Friday, April 3, 2026
Homeസ്പെഷ്യൽമലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിയഞ്ചാം ഭാഗം) 'കുഞ്ഞുണ്ണി മാഷ്' ✍ അവതരണം: പ്രഭ...

മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിയഞ്ചാം ഭാഗം) ‘കുഞ്ഞുണ്ണി മാഷ്’ ✍ അവതരണം: പ്രഭ ദിനേഷ്

മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപൂക്കൾ എന്ന രചനയുടെ മുപ്പത്തിയഞ്ചാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏

മലയാളത്തിൽ വ്യത്യസ്തമായ രീതിയിലുള്ള കവിതകൾ അവതരിപ്പിച്ചു കൊണ്ട് ആബാലവൃദ്ധം മലയാളികളുടെയും മനസ്സിൽ ഇടം പിടിച്ച കവിയായ ശ്രീ. കുഞ്ഞുണ്ണി മാസ്റ്റർ ആണ് ഇന്നത്തെ നക്ഷത്രപൂവ്!

കുഞ്ഞുണ്ണി മാസ്റ്റർ (3️⃣5️⃣) (10/05/1927- 26/04/2006 )

തൃശ്ശൂർ ജില്ലയിൽ വലപ്പാട്ട് ഞായപ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ മൂസ്സതിൻ്റെയും നാരയണിയമ്മയുടെയും മകനായി 1927 മെയ് പത്തിന് ജനിച്ച അതിയാരത്ത് തേറമ്പിൽ കുഞ്ഞുണ്ണി നായർ ആണ് നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷ്!

കുട്ടൻ എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിളിപ്പേര്. തൃപ്രയാർ യു.പി.സ്ക്കൂൾ, വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മലയാളം വിദ്വാൻ പരീക്ഷ പാസ്സായി. ചേളാരി ഹൈസ്ക്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ശ്രീരാമകൃഷ്ണ മിഷൻ ഹൈസ്ക്കൂളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചു. 1982 ൽ വിരമിച്ചു.

അദ്ദേഹം മാതൃഭൂമി ആഴ്ചപതിപ്പിൽ ബാലപംക്തി കൈകാര്യം ചെയ്തിരുന്നു. സാഹിത്യ ലോകത്തിലേയ്ക്ക് പ്രവേശിക്കുന്നവർക്ക് കുട്ടേട്ടൻ എന്ന പേരിൽ ഈ പംക്തിയിലൂടെ അദ്ദേഹം വളരെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. വളർന്നു വരുന്ന തലമുറയെ സാഹിത്യ രംഗത്തേക്ക് ഉയർത്തിക്കൊണ്ടു വരുവാനും, അവർക്ക് ശക്തിയും ധൈര്യവും പകർന്നു കൊടുക്കുവാനും ഈ ബാലപംക്തിയിലൂടെ അദ്ദേഹം ശ്രമിച്ചിരുന്നു.

ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ കവിതകൾ എഴുതുമായിരുന്നു. കാവ്യരചനയിൽ അദ്ദേഹം ആരെയും അനുകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാവണം ആരും അദ്ദേഹത്തേയും അനുകരിക്കുന്നില്ല. അദ്ദേഹത്തിൻ്റെ കവിത ഒരു പ്രസ്ഥാനമാണെന്നു പറയാം. വേണമെങ്കിൽ അതിനെ കുഞ്ഞുണ്ണി പ്രസ്ഥാനം എന്നു പേരിടാം!

മറ്റു പ്രസ്ഥാനങ്ങളിൽ നിന്നും കാവ്യരീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് അദ്ദേഹത്തിൻ്റെ കവിതാ ശൈലിയും കവിതകളും. മിക്ക കവിതകളും ഹാസ്യാത്മകമാണെന്നു തോന്നാം. എന്നാൽ അവയുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന തത്ത്വങ്ങൾ വളരെ ബൃഹത്തായിരിക്കും! ആലോചിക്കും തോറും പുതിയ പുതിയ അർത്ഥതലങ്ങൾ അവയിൽ കണ്ടെത്തുവാൻ കഴിയും. അദ്ദേഹത്തിൻ്റെ ഹാസ്യവും പരിഹാസവും പ്രത്യേകിച്ച് ആരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ളതല്ല. പക്ഷേ അദ്ദേഹം ലക്ഷ്യമാക്കിയിട്ടുള്ളവർ സമൂഹത്തിൽ ധാരാളമുണ്ട്. അവരെ നമുക്ക് കണ്ടെത്തുവാനും കഴിയും.

ഈ പരിഹാസത്തിൽ നിന്ന് കവി തന്നെത്തന്നെയും ഒഴിവാക്കുന്നില്ല എന്നതു മറ്റൊരു പ്രത്യേകത!

കുഞ്ഞുണ്ണി മാഷ് പറയുന്നു.

“എനിക്ക് അഞ്ചടി പത്തിഞ്ചു പൊക്കവും, അതിനനുസരിച്ചുള്ള വണ്ണവും കുമ്പയും കൊമ്പൻ മീശയും ഉണ്ടക്കണ്ണും രാഘവമേനോൻ എന്ന പേരുമാണെങ്കിൽ, ഞാനെങ്ങനെ ഇന്നത്തെപ്പോലെ കുട്ടികളും വലിയ വരുമെല്ലാമുള്ള സദസ്സിനെ നോക്കി ‘ടംപടം, പപ്പടം, പടപടം, പപ്പടം’ എന്നും മറ്റുമുള്ള വിഡ്ഡിത്ത കുട്ടിത്തങ്ങൾ കയ്യും കലാശവും കാട്ടി ഉറക്കെച്ചൊല്ലി രസിക്കും? എനിക്ക് അതാലോചിക്കാനേ വയ്യ. ഞാനെൻ്റെ കിറുക്കിനു പാകത്തിലുള്ള കുഞ്ഞുണ്ണിയായതു നന്നായി”.

