കുട്ടികൾ അതിരാവിലെ ദിവസവും എഴുന്നേൽക്കുന്നത്, ഒരു ശീലമാക്കിയാൽ അതുതന്നെ ജീവിതത്തിൽ ഒരു വിജയം ആയിത്തീരും. സൗകര്യമുള്ള സ്ഥലത്ത് സൗകര്യം പോലെ നിലത്ത് ഇരുന്ന്, കണ്ണുകൾ അടച്ച് ധ്യാനിക്കുമ്പോൾ ശൂന്യമായ അവസ്ഥയാണ് ഉണ്ടാവുക. അത് മനസ്സിനെ ശുചീകരിക്കുന്നു. അതിൽനിന്ന് ലഭിക്കുന്ന ഊർജ്ജം വളരെ വലുതാണ്. പഠിച്ച് സമ്പാദിച്ചുവച്ച അറിവുകൾ ആവശ്യാനുസരണം, ഒരു പുഴയിലെ ജലം ഒഴുകുന്നത് പോലെ വരുന്നതിനെ ഉപയോഗിക്കാൻ കഴിയും.ധ്യാനം ചെയ്യുമ്പോൾ പഠിച്ചത് കട്ടപിടിച്ച് ഇരിക്കുന്ന തടസ്സം നീക്കുന്നതു കൊണ്ടാണ് അതിന് കഴിയുന്നത്. കുട്ടികൾക്ക് വായിക്കാനും, വായിച്ചത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നതിനും ആയിട്ടുള്ള കൊച്ചു കഥകളിൽ കൂടി കാര്യം പറയുന്നു.
അതികൊതി മൂത്ത്, ഉള്ള സൗകര്യങ്ങൾ പോരാതെ, കൂടുതൽ സൗഭാഗ്യങ്ങൾ തേടി പുറപ്പെട്ടപ്പോൾ ഉണ്ടായതിനെ ആസ്പദമാക്കിയുള്ള ഒരു സങ്കല്പകഥ.
ഒരു കൊടും കാട്ടിൽ ഒരു സിംഹം ആ കാട്ടിലെ രാജാവായി വാണിരുന്നു. ആ കാട്ടിലെ ജീവിതം പോരാ, ഏതെങ്കിലും വിദേശരാജ്യങ്ങളിൽ പോകണമെന്ന് സിംഹം ആഗ്രഹിച്ചു. അങ്ങിനെ അമേരിക്കയിലേക്ക്, പോകാൻ സിംഹത്തിന് വിസ ലഭിച്ചു.
സിംഹരാജാവിന് വലിയൊരു യാത്രയയപ്പാണ് നൽകിയത്. അമേരിക്കയിൽ എത്തിയപ്പോൾ, അവിടെ വലിയൊരു സ്വീകരണവും, സംഘടിപ്പിച്ചിരുന്നു. അവിടെ ചെന്നപ്പോൾ ആദ്യമായി നൽകിയത് പഴം ആയിരുന്നു. അമേരിക്കയിലെ സിംഹങ്ങൾ പഴമാണോ ഭക്ഷിക്കുന്നത് എന്ന് സിംഹം ചിന്തിക്കാതിരുന്നില്ല.
അന്നങ്ങിനെ പട്ടിണി കിടന്നു. പിറ്റേന്ന് ഭക്ഷിക്കാൻ കപ്പലണ്ടി കൊണ്ടുവന്നു. ഇങ്ങിനെ പോയാൽ തന്റെ കാര്യം കഷ്ടമായിരിക്കുമെന്ന് സിംഹത്തിന് ബോധ്യമായി.
തിരിച്ചു പോകാൻ പറ്റാത്ത വണ്ണം കാര്യങ്ങൾ ചെയ്തു വച്ചിട്ടാണ് ഇങ്ങോട്ട് പോന്നത്. ഭക്ഷണം കൊണ്ടുവന്ന കുറുക്കനോട് കാര്യമന്വേഷിച്ചു. കുറുക്കൻ പറഞ്ഞു. അങ്ങു വന്നത് കുരങ്ങന്റെ വിസയിലാണ്. അതുകൊണ്ട് ഇനിയുള്ള ശിഷ്ടകാലം കുരങ്ങൻ കഴിക്കുന്ന ഭക്ഷണമേ അങ്ങേക്ക് കിട്ടുകയുള്ളൂ.അങ്ങിനെ അതികൊതി കാരണം സിംഹത്തിന്, വലിയ ഒരു അമളി പറ്റി.
ആധുനിക പരിഷ്കാരങ്ങൾ കണ്ടും കേട്ടും വളരുന്ന കുട്ടികൾ വഴിതെറ്റി പോകാതിരിക്കാൻ രക്ഷകർത്താക്കൾക്ക് വലിയൊരു പങ്കുണ്ട്. ഒരു യുവതി ആറുവയസുകാരൻ മകനും,ഒന്നിച്ച് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു.മകൻ പുസ്തകത്തിലെ കഥകൾ വായിക്കുമ്പോൾ അത് ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു അമ്മയായ യുവതി. ഇവരെ ശ്രദ്ധിച്ച ഒരു യാത്രക്കാരൻ വളരെ ആശ്ചര്യത്തോടെ യുവതിയോട് ചോദിച്ചു. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികളും സ്മാർട്ട് ഫോണിൽ ഗെയിമുകൾ കളിച്ചുകൊണ്ടിരിക്കുന്നതായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്, നിങ്ങളുടെ മകൻ എങ്ങനെയാണ് നിങ്ങളെ അനുസരിക്കുന്നത്. യുവതി പറഞ്ഞു……. അത് വളരെ എളുപ്പമുള്ള കാര്യമാണ്. ലളിതമായ മാർഗം സ്വീകരിച്ചാൽ, എല്ലാവർക്കും അതിനു കഴിയും.
