ഇടുങ്ങിയ പാടവരമ്പിലൂടെ പുഴയെ ലക്ഷ്യമാക്കി സദാനന്ദൻ മാഷ് നടന്നു. പണ്ടൊക്കെ വരമ്പിന് നല്ല വീതിയുണ്ടായിരുന്നു. കാലൊച്ച കേട്ടതും ഒരു കൂട്ടം കൊറ്റികൾ പാടത്തുനിന്ന് പറന്നുയർന്നു. മേൽ കണ്ടത്തിൽ നിന്നും കീഴ്ക്കണ്ടത്തിലേക്ക് വെള്ളം ചാടുന്ന ഭാഗത്ത് ചെറിയ ചെറിയ കുഴികളുണ്ട്. അവിടെ പരൽ മീനുകൾ മിന്നിത്തിളങ്ങി ഓടിയോളിക്കുന്നത് നോക്കി നിന്നുപോകും.
പാടവരമ്പിൽ നിന്നും കയറുന്നത് നേരെ തോടിന്റെ ഓരത്തേക്കാണ്. ആ വഴി ചെന്ന് നിൽക്കുന്നത് പുഴയിലാണ്. തോടും പുഴയും ചേർന്ന ഭാഗത്തെ വെള്ളച്ചാട്ടം മീൻപിടുത്ത കേന്ദ്രമാണെന്ന് പറയാം . മഴയത്ത് തോട്ടിൽ നിന്നും പരലുകളും കുറുവ മീനുകളും മുകളിലോട്ട് ചാടും. സൈഡിൽ രണ്ടുപേർ ചേർന്ന് വലിയ മുണ്ട് വിടർത്തി പിടിക്കും. ചാട്ടം പിഴയ്ക്കുന്ന മീൻ തുണിയിൽ വീഴും..
അതൊക്കെ ഒരു കാലം..!
പുഴയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വലിയ പാറപ്പുറത്ത് കയറിയിരുന്നു. പുഴ നിറഞ്ഞൊഴുകുന്നു പക്ഷേ തെളിഞ്ഞ വെള്ളം. അതുകൊണ്ടുതന്നെ പുഴയുടെ തീരത്തുള്ള ആറ്റുവഞ്ചികൾ തെളിഞ്ഞു കാണാം.
പാറയോട് ചേർന്നുള്ള വൃക്ഷക്കൊമ്പിൽ ഒരു നീലപൊന്മാൻ. അവന്റെ ശ്രദ്ധ മുഴുവൻ വെള്ളത്തിലാണ്. ജല പരപ്പിലേക്ക് വരുന്ന മീനുകളാണ് അവന്റെ ലക്ഷ്യം.
എന്തിനായിരിക്കും ശുഭ വിളിക്കുവാൻ പറഞ്ഞത്?
അവളുടെ കല്യാണം കഴിഞ്ഞുവെന്നും, കൃഷിവകുപ്പിൽ ആണ് ഭർത്താവിന് ജോലിയെന്നും ആരുടെയോ കത്തിൽ പറഞ്ഞത് ഓർമ്മിക്കുന്നു…
പഴയ ഓർമ്മകൾ സദാനന്ദൻ മാഷിന്റെ മനസ്സിലേക്ക് ഇരച്ചുവന്നു. തന്റെ മനസ്സിൽ ആദ്യം ചേക്കേറിയ പെണ്ണാണ് ശുഭ, പക്ഷേ കല്യാണം കഴിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നില്ല. അതിന് പറ്റിയ സാഹചര്യം ആയിരുന്നില്ലല്ലോ തന്റേത്. ജീവിതത്തെക്കുറിച്ച് ഒന്നും അറിയാൻ പാടില്ലാത്ത കാലം…!
പക്ഷേ,അവളോട് ഒരു ഇഷ്ടം മനസ്സിന്റെ ഉള്ളിൽ തളരിട്ടിരുന്നു എന്നതും സത്യം . അത് പ്രണയം ആയിരുന്നോ എന്നൊന്നും അറിയില്ല.
” ആരും കമ്പനിക്ക് ഇല്ലാത്തതുകൊണ്ടാണോ സദാനന്ദൻ കുളിക്കാതെ പാറപ്പുറത്തിരിക്കുന്നത്..? ”
അയൽപക്കത്തെ ഔസേഫ് ചേട്ടനാണ്.
“ഹേയ് വെറുതെ ഇരുന്നൂന്ന് മാത്രം..”
രണ്ടുപേരും തോർത്തുടുത്ത് വെള്ളത്തിലേക്ക് ഇറങ്ങി.
“നീന്തുന്നില്ലേ….?”
