ഇന്നസെന്റായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിൽ ഇടം നേടിയ…. മോഹൻലാൽ – മമ്മൂട്ടി – ജയറാം – ദിലീപ് – ശ്രീനിവാസൻ – മുകേഷ് – ജഗദീഷ് – ജഗതി എന്നിങ്ങനെ ഏത് കൂട്ടുകെട്ടിൽ അഭിനയിച്ചാലും ആ വേഷം മികച്ചതാക്കിയ…
മലയാള സിനിമയിൽ നിറഞ്ഞുനിന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളായ… തൃശൂർ ഭാഷയെ മലയാള സിനിമയിൽ ജനകീയമാക്കിയ കലാകാരൻ ഇന്നസെന്റ്.
സത്യന്‍ അന്തിക്കാട് – ഫാസില്‍ – പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ എന്നിവരുടെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ യാണ് ഏറെ ജനപ്രിയനായത്.
1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിലെ തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി ജനനം. എട്ടാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചു. സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി മദ്രാസിലേക്ക് വണ്ടികയറി. സംവിധായകന്‍ മോഹന്‍ മുഖേന പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയി തുടക്കം കുറിച്ചു.
1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യം അഭിനയിച്ചത്. തുടർന്ന് ഉര്‍വശി ഭാരതി, ഫുട്ബോള്‍ ചാമ്പ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളിലെ ചെറുവേഷങ്ങള്‍ ചെയ്തു. ഇടയ്ക്ക് കര്‍ണാടകയിലെ ദാവണ്‍ഗെരേയിൽ സഹോദരന്‍മാരോടൊപ്പം തീപ്പെട്ടിക്കമ്പനി നടത്തിയെങ്കിലും അഭിനയമോഹം കൈവിട്ടില്ല ദാവണ്‍ഗെരേയിലെ കേരളസമാജത്തിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടി. സിനിമയിലെ തുടക്ക കാലത്ത് തന്നെ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ചു. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചുവെങ്കിലും സാമ്പത്തികമായി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
1982-ല്‍ ഭരതന്‍ സംവിധാനം ചെയ്ത ഓര്‍മയ്ക്കായി ഇന്നസെന്റിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. തൃശ്ശൂര്‍ ഭാഷയില്‍ ഇന്നസെന്റ് ആദ്യമായി സംസാരിക്കുന്നത് ഈ ചിത്രത്തിലായിരുന്നു. തനി തൃശ്ശൂര്‍കാരനായ റപ്പായിയായി ഇന്നസെന്റ് അരങ്ങു തകര്‍ത്തു. തുടർന്ന് പ്രേംനസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം, നാടോടിക്കാറ്റ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
1989-ൽ റിലീസായ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലെ മാന്നാർ മത്തായി എന്ന കഥാപാത്രം വലിയ ജനപ്രീതി നേടിയതോടെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകനോ നായകനോടൊപ്പം നിൽക്കുന്ന മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇന്നസെൻറിന് കഴിഞ്ഞു. കോമഡി റോളുകളും സീരിയസ് റോളുകളും ഒരേപോലെ കൈകാര്യം ചെയ്ത, സിനിമയിലെ തൃശ്ശൂര്‍ സ്ലാങ്ങെന്നാല്‍ ഇന്നസെന്റ് എന്നായി. തുടർന്ന് മിമിക്‌സ് പരേഡ്, പൂക്കാലം വരവായി, മണിച്ചിത്രത്താഴ്, മഴവില്‍ക്കാവടി, കിലുക്കം, കാബൂളിവാല, ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, ഇഞ്ചക്കാടന്‍ മത്തായി & സണ്‍സ്, ദേവാസുരം, മിഥുനം, ഡോക്ടര്‍ പശുപതി, പൊന്‍മുട്ടയിടുന്ന താറാവ്, വിയറ്റ്‌നാം കോളനി, പവിത്രം, പിന്‍ഗാമി, ചന്ദ്രലേഖ, അയാള്‍ കഥയെഴുതുകയാണ്, കുടുംബ കോടതി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കാക്കക്കുയിൽ, ചിന്താവിഷ്ടയായ ശ്യാമള, മനസ്സിനക്കരെ, കല്യണരാമന്‍, നന്ദനം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തസ്‌കര വീരന്‍, ക്രോണിക്ക് ബാച്ചിലര്‍, തുറുപ്പുഗുലാന്‍, രസതന്ത്രം, പ്രാഞ്ചിയേട്ടന്‍ ആൻഡ് ദ സെയിന്റ്, ഇന്ത്യന്‍ പ്രണയകഥ തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി.
സിനിമകളില്‍ ഇന്നസെന്റുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്ന നടി KPAC ലളിതയായിരുന്നു. മലയാള സിനിമയിലെ ജനപ്രിയ ജോടികളായിരുന്നു ഇവര്‍. മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു.
അഭിനയത്തോടൊപ്പം
🎶 ആനച്ചന്തം ഗണപതി
മേളച്ചന്തം… ഗജകേസരിയോഗം.
🎶 കണ്ടല്ലോ പൊന്‍ കുരിശുള്ളൊരു… സാന്ദ്രം.
🎶 കുണുക്കു പെൺമണിയെ…
മിസ്റ്റർ ബട്ലർ. എന്നീ സിനിമകളിൽ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009-ല്‍ കേരള സംസ്ഥാന ക്രിട്ടിക് പുരസ്‌കാരം ലഭിച്ചു. സ്‌കൂള്‍ പഠന കാലം മുതല്‍ ഇടതുപക്ഷ അനുഭാവിയായിരുന്നു. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഇരിഞ്ഞാലക്കുടയില്‍ മുനിസിപ്പല്‍ കൗണ്‍സിലറായി. 2014 നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013-ല്‍ തൊണ്ടയ്ക്ക് അര്‍ബുദരോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇന്നസെന്റ് ചികിത്സ തേടി. ആ കാലഘട്ടം വേദന നിറഞ്ഞതായിരുന്നുവെങ്കിലും പിന്നീട് വളരെ നര്‍മ ബോധത്തോടെയാണ് ഇന്നസെന്റ് ഓര്‍ത്തെടുത്തത്. ആ അനുഭവങ്ങൾ പ്രതിപാദിക്കുന്ന കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന അനുഭവസാക്ഷ്യം നിരവധി പേരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമാണു ചെലുത്തിയത്. ഒട്ടേറെ പതിപ്പുകളുമായി കാന്‍സര്‍ വാര്‍ഡിലെ ചിരി ഇപ്പോഴും രോഗികള്‍ക്കും അല്ലാത്തവര്‍ക്കും പ്രചോദനമായി വില്‍പ്പനയിലുണ്ട്. മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെന്റ്, ചിരിക്ക് പിന്നില്‍ (ആത്മകഥ), കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി എന്നീ പുസ്തകങ്ങളും രചിച്ചു. . 2023 മാർച്ച് 26ന് അന്തരിച്ചു.
2002-ൽ നടൻ മധു അമ്മയുടെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് നീണ്ട 16 വർഷം ആ പദവിയിലിരുന്ന് അമ്മയെ നയിച്ച ഇന്നസെൻ്റ് സംഘടനയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു.



