കൊഴുക്കട്ടെ എന്ന പലഹാരത്തെക്കുറിച്ച് അറിയാത്തവരും അല്പം രുചിക്കുകയെങ്കിലും ചെയ്യാത്തവർ മലയാളനാട്ടിൽ അരിയാഹാരം കഴിക്കുന്നവരുടെ കൂട്ടത്തിലുണ്ടാവില്ല. ശർക്കരയും, ചിരകിയ തേങ്ങയും, ഏലക്കായും, ജീരകവും ചേർത്തു കുഴച്ച മിക്‌സ് മയപ്പെടുത്തിയ അരിപ്പൊടികൊണ്ട് വട്ടത്തിലുണ്ടാക്കിയ ഷെല്ലിനുള്ളിലാക്കി സീൽ ചെയ്‌ത് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു എളുപ്പ പലഹാരമെന്നനിലയിൽ എല്ലാവരും രുചിയോടെ കഴിക്കുന്ന ഒന്നാണു കൊഴുക്കട്ട. പലചേരുവകളിലും, അപാര രുചികളിലും വളരെ നല്ല സോഫ്റ്റ് കൊഴുക്കട്ടയുണ്ടാക്കാൻ നമ്മുടെ വീട്ടമ്മമാർ മിടുക്കരാണ്. വിശേഷാവസരങ്ങളിൽ വീടുകളിലെ ഭക്ഷണമേശയിൽ വിശിഷ്‌ഠാതിഥികൾക്കായി രാജകീയപ്രൗഡിയിൽ നിരത്തുന്ന രുചിയുള്ള വെറുമൊരു സ്‌നാക്ക് എന്നതിനേക്കാൾ 365 ദിവസങ്ങളുള്ള വർഷത്തിലെ ഒരു ശനിയാഴ്ച്‌ച ദിവസം സ്വന്തമാക്കിയെടുത്ത കൊഴുക്കട്ട മധുരപലഹാരങ്ങളിൽ രാജനാണ്
ഇനി എങ്ങനെ കൊഴുക്കട്ട ഒരു ദിവസം സ്വന്തമാക്കി എന്നു നോക്കാം. പേത്യത്താ ഞായർ മുതൽ ഉയിർപ്പു ഞായർ വരെ അൻപതുദിവസങ്ങൾ മൽസ്യമാംസാദികൾ വെടിഞ്ഞ് പ്രാർത്ഥനയിലും, പരിത്യാഗത്തിലും, ദാനധർമ്മത്തിലുമൂന്നി അതീവ തീകഷ്‌ണതയോടെ പൗരസ്‌ത്യസുറിയാനി ക്രിസ്ത്യാനികൾ അൻപതുദിവസത്തെ വലിയ നോമ്പാചരിക്കുന്നു. നോമ്പിനിടയിൽ പ്രത്യേകമായി ആചരിക്കുന്ന ചിലദിവസങ്ങളാണു പാതി നോമ്പ്, നാല്പതാം വെള്ളിയാഴ്ച്ച, കൊഴുക്കട്ട ശനി, ഓശാന ഞായർ എന്നിവ. ഇതുകൂടാതെ പല വിശുദ്ധരുടെയും തിരുനാളുകളും നോമ്പിൽ നാം ആഘോഷിക്കാറുണ്ട്. ഫിലാഡൽഫിയായുടെ സ്വന്തം വിശുദ്ധ സെ. കാതറൈൻ ഡ്രക്‌സൽ (മാർച്ച് 3), അയർലൻ്റിൻ്റെ മദ്ധ്യസ്ഥനായ സെ. പാട്രിക് (മാർച്ച് 17), കുടുംബങ്ങളുടെയും, സാർവത്രികസഭയുടെയും മദ്ധ്യസ്ഥനായ വി. യൗസേഫ് (മാർച്ച് 19), മംഗളവാർത്ത (വചനിപ്പ്) തിരുനാൾ (മാർച്ച് 25) എന്നിവ എല്ലാവർഷവും നോമ്പിൽ വരുന്ന തിരുനാളുകളാണ്.
