Saturday, March 28, 2026
Homeഅമേരിക്കഅൻപതാം വർഷവും ഒഴിഞ്ഞു കിടക്കുന്ന സിംഹാസനം.. ✍അഫ്സൽ ബഷീർ തൃക്കോമല

അൻപതാം വർഷവും ഒഴിഞ്ഞു കിടക്കുന്ന സിംഹാസനം.. ✍അഫ്സൽ ബഷീർ തൃക്കോമല

ഒക്ടോബര് 27 മലയാളികളെ ഗാനപ്രപഞ്ചത്തിന്റെ വിസ്മയത്തിലേക്കു നയിച്ച വയലാര്‍ രാമവര്‍മ്മ നമ്മെളെ വിട്ടു പിരിഞ്ഞിട്ടു 50- വര്‍ഷം . ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് മാസം 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു .ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി. പ്രൗഢ ഗംഭീരവും, ആധ്യാത്മികവും, ലളിതവും അങ്ങനെ വ്യത്യസ്ത ശൈലികളില്‍ ഗാനങ്ങളെഴതി അദ്ദേഹം ജനകീയനായത് . മാത്രമല്ല സിനിമ പിന്നണി ഗാനങ്ങൾക്കപ്പുറം വയലാറിന്റെ ഇന്ദ്രജാലം തുളുമ്പുന്ന കവിതകൾ മലയാള ഭാഷയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്.

ഗാന രചയിതാവിനേക്കാൾ ആ കവിതകളിലെ കാല്പനികതയും സർഗാത്മകതയും അദ്ദേഹത്തിന്റെ സർഗ്ഗ സൃഷ്ടികളായ പാദമുദ്രകൾ,കൊന്തയും പൂണൂലും,എനിക്കു മരണമില്ല,മുളങ്കാട് ,ഒരു യൂദാസ് ജനിക്കുന്നു,എന്റെ മാറ്റൊലിക്കവിതകൾ,സർഗസംഗീതം
രാവണപുത്രി,അശ്വമേധം,സത്യത്തിനെത്ര വയ്യസ്സായി,താടക എന്ന ദ്രാവിഡ രാജകുമാരി ,ഖണ്ഡ കാവ്യമായ ആയിഷ,
രക്തം കലർന്ന മണ്ണ്,വെട്ടും തിരുത്തും
എന്നീ കഥകൾ പുരുഷാന്തരങ്ങളിലൂടെ
റോസാദലങ്ങളും കുപ്പിച്ചില്ലുകളും
എന്നീ ഉപന്യാസങ്ങളും അങ്ങനെ എല്ലാ കാലത്തേക്കും കൂടി മലയാളത്തിന് നൽകിയതും,1956-ൽ “കൂടപ്പിറപ്പു്” എന്ന സിനിമയ്ക്കുവേണ്ടി തുമ്പീ തുമ്പീ വാ വാ എന്ന ആദ്യ പിന്നണി ഗാനം മുതൽ ‘പ്രളയ പയോധിയിൽ ഉറങ്ങിയുണർന്നൊരു പ്രഭാ മയൂഖമേ കാലമേ ’ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ ’ ദൈവ വിശ്വാസി അല്ലെങ്കിലും ഗുരുവായൂർ അമ്പല നടയിൽ എന്നും ,പത്മ തീർത്ഥമേ ഉണരൂ എന്നും എഴുതാന്‍ വയലാറിന് കഴിഞ്ഞു . ‘റംസാനിലെ ചന്ദ്രികയോ രജനീ ഗന്ധിയോ…’ ,ആയിരം പാദസരങ്ങൾ കിലുങ്ങി .തുടങ്ങി 250 ലേറെ ചിത്രങ്ങൾക്കു വേണ്ടി 1300 ഓളം ഗാനങ്ങൾ എഴുതി. കൂടാതെ 25 ഓളം നാടകങ്ങളിലായി 150 ഓളം നാടകഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അവയില്‍ മികച്ചതല്ലാത്തത് ഒന്നുമില്ല .’മധുര മനോഹര മനോജ്ഞ ചൈന…’ എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികൾ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് ‘ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ…’ എന്ന് എഴുതി രാജ്യ സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് വേണ്ടി അദ്ദേഹം രചിച്ച ” ബലികുടീരങ്ങളേ…”എന്ന ഗാനം ഏറെ ജനകീയമായ ഗാനമാണ്. മാത്രമല്ല അച്ഛന്റെ മരണത്തെ ആസ്പദമാക്കി ആത്മാവിൽ ഒരു ചിത’ എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒരു പക്ഷെ കവിതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു എഴുത്തു തുടർന്നിരുന്നെങ്കിൽ ജ്ഞാനപീഠമോ നോബൽ സമ്മാനമോ പോലും ലഭിക്കാൻ വയലാറിന് കഴിയുമായിരുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്. നാല് തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ്. 1961ല്‍ സര്‍ഗസംഗീതമെന്ന കൃതിക്ക് കേരളസാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു.1974-ൽ “നെല്ല്”, “അതിഥി” എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1959-ൽ പുറത്തിറങ്ങിയ ചതുരംഗം എന്ന ചലച്ചിത്രത്തിൽ തുടങ്ങി വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ 135 ചിത്രങ്ങളിൽ നിന്നായി 755 ഗാനങ്ങൾ മലയാള ചലച്ചിത്ര രംഗത്തെ വിസ്മയമാണ് .അദ്ദേഹത്തിന്റെ ആദ്യ പത്നി ചന്ദ്രമതി തമ്പുരാട്ടിയും പിന്നീട് അവരുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെയും വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കളാണ്.അദ്ദേത്തിന്റെ ഭാര്യ ഭാരതിതമ്പുരാട്ടി എഴുതിയ “ഇന്ദ്രധനുസ്സിൻ തീരത്ത്” എന്ന കൃതി മലയാളത്തിൽ
ഏറെ ചർച്ച ചെയ്യപ്പെടുകയും ഒട്ടനവധി വിവാദങ്ങൾക്കു വഴിവെക്കുകയും ചെയ്തു.

