Friday, February 20, 2026
Homeഅമേരിക്കചെറിയ സ്ക്രീനിലെ വലിയ ലോകവും, മനുഷ്യരും. ✍ സുബി വാസു, നിലമ്പൂർ

ചെറിയ സ്ക്രീനിലെ വലിയ ലോകവും, മനുഷ്യരും. ✍ സുബി വാസു, നിലമ്പൂർ

സ്മാർട്ട് ഫോണുകളും അതിനനുസരിച്ചുള്ള സ്മാർട്ട് ഗാഡ്ജറ്റുകളും,സോഷ്യൽ മീഡിയ വളർച്ചയും യഥാർഥ്യത്തിൽ നിന്നുമകന്നു മറ്റൊരു ലോകത്തേക്കാണ് മനുഷ്യനെ കൂട്ടിക്കൊണ്ടു പോയിരിക്കുന്നത്.

ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആരും തന്നെയില്ലയെന്ന് തന്നെ പറയാം. അതിലെ വാർത്തകളും ചിത്രങ്ങളും മറ്റു നയനാന്ദ, മാനസികൊല്ലാസ
പരിപാടികളും കണ്ടാസ്വാദിച്ചും, അതിനോട് സമരസ പെട്ടും, വിയോജിച്ചും, പ്രോത്സാഹിപ്പിച്ചും, ചീത്തവിളിച്ചുമാണ് ഓരോ ദിനവും കടന്നുപോകുന്നത്.ലോകത്തിന്റെ മുഴുവൻ സ്പന്ദനവും മൊബൈൽ ഫോൺ എന്ന ചതുരപ്പെട്ടിയിൽ കുടുങ്ങിക്കിടക്കുന്നു. ഒരുപാട് നല്ല കാര്യങ്ങൾ, അറിവുകൾ, സൗഹൃദങ്ങൾ, സാമ്പത്തിക നേട്ടങ്ങൾ എന്നിവ അതിലൂടെ കിട്ടുന്നുണ്ട്. നമ്മുടെ വിജ്ഞാനവും, കൗതുകവും, അറിവും, വർധിപ്പിക്കാനും, അതു പങ്കുവെക്കാനും നമുക്ക് കഴിയുന്നുണ്ട്.ലോകത്തിലെ എന്തിനെക്കുറിച്ചും അറിയാനും നമ്മുടെ ആശ്രയം മൊബൈൽ ഫോണും, സോഷ്യൽ മീഡിയയും ആണ്.

എന്നാൽ അതിനൊപ്പം തന്നെ മനുഷ്യൻറെ ജീവിതരീതിയിലും, സമൂഹത്തിൽ ഇടപഴകുന്ന രീതിയിലും,പരസ്പരമുള്ള ആശയ വിനിമയവും അത്രയേറെ വ്യത്യാസം വന്നിട്ടുണ്ട്. നമ്മുടെയൊക്കെ ഒരു ദിവസം ആരംഭിക്കുന്നത് മൊബൈൽ കണി കണ്ടുകൊണ്ടാണ്. സമയം നോക്കാൻ എന്ന വ്യാജേന എടുത്തു പിന്നെ സമയം പോയതറിയാതെ വെപ്രാളം കൂടുന്നവരാണ് കൂടുതലും.യുവാക്കളും, കുട്ടികളും വീട്ടമ്മമാരും,വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും, വൃദ്ധരും എന്ന് വേണ്ട എല്ലാവരുടെയും സമയം പോക്കലിന്റെ നല്ലൊരു ശതമാനം കൈയടക്കുന്നത് മൊബൈൽ ഫോൺ ആണ്.വെറുതെ ഒന്നു കണ്ണോടിക്കാൻ വേണ്ടിയാണെങ്കിലും ഇടയ്ക്കിടെ അതെടുത്ത് നോക്കിയില്ലെങ്കിൽ വല്ലാത്തൊരു സമാധാനകുറവാണ്. നമ്മുടെ ജീവിത രീതി തന്നെ മൊബൈൽ ഫോണിന്റെ ക്രമീകരണം ആയി മാറിയിരിക്കുന്നു എന്നത് ഒരു നഗ്ന സത്യമാണ്.

