വാഷിംഗ്ടണ്‍: ഇറാനുമായി ഗൗരവമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പായില്ലെങ്കില്‍, ഹോര്‍മൂസ് അടച്ചിടാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ യുഎസ് അവരുടെ എണ്ണ പാടങ്ങള്‍, വൈദ്യുതി ഉത്പാദന നിലയങ്ങള്‍, ഖാര്‍ഗ് ദ്വീപ് തുടങ്ങി മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം ആക്രമിക്കുമെന്നാണ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. ഇറാനിലേക്ക് കുടിവെള്ളം ശുദ്ധീകരിച്ചെത്തുന്ന ഇടങ്ങളും ആക്രമിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.
ഇത്തരം ആക്രമണങ്ങള്‍ ഇറാനുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ മരണത്തിനുള്ള പകരംവീട്ടലായിരിക്കുമെന്നും ട്രംപ് വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞാഴ്ചയാണ് ഇറാന്റെ ഊര്‍ജ നിലയങ്ങളെ യുഎസ് ആക്രമിക്കുന്നത് ഏപ്രില്‍ ആറു വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് ട്രംപ് അറിയിച്ചത്. ഇറാനുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ട്രംപ് പറയുമ്പോഴും അധിക സൈനികരെ പ്രദേശത്ത് അമേരിക്ക വിന്യസിക്കുന്നുണ്ട്.
കരയാക്രമണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിക്കുന്ന അമേരിക്കന്‍ നിലപാടിനെ വിമര്‍ശിച്ച് ഇറാനും രംഗത്തെത്തിയിരുന്നു. അതേസമയം യുഎസുമായി നേരിട്ട് ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ നടത്തുന്നില്ലെന്ന് ഇറാന്‍ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രദേശത്തെ യുഎസ് സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിലെ പുതിയതും കൂടുതല്‍ മികച്ചതുമായ നേതൃത്വവുമായി ചര്‍ച്ചയിലാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
യുഎസ് കരയുദ്ധത്തിലേക്ക് കടന്നാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ നേരെ കരയുദ്ധം ഉണ്ടായാല്‍ അമേരിക്കന്‍ സൈനികര്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് ഭക്ഷണമായി മാറുമെന്ന് സൈനിക വക്താവ് ലെഫ്.കേണല്‍ ഇബ്രാഹിം സൊല്‍ഫഘാരി പറയുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.