“ഏയ്, ഇല്ല…”
“ഇപ്പോൾ എവിടെയാ ജോലി…?”
“പാലക്കാട്.”
“പാലക്കാടൊക്കെ നല്ല ചൂടല്ലേ..?”
“അതെ., ചൂട് കാറ്റാണ് സഹിക്കാൻ പറ്റാത്തത്..”
“എത്ര നാൾ ഇവിടെ ഉണ്ടാകും..?”
“കുറച്ചുനാൾ ഉണ്ടാകും..”
അടുത്ത ചോദ്യം വരും മുൻപ് മുങ്ങിത്തോർത്തി കരയ്ക്ക് കയറി.
പിന്നാലെ ഔസേഫ് ചേട്ടനും കരയ്ക്ക് കയറി.
രണ്ടുപേരും റോഡിലേക്ക് നടന്നു.
കുറച്ചു ദൂരം പോയപ്പോൾ സദാനന്ദൻ മാഷ് മെയിൻ റോഡിലേക്ക് കയറി.
“എന്താ അതുവഴി പോകുന്നത് വീട്ടിലേക്ക് അല്ലേ..?”
” അല്ല, എനിക്ക് കവല വരെ പോകണം. ഒന്ന് ഫോൺ ചെയ്യാനുണ്ട്. ”
“ഓ,ശരി പിന്നേ കാണാം..”
അഞ്ച് മിനിറ്റ് നടന്നപ്പോൾ കവലയിൽ എത്തി. പഞ്ചായത്ത് ഓഫീസിന് അടുത്തുള്ള കടയിലെക്ക് കയറി. അവിടെ മാത്രമേ എസ്. ടി. ഡി. ബൂത്ത് ഉള്ളൂ.
“ചേട്ടാ ഒന്ന് ഫോൺ ചെയ്യണമല്ലോ. ”
” ഒരാൾ വിളിച്ചുകൊണ്ടിരിക്കുകയാണ് കുറച്ചു കഴിയട്ടെ.
ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ..?
ഇവിടെ എവിടെ വന്നതാണ്.?”
“എന്റെ വീട് ഇവിടെ അടുത്ത് തന്നെയാണ്. പക്ഷേ ഞാൻ ഇവിടെ അല്ല പഠിച്ചതും വളർന്നതും. അതുകൊണ്ടാണ് അറിയാത്തത്. ഞാൻ വല്ലപ്പോഴും അവധിക്കാലത്ത് മാത്രമേ ഇവിടെ വരികയുള്ളൂ..”
“വീട്ടുപേര് എന്താണ്..?”
സദാനന്ദൻ മാഷ് വീട്ടുപേര് പറഞ്ഞു കൊടുത്തു.
“ഇപ്പോൾ മനസ്സിലായി.മനോഹരന്റെ ചേട്ടനാണ് അല്ലെ?
പാലക്കാട് ജോലിയുള്ള സാറാണല്ലേ…?”
“ഉം..”
“ഇപ്പൊ എന്താ സാറേ ലീവിലാണോ..?”
“അതെ,കുറച്ചു നാൾ ഇവിടെ ഉണ്ടാവും.”
“അല്ലേലും സാറന്മാർക്ക് എന്ത് സുഖമാണ്..!
ഓണത്തിന് പത്തു ദിവസം അവധി, ക്രിസ്തുമസിന് പത്ത് ദിവസം അവധി, പിന്നെ ഏപ്രിൽ മെയ് രണ്ടു മാസം അവധി.ഞങ്ങള് കച്ചവടക്കാരന്റെ കാര്യമാണ് കഷ്ടം……”
പുള്ളി നിർത്താൻ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. ഭാഗ്യം ഫോൺ ചെയ്തുകൊണ്ടിരുന്ന ആൾ പുറത്തുവന്നു.
പേഴ്സ് എടുത്ത് ശുഭ തന്ന നമ്പർ ഡയൽ ചെയ്തു.
“ഹലോ…”
“ഹലോ… ”
മറുതലക്കൽ ഒരു പരുക്കൻസ്ത്രീ ശബ്ദം.
” ശുഭയുടെ വീടാണോ.? ഒന്ന് വിളിക്കാമോ ?”
ചോദ്യം കേട്ടതും റിസീവർ ഹോൾഡിൽ വെച്ചു എന്നു തോന്നുന്നു.
“ഹലോ …”
കുറച്ചു കഴിഞ്ഞപ്പോൾ മറുതലക്കൽ ഒരു പതിഞ്ഞ സ്ത്രീശബ്ദം.
” ഞാൻ സദാനന്ദനാണ്.