കുട്ടികൾ നമ്മളെ അനുകരിക്കുകയാണ് വേണ്ടത്, അനുസരിക്കുകയല്ല. കേട്ട് പഠിക്കുന്നതിനേക്കാൾ നല്ലത്, നമ്മളെ കണ്ട് പഠിക്കുകയാണ്. ചൊല്ലി കൊടുത്ത് പഠിപ്പിക്കുന്നതിനേക്കാൾ നല്ലത്, ചെയ്തു കാണിച്ച് പഠിപ്പിക്കുകയാണ്. ഞാൻ ആജ്ഞാപിക്കാറില്ല. ഒരു കാര്യത്തിനും ശാസിക്കാറില്ല. അത് അവന്റെ, മനസ്സിൽ ഭയത്തിന് കാരണമാകും. ചെറിയ വികൃതികൾ കണ്ടില്ലെന്ന് നടിക്കും. തെറ്റുകൾ കണ്ടാൽ ശാന്തമായി പറഞ്ഞു കൊടുക്കും. ഇവന്റെ കയ്യിലുമുണ്ട് ഒരു സ്മാർട്ട് ഫോൺ. ദിവസവും കൃത്യമായ സമയത്ത് അതിൽ ഗെയിമുകൾ കളിച്ച് കൃത്യമായ സമയത്ത് കളി നിർത്തും. അത് അവനൊരു ശീലമാക്കി. ഇങ്ങനെയൊക്കെയാണ് എന്റേയും ഇവന്റേയും ജീവിതരീതികൾ.
സത്യസന്ധതയോടെ ജീവിക്കണമെന്ന അമ്മയുടെ ഉപദേശം അക്ഷരംപ്രതി കാത്തുസൂക്ഷിച്ച, ഒരു കൊച്ചു ബാലന്റെ കഥ മഹാചക്രവർത്തി അദ്ദേഹത്തിന്റെ കാലശേഷം രാജാവാകാൻ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കാൻ ആ നാട്ടിലെ എല്ലാ ബാലന്മാരെയും രാജകൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. വന്ന എല്ലാ ബാലന്മാർക്കും ഒരു വിത്ത് വീതം കൊടുത്തിട്ട്, ഇത് വീട്ടിൽ കൊണ്ടുപോയി മുളപ്പിച്ച് അതിൽ മനോഹരമായ പൂവുമായി വരുന്നവനെ രാജകുമാരൻ ആക്കുമെന്ന് പറഞ്ഞു. വന്ന ബാലന്മാരിൽ ഏറ്റവും ചെറിയ ഒരുത്തനും വാങ്ങി രാജാവിന്റെ കയ്യിൽ നിന്ന് വിത്ത്. ചെറിയ ബാലൻ വീട്ടിൽ കൊണ്ടുപോയി ഒരു ചെടിച്ചട്ടിയിൽ അത് മുളപ്പിക്കാൻ ഇട്ടു. ദിവസങ്ങളോളം വെള്ളം ഒഴിച്ച് സംരക്ഷിച്ചിട്ടും വിത്തിൽ മുളപൊട്ടിയില്ല. പൂവുമായി കൊട്ടാരത്തിലേക്ക് ചെല്ലേണ്ട ദിവസമായി. ബാലൻ അവന്റെ അമ്മയോട് പറഞ്ഞു. ഞാൻ പോകുന്നില്ല. മുളക്കാത്ത ഈ ചട്ടിയുമായി ഞാൻ ചെന്നാൽ തന്നെ അടിച്ചു പുറത്താക്കും എന്ന്. അമ്മ പറഞ്ഞു നീ വിഷമിക്കേണ്ട. വിത്ത് ചട്ടിയിൽ ഇട്ട് ദിവസവും വെള്ളം ഒഴിച്ചിട്ടും മുളച്ചില്ല എന്ന സത്യം രാജാവിനോട് പറയുക. ഇത് കേട്ട് അയൽപക്കത്തുള്ള ഒരാൾ വന്നിട്ട്, എന്റെ വീട്ടിൽ നല്ല ഭംഗിയുള്ള പൂക്കൾ ഉള്ള ചെടികൾ ഉണ്ട്, അതു കൊടുത്താൽ മതി രാജാവ് അറിയില്ല എന്നു പറഞ്ഞു. ബാലന് അത് സമ്മതമല്ലായിരുന്നു.
സത്യസന്ധത കാത്തുസൂക്ഷിക്കാൻ ചെറുപ്പം മുതലേ അവനെ അമ്മ ഉപദേശിച്ചു കൊണ്ടിരുന്നു. അങ്ങിനെ ബാലൻ മുളക്കാത്ത ചട്ടിയുമായി ഏറ്റവും പിന്നിൽ നിന്നു. മനോഹരങ്ങളായ പൂക്കളുമായി വന്ന ബാലന്മാരുടെ പൂക്കൾ വാങ്ങിവെച്ച് അവസാനം ചെറിയ ബാലന്റെ അരികെ രാജാവ് എത്തി. ബാലൻ പറഞ്ഞു ഞാൻ ചെയ്യാവുന്നത് എല്ലാം ചെയ്തു. എന്നോട് ക്ഷമിക്കണം അങ്ങ് തന്ന വിത്ത് മുളച്ചില്ല. രാജാവ് ബാലനെ കെട്ടിപ്പിടിച്ചു. അദ്ദേഹം ബാലന്മാർക്ക് കൊടുത്ത എല്ലാ വിത്തുകളും മുളക്കാത്തവ ആയിരുന്നു. സത്യസന്ധത തെളിയിച്ച നീയാണ് എന്റെ രാജകുമാരൻ എന്ന് രാജാവ് പ്രഖ്യാപിച്ചു.




👍