A) പണമിട്ടാൽ പാൽ തരുന്ന എടിഎം

പണമിട്ടാൽ പാൽ തരുന്ന എടിഎം.ഇത് മൂന്നാർ സ്‌റ്റൈൽ. ഇക്കഴിഞ്ഞ ഓഗസ്‌റ്റിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ മിൽക്ക് വെൻഡിങ് മെഷീൻ മൂന്നാറിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
പ്രകൃതിഭംഗികൊണ്ടും കാലാവസ്‌ഥകൊണ്ടും സഞ്ചാരികളുടെ മനം കവരുന്ന മൂന്നാറിലെ ‘മിൽക്ക് എടിഎം’ കണ്ട് അൽഭുതപ്പെട്ടിരിക്കുകയാണ് സ്‌കോട്ടിഷ് സ്വദേശിയായ ഹഗ് ഗാർനർ. സഞ്ചാരിയായ ഇദ്ദേഹം തന്റെ ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് പണം കൊടുത്താൽ പാൽ തരുന്ന എടിഎം ഇപ്പോൾ ലോക ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ഹഗ് ഗാർനർ പങ്കുവെച്ച വീഡിയോ ഇതിനോടകം പത്തുലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ഇത്തരത്തിലൊരു സംഭവം കണ്ടിട്ടില്ലെന്ന് ഹഗ് പറയുന്നു. കേരളത്തിലാണ് സംഭവമെങ്കിലും ഇന്ത്യ എന്നാണ് ഹഗ് പറയുന്നത്.
ഒരു ലിറ്റർ പാലിന് 0.60 ഡോളർ (52 രൂപ) മാത്രമാണ് വിലയെന്നും ഹഗ് പറയുന്നുണ്ട്. ഇതാണ് ഇയാളെ കൂടുതൽ അൽഭുതപ്പെടുത്തിയത്.
B) ലോകത്തിലെ ഏറ്റവും വലിയ വായ

ലോക റെക്കോർഡ് നേടി മേരി പേൾ. ഒരു പാറ്റി മാത്രമുള്ള ബർഗർ പോലും താഴെ വീഴാതെ വായിൽ പൂർണമായി ഉൾക്കൊള്ളിച്ച് കഴിക്കാൻ ആളുകൾ പ്രയാസപ്പെടുമ്പോൾ പത്ത് പാറ്റികൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കിവെച്ച ഭീമൻ ബർഗർ നിഷ്‌പ്രയാസം മേരിയുടെ വായിൽ കടന്നുപോകും. വായയുടെ വലിപ്പത്തിന്റെ പേരിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് മേരി.
പല അടുക്കുകളുള്ള ഒരു ബർഗർ കഴിക്കുന്നത് അൽപ്പം പ്രയാസമേറിയ കാര്യമാണല്ലേ? ബർഗർ വായിലൊതുങ്ങാത്തത് തന്നെയാണ് അതിന് കാരണം. എന്നാൽ, അലാസ്‌കയിലെ കെറ്റ്ചിക്കയിൽ നിന്നുള്ള മേരി പേൾ എന്ന വനിതയ്‌ക്ക് ഇതൊക്കെ വളരെ സിമ്പിൾ ആണ്. വായയുടെ വലിപ്പത്തിന്റെ പേരിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് മേരി.
C) ലോകത്തിലെ ഏറ്റവും വിലയേറിയ പൂച്ച

മനുഷ്യർ വളർത്തുന്ന അരുമയായ മൃഗമാണ് പൂച്ച. പല ഇനങ്ങളിൽപ്പെട്ട പൂച്ചകളെ കുറിച്ച് നമുക്കറിയാം. എന്നാൽ, ലോകത്തിലെ ഏറ്റവും വിലയേറിയ പൂച്ച ഏതാണെന്ന് നിങ്ങൾക്കറിയാമോ? ‘ആഷെറ’ എന്ന ഇനത്തിൽപ്പെട്ട പൂച്ചകൾക്കാണ്ലോകത്ത് ഏറ്റവും കൂടുതൽ വിലയുള്ളത്. 18 ലക്ഷം മുതൽ ഒരുകോടി വരെ വിലയുണ്ട് ഈ പൂച്ചയിനത്തിന്.
വീട്ടുപൂച്ച, ആഫ്രിക്കയിലെ സെൽവാൽ കാട്ടുപൂച്ച, ഏഷ്യൻ ലപ്പേഡ് ക്യാറ്റ് എന്നീ പൂച്ചയിനങ്ങളുടെ സങ്കരമാണ് ‘ആഷെറ’. ഒരു പുലിക്കുഞ്ഞിനോട് സാമ്യമുള്ള ആഷെറയുടെ രൂപമാണ് ഇതിന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്.
വളരെ ശാന്തതയുള്ളതും സ്‌നേഹമുള്ളതുമായ സ്വഭാവവും ഇവയുടെ പ്രത്യേകതകളാണ്.
8 ലക്ഷം മുതൽ 42 ലക്ഷം രൂപ വരെ വിലവരുന്ന സാവന്ന ക്യാറ്റാണ് പൂച്ചകളിലെ മറ്റൊരു വിലകൂടിയ ഇനം.