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന വലിയൊരു ഒരു ശൃംഖലയുടെ ഓരോ കണ്ണികളാണ് മനുഷ്യർ.മനുഷ്യർ തമ്മിൽ ഇഴയടുപ്പമുള്ള ഒരു കാലമുണ്ടായിരുന്നു.വീടുകളിലും, നമ്മുടെ വീടിനു പുറത്തേക്കും ആ അടുപ്പത്തിനു പരസ്പര സ്നേഹവും, ബഹുമാനവും ഉണ്ടായിരുന്നു. അമ്പലങ്ങളിൽ, ആൽത്തറകളിൽ, ചായ പീടികയിൽ, കടത്തിണ്ണകളിൽ,  ജോലിസ്ഥലങ്ങളിൽ എല്ലാം കളിച്ചു ചിരിച്ചു വിശേഷങ്ങൾ അറിഞ്ഞു എല്ലാവരോടും കൂട്ടുകൂടിയ ഒരു കാലമുണ്ടായിരുന്നു. വീടുകളിൽ അച്ഛൻ, അമ്മ,ഏട്ടൻ,ഏട്ടത്തി തുടങ്ങി എല്ലാവരും ഒത്തൊരുമിച്ച് ചിരിയും കളിയും തമാശകളും പങ്കിടുന്ന കാലം, എല്ലാവരും ഒത്തൊരുമിച്ച് ഭക്ഷണം കഴിച്ചിരുന്ന കാലം,തൊട്ട അയൽവാസികളോടും മറ്റുള്ളവരോടും നമ്മൾക്ക് കടപ്പാട് ഉണ്ടായിരുന്നു. അവരോടു സംസാരിച്ചും, ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിവർത്തിച്ചും ബുദ്ധിമുട്ട് വരുമ്പോൾ സഹായിച്ചും നടന്നിരുന്ന ഒരു ജനത,പക്ഷേ ഇന്ന് എല്ലാവരും ഓരോ മൊബൈൽ ലോകത്താണ് അമ്മ യൂട്യൂബിൽ ആണെങ്കിൽ മകൾ ഇൻസ്റ്റാഗ്രാമിൽ അച്ഛൻ ഫേസ്ബുക്കിൽ ആണെങ്കിൽ മകൻ ഓൺലൈൻ ഗെയിമുകളുടെ ലോകത്താണ് അങ്ങനെ പല പല കാര്യങ്ങളിൽ ഓരോരുത്തരും ഏർപ്പെട്ടു കിടക്കുന്നു. ഒരേ റൂമിൽ ഒരേ കട്ടിലിൽ കിടക്കുന്നവർ പരസ്പരം ഒന്ന് സംസാരിക്കാൻ വാട്സ്ആപ്പ് ഉപയോഗിക്കേണ്ട അവസ്ഥയാണ്.

ഇന്നത്തെ കുടുംബങ്ങളിൽ പരസ്പരവിശ്വാസവും പരസ്പരസ്നേഹവും ഒന്നും കാണാനില്ല മിക്ക കുടുംബങ്ങളിലും മൊബൈൽഫോൺ വല്ലാത്തൊരു വില്ലനാണ്, മിക്കവാറും വീടുകളിൽ അലോസരതയുടെ ശബ്ദമുണ്ടാക്കുന്നതിന് പ്രധാന കാരണം മൊബൈൽ ഫോൺ ആണ്.വാട്സ്ആപ്പ് കൂട്ടായ്മകളും ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റ, തുടങ്ങിയ സോഷ്യൽ മീഡിയകളിലും സൗഹൃദവും, പ്രണയവും, ജീവിതവും കുടുംബ ബന്ധങ്ങളിൽ മതിലുകൾ തീർക്കുന്നു.അതുപോലെതന്നെ വസോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു ഒളിച്ചോടിയ വീട്ടമ്മമാരുടെ, യുവതികളുടെ, കൗമാരക്കാരുടെ ഒരു നീണ്ട നിര തന്നെ കേരളത്തിലുണ്ടായി. പ്രണയവും സൗഹൃദവും ഒക്കെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായി മാറുന്ന കാഴ്ചയും കണ്ടു. കുടുംബങ്ങൾ ശിഥിലമാകുന്നു അതോടൊപ്പം തന്നെ ലഹരിയും, കാമവും അഴിഞാടുന്ന കാഴ്ചയും കാട്ടിത്തരുന്നു.

ഒരുപാട് സൗഹൃദങ്ങൾ കിട്ടുകയും അതിലേറെ നല്ല കെട്ടുറുപ്പുള്ള സൗഹൃദങ്ങൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.കൂട്ടുകാരുടെ കൂടെ ആണെങ്കിലും മനസ്സുതുറന്നു സംസാരിക്കാനും ചിരിക്കാനും ആരും ശ്രമിക്കുന്നില്ല അപ്പോഴും സോഷ്യൽ മീഡിയയിൽ പരതുകയാണ്. അതുമാത്രം അല്ല മതത്തിന്റെ, ജാതിയുടെ പേരിലുള്ള സൗഹൃദം ഇന്നത്തെ നേർകാഴ്ച്ച യാണ്‌. പണ്ടൊക്കെ ബസ്സിലും, ട്രെയിനിലും യാത്ര ചെയ്താൽ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തുന്നതിനു മുന്നേ ഒരുപാട് മുഖങ്ങൾ കാണാനും ഒരുപാട് സൗഹൃദങ്ങൾ വളരാനും കാണമായിയിരുന്നു പക്ഷേ ഇന്ന് തൊട്ടടുത്തിരുന്നു യാത്ര ചെയ്യുന്ന ആളുടെ മുഖം പോലും നമുക്കറിയില്ല, കാണാൻ ശ്രമിക്കാറുമില്ല. അഥവാ നോക്കുന്നുണ്ടെങ്കിൽ സംശയത്തിന്റെ പുറത്തായിരിക്കും.