പൊക്കമില്ലാത്തതാണെൻ്റെ പൊക്കം

എനിക്കു പൊക്കക്കുറവാ- ണെന്നെപ്പൊക്കാതിരിക്കുവിൻ,
എനിക്കൂക്കു കുറവാ-
ണെന്നെത്താങ്ങാതിരിക്കുവിൻ” ഇതുപോലുള്ള കുറും കവിതകളാണ് കുഞ്ഞുണ്ണി മാഷ് അധികവും എഴുതിയിട്ടുള്ളത്.

‘വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാൽ വിളയും
വായിച്ചില്ലെങ്കിൽ വളയും’

യഥാർത്ഥ ജീവിത ചിത്രീകരണം തന്നെയാണ് ഈ വരികളിൽ ഉൾക്കൊള്ളുന്നത്.

‘ഇത്തിരിയേയുള്ളൂ ഞാൻ, എനിക്കു പറയുവാ-
നിത്തിരിയേ വിഷയമുള്ളൂ, അതുപറയുവാ- നിത്തിരിയേ വാക്കും വേണ്ടൂ.’

നിസ്സാരമെന്നു തോന്നുന്ന ഈ കവിതകളിലൊക്കെ അടങ്ങിയിരിക്കുന്ന തത്വങ്ങൾ ചിന്തനീയം തന്നെയാണ്!

‘ജനിക്കും നിമിഷം തൊട്ടെൻ
മകനിംഗ്ലീഷു പഠിക്കണം.
അതിനാൽ ഭാര്യതൻ പേറ-
ങ്ങിംഗ്ലണ്ടിൽത്തന്നെയാക്കി ഞാൻ.’

മാതൃഭാഷയെ പുച്ഛിച്ച് ഇംഗ്ലീഷിൻ്റെ പിന്നാലെ പോകുന്നവർക്ക് ഇതിൽ കൂടുതൽ എന്തു കൊടുക്കുവാനുള്ളത്.

‘എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു
ലോകം
പക്ഷേ നമുക്കില്ലൊരു ലോകം’

ഇന്നത്തെ പല പ്രശ്നങ്ങൾക്കും കാരണം ഈ മനോഭാവമല്ലേ?

‘ആദ്യ മലയാളിക്കു നൂറു മലയാളം
അരമലയാളിക്കു
മൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല’

മലയാള ഭാഷയുടെ അധഃപതനത്തിനു കാരണം മലയാളി തന്നെയാണ്.

അക്ഷരത്തെറ്റ്, കുറ്റിപെൻസിൽ, പഴമൊഴിപ്പത്തായം, വിത്തും മുത്തും, ഉണ്ടനും ഉണ്ടിയും, നോൺസെൻസ് കവിതകൾ, കലികാലം, കദളിപ്പഴം, കുഞ്ഞുണ്ണി രാമായണം, കുഞ്ഞുണ്ണി മാഷും കുട്ട്യോളും, അപ്പൂപ്പൻ താടി, ഊണുതൊട്ട് ഉറക്കം വരെ തുടങ്ങിയവയാണ് മാഷ്ടെ പ്രധാന കൃതികൾ. കൂടാതെ
എന്നിലൂടെ എന്ന പേരിൽ ആത്മകഥയും എഴുതിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാഡമി അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ടിൻ്റെ പുരസ്ക്കാരം, വാഴക്കുന്നം പുരസ്ക്കാരം തുടങ്ങിയ അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ഭാഷയെ സ്വന്തം വരുതിയിൽ നിറുത്തി, വേണ്ടി വന്നാൽ തല്ലിയുടച്ചും, വീണ്ടും കൂട്ടിച്ചേർത്തും തനതായ ശൈലിയിൽ കാവ്യങ്ങൾ നിർമ്മിച്ചും മറ്റൊരു കവിക്കും നേടാൻ കഴിയാത്തവിധം ആറു മുതൽ അറുപതു വയസ്സ് വരെ ഉള്ള കുട്ടികളും മുതിർന്നവരുമായ ആസ്വാദകവൃന്ദത്തെ സമ്പാദിച്ച മാഷ്ടെ മറ്റൊരു കവിത കൂടി ഉൾപ്പെടുത്തുകയാണ്.

“ഗുരുവായൂരിലേക്കുള്ള
വഴി വായിച്ചു കേൾക്കവേ
എന്നിൽ നിന്നെന്നിലേയ്ക്കുള്ള
ദൂരം കണ്ടമ്പരന്നു ഞാൻ”

എന്ന് അമ്പരന്നും ഏകാന്തതയാണ് ഏറ്റവും നല്ല കാന്ത എന്നു വിശ്വസിച്ചും ആ കാന്തയോടൊത്തുള്ള ജീവിതത്തിൽ അലോഹ്യമുണ്ടാകാതിരിക്കാനായി അവിവാഹിതനായും ജീവിച്ച കവിയാണ് കുഞ്ഞുണ്ണി മാഷ്.

യാതൊരമ്പരപ്പും കൂടാതെ സംസാരസാഗരം നീന്തിക്കടന്ന് 26/04/2006 ൽ മലയാളികളുടെ പ്രിയപ്പെട്ട കവിയായ കുഞ്ഞുണ്ണി മാഷ് വിഷ്ണുപാദകം പൂകി🙏🌹

അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕❣️

പ്രഭ ദിനേഷ്❣️

RELATED ARTICLES

2 COMMENTS

  1. കുഞ്ഞുണ്ണി മാഷിന്റെ ജീവിത വഴികൾ നന്നായി എഴുതി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com