നോമ്പ് നാല്പതുദിവസം പിന്നിടുന്ന വെള്ളിയാഴ്ച്‌ച (നോമ്പിലെ ആറാമത്തെ വെള്ളിയാഴ്ച്ച) നാൽപ്പതാംവെള്ളി എന്നപേരിൽ പൗരസ്ത്യ ക്രൈസ്തവർ വളരെ ഭക്തിനിർഭരമായി ആചരിച്ചിരുന്നു. വലിയ ആഴ്ച്ചയിലേക്കു പ്രവേശിക്കുന്നതിൻ്റെ മുന്നോടിയായി നോമ്പിന്റെ തീവ്രത അൽപ്പംകൂടി വർദ്ധിപ്പിക്കുന്നതിനും ദുഖ:വെള്ളിയാഴ്ച്ചയുടെ ഒരു മിനി പതിപ്പായ നാൽപ്പതാംവെള്ളിയാചരണം ലക്ഷ്യമിടുന്നു. ഇന്നേദിവസം പ്രാദേശികമായി വിശ്വാസികൾ ഭക്തിപരമായ പല പ്രാർത്ഥനാനുഷ്ടാനങ്ങളും, പാപപരിഹാരപ്രവർത്തികളും നടത്തി യേശുവിന്റെ പീഡാനുഭവം അനുസ്മരിക്കുന്ന കുരിശിൻറെ വഴി പ്രാർത്ഥനയിൽ ഭക്തിപൂർവം ചേരാറുണ്ട്. പ്രത്യേകിച്ച് കോട്ടയം ജില്ലയിലെ അറുനൂറ്റിമംഗലം സെ. തോമസ് മലകയറ്റപള്ളിയിലും, മലയാറ്റൂർ കുരിശുമലയിലും, കേരളത്തിലെ മറ്റു സ്ഥലങ്ങളിലും ജാതിമതഭേദമെന്യേ ഭക്തജനങ്ങൾ യേശുക്രിസ്‌തുവിന്റെ പീഡാനുഭവങ്ങൾ ധ്യാനിച്ചുകൊണ്ട് വലിയ മരക്കുരിശുകളുമേന്തി ഇന്നേദിവസം മലകയറി കുരിശിൻ്റെ വഴി നടത്തിവന്നിരുന്ന വലിയ പാരമ്പര്യം നമ്മുടെയൊക്കെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടാവമല്ലോ.
നാൽപ്പതാം വെള്ളിയാഴ്ച്ചക്കും ഓശാന ഞായറിനുമിടയിൽ വരുന്ന ശനിയാഴ്ച്ചയെ ആണ് കൊഴുക്കട്ട ശനി എന്നു പറയുന്നത്. പൗരസ്ത്യ ഓർത്തഡോക്സ് പാരമ്പര്യത്തിൽ ഈ ശനിയാഴ്ച്ചയെ ലാസറിന്റെ ശനി എന്നും പറയും. സഭയുടെ ഔദ്യോഗിക കലണ്ടറിലില്ലെങ്കിലും കൊഴുക്കട്ട ശനി കേരളത്തിൽ ക്രിസ്‌ത്യാനികൾ കൂടുതലുള്ള പല സ്ഥലങ്ങളിലും പ്രത്യേകിച്ച് തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ വിശാസികൾ ഒരു ഫാമിലി ട്രഡീഷൻ എന്ന രീതിയിൽ വർഷങ്ങളായി ആഘോഷിച്ചിരുന്നു.
മൂന്നു വ്യത്യസ്‌ത ഐതിഹ്യങ്ങൾ കൊഴുക്കട്ട ശനിയാഴ്ച്ചയുമായി ബന്ധപ്പെട്ടു പറയാറുണ്ട്. യേശുവിന്റെ രാജകീയ ജറുസലം പ്രവേശനം ഓശാന ഞായറിലാണല്ലോ സംഭവിക്കുന്നത്. ഓശാന ഞായറിനു തൊട്ടുമുൻപുവരുന്ന ശനിയാഴ്ച്ച യേശു ബഥാനിയിൽ നാലുദിവസം മുമ്പു മരിച്ചടക്കപ്പെട്ട തന്റെ പ്രിയസുഹ്യത്ത് ലാസറിന്റെ ഭവനം സന്ദർശിക്കുന്നു. ലാസറിനെ മരണത്തിൽനിന്നു ജീവിതത്തിലേക്കു കൊണ്ടുവരാൻ വൈകിയാണെങ്കിലും ലാസറിന്റെ ഭവനത്തിലെത്തിയ യേശുവിനെ ലാസറിൻ്റെ സഹോദരിമാരായ മാർത്തായും, മറിയവും സ്വീകരിക്കുന്നു. മറിയം യേശുവിന്റെ കാല്പാദത്തിങ്കലിരുന്നു ദൈവവചനം ശ്രവിക്കുമ്പോൾ, ആതിഥ്യമര്യാദയനുസരിച്ച് യേശുവിനു ലഘുഭക്ഷണമായി കഴിക്കാൻ തിടുക്കത്തിൽ മാർത്തയുണ്ടാക്കിയ ലളിതമായ പലഹാരമായി കൊഴുക്കട്ടയെ കാണുന്നവരുണ്ട്.