ഒന്ന് പുറത്തിറങ്ങി നോക്കിയാൽ കാണാം ബസ്സ്റ്റോപ്പിൽ, റെയിൽവേ സ്റ്റേഷനുകളിൽ, പൊതു സ്ഥലങ്ങളിൽ മിക്കവാറും ആളുകൾ മൊബൈലിലേക്ക് കണ്ണുനട്ട്, ഹെഡ്സെറ്റും ചെവിയിൽ തിരുകി അവരുടെ ലോകത്ത് ഇരിക്കുന്നത്.
അവർ മറ്റൊരു ലോകത്താണ്. പുറമെ യുള്ള കാഴ്ചകൾ കാണാനോ, ശബ്ദം കേൾക്കാനോ, പുറത്ത് എന്തു നടക്കുന്നുന്നറിയാനോ നമ്മൾക്ക് താല്പര്യമില്ല. എന്തെങ്കിലും അത്യാവശ്യം വന്നാൽ പോലും വിളിച്ചാൽ കേൾക്കാൻ ആരും ഉണ്ടാവില്ല എന്നതാണ് സത്യം. എന്നാൽ ഇതിനൊരു മറുവശവും ഉണ്ട്. എവിടെ എന്ത് സംഭവിക്കും എന്നോർത്ത് മൊബൈൽ ക്യാമറയും പിടിച്ചു സന്ദർഭം പോലും നോക്കാതെ കണ്ടന്റ് തേടി നടക്കുന്നവരും ഒട്ടും കുറവല്ല.പക്ഷെ ഇവരും ഒരാപത്തു വരുമ്പോൾ കാഴ്ച്ചക്കാരാണ്.

നമ്മുടെ ആശയവിനിമയ രീതി തന്നെ വല്ലാതെ മാറി. എല്ലാത്തിനും ആ സഹിഷ്ണുതയോടെ പ്രതികരിക്കുന്ന ഒരു തലമുറ തന്നെ ഇവിടെ വളർന്നുവരുന്നുണ്ട്. ആണും പെണ്ണും ഒരുമിച്ചിരിക്കുമ്പോൾ ഒന്ന് തട്ടിയാലൊ മുട്ടിയാലോ പേടിക്കേണ്ട അവസ്ഥയാണ്. ചിലപ്പോൾ അതെല്ലാം സോഷ്യൽ മീഡിയയിൽ വലിയ വാർത്തകളായി ഓടിക്കൊണ്ടിരിക്കും. പരസ്പര ബഹുമാനവും എന്ന വസ്തുത തന്നെ എല്ലാവരും മറന്നിരിക്കുന്നു ആരുടെ മുന്നിൽ ആയാലും മൊബൈൽ ഫോൺ പിടിച്ചു അതിൽ തോണ്ടി തലകുനിച്ചിരിക്കുന്ന പുതിയ തലമുറയാണ് നമുക്ക് ചുറ്റും കാണുന്നത്.എത്രയോ ആളുകളുടെ ജീവിതം സോഷ്യൽ മീഡിയ വഴി പച്ചപ്പിടിച്ചിട്ടുണ്ട്. എന്നാൽ അതോടൊപ്പം അതിനടിമപ്പെട്ടു ജീവിതം നശിച്ചവരുമുണ്ട്

സോഷ്യൽ മീഡിയക്കു അടിമകളായി, റീൽസ് ജീവിതം നയിക്കുന്ന ചിലരുണ്ട്. പണത്തിന്റെ പബ്ലിസിറ്റിയുടെ, മായിക ലോകത്തിൽ അടിമപ്പെട്ടവർ, സ്വന്തം നഗ്നത കാണിച്ചു പണമുണ്ടാക്കുന്ന ആളുകൾ!
അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് പബ്ലിസിറ്റിക്കു വേണ്ടി ശ്രമിക്കുന്നവർ ഇന്ന് സോഷ്യൽ മീഡിയയിൽ ധാരാളമുണ്ട്.
ആളുകളെ വളർത്താനും തളർത്താനുമുള്ള കഴിവുണ്ട് സോഷ്യൽ മീഡിയക്ക്. ഇത്തരം വൈറൽ വീഡിയോകൾ വഴി ഉയർന്നുവന്ന ഒരുപാട് പേരുണ്ട്, മറുപുറത്ത് ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെട്ടു ആത്മഹത്യ ചെയ്ത ഒരുപാട് പേരുണ്ടെന്നതും ഇതിലെ വൈരുധ്യം.

