നാലുകെട്ടിന്റെയകത്തള ങ്ങളിൽ
തകർന്നു പോയൊരാ
താരുണ്യ സ്വപ്നങ്ങൾ
തളരും മിഴികളിൽ നിന്നുതിരുന്ന
നീർകണം
ശിഥിലമോഹങ്ങൾ തൻ
ബാക്കിപത്രമോ..
മെതിയടിയുടെ കുളമ്പൊച്ച മൂളുന്ന
ഇടവരാന്ത തൻ സഞ്ചാര വീഥികൾ
നേർത്തു പോയൊരു തേങ്ങലിൻ
നൊമ്പരം
നെഞ്ചിലേറ്റുന്നു
മൂകസാക്ഷിയായ്..
ബലിഷ്ഠമാമേതോ
പരിരംഭണങ്ങളിൽ
ഇതൾ കൊഴിഞ്ഞൊരു പൂവിന്റെ
വേദന
മുറിയുമധരത്തിൽ
ശോണിതങ്ങളിൽ
തകർന്നുപോകുന്നു
തരളയൗവ്വനം..
കാമനകൾക്കു കടിഞ്ഞാൺ
പിടിക്കുന്ന
കാർക്കശ്യത്തിന്റെ
ഊന്നുവടികളിൽ
ഗർവ്വുതുന്നിയ കൊടികൾ
പാറുമ്പോൾ
കരുണ തേടിയിട്ടെന്തു
പ്രയോജനം..
ഇനി വിടരുന്ന സുപ്രഭാതങ്ങളിൽ
ചിറകരിയുന്ന കൈകൾ
ഖണ്ഡിക്കുവാൻ
കൽപ്പനകളെ കാറ്റിൽ
പറത്തുവാൻ
കങ്കണമണിഞ്ഞ കൈകൾ
ഉയരട്ടെ..




നല്ല വരികൾ