തമാശ (20)

അറിയേണ്ടതേത്‌

നസ്രുദീൻ ഒരിക്കൽ വലിയൊരു പണ്ഡിതനെയും വഞ്ചിയിലിരുത്തി പുഴ കടക്കുകയായിരുന്നു. വർത്തമാനത്തിനിടയിൽ നസ്രുദീൻ എന്തോ വ്യാകരണപ്പിഴ വരുത്തി.
‘താൻ വ്യാകരണം പഠിച്ചിട്ടില്ലേ?’ പണ്ഡിതൻ ചോദിച്ചു.
‘ഇല്ല.’
‘അപ്പോൾ തന്റെ പാതിജീവിതം തുലഞ്ഞു.’
അൽപനേരം കഴിഞ്ഞ്‌ നസ്രുദീൻ പണ്ഡിതനെ നോക്കി ചോദിച്ചു, ‘അങ്ങെക്കു നീന്തലറിയുമോ?’
‘ഇല്ല. എന്താ കാര്യം?’
‘അപ്പോൾ അങ്ങയുടെ മുഴുവൻ ജീവിതവും തുലഞ്ഞു-നമ്മുടെ വഞ്ചിയിൽ വെള്ളം കേറുകയാണ്‌!’

📗📗

👫 D) പഴഞ്ചൊല്ലുകളും വ്യാഖ്യാനവും (24)

1) ഇടവപ്പാതി കണ്ട് ഓടേണ്ട, തുലാപ്പെയ്ത്തു കണ്ടു നിൽക്കേണ്ട.

ധാരമുറിയാതെ പെയ്യുന്ന ഇടവപ്പാതിമഴയത്ത് ഓടിയാലും നനയും. ഇടവിട്ടു പെയ്യുന്നതിനാൽ തുലാവർഷപ്പെയ്ത്തിൽ എവിടെയും കയറി നിൽക്കേണ്ട. നടന്നാലും അല്പമേ നനയൂ. സാരം: വലിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പറ്റില്ല. ചെറിയ ബുദ്ധിമുട്ടുകൾ സഹിച്ചാൽ നന്ന്.

2) ഇല്ലായ്മ വന്നാലും വല്ലായ്മ അരുത്

പട്ടിണിയായാലും വേണ്ടില്ല, ആരോഗ്യം നശിക്കരുത് (അസുഖം വരരുത്.

3) ഇരുന്നുണ്ടവൻ രുചി അറിയാ കിളെച്ചുണ്ടവൻ രുചി അറിയും

അലസൻ ബോധശൂന്യനാണ്

4) ഇറച്ചി തിന്മാറുണ്ടു എല്ലുകൊത്തു കഴുത്തിൽ കെട്ടാറില്ല.

ചെയ്ത കാര്യത്തെ പറ്റി വീമ്പിളക്കാറില്ല.

5) കുനിയന്‍ മദിച്ചാല്‍ മുട്ടോളം.

നിസ്സാരന്മാരുടെ മുന്നേറ്റത്തിനോരതിരുണ്ട്.

6) കള്ളന് ചൂട്ടു പിടിക്കരുത്.

ദുഷ്ടന്മാരെ സഹായിക്കരുത്, അവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കരുത് .

7)ഇറക്കമുണ്ടെങ്കില്‍ ഏറ്റവുമുണ്ട്.

ദു:ഖമുണ്ടെങ്കില്‍ സൌഖ്യവുമുണ്ട്.

8) ഉണ്ട അച്ചിക്കേ ഉണ്മാദമുള്ളു.

ആഹാരം കഴിച്ചവര്‍ക്ക് അതിന്റെ ഫലമനുഭവപ്പെടും.

9) ഉണ്ട ചോറ്റില്‍ കല്ലിടരുത്.

ഉപകരിച്ചവനെ ദ്രോഹിക്കരുത് .

10) ഉണ്ണിയുണ്ടായിട്ടു വേണ്ടേ ഉപനയിക്കുവാന്‍ .

വസ്തുവുണ്ടായിട്ടുവേണ്ടേ അതിന്റെ വിവിധാംശങ്ങളെ കുറിച്ച് ചിന്തിക്കാന്‍ .ഇല്ലാത്ത വസ്തുക്കളെക്കുറിച്ച് ചിന്തിച്ച് സമയം കളയുന്നതിന്റെ വ്യര്‍ത്ഥത .

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (71)

അവതരണം:
സൈമ ശങ്കർ മൈസൂർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com