ഇന്റർനാഷണൽ ക്യാറ്റ് അസോസിയേഷൻ അംഗീകരിച്ചിട്ടുള്ള വളർത്തുപൂച്ചയിനമാണ് സാവന്ന ക്യാറ്റ്. സാധാരണ നാട്ടുപൂച്ചകളും ആഫ്രിക്കയിലെ കാട്ടുപൂച്ചയായ സെൽ വാലും തമ്മിലുള്ള ക്രോസ് ബ്രീഡുകളാണ് സാവന്ന ക്യാറ്റ് ഇനത്തിൽ ഉൾപ്പെടുന്നത്. വലിയ ചെവികളും ശരാശരി ശരീരവുമുള്ള ആഫ്രിക്കൻ കാട്ടുപൂച്ചയാണ് സെൽവാൽ. സാവന്ന ക്യാറ്റുകൾക്ക് ഈ
വലിയ ചെവികൾ കിട്ടിയിട്ടുണ്ട്. സാധാരണ സാവന്ന പൂച്ചകൾക്ക് 14 മുതൽ 17 ഇഞ്ചുകൾ വരെയാണ് പൊക്കം. പുള്ളികളുള്ള രോമക്കുപ്പായവും വളരെ ആക്‌ടീവ് സ്വഭാവമുള്ള സാവന്ന ക്യാറ്റിന് വ്യായാമമൊക്കെ നന്നായി വേണം.
D) ഒരുപട്ടണത്തിൽ ഒരേയൊരു വനിത.

ഒരുപട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം
പ്രായമേറെ ആയെങ്കിലും ആ ഗ്രാമത്തിലെ എല്ലാ കാര്യങ്ങളും അവർ തന്നെയാണ് നോക്കുന്നത്. ഗ്രാമം പരിപാലിക്കുന്നത് മുതൽ, ഭരണപരമായ ചുമതലകൾ വരെയും അതിൽ പെടുന്നു.
യുഎസിലെ നെബ്രാസ്‌കയിൽ സ്‌ഥിതി ചെയ്യുന്ന പട്ടണമാണ് മോണോവി. എൽസി എയ്‌ലർ എന്ന 88 വയസുകാരിയായ വനിത മാത്രമാണ് പട്ടണത്തിലെ താമസക്കാരി.
ലോകത്തിലെ ഏറ്റവും ചെറിയ ഗ്രാമമായ മോണോവിയുടെ മേയറും ട്രഷററും ക്ളർക്കും സെക്രട്ടറിയും ലൈബ്രേറിയനുമെല്ലാം എൽസി എയ്‌ലറാണ്. 2004 മുതൽ മോണോവിയിൽ ഒറ്റയ്‌ക്ക് താമസിക്കുകയാണ് എൽസി.
ഏകദേശം 54 ഹെക്‌ടറിൽ വ്യാപിച്ച് കിടക്കുന്ന മോണോവി 1930കളിൽ തിരക്കേറിയ ഒരു ഗ്രാമമായിരുന്നു. 120 കച്ചവട സ്‌ഥാപനങ്ങളും ഒരു ജയിലുമൊക്കെ ഈ പട്ടണത്തിൽ ഉണ്ടായിരുന്നു. പ്രധാനമായും കാർഷിക മേഖലയിലായിരുന്നു പട്ടണത്തിന്റെ സാമ്പത്തികസ്‌ഥിതി ആശ്രയിച്ചുകിടന്നിരുന്നത്. എന്നാൽ, കാർഷിക മേഖലയിൽ തിരിച്ചടികൾ ഉണ്ടായതോടെ മോണോവിയുടെ പ്രസക്‌തി കുറഞ്ഞുവന്നു. പതിയ പതിയെ ജനസംഖ്യയും കുറഞ്ഞു തുടങ്ങി. 1980 ആയപ്പോഴേക്കും 18 പേർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. 2000 ആയപ്പോഴേക്കും എൽസി എയ്‌ലറും ഭർത്താവ് റൂഡിയും മാത്രമായി. 2004ൽ ഭർത്താവ് മരണപ്പെട്ടതോടെ എൽസി ഒറ്റയ്‌ക്കായി.
ഇതോടെ പട്ടണത്തിന്റെ ജനസംഖ്യ ഒന്ന് എന്ന നിലയിലുമായി.
മോണോവിയയിൽ നിന്ന് പുറത്ത് വേറെയേതെങ്കിലും പട്ടണത്തിൽ പോയി എൽസിക്ക് താമസിക്കാമായിരുന്നു. എന്നാൽ, അവർ അത് തിരഞ്ഞെടുത്തില്ല. താൻ ജീവിച്ച പട്ടണത്തോടുള്ള അതിയായ സ്‌നേഹമായിരുന്നു അതിന് പിന്നിൽ. നിലവിൽ ഒട്ടേറെ വിനോദസഞ്ചരികൾ എയ്‌ലയെ സന്ദർശിക്കാനായി മോണോവിയിൽ എത്താറുണ്ട്. ഇവർക്കായി ഒരു റെസ്‌റ്റോറന്റും അവിടെയുണ്ട്. നടത്തുന്നത് എയ്‌ല തന്നെയാണ് കേട്ടോ.
ആളില്ലാ പട്ടണമാണെങ്കിലും അവിടുത്തെ മേയറെന്ന നിലയിൽ ധാരാളം കാര്യങ്ങൾ ഇനിയും എയ്‌ലയ്‌ക്ക് ചെയ്യാനുണ്ട്. കരം പിരിക്കുന്നതും (സ്വന്തം കൈയിൽ നിന്ന് തന്നെ) റോഡുകളുടെ റിപ്പോർട് നൽകുന്നതും തുടങ്ങി അവിടുത്തെ ഔദ്യോഗിക കാര്യങ്ങളെല്ലാം നടത്തുന്നത് ഇവർ തന്നെയാണ്.




രസകരമായ അവതരണം