Tuesday, March 31, 2026
Homeഇന്ത്യഖരമാലിന്യ പരിപാലന ചട്ടം: 2026 പ്രകാരമുള്ള മാറ്റങ്ങൾ 2026 ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും

ഖരമാലിന്യ പരിപാലന ചട്ടം: 2026 പ്രകാരമുള്ള മാറ്റങ്ങൾ 2026 ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും

രാജ്യത്തെ പുതുക്കിയ ഖരമാലിന്യ പരിപാലന ചട്ടം 2026, ഏപ്രിൽ ഒന്നു മുതൽ നിലവിൽവരും. പുതുക്കിയ ചട്ടത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കാൻ ബഹു. സുപ്രീം കോടതി 2026 ഫെബ്രുവരി 19 ന് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം നിർദേശിച്ചിട്ടുണ്ട്.

പുതുക്കിയ ചട്ടപ്രകാരം എല്ലാ മാലിന്യ ഉല്പാദകരും (Waste Generators) വൻകിട മാലിന്യ സ്രഷ്ടാക്കളും (Bulk Waste Generators) ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്.

മാലിന്യ ഉല്പാദകർ ശ്രദ്ധിക്കേണ്ടവ:
മാലിന്യം അവയുടെ ഉറവിടത്തിൽത്തന്നെ ജൈവമാലിന്യം (Wet Waste). അജൈവമാലിന്യം (Dry Waste), സാനിറ്ററി മാലിന്യം (Sanitary Waste). പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം (Special Care Waste) എന്നിങ്ങനെ നാലായി തരംതിരിച്ച് ശാസ്ത്രീയമായി പരിപാലിക്കണം.

ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ തുടങ്ങിയവ നിർമ്മാതാക്കൾ നൽകുന്ന കവറുകളിലോ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർ നിർദ്ദേശിക്കുന്ന രീതിയിലോ സുരക്ഷിതമായി പൊതിഞ്ഞ് പ്രത്യേക ബിന്നുകളിൽ മാത്രമേ നിക്ഷേപിക്കാവൂ.

പൊതുസ്ഥലങ്ങളിലോ തെരുവുകളിലോ ജലാശയങ്ങളിലോ ഡ്രെയിനേജുകളിലോ മാലിന്യം വലിച്ചെറിയാനോ കത്തിക്കാനോ കുഴിച്ചുമൂടാനോ പാടുള്ളതല്ല.

കെട്ടിട നിർമ്മാണ അവശിഷ്ടങ്ങളും പൂന്തോട്ട മാലിന്യങ്ങളും അതത് സ്ഥലങ്ങളിൽ തന്നെ പ്രത്യേകം സൂക്ഷിക്കുകയും നിയമാനുസൃതമായി സംസ്കരിക്കുകയും വേണം.

നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ നടത്തുമ്പോൾ മൂന്ന് പ്രവൃത്തി ദിവസം മുൻപെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കുകയും മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് കൈമാറുകയും വേണം.

തെരുവുകച്ചവടക്കാർ ഭക്ഷണാവശിഷ്ടങ്ങൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, കപ്പുകൾ, കാനുകൾ, കവറുകൾ, ചിരട്ടകൾ, പച്ചക്കറി-പഴ അവശിഷ്ടങ്ങൾ തുടങ്ങിയവ ശേഖരിക്കുന്നതിനായി അനുയോജ്യമായ കണ്ടെയ്നറുകൾ കരുതേണ്ടതാണ്. ഇത്തരം മാലിന്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾ നിശ്ചയിച്ചിട്ടുള്ള കളക്ഷൻ സംവിധാനങ്ങളെ ഏല്പിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിച്ചിട്ടുള്ള സേവന നിരക്കുകൾ (User Fee) കൃത്യമായി നൽകേണ്ടതാണ്.

ബയോമെഡിക്കൽ മാലിന്യങ്ങൾ ഒരു കാരണവശാലും സാധാരണ ഖരമാലിന്യവുമായി കലർത്താൻ പാടില്ല.

വൻകിട മാലിന്യ സ്രഷ്ടാക്കൾക്കള്ള (Bulk Waste Generators -ഹോട്ടലുകൾ, വലിയ സമുച്ചയങ്ങൾ, മാർക്കറ്റുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവ) നിർദ്ദേശങ്ങൾ:

വൻകിട മാലിന്യ സ്രഷ്ടാക്കളെ നിശ്ചയിക്കുന്നതിന് വ്യക്തമായ മൂന്ന് മാനദണ്ഡങ്ങൾ പുതിയ ചട്ടത്തിൽ കൊണ്ടുവന്നു. അതനുസരിച്ച് 20,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ തറ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ, പ്രതിദിനം 40,000 ലിറ്ററോ അതിൽ കൂടുതലോ ജല ഉപഭോഗം ഉള്ളവർ, പ്രതിദിനം 100 കിലോഗ്രാമിലധികം ഖരമാലിന്യം ഉത്പാദിപ്പിക്കുന്നവർ എന്നിവയിലേതെങ്കിലും ഒന്ന് ബാധകമാകുന്നവർ വൻകിട മാലിന്യ സ്രഷ്ടാക്കളാണ്.

എല്ലാ ബൾക്ക് വേസ്റ്റ് ജനറേറ്റർമാരും കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ വഴി അതത് തദ്ദേശ സ്ഥാപനങ്ങളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. തങ്ങൾ ഉല്പാദിപ്പിക്കുന്ന ജൈവമാലിന്യമോ (Wet waste) ഹോർട്ടികൾച്ചർ മാലിന്യമോ കമ്പോസ്റ്റിംഗ്, ബയോ-മെത്തനേഷൻ അല്ലെങ്കിൽ അംഗീകൃതമായ മറ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വികേന്ദ്രീകൃതമായ രീതിയിൽ സംസ്കരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണം.

ജൈവമാലിന്യം സ്വന്തമായി സംസ്കരിക്കാൻ കഴിയാത്ത നിലവിലുള്ള വൻകിട മാലിന്യ സൃഷ്ടാക്കൾ, തരംതിരിച്ച എല്ലാ മാലിന്യങ്ങളും ശേഖരിച്ച് മാലിന്യനീക്കം നടത്തി അംഗീകൃത സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് EBWGR സർട്ടിഫിക്കറ്റുകൾ വാങ്ങി അതനുസരിച്ച് മാലിന്യസംസ്കരണം നടത്തണം.

അജൈവ മാലിന്യങ്ങളും സാനിറ്ററി മാലിന്യങ്ങളും പ്രത്യേകപരിചരണം ആവശ്യമുള്ള മാലിന്യങ്ങളും തരംതിരിച്ച് അംഗീകൃത ഏജൻസികൾക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ കൈമാറാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണം.

പുതിയതായി തുടങ്ങുന്ന ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ നിർബന്ധമായും മതിയായ ശേഷിയുള്ള ജൈവമാലിന്യ സംസ്ക്‌കരണ പ്ലാന്റുകൾ സ്ഥാപിച്ചിരിക്കണം. പുതിയ ചട്ടത്തിൽ ലാൻഡ്‌ഫില്ലിംഗ് നിയന്ത്രണങ്ങളും ശക്തമാക്കുന്നു. പുനരുപയോഗിക്കാനോ ഊർജ്ജാവശ്യങ്ങൾക്കോ കഴിയാത്ത മാലിന്യം മാത്രമേ ലാൻഡ്ഫില്ലിലേക്ക് അയക്കാവൂ. ദീർഘകാലമായുള്ള മാലിന്യക്കൂമ്പാരങ്ങൾ (legacy dumpsites) ശാസ്ത്രീയമായി നീക്കം ചെയ്യാൻ സമയപരിധിയും നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ ശേഖരണം, തരംതിരിക്കൽ, മാലിന്യനീക്കം, സംസ്കരണം എന്നിവ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിനുള്ള പ്രധാന ചുമതല വഹിക്കും. മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികൾ (MRF) വഴി പുനരുപയോഗവും പുനഃചംക്രമണവും ശക്തിപ്പെടുത്തുകയും, വേർതിരിച്ച മാലിന്യം നീക്കം ചെയ്യുന്നതിനിടെ കൂടികലരാതിരിക്കാനുള്ള സംവിധാനം ഉറപ്പുവരുത്തും.

ബഹു. സുപ്രീം കോടതി നിർദേശപ്രകാരം ഏപ്രിൽ ഒന്നു മുതൽ നടപ്പാകുന്ന ഈ ചട്ടങ്ങൾ പൂർണമായും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും, ബൾക്ക് വേസ്റ്റ് ജനറേറ്റർമാരോടും, ചുമതലപ്പെട്ട വകുപ്പുകൾ, ഏജൻസികൾ എന്നിവരോടും ബഹു. സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് തുടക്കത്തിൽ പിഴയീടാക്കാനും സ്ഥിരമായി ആവർത്തിച്ചാൽ നിയമനടപടികൾ കൈക്കൊള്ളണമെന്നും നിർദേശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com