ദുഷിച്ച അധികാര പ്രവണതയ്ക്കെതിരെ സർഗാത്മകമായി പ്രതികരിച്ച എക്കാലത്തും ജ്വലിച്ചു നിൽക്കുന്നത് സർഗ്ഗശേഷിയാണെന്ന് തന്റെ  കവിതകളിലൂടെ ഉദ്ഘോഷിച്ച ,
“വാളല്ലെന്‍ സമരായുധം‌,
ഝണഝണ ധ്വാനം മുഴക്കീടുവാ-
നാളല്ലെന്‍ കരവാളു വിറ്റൊരു മണി
പൊന്‍ വീണ വാങ്ങിച്ചു ഞാന്‍
താളം‌ രാഗലയശ്രുതിസ്വരമിവയ് ക്കല്ലാതെയൊന്നിന്നുമി-
ന്നോളക്കുത്തുകള്‍ തീര്‍ക്കുവാന്‍ കഴിയുകില്ലെൻ പ്രേമതീർത്ഥങ്ങളില്‍”
എന്ന് ഉത്ബോധിപ്പിച്ച,
ആർക്കാണ് എന്റെ കുതിരയെ കെട്ടുവാൻ ശക്തിയുള്ളത് ?ആർക്കും അതിന്റെ മാർഗ്ഗം മുടക്കുവാൻ കഴിയില്ല .ഈ ലോകം മുഴുവൻ ജയിക്കുന്നതിനായി ഞാനെന്റെ സർഗ്ഗശക്തിയാകുന്ന കുതിരയെ വിട്ടയയ്ക്കുന്നു എന്ന് സർഗ്ഗാത്മകമായ
പറഞ്ഞ, വയലാര്‍ നമ്മെ ‍വിട്ടു പിരിഞ്ഞകിലും എഴുതിയതെല്ലാം സാർവ്വത്രികവും സാർവ്വകാലീനവുമായ അമൂല്യ കലാസൃഷ്ടികളായി മാറിയ
അപൂർവം വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം.
“ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി” എന്നത് പോലെയുള്ള വരികളിലെ
ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ എഴുതുമായിരുന്നോ ?എന്നത് വർത്തമാന കാലത്തേ പ്രസക്തമായ ചോദ്യമായി അവശേഷിക്കുന്നു.

1975 ഒക്ടോബർ 27-നു ഗുരുതരമായ കരൾ രോഗം ബാധിച്ചു നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു..”നിന്റെ ഏകാന്തമാം ഓര്മ തൻ വീഥിയിൽ എന്നെ എന്നെങ്കിലും കാണും ഒരിക്കൽ നീ എന്റെ കാൽപാടുകൾ കാണും” എന്ന വയലാറിന്റെ വരികൾ തന്നെ കടമെടുക്കാം .
അനശ്വരനായ വയലാർ താങ്കൾക്ക് മരണമില്ല .

“സ്നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും.
മാനിക്കയില്ല ഞാന്‍
മാനവമൂല്യങ്ങള്‍
മാനിച്ചിടാത്തൊരു
നീതിശാസ്ത്രത്തെയും”

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com