തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിനമായ ഇന്ന് സ്വർണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1,11,080 രൂപയായി ഉയർന്നത്. ഇന്നലെ വൈകുന്നേരം പവന് 1,09,640 രൂപയായിരുന്നു വില. ഒറ്റയടിക്ക് 1,440 രൂപയുടെ വർധനവാണ് ഇന്ന് വിപണിയിൽ ഉണ്ടായത്.
ഒരു ഗ്രാം വിലയിലും സമാനമായ വർധനവ് പ്രകടമാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 180 രൂപ കൂടി 13,885 രൂപയിലെത്തി. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സ്വർണ്ണവില കുതിച്ചുയരുന്നതിനൊപ്പം പണിക്കൂലിയും നികുതിയും (GST) കൂടി ചേരുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണ്ണം വാങ്ങാൻ ഇതിലും വലിയ തുക നൽകേണ്ടി വരും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വർണ്ണം വാങ്ങുന്നത് കൂടുതൽ ദുഷ്കരമാക്കുന്നതാണ് ഈ പുതിയ വിലവർധനവ്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,148 രൂപയും, പവന് 1,21,184 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,361 രൂപയും പവന് 90,888 രൂപയുമാണ് വില.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അറുതിയാകുമെന്ന സൂചനകൾ ആഗോള വിപണിയിലും സ്വർണവിലയിലും നിർണായക സ്വാധീനം ചെലുത്തുന്നു. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചു എന്ന റിപ്പോർട്ടുകളാണ് ഇതിൽ പ്രധാനമായത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഉടനടി തീരുമാനമായില്ലെങ്കിലും, യുദ്ധം അവസാനിപ്പിക്കാനാണ് താൻ താല്പര്യപ്പെടുന്നതെന്ന് ട്രംപ് തന്റെ സഹപ്രവർത്തകരെ അറിയിച്ചതായാണ് വിവരം.
ഈ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ യുദ്ധം വരും ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ. സംഘർഷം ലഘൂകരിക്കപ്പെടുന്നതോടെ നിലവിലെ ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുചാട്ടത്തിന് അറുതിയാകുകയും ആഗോളതലത്തിലുള്ള ഇന്ധനക്ഷാമം പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. ഇത് വരും ദിവസങ്ങളിൽ സ്വർണവിലയിലും കാര്യമായ പ്രതിഫലനങ്ങൾ സൃഷ്ടിച്ചേക്കാം.



