ബംഗളുരുവിലെ പി.ഇ.എസ് യൂണിവേഴ്സിറ്റിയില്‍ അധ്യാപകൻ ക്ലാസ് മുറിക്കുള്ളില്‍ മുസ്ലിം വിദ്യാർത്ഥിയെ “തീവ്രവാദി” എന്ന് വിളിച്ചത് വിവാദമായി.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.ഒരു വിദ്യാർത്ഥി ചൊവ്വാഴ്ച പകർത്തിയ വീഡിയോയില്‍, പ്രൊഫസർ മുരളീധർ ദേശ്പാണ്ഡെ വിദ്യാർത്ഥിയോട് രൂക്ഷമായി പെരുമാറുകയും “തീവ്രവാദി” എന്ന് വിളിക്കുകയും ചെയ്തു.ക്ലാസില്‍ നിന്ന് പുറത്തേക്ക് പോകാൻ അനുമതി ചോദിച്ചതോടെയാണ് അധ്യാപകൻ പ്രകോപിതനായത് എന്നാണ് റിപ്പോർട്ട്.
‘നിനക്ക് നാണമില്ലേ. തീവ്രവാദീ.. അതേ ഞാൻ നിന്നെ തീവ്രവാദി എന്ന് വിളിക്കുന്നു…ഇന്ന് ഞാൻ വളരെ സമാധാനപ്രിയനായിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇല്ല… ഇവനെപ്പോലെ ഉള്ളവരാണ് ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിന് കാരണം. ഡൊണാള്‍ഡ് ട്രംപ് വന്ന് ഇവനെ കൊണ്ടുപോകും.
നരകത്തിലേക്ക് പോകൂ.’ എന്നാണ് അധ്യാപകൻ പറയുന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സർവകലാശാല അധികൃതർ പ്രൊഫസറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.