ശുഭയാണോ..? ”
“അതെ ശുഭ യാണ്…..”
കുറച്ചു നേരത്തേക്ക് ഒരു നിശബ്ദത..
“ഹലോ….. ഹലോ ….എന്താ കേൾക്കുന്നില്ലേ..?”
“ഉവ്വ്…”
“പിന്നെന്താ മിണ്ടാത്തത്…? ”
“സന്തോഷം കൊണ്ട്…..
കത്ത് കിട്ടി അല്ലെ…..?
ഞാൻ കരുതി തിരിച്ചു വിളിക്കില്ല, എന്ന്..”
“അതെന്താ അങ്ങനെ തോന്നാൻ കാരണം.?”
“ഞാൻ കത്ത് അയച്ചിട്ട് മൂന്നുമാസം ആയല്ലോ..?
ഞാൻ കരുതി എന്നെയൊക്കെ മറന്നു കാണും എന്ന്..!”
“ഏയ്., ഇയാളെ മറക്കാനോ..?
ഞാനോ..?
ഒരിക്കലുമില്ല….”
“ഉം, എന്തൊക്കെയുണ്ട് വിശേഷങ്ങൾ? കല്യാണം കഴിഞ്ഞുവോ..?
ഭാര്യ ടീച്ചർ ആണോ….?
കുട്ടികൾ.?”
“ആദ്യം ഇയാളുടെ വിശേഷങ്ങൾ പറയൂ..”
സദാനന്ദൻ മാഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്റെ വിശേഷങ്ങൾ എന്ത് പറയാൻ..!
എനിക്ക് സദാനന്ദനെ ഒന്ന് കാണണം.”
“അതിരിക്കട്ടെ ഇയാൾ എന്ത് ചെയ്യുന്നു ? കല്യാണമൊക്കെ കഴിഞ്ഞില്ലേ..?”
“എല്ലാം പറയാം നേരിൽ കാണുമ്പോൾ..!”
ചിരിച്ചുകൊണ്ട് ശുഭ പറഞ്ഞു.
“എന്ന്..?”
“ഈ ഞായർ പറ്റുമോ..?”
“ഈ ഞായറോ..?”
“എന്താ മറ്റെന്തെങ്കിലും എൻഗേജ്മെന്റ്..?”
“ഏയ് നോ.
ഉച്ചകഴിഞ്ഞ് പോരെ..?”
“മതി..”
“എവിടെ വെച്ചിട്ടാണ് കാണാൻ പറ്റുക?”
“നമ്മുടെ കോളേജ് മൈതാനത്ത് നമ്മുടെ കാമ്പസിലെ പഴയ വാകമരവും അവിടുത്തെ സിമന്റ് ബെഞ്ചുകളും ഓർമ്മയുണ്ടോ..?”
“ഉം.പക്ഷേ മൈതാനത്ത് എങ്ങനെ കയറും…?”
“അതു കുഴപ്പമില്ല ഇപ്പോഴും മൈതാനത്തിന് ചുറ്റുമതിൽ ഇല്ല.”
“ഓ… എത്ര മണിക്ക് കാണാം?”
” നാലു മണി…
ഒക്കെ ബൈ ഞായറാഴ്ച കാണാം”
എന്ന് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
ഞായറാഴ്ച രാവിലെ ഏഴു മണി ആയപ്പോഴേക്കും തന്റെ ബജാജ് ചേതക് സ്കൂട്ടറിൽ കൊച്ചച്ഛൻ വീട്ടിലെത്തി.
“ഒറ്റയ്ക്കാണോ വന്നത്?
അവളെയും കൂടി കൂട്ടാൻ പാടില്ലായിരുന്നോ?”
അമ്മ കൊച്ചച്ഛനോട് ചോദിക്കുന്നത് കേട്ടു.
“ഇന്ന് ഞായറാഴ്ചയല്ലേ…
ഞാൻ പോരുമ്പോൾ അവൾ പതിയെ എണീറ്റട്ടെ ഉള്ളൂ..”
“അപ്പോൾ രാവിലെ ഒന്നും കഴിച്ചില്ലല്ലോ..?
” ഇല്ല,അവൻ എവിടെ..? ”
” ബാത്റൂമിൽ ആണെന്ന് തോന്നുന്നു . നീ കൈ കഴുകി വരു. പുട്ട് ആയിട്ടുണ്ട്. ”
“കൊച്ചച്ഛൻ നേരത്തെ എത്തിയോ..?”
“ഉം നീ ഇതുവരെ റെഡി ആയില്ലേ..?”
