Saturday, March 28, 2026
Homeഅമേരിക്കകനലാടിയ വഴികൾ (കഥ) ✍നിഷ

കനലാടിയ വഴികൾ (കഥ) ✍നിഷ

കൊയ്ത്തു കഴിഞ്ഞ പാടത്തിന്റെ വരമ്പിലൂടെ രവി നടക്കുമ്പോൾ മുട്ടോളം ചേറിൽ കുതിർന്നിരുന്നു .

കാവിൽ തെയ്യം ഉറയുന്നതിന്റെ ചെണ്ടകൊട്ടു മേളം പിന്നിൽ ഉയരുന്നത് കേൾക്കാതിരിക്കാൻ അവൻ ചെവി പൊത്തി പിടിച്ചു .

പാലക്കാടിന്റെ ചൂടുകാറ്റേറ്റു വരണ്ട മണ്ണിൽ നീർച്ചാലുകളും അതിൽ കുഞ്ഞു മീൻകൂട്ടങ്ങളും ഉണ്ടായിരുന്നു .
വിയർപ്പും ചേറും കുഴഞ്ഞ ഷർട്ടും മുണ്ടും കാറ്റടിച്ചു ഉണങ്ങുന്നുണ്ട് .

തുലാം കഴിഞ്ഞാൽ പിന്നെ രവിയുടെ അച്ഛന്റെ “പൂതൻ തിറ ” ആട്ടം ആണ് .ഇടവം ആവുന്നവരെ അച്ഛൻ ആളോള് കൈ കൂപ്പി നിക്കണ തിറ ആണ് .

തിറ കാണാൻ പോകുന്നവഴി കുളികഴിഞ്ഞു വിടർത്തിയിട്ട മുടിയും മഷിയുണങ്ങാത്ത കണ്ണുകളുമായി സരോജോം കമലോം രവി യെ നോക്കി അടക്കം പറഞ്ഞു ചിരിച്ചു .

വെണ്ണക്കര സ്റ്റാന്റിൽ നിന്നു ഇരുട്ടു മൂടിയപ്പോൾ രവി ബസുകയറി . അച്ഛന്റെ അരമണികൾ അപ്പോൾ ഉറഞ്ഞു തുള്ളി , കനൽ പൊടി ഇളകുന്ന കണ്ണുകളിൽ തീ പാറി, പച്ചകുരുത്തോലകൾ ഇളകി ആടി .
രവിയുടെ കണ്ണുകളിൽ ഒരു ശാന്തത ചേക്കേറി , ഇവിടം വിട്ടു പോകുവാണല്ലോ എന്നചിന്ത ആശ്വാസത്തോടെ അവനെ പൊതിഞ്ഞു .

കാലിയായ വയറും തടയണ കെട്ടിയ മനസ്സുമായി കോട്ടയത്തു ബസിറങ്ങി പുതുപ്പള്ളിക്കു നടക്കുമ്പോൾ അമ്മയുടെ നാട് അവൻ ദൂരെ നിന്നു കണ്ടു .

കൊച്ചുമകനെ ആദ്യമായി കണ്ട ‘പാപ്പി’അവന്റെ മുഖത്തു അവന്റ അമ്മ’കൗസല്യേടെ’ ഛായ തിരഞ്ഞു .

കുഴിയിലാണ്ട കണ്ണുള്ള, ചെമ്പൻ മുടിയുള്ള , കവിളെല്ലു പൊന്തിയ അവന്റെ മുഖത്തു നിന്നു കൗസല്യേടെ മുഖം പാപ്പി വായിച്ചെടുത്തു .

പാലക്കാട്ടു നിന്നും മരപ്പണിക്ക് വന്ന ദിവാകരന്റെ കൂടെ പത്തു പതിനഞ്ചു വർഷം മുൻപാണ് പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന കൗസല്യ പോയത് . പ്രസവത്തോടെ അവളുമരിച്ചൂന്നു അറിഞ്ഞു . കൗസല്യേടെ അപ്പനും ആങ്ങള പരമുവും അവളുമായി ഒരു ബന്ധോം പിന്നെ സമ്മതിച്ചില്ല .

അമ്മയെ അച്ഛൻ ചവിട്ടി കൊന്നതാണ് എന്ന പച്ച പരമാർത്ഥം രവി മനസ്സിൽ കുഴിച്ചു മൂടി .

എട്ടാംതരത്തിൽ ചേർക്കാൻ പോയപ്പോൾ ആണ് പാപ്പി അവനോട് അവന്റെ അച്ഛന്റെ പേര് ചോദിച്ചത് . അച്ഛന്റെ പേര് അറിയില്ല എന്നവൻ ഒരു കള്ളം പറഞ്ഞു. ചാമുണ്ഡി കോലത്തിന്റെ വെന്ത മുഖം ആയിരുന്നു അപ്പോൾ അച്ഛൻ ദിവാകരന് അവന്റെ മനസ്സിൽ . തൊണ്ടർകുളങ്ങര ഭഗവതി യെ താണു വണങ്ങി, ചോര ഉണങ്ങിയ നാവു നീട്ടി, കനലാടിയ ആ വഴികളിലൂടെ രവി ഓടി .

പഞ്ചായത്തു പൈപ്പിലെ വെള്ളം മേത്തൂടെ ഒഴിക്കുമ്പോൾ ഉള്ളു തണുക്കും, തെയ്യം മായും.

വർക്കിച്ചന്റെ വീടിന്റെ പുറകിലെ തിണ്ണയിൽ ഇരുന്നു പാപ്പിയുടെകൂടെ രവി കഞ്ഞി കുടിക്കും . മീൻതലയിലെ ഇത്തിരി മാംസം നുള്ളി പാപ്പി രവിയുടെ പിഞ്ഞാണത്തിൽ ഇട്ടു കൊടുത്തു .പാപ്പിയും വർക്കിച്ചന്റെ പെമ്പ്രന്നോത്തി സാറാമ്മയും കൂടി രവിയുടെ ഭാവി എന്താകും എന്നു ചർച്ച ചെയ്യും. റൗക്ക പൊക്കി വെച്ച് മുലകളെ സ്വതന്ത്രമാക്കി കാറ്റുകൊണ്ടുകൊണ്ട് പാപ്പി ഓർമകളിൽ മുങ്ങിത്തപ്പി കാലും നീട്ടി ഇരിക്കും .

“കൗസല്യയെ എങ്ങെനെ വളർത്തിയതാ , പാലക്കാട്ടുകാരൻ വരത്തന്റെ കൂടെ കുടുമ്മത്തെ മറന്നു ഒളിച്ചോടാൻ അവക്കു എങ്ങിനെ തോന്നി “എന്നു പറഞ്ഞു പാപ്പി ദെണ്ണപ്പെട്ടു മൂക്കു പിഴിയും .

കൂനകൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ പാപ്പി കഴുകുമ്പോൾ സാറാമ്മ പിന്നാമ്പുറത്തു നിന്ന് തേങ്ങാ പെറുക്കാൻ രവിയെ വിളിക്കും .
സാറാമ്മയുടെ കൊച്ചുമകൾ ‘സീന’ സ്കൂൾ വിട്ടു വന്ന് ബ്രെഡിൽ ജാം പുരട്ടി തിന്നുകൊണ്ട്
വാതിൽപടിയിൽ ഇരിക്കുന്നത് തേങ്ങ പെറുക്കി ഇടുന്നതിനിടയിൽ രവിക്കു കാണാമായിരുന്നു .

വെളുത്ത ബ്രെഡിൽ ഓറഞ്ചു നിറത്തിലുള്ള ജാം കണ്ട് അതിന്റെ രുചി എന്തായിരിക്കും എന്ന് അവൻ ആലോചിച്ചു .
സീനയും രവിയും ഒരേ പ്രായക്കാർ . രവി സർക്കാർ സ്കൂളിലും സീന ഇംഗ്ലീഷ് മീഡിയത്തിലും .

ചുറ്റും നോക്കി ആരും കാണാതെ സീന രവിക്ക് ബ്രെഡിൽ ജാം പുരട്ടി കൊടുത്തപ്പോൾ, സന്ധ്യക്കു വിരിഞ്ഞ പൂവുപോലെ സുന്ദരമായ അവളുടെ മുഖത്തേയ്ക്ക് അവൻ നോക്കി .

രാത്രികളിൽ രവി വീണ്ടും തെയ്യ കറ്റകളുടെ ചൂടറിഞ്ഞു , അമ്മാവൻ പരമു കള്ളുകുടിച്ചു വന്ന് രവിക്ക് മുൻപിൽ ചാമുണ്ഡി ആയി തുള്ളി . ‘പിഴച്ചുണ്ടായവനേ ഇങ്ങോട്ട് എന്തുണ്ടാക്കാനാടാ വന്നത് നായേ ‘എന്നു പുലമ്പി ചെകിടത്തും പുറത്തും മതിവരുവോളം തല്ലും . പാപ്പി തലയിൽ കൈവെച്ചു പരമുവിനെ പ്രാകിക്കൊണ്ട് പറയും ” നിന്റെ ഒടപ്പിറന്നോളുടെ മോനല്ലേടാ അതിനെ തല്ലാതടാ ”

റെയിൽ പാളം മെക്കാനിക്ക് പണി ആണ് പരമൂന് . കിട്ടുന്നത് മുഴുവൻ കുടിക്കും . രണ്ടുമുറി വീടിന്റെ മൂലയിൽ ഉറക്കമില്ലാതെ രവി കിടക്കും . അപ്പോൾ ചാമുണ്ഡി തെയ്യം നാവുനീട്ടും, വൈരജാതൻ വാളോങ്ങി വരുന്നത് കണ്ടു വെട്ടിവിയർക്കും . കണ്ണുകളിൽ ഇരുട്ടു കയറും . പാതി രാത്രിയിൽ പരമു രവിയുടെ മുകളിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വൈരജാതന്റെ വാളുതട്ടിയിട്ട് എന്നപോലെ തുടകളിൽ കൊഴുത്ത പശപ്പ് കണ്ട്‌ രവി ഓക്കാനിച്ചു .

കവല കഴിഞ്ഞുള്ള ഇടവഴിയിൽ സ്കൂൾ വിട്ടു വരുന്ന സീനയെ കണ്ടു രവി മാങ്ങ പൂളുന്ന കൊച്ചു പിച്ചാത്തി കാണിച്ചു പറഞ്ഞു “ഇതുകൊണ്ട് ഞാനയാളെ കൊല്ലും, മൂത്ര സഞ്ചി പിളർത്തി ചോര പെടുക്കും “കണ്ണുമിഴിച്ചു നിന്ന സീന അവനോടു മയത്തിൽ പറഞ്ഞു അങ്ങിനെ ചെയ്താൽ പോലീസു പിടിച്ചു ജെയിലിൽ കൊണ്ടുപോകും പിന്നെ ഞാനെങ്ങനെ രവീനെ കാണും .പിച്ചാത്തി കൊണ്ടു ഇനി നടക്കരുത് .

ചുമപ്പ് പരന്ന അവളുടെ കണ്ണുനോക്കി രവി കണ്ണുതുടയ്ക്കും . പെൻസിൽ ബോക്സിൽനിന്നു റെയ്‌നോൾഡിന്റെ ഒരു പേനാ എടുത്ത് സീന അവനു സമ്മാനിച്ചു .

പിറ്റേന്ന് പാപ്പി പിന്നാമ്പുറത്തിരുന്നു വീണ്ടും ദെണ്ണപ്പെട്ടു , ‘പയ്യനെ കാണാനില്ല എങ്ങാണ്ടോട്ട് ഓടിപ്പോയതായിരിക്കും അത്രയ്ക്ക് ഉപദ്രവം ആയിരുന്നു കിട്ടിയിരുന്നത്, എവിടെയെങ്കിലും പോയി രക്ഷപെടട്ടെ’ .

മാനം കറുത്തിരുണ്ടിരുന്നു , മിന്നൽ പിണരുകൾ ആകാശത്തു പുളഞ്ഞു . രവി എവിടേയ്ക്ക് ആയിരിക്കും പോയത് , സീനയ്ക്ക് കരച്ചിൽ വന്നു തൊണ്ടയിൽ തടഞ്ഞു . പരാമുവിനെ അവനൊന്നും ചെയ്യാഞ്ഞതുകൊണ്ടു പോലീസു പിടിച്ചിട്ടില്ല എന്നോർത്തു അവൾ ആശ്വസിച്ചു . അപ്പോഴാണ് സീനയുടെ കണ്ണുകൾ അവളുടെ ജനൽ പടിയിൽ ഇരുന്ന കൊച്ചു പൊതികെട്ടിൽ പതിഞ്ഞത്. അതിനുള്ളിൽ രവി എപ്പോഴും കൊണ്ടുനടന്നിരുന്ന മാങ്ങാ പൂളുന്ന പിച്ചാത്തി ആയിരുന്നു . രവി അപ്പോഴും ഓടുകയായിരുന്നു കനലാടിയ വഴികളിലൂടെ .

നിഷ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com