Saturday, March 28, 2026
Homeഅമേരിക്കവേടന്റെ പാട്ട്. (ലേഖനം) ✍ രാജൻ പടുതോൾ

വേടന്റെ പാട്ട്. (ലേഖനം) ✍ രാജൻ പടുതോൾ

”പട്ടടയ്ക്കായി മൂഢഹാസത്തിന്‍
പട്ടില്‍ ഞാന്‍ പൊതിഞ്ഞെന്തിനു വെയ്പ്പു
നേരു മിന്നിത്തിളങ്ങുമെന്‍ ചിത്തം
ചോരചിന്നി തുറന്നു ഞാന്‍ കാട്ടാം”
(വെെലോപ്പിള്ളി)

പാട്ടിന് ‘വേടന്റെ പാട്ട്’ എന്നൊരു ജനതിക(genric) വകതിരിവ് ശരിയാണോ എന്ന ചോദ്യം കലയുടെയും സാഹിത്യത്തിന്റെയും സാമൂഹ്യ -രാഷ്ട്രീയ പ്രസക്തിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.സവര്‍ണ്ണമധ്യവര്‍ഗ്ഗത്തിന്റെ സൗന്ദര്യസങ്കല്‍പ്പത്തിനപ്പുറത്തുള്ള കവിതയും കലയും അപഭ്രംശങ്ങളായിട്ടാണ് പലരും ഗണിക്കുന്നത്.തങ്ങളുടെ സൗന്ദര്യബോധത്തെ ചിട്ടപ്പെടുത്തിയ വയലാറിന്റെയോ പി ഭാസ്കരന്റെയോ ഗാനങ്ങളെ ജാതികൊണ്ടോ വര്‍ഗ്ഗംകൊണ്ടോ അവര്‍ അടയാളപ്പെടുത്താറില്ല.
”ആരണ്യാന്തര ഗഹ്വരോപരി തപഃസ്ഥാനങ്ങളില്‍ സെെന്ധവോ
-ദാരസ്ഥാനതടങ്ങളില്‍
ഹിമഗിരിപ്രാന്തപ്രദേശങ്ങളില്‍
ആരന്തര്‍മ്മുഖമിപ്രപഞ്ചപരിണാമോത്ഭിന്ന സര്‍ഗ്ഗക്രിയാ
സാരം തേടിയലഞ്ഞു പൗര്‍ണ്ണമി നിനക്കാവട്ടെ ഗീതാഞ്ജലി” എന്നും
”കാര്‍ത്തികനെയ് വിളക്കെരിയുമീ
-യേകാന്ത യോഗാശ്രമം” എന്നും എഴുതിയ വയലാറിന്റെ കവിതകളെ ക്ഷത്രിയന്റെ/ബ്രാഹ്മണന്റെ കവിത എന്നൊന്നും ആരും മുദ്രകുത്താതിരുന്നത് അതാണ് ശരിയായ കവിത എന്ന ഉറച്ച ധാരണ മൂലമാണ്.ദളിതരുടെയോ മറ്റു മതക്കാരുടെയോ സാംസ്കാരിക പരിസരത്തില്‍ നിന്നുകൊണ്ട് ആരെങ്കിലും അതിനു മുതിര്‍ന്നാല്‍, അവരെ ഭ്രഷ്ടുകല്‍പ്പിച്ച് അയിത്തക്കാരാക്കുന്നതാണ് സാമൂഹ്യനീതി. ആസ്വദിക്കുവാനും( enjoy) കലുഷിതമായ മനസ്സിനെ ശാന്തമാക്കുവാനും ഉള്ളതാണ് കവിത എന്ന ബോധ്യത്തില്‍ വളര്‍ന്നവര്‍ക്ക് ആ ബോധത്തെ വ്രണപ്പെടുത്തുന്നതൊന്നും സ്വീകാര്യമാവില്ല.”ഒരു കാവ്യ പുസ്തകമല്ലോ ജീവിതം. ആസ്വദിച്ചീടണമോരോ വരിയും…” എന്ന ധാരണയെ തിരുത്തുന്നതെന്തും മതവികാരം വ്രണപ്പെടുത്തുന്നത് പോലെ കുറ്റകരമാണെന്നാണ് വേടന് നല്‍കിയ പുരസ്കാരത്തിനെതിരെ വരുന്ന പ്രതിരണങ്ങള്‍ സൂചിപ്പിക്കുന്നത്.

മഹാകവി വെെലോപ്പിള്ളിയുടെ ”കുടിയൊഴിയ്ക്ക”ലിലെ പല സന്ദര്‍ഭങ്ങളും ഓര്‍ക്കുവാന്‍ ഈ വാദപ്രതിവാദം എനിക്ക് പ്രചോദനമായി. ആലസ്യം മുഖമുദ്രയായ മലയാളിയുടെ സൗന്ദര്യബോധത്തെ ”കള്ളുനാറും തെറിയുടെ പൂരം”പിച്ചിച്ചീന്തുന്നത് ആദ്യമായി കവിതയില്‍ ആവിഷ്കരിച്ചത് മഹാകവി വെെലോപ്പിള്ളിയിണെന്ന് തോന്നുന്നു.
”’അന്തിയുണ്ടു പഴങ്ങള്‍തന്‍ മാംസം
മന്ദമന്ദം നുണഞ്ഞതിന്‍ ശേഷം

നാലും കൂട്ടി മുറുക്കി,യിമ്പത്തില്‍
മേളംകൂട്ടി ഞാന്‍ മേടയില്‍ വാഴ്കെ,

വാസരത്തൊഴിലാളികള്‍ വന്നു
വാതിലില്‍ ദൃഢം മുട്ടിയെന്നാലും

മെത്ത കെെവിടാതെന്‍ ഹൃദയത്തില്‍
നിദ്ര ചെയ്തൊരക്കാവ്യസങ്കല്‍പ്പം

നൂറുനൂറരിമുല്ലകളൊത്തു
മൂരിനീര്‍ന്നെണീറ്റാവേശമോടെ

പക്കിലോമനപ്പാണ്ടെഴും രാവിന്‍
നല്‍ക്കരിം കുതിരപ്പുറത്തേറി
പൂനിലാപ്പുഴനീന്തി,യാകാശ –
സാനുവില്‍ കുതിതീപ്പൊരി ചിന്തി

ഊരിവീണൊരാ ലാടത്തിനൊപ്പം
ദൂരെ,യമ്പിളിത്തെല്ലിനെത്തള്ളി

ദേവകിന്നരയക്ഷസംഗീത-
ക്കാവുപോലും കടന്നവസാനം

വിദ്യുദെെന്ദ്രധനുസ്സുകള്‍ ചൂഴും
സത്യസൗന്ദര്യ ഗോപുരം പൂകെ

തള്ളിയേറുമെന്‍ കാതി,ലൊരൂറ –
ക്കള്ളു നാറും തെറിയുടെ പൂരം ” (കുടിയൊഴിക്കല്‍, വെെലോപ്പിള്ളി )

അത്താഴം കഴിഞ്ഞ് പഴങ്ങളുടെ മാംസവും രുചിച്ച് നാലും കൂട്ടി മുറുക്കി, മെത്ത കെെവിടാതെയിരിക്കെ കവിയില്‍ നിദ്ര ചെയ്യുന്ന കാവ്യസങ്കല്‍പ്പം മൂരിനിവര്‍ന്നെഴുനേല്‍ക്കുകയായി. പൂനിലാപ്പുഴ നീന്തി, ആകാശസാനുവില്‍ കുതിതീപ്പൊരി പാറി, ലാടം പോലെ ഊര്‍ന്നുവീണ അമ്പിളിയെ തള്ളിതെറിപ്പിച്ച്, അത് വിദ്യുദെെന്ദ്രധനുസ്സു ചൂഴുന്ന സത്യ സത്യസൗന്ദര്യഗോപുരം പൂകുന്നു. ആ ദിവ്യാനുഭൂതിയിലങ്ങനെ ആനന്ദിച്ചിരിക്കവെ കവിയുടെ കാതിലേക്ക് ” (ഊ )റക്കള്ളു നാറും തെറിയുടെ പൂരം ” തള്ളിക്കയറുന്നു.. തെറിയുടെ ഏറുകള്‍ കൊണ്ട് കവിയുടെ ദേവഭാവനാദര്‍പ്പണം പൊട്ടുന്നു.

കുടിയൊഴിക്കലിന്റെ കഥയിലെ ചില മുഹുര്‍ത്തങ്ങള്‍ നമുക്കൊന്ന് ഓര്‍മ്മിച്ചെടുക്കാം. തന്റെ കുടികിടപ്പുകാരനായ തൊഴിലാളിയുടെ തെറിപ്പൂരം കേട്ട് ”വൃത്തി വെണ്‍കളിയിട്ട” കവിയുടെ ഗേഹത്തിന്റെ ഭിത്തി തരിച്ചുവിറയ്ക്കേ ”പൂര്‍വികരക്ത”ത്തിന്റെ തിളപ്പില്‍ അയാള്‍ അവനെ അടിച്ചിറക്കുന്നതും അവന്റെ കുടില്‍ തീവെക്കുന്നതും നാം വായിച്ചതാണ്.തൊഴിലാളിയുടെ പെണ്‍കിടാവിനെ
”താണ വര്‍ഗ്ഗത്തിലാകിലും,സ്വച്ഛ –
മാനസഗ്രാമപുഷ്പമേ നിന്നെ
മോതിരക്കെെ പിടിച്ചു ഞാനേറ്റും
മേദുരപ്രേമമെന്റെ നാകത്തില്‍ ” എന്നു ചാടുവാക്കു പറഞ്ഞു വഞ്ചിച്ച ഒരു വിടന്‍ മാത്രമാണ് കവി. അയാളുടെ പുഞ്ചിരി കുലീനമായ കള്ളമാണ്‌.
ഒടുവില്‍ കവിയുടെ ഹൃദയം പിഴിഞ്ഞെടുത്ത ചോര കള്ളില്‍ പിഴിഞ്ഞുചേര്‍ത്തുകുടിക്കുന്ന തൊഴിലാളിയുടെ
”വെള്ളമില്ലാത്ത കള്ളമിന്നെന്റെ
കള്ളില്‍ ഞാന്‍ ചേര്‍ത്തു ” എന്ന പരിഹാസം ഗാര്‍ഹസ്ഥ്യത്തിന്റെ മെത്തയിലിരുന്ന് സത്യസൗന്ദര്യഗോപുരം മെനയുന്ന കവിയെ നഗ്നനും നിരാധാരനുമാക്കുന്നു.

ഈ കവിത വായിച്ചു തീരുമ്പോള്‍, ആര് ആരെയാണ് കുടിയിറക്കിയതെന്ന ചോദ്യം ഒരു പക്ഷേ നമ്മളില്‍ പലരും സ്വയം ചോദിച്ചിരിക്കും.”മെത്ത കെെ വിടാതെ ” നിദ്ര മേയുന്ന കാവ്യസങ്കല്‍പ്പത്തില്‍ അഭിരമിക്കുന്നവനും പൂര്‍വരക്തത്തിന്റെ പേരില്‍ പാവങ്ങളോട് ‘ഞങ്ങള്‍ നിങ്ങളെ സ്നേഹിച്ചിടുന്നോര്‍’ എന്ന കള്ളംപറയുന്ന തറവാടിയായ ഗൃഹസ്ഥന്‍തന്നെയല്ലെ ഒടുവില്‍ കുടിയിറക്കപ്പെടുന്നത് ? ഭൂപ്രഭുത്വത്തിലധിഷ്ഠിതമായ കാവ്യസങ്കല്‍പ്പങ്ങളല്ലെ തെരുവിലേക്ക് വലിച്ചിറക്കപ്പെടുന്നത്?
” ഒരു മഹാകവി പോലും, ഒരു മഹാകപി പോലും
പെരുമ ഭാവിച്ചു ചൊറിഞ്ഞിരിപ്പു’.’ എത്ര മൂര്‍ച്ചയുളള ആത്മനിന്ദ !

ആരാണ് അയാളെ കുടിയിറക്കുന്നത് ? ചോരചിന്നിത്തുറന്ന ഹൃദയം പറിച്ചെടുത്ത് തൊഴിലാളിക്ക് സമര്‍പ്പിക്കുന്ന കവിതന്നെയാണ് അയാളുടെ മോചകന്‍. മനോരഞ്ജകങ്ങളായ കവിതകളെഴുതുന്ന ആഢ്യകവികള്‍ക്ക് കാലത്തിന്റെ കുത്തൊഴുക്കില്‍ വംശനാശം വരികയും കവിത മറ്റൊന്നായി മാറുകയും ചെയ്യുന്നതിന്റെ സൂചന ഈ കാവ്യത്തില്‍ നാം കാണുന്നു. സുഭിക്ഷവും സുരക്ഷിതവുമായ അലസജീവിതത്തില്‍നിന്ന് കവി തന്നെത്തന്നെ നിഷ്കാസനം ചെയ്യുന്നു. എന്നിട്ട്, രോഗവും ദാരിദ്ര്യവും അനാഥത്വവും പ്രതിഷേധമുയര്‍ത്തുന്ന പുറത്തെ ലോകത്തില്‍ കവി അയാളുടെ വംശത്തെ പ്രതിഷ്ഠിക്കുന്നു. അവിടെയാവണം പുറകില്‍ വരുന്ന തന്റെ വംശത്തിന്റെ കര്‍മ്മഭൂമി .കഥയുടെ തുടക്കത്തില്‍ ”ഞാന്‍ ” മാത്രമായിരുന്നയാള്‍, കഥാന്ത്യത്തില്‍ ”ഞങ്ങള്‍ നിങ്ങളെ സ്നേഹിച്ചിടുന്നോര്‍ ” എന്ന് വിളിച്ചു പറയുമ്പോള്‍,കവി തന്റെ സഹയാത്രികരും പിന്‍ഗാമികളുമായ എല്ലാ കവികളുടേയും ജിഹ്വയായി മാറുന്നുണ്ട്. ഇതാ, ഇങ്ങനെ…
‘വി്ശ്വസംസ്കാരപാലകരാകും വിജ്ഞരേ യുഗം വെല്ലുവിളിപ്പു
ആകുമോ ഭവാന്മാര്‍ക്കു നീകത്താന്‍ ലോകസാമൂഹ്യ ദുര്‍ന്നിയമങ്ങള്‍
സ്നേഹസുന്ദരപാതയിലൂടെ
വേഗമാവട്ടെ വേഗമാവട്ടെ”

കുടികിടപ്പുകാരന്റെ കള്ളുനാറുന്ന ആ തെറിപ്പൂരം ദശാബ്ദങ്ങള്‍ക്കുശേഷം നമ്മള്‍ വേടന്റെ കവിതയില്‍ വായിക്കുന്നത് കാലത്തിന്റെ നീതിയായിരിക്കാം.അതിദാരിദ്ര്യം നിര്‍മ്മൂലനം ചെയ്താലും അവസാനിക്കുന്നില്ല ലോകസാമൂഹ്യദുര്‍ന്നിയമങ്ങള്‍ എന്ന് ഓര്‍മ്മിപ്പിക്കുന്നു വേടന്റെ കവിത. ദേവഭാവനദര്‍പ്പണത്തിനുനേരെ കാര്‍പ്പിച്ചുതുപ്പുന്നു കള്ളുനാറുന്ന കവിത. വെള്ളമില്ലാത്ത കള്ളം കണ്ഠനാളമിളകെ കുടിക്കുന്നവരുടെ കവിതയാണ് വേടന്‍ എഴുതിയത്.

അങ്ങനെയൊരു കവിതയ്ക്ക് പുരസ്കാരം നല്‍കുന്നത് ലോക സാമൂഹ്യനീതിയില്‍നിന്ന് പാര്‍ശ്വത്കരിക്കപ്പെട്ടവരുടെ ശബ്ദത്തിനുള്ള അംഗീകാരമാണ്. വയലാറും പി ഭാസ്കരനും ശ്രീകുമാരന്‍തമ്പിയും ….ഹരിനാരായണനും നല്ല കവികളല്ലെന്നല്ല ഇതിനര്‍ത്ഥം.മാനുഷികസത്ത മുഴുവന്‍ ഉള്‍ക്കൊള്ളുന്ന (all inclusive) കലയില്‍ വേട്ടക്കാരനും അവന്റേതായ സ്ഥാനമുണ്ട്‌. അത്രയും അംഗീരികരിക്കുമ്പോള്‍ മാത്രമാണ് വെെവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജനാധിപത്യസംസ്കാരത്തിലേക്ക് നാം പുരോഗമിക്കുന്നത്.”മര്‍ത്ത്യ സൗന്ദര്യബോധങ്ങള്‍ പെറ്റ മക്കളല്ലീ പുരോഗമനങ്ങള്‍” (വെെലോപ്പിള്ളി) എന്നത് പുരോഗമനത്തിന്റെ മാത്രമല്ല, സൗന്ദര്യബോധത്തിന്റെയും നിര്‍വചനമാണ്‌. രണ്ടും പരസ്പരപൂരകങ്ങളാണ്‌.

രാജൻ പടുതോൾ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com