സന്തോഷാവസരങ്ങളിൽ നാം ലഡു നൽകുന്നതുപോലെ, മരിച്ച ലാസറിനെ ജീവിതത്തിലേക്കു തിരിച്ചു കിട്ടിയതിലുള്ള സന്തോഷം പങ്കുവക്കാൻ മാർത്താ, മറിയം സഹോദരിമാർ കൊഴുക്കട്ട വിതരണം ചെയ്തു എന്നു ഐതിഹ്യം പറയുന്നു (നമ്മുടെ പല ദേവാലയങ്ങളിലും ഇപ്പോൾ നിലവിലുള്ള മർത്താമറിയം വനിതാസമാജങ്ങൾ ഓർമ്മിക്കുമല്ലോ).
ക്രൈസ്‌തവർ വളരെ പാവനമായി ആചരിക്കുന്ന പീഡാനുഭവവാരത്തിലേക്കു കൊഴുക്കട്ട ശനിയാഴ്ച്ച നമ്മെ നയിക്കുന്നു. പെസഹാ ആചരിക്കുന്നതിനു 6 ദിവസം മുമ്പ് ലാസറിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചതിലൂടെ ഈസ്റ്റർ ഞായറിൽ നടക്കാനിരിക്കുന്ന മരണത്തിലൂടെ മരണത്തെ എന്നെന്നേക്കുമായി വിജയിച്ച തന്റെ തന്നെ ഉത്ഥാനത്തെ യേശുനാഥൻ സൂചിപ്പിക്കുകയായിരുന്നു. പലവിധ ദുരിതങ്ങളും, ക്ലേശങ്ങളും അനുഭവിച്ചു ജീവിതം മുമ്പോട്ടു നയിക്കുന്ന എല്ലാവർക്കും നിത്യരക്ഷയുടെയും പ്രതീക്ഷയുടെയും സന്ദേശമാണ് കൊഴുക്കട്ട ശനിയും, ഓശാന ഞായറും, ഈസ്റ്റർ ഞായറും നൽകുന്നത്.
കൊഴുക്കട്ട ശനിയാഴ്ച്ച കേരളസുറിയാനി പാരമ്പര്യത്തിലുള്ള എല്ലാ പൗരസ്ത്യക്രൈസ്‌തവരും കുട്ടികളുമായി കുടുംബവീട്ടിൽ ഒത്തുചേർന്ന് ഒരു ഉൽസവം പോലെ കൊഴുക്കട്ടയുണ്ടാക്കി കഴിച്ച് തൃപ്തരായശേഷം മറ്റുള്ളവർക്കും പങ്കുവക്കുന്നു. ഈ സമയത്താണു മാതാപിതാക്കൾ ബൈബിൾ കഥകളും, മറ്റു കാര്യങ്ങളും കൊച്ചുകുട്ടികൾക്കു പറഞ്ഞുകൊടുക്കുന്നത്. ശരിക്കും ഒരു ഫാമിലിസ്റ്റോറി ആണ് കൊഴുക്കട്ട തിരുനാളിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും, ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനു കൊഴുക്കട്ട ശനിയാഴ്ച്ച ഉപകരിച്ചിരുന്നു. എന്നാൽ അണുകുടുംബങ്ങളിലൂടെ വളർന്നു വരുന്ന ഇന്നത്തെ തലമുറക്ക് ഈ നല്ല പരമ്പര്യങ്ങളെല്ലാം നഷ്ടമാവുകയാണ്.




എൻ്റെ അച്ഛൻ ജനിച്ചത് ഈ കൊഴുക്കട്ട ദിവസത്തിലാണ് ‘. അമ്മാമ്മ (അച്ഛൻ്റെ അമ്മ)കൊഴുക്കട്ട ഉണ്ടാക്കി കഴിഞ്ഞിട്ട് , ഞാൻ പ്രസവിച്ചിട്ട് വരാം എന്നു പറഞ്ഞു പ്രസവിക്കാൻ പോയി എന്നാണ്
🙏🙏