മൊബൈൽ ഫോണും സോഷ്യൽമീഡിയയും ഒക്കെ അത്രയും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണ്.നന്മകൾ ഉള്ളതുപോലെ തന്നെ ചതിക്കുഴി യുടെ വലിയൊരു ലോകം തന്നെ അവിടെയുണ്ട്. പണം തട്ടിപ്പിനും, ലൈംഗിക ചൂഷണത്തിനും, ലഹരിവിൽപ്പനക്കും, ഉപയോഗത്തിനും എന്നുവേണ്ട എല്ലാ തരത്തിലുമുള്ള ആളുകൾ അവിടെ ഉണ്ട് നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയാത്തവിധം അവയൊക്കെ സോഷ്യൽ മീഡിയയുടെ ലോകത്ത് അലിഞ്ഞു ചേർന്നിട്ടുണ്ട്.സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. നമ്മുടെ മക്കളെ മൊബൈൽ ഗെയിമിന് അടിമകളാക്കി മാറ്റാതെ പുറത്തേക്ക് കൊണ്ടുവരേണ്ട വലിയൊരു ഉത്തരവാദിത്വം കൂടെ ഇന്ന് നമുക്കുണ്ട്.ഇന്ന് മിക്ക കുട്ടികളും പഠനത്തിൻറെ പേരിൽ മൊബൈൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അവർ ഏറ്റവും കൂടുതളുപയോഗിക്കുന്നത് മൊബൈൽ ഗെയിം കളിക്കാൻ വേണ്ടിയാണു. അതിൽ ആകൃഷ്ടരായി പണം നഷ്ടപ്പെട്ട വരുണ്ട്, ജീവനും, ജീവിതം നഷ്ടപ്പെട്ടവരുണ്ട്.

നമ്മുടെ വീട്ടമ്മമാർ, യുവതികൾ ആയാലും, യുവാക്കൾ ആയാലും, വിദ്യാർത്ഥികൾ ആയാലും മറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ ആരായാലും ഒക്കെ തന്നെ സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണം അവരൊക്കെ അതിൽ അടിമപ്പെട്ടു പോയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ മായിക ലോകത്തു നിന്നും ഭൂമിയിലെ മനുഷ്യരിലേക്ക് ഇറങ്ങി ചെല്ലേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യർ തമ്മിലുള്ള പരസ്പര സഹകരണത്തിലും മനുഷ്യർ തമ്മിലുള്ള ഏകീകരണത്തിനായി പുതു തലമുറയുടെ “സ്മാർട്ട്‌ ഗാഡ്‌ജറ്റ്”അത്യാവശ്യമാണ്.നമ്മുടെ പഴയ കാലത്തിലേക്ക് അത്രകണ്ട് പോവാൻ കഴിയില്ലെങ്കിലും കുറച്ചൊക്കെ സ്നേഹവും, ബഹുമാനവവും, സഹകരണവും പരസ്പരം കൊടുത്തുകൊണ്ട് മുന്നോട്ടുപോകാൻ സോഷ്യൽ മീഡിയ ഒരു തടസ്സമാണോ? അല്ല എന്നതാണ് ഉത്തരം.കാരണം അതിലൂടെ സൗഹൃദം വളർത്താനും, ആരോഗ്യപരമായി മുന്നോട്ട്കൊണ്ടുപോവാനും പറ്റും. അതുപോലെ തന്നെ ഏറ്റവും എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാക്കാനും കഴിയും.

ഏറ്റവും എളുപ്പത്തിൽ നല്ല സന്ദേശങ്ങൾ കൈമാറാനും അതിനനുസരിച്ചു മുന്നോട്ട് പോകാനും കഴിയണം. വെറുപ്പും, പരസ്പരം വിദ്വേഷവും പകർത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ വേണം. അതുപോലെ തന്നെ സൈബർ അക്രമണങ്ങളും, കുറ്റകൃത്യങ്ങളും തടയാനുള്ള ശക്തമായ നിയമനടപടികൾ വേണം. സോഷ്യൽ മീഡിയ മനുഷ്യ സ്നേഹത്തിന്റെ നല്ലൊരു മധ്യവർത്തിയായി ഉയർന്നു വരട്ടെ അതിനായി കൂട്ടായി പരിശ്രമിക്കാം എന്ന് മാത്രം.

സുബി വാസു, നിലമ്പൂർ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com