“കൊച്ചച്ഛൻ പുട്ടും പപ്പടവും കഴിക്കൂ. അപ്പോഴേക്കും ഞാൻ പുഴയിൽ പോയി ഒന്നും മുങ്ങിയിട്ട് ഓടി വരാം”
“ശരി ശരി വേഗം വേണം..”
“നിനക്ക് ഈ താടിയും, മുടിയൊക്കെ വെട്ടി ഒന്നു വൃത്തിയായി നടന്നു കൂടെ..?”
കുളി കഴിഞ്ഞു വന്നപ്പോൾ കൊച്ചച്ഛൻ ചോദിച്ചു.
“താടി നല്ല ഐശ്വര്യം അല്ലേ…?
താടി ഇഷ്ടമുള്ള പെണ്ണ് എന്നെ സ്വീകരിച്ചാൽ മതി”
“ശരി ശരി വേഗം റെഡിയാകാൻ നോക്കു”
“ശരിയമ്മേ, ഞങ്ങൾ പോയിട്ട് വരാം. ”
ഒരുതരത്തിൽ സ്കൂട്ടറിന്റെ പിന്നിലിരുന്നു.
“നിനക്ക് സ്കൂട്ടറിന്റെ പിന്നിൽ ഇരിക്കുവാൻ പേടിയുണ്ടല്ലേ?”
” അതെന്താ അങ്ങനെ ചോദിച്ചത്? ഞാൻ ഇതുവരെ ടൂവീലറിന്റെ പിന്നിൽ ഇരുന്നിട്ടില്ല. ”
“വണ്ടി ഓടിക്കുമ്പോൾ അറിയാം..”
“ഉം…”
“എത്ര ദൂരം പോകണം അവരുടെ വീട്ടിലേക്ക്..?”
” ഇവിടുന്ന് ഏതാണ്ട് രണ്ടു മണിക്കൂർ.. ”
ഒന്നര മണിക്കൂർ ദൂരം ഹൈവേയിലൂടെ പോയതിനുശേഷം സ്കൂട്ടർ ഒരു പഞ്ചായത്ത് റോഡിലേക്ക് പ്രവേശിച്ചു.
“മുറുക്കെ പിടിച്ചിരുന്നോട്ടൊ..
ചെറിയ കുഴികൾ ഉണ്ട്.”
“ഉം…”
പഞ്ചായത്ത് റോഡ് ചെന്ന് നിൽക്കുന്നത് ഒരു കനാലിന്റെ അടുത്താണ്. കനാലിന്റെ ഓരം ചേർന്ന് കൊച്ചച്ഛൻ സ്കൂട്ടർ മെല്ലെ ഓടിച്ചു. അല്പം ഒന്ന് കണ്ണു പിഴച്ചാൽ സ്കൂട്ടർ കനാലിൽ കിടക്കും.
കുറച്ചു ദൂരം പോയി കഴിഞ്ഞപ്പോൾ ഒരു ഓടിട്ട വീടിന് മുന്നിൽ സ്കൂട്ടർ നിർത്തി.
“അതാ, ആ കാണുന്നതാണ് വീട്.”
വെട്ടുകല്ലുകൊണ്ട് ചുമരുള്ള ഒരു പഴയ വീട്. ജനലുകൾക്ക് അടപ്പ് ഇല്ല. കതക് മെല്ലെ ചാരിയിട്ടേ ഉള്ളൂ.
“ഇവിടെ ആരുമില്ലേ..?”
കതകിൽ തട്ടിക്കൊണ്ട് കൊച്ചച്ഛൻ ചോദിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഏഴ് വയസ്സുള്ള പെൺകുട്ടി വന്നു നോക്കി.
“ആരാ…?”
“അമ്മയില്ലേ മോളെ..?”
“അമ്മേ ദാ ആരോ വന്നിരിക്കുന്നു…”
ഇത് പറഞ്ഞ് പെൺകുട്ടി അകത്തേക്ക് ഓടിപ്പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ഏകദേശം 40 വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ ഇറങ്ങി വന്നു.
“ആരാ..?”
“ഞങ്ങൾ രാമൻ നായർ പറഞ്ഞിട്ടു വന്നതാ…”
“ആണോ, വരു, ഇരിക്കു.”
പ്ലാസ്റ്റിക് കൊണ്ട് ഇഴ പാകിയ കസേരകളിൽ രണ്ടുപേരും ഇരുന്നു.
“എന്താ പേര്,..?”
അവർ ചോദിച്ചു.
“എന്റെ പേര് സദാനന്ദൻ..”
“എന്ത് ചെയ്യുന്നു….?”
“ഇവൻ പാലക്കാട് ടീച്ചറാ …”
കൊച്ചച്ഛൻ പറഞ്ഞു.
“മോളില്ലേ ഇവിടെ..?”
‘ഉണ്ട് വിളിക്കാം..”
അവർ അകത്തു പോയി. ഉടൻ തന്നെ ഒരു ഗ്ലാസ് പ്ലേറ്റിൽ ലഡു മറ്റൊരു പ്ലേറ്റിൽ മിക്സചറും കൊണ്ടുവന്നു ടീപോയയിൽ വച്ചു..
” കഴിക്കു, മോൾ ഇപ്പോൾ വരും. ”
കുറച്ചു കഴിഞ്ഞപ്പോൾ പെൺകുട്ടി കയ്യിൽ ചായയുമായി ഇറങ്ങിവന്നു.
ഇളം നീല നിറത്തിലുള്ള ലോങ്ങ് ബ്ലൗസും പാവാടയും ആണ് വേഷം. ചുരുണ്ട നീളം കുറഞ്ഞ മുടിയിൽ റബ്ബർ ബാൻഡ് ഇട്ടിട്ടുണ്ട്.
“പേരെന്താ…?”
“സുലോചന.”
“ഏതുവരെ പഠിച്ചു..?”
“ഞാൻ എം. എ. ഹിന്ദി.”
“എന്താണ് പിന്നെ ബി. എഡിനു പോകാത്തത്?”
ബി. എഡിന് ചേരണം എന്ന് വിചാരിച്ചപ്പോഴേക്കും ഇവളുടെ അച്ഛന് സുഖം ഇല്ലാണ്ടായി , ജോലി ചെയ്യാൻ തൽക്കാലം പറ്റില്ല. ഇപ്പോൾ സാമ്പത്തികമായി കുറച്ച് പ്രയാസത്തിലാണ്. കുറച്ചുകഴിഞ്ഞ് പഠിക്കുവാൻ അയക്കണം. ”
അമ്മയാണ് ഉത്തരം പറഞ്ഞത്.
” ഉം… ”
” ഒന്നും കഴിച്ചില്ലല്ലോ….?
കഴിക്കൂ.. ”
സദാനന്ദൻ മാഷ് ഒരു ലഡ്ഡു എടുത്തു കഴിച്ചു.
” ശരി ഞങ്ങൾ ഇറങ്ങട്ടെ ,
ആലോചിച്ചിട്ട് രാമൻ നായരോട് വിവരം പറയാം. ”
ഇത്രയും പറഞ്ഞ രണ്ടുപേരും പുറത്തിറങ്ങി.
“നിനക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടോ..?”
സ്കൂട്ടറിൽ കയറാൻ നേരം കൊച്ചച്ഛൻ ചോദിച്ചു.
“പെണ്ണിനെ ഒക്കെ ഇഷ്ടപ്പെട്ടു.
പക്ഷേ ഇത് ശരിയാവില്ല.”
“അതെന്താ.
പെണ്ണ് നല്ല സുന്ദരിയല്ലേ..?
“പെണ്ണൊക്കെ സുന്ദരിയാണ്.പക്ഷേ വീട്ടുകാർ…?”
“ഉം.. ”
“എനിക്ക് പാലക്കാട് ജോലിയാണ് എന്ന് എന്തിനാ നുണ പറഞ്ഞത്? ”
” ജോലി ഉടനെ കിട്ടുമല്ലോ..ശരി ശരി നീ വണ്ടിയിൽ കയറു…. ”
(തുടരും…….)




പെട്ടെന്ന് വായിച്ചു തീർന്നതു പോലെ തോന്നി. അടുത്തയാഴ്ചയിലെതുവരുന്നതുവരെ കാത്തിരിക്കണമല്ലോ വിവരങ്ങൾ അറിയാൻ ‘വായനക്കാരനിൽ ആകാംക്ഷ നിറയ്ക്കാനും , പ്രകൃതിയെ കൺമുമ്പിൽ കാട്ടിത്തരാനും , ഇന്നത്തെ എഴുത്തിനു കഴിഞ്ഞു. നോവൽ വായനയുടെ സുഖം എഴുത്തിൽ നിന്നു കിട്ടുന്നുണ്ട്. അഭിനന്ദനം
സന്തോഷം
വായനാ സുഖമേകുന്ന ഹൃദ്യമായ അവതരണം സർ… അഭിനന്ദനങ്ങൾ 🙏🌹🌹
സന്തോഷം
എന്തായിരിക്കും മാഷുടെ മനസ്സിൽ
താളത്തിൽ ഒഴുകുന്ന ഒരു പുഴപോലെ കഥ 👍
സന